Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകള്ളപ്പണവും...

കള്ളപ്പണവും വെള്ളപ്പണവും

text_fields
bookmark_border
കള്ളപ്പണവും വെള്ളപ്പണവും
cancel

നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങള്‍ വിസ്മയത്തോടെയും ഞെട്ടലോടെയുമാണ് ജനങ്ങള്‍ സ്വീകരിച്ചത്. നവംബര്‍ എട്ടിന് അര്‍ധ രാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നതാണ് ആ പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍  നടത്തുന്ന ബഹുവിധ ശ്രമങ്ങളുടെ ഭാഗമെന്ന നിലക്കാണ് ഉയര്‍ന്ന സംഖ്യകളുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണത്തെയും അതുപയോഗിച്ച് നടത്തപ്പെടുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കാനാണ് ഈ കടുത്ത നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍െറ നാടകീയ നടപടി സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണത്തിനുമെതിരായ ധീരവും കണിശവുമായ നടപടി എന്ന നിലക്കാണ് ബി.ജെ.പി അനൂകൂലികള്‍ ഇതിനെ ആഘോഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്ത് കൂടുതല്‍ അച്ചടക്കവും വ്യവസ്ഥാപിതത്വവും കൊണ്ടുവരാന്‍ ഇത് ഉപകരിക്കുമെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. കണക്കില്‍പെടാത്ത പണം കൈയില്‍ വെച്ചവര്‍ കുടുങ്ങുമെന്നത്, ഇനിമേല്‍ പണമിടപാടുകള്‍ സുതാര്യവും വ്യവസ്ഥാപിതവുമാക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും അവര്‍ പറയുന്നു. ഈ പറയുന്നതില്‍ കാര്യമില്ലാതെയല്ല. പ്രത്യേകിച്ച്, പലവിധത്തിലുള്ള സാമ്പത്തിക വെട്ടിപ്പുകള്‍കൊണ്ട് വലഞ്ഞുപോയ ഒരു സമ്പദ്ഘടനയില്‍ മുറുക്കിപ്പിടിത്തവും ശക്തമായ നിയന്ത്രണങ്ങളും വരുന്നത് നല്ലതുതന്നെയാണ്. സാമ്പത്തിക രംഗം വെള്ളരിക്കപ്പട്ടണമല്ളെന്നും ശക്തിമത്തായ നിയന്ത്രണ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നുമുള്ള സന്ദേശം നല്‍കാനായാല്‍ അത് ഗുണം ചെയ്യും. വന്‍ പ്രഹരശേഷിയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ തന്‍െറ കൈവെള്ളയിലുണ്ടെന്ന സന്ദേശം നല്‍കാന്‍ ഈ നടപടിയിലൂടെ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ട്.

അതേസമയം, കള്ളപ്പണം എന്നത് ആളുകള്‍ തലയണക്കടിയില്‍ സൂക്ഷിച്ചുവെച്ച നോട്ടു കെട്ടുകളാണെന്ന സാമാന്യ വിചാരമാണ് ഈ നടപടി കള്ളപ്പണക്കാരെ പ്രഹരിക്കും എന്ന അമിത ആത്മവിശ്വാസത്തിന്‍െറ പ്രേരകം. ശക്തിമാനായ ഞങ്ങളുടെ പ്രധാനമന്ത്രി സാമ്പത്തിക ഭീകരവാദികള്‍ക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരിക്കുകയാണ് എന്ന മട്ടിലുള്ള ജനപ്രിയ വാദങ്ങള്‍ സംഘ്പരിവാര്‍ പ്രചാരകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പൊഖ്റാന്‍ ആണവസ്ഫോടനത്തെ ഓര്‍മിപ്പിച്ച് ‘ഫിനാന്‍ഷ്യല്‍ പൊഖ്റാന്‍’ എന്ന് മോദിയുടെ നടപടിയെ അവര്‍ വിശേഷിപ്പിക്കുന്നുമുണ്ട്.

കള്ളപ്പണത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടല്ല ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. മറിച്ച് നരേന്ദ്ര മോദിക്ക് അതിമാനുഷ സിദ്ധികളുണ്ടെന്ന പ്രതീതികള്‍ സൃഷ്ടിക്കുന്ന പതിവ് വലതുപക്ഷ പ്രചാരണരീതികളുടെ ഭാഗമായത് കൊണ്ടാണ്. അത്തരം പ്രചാരണങ്ങള്‍ക്കാവശ്യമായ വിധത്തില്‍, ദേശസ്നേഹം, ഭീകരത വിരുദ്ധ യുദ്ധം തുടങ്ങിയ മേമ്പൊടികള്‍ അദ്ദേഹത്തിന്‍െറ പ്രഭാഷണത്തില്‍ വേണ്ടതുപോലെ ഉണ്ടായിരുന്നു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു ഇമേജ് നിലനിര്‍ത്തുന്നത് ഉപകാരപ്പെടുമെന്ന് അവര്‍ കരുതുന്നുമുണ്ടാവും.

രാജ്യത്തിന്‍െറ സമ്പദ് ഘടനയെ തുരങ്കം വെക്കുന്നതാണ് നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറത്തുള്ള കള്ളപ്പണത്തിന്‍െറ മഹാശേഖരങ്ങളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ആ കള്ളപ്പണത്തിന്‍െറ മഹാഭൂരിപക്ഷവും രാജ്യത്തിന് പുറത്തെ നികുതിരഹിത സങ്കേതങ്ങളില്‍  സുരക്ഷിതമായി കിടപ്പാണ്. രാജ്യത്തെ വമ്പന്മാരായ വ്യവസായികളും രാഷ്ട്രീയക്കാരും സിനിമക്കാരുമെല്ലാം അതില്‍ പങ്കാളികളാണ്. ശതകോടികള്‍ വരും ആ സ്വത്ത്. താന്‍ അധികാരത്തില്‍ വന്നാല്‍ അതൊക്കെയും തിരികെ കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് പ്രസംഗിച്ചയാളാണ് നരേന്ദ്ര മോദി. എന്നാല്‍, ആ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള നടപടി കള്ളനോട്ടടിക്കാരെ ബാധിക്കുമെന്നത് ശരിതന്നെയാണ്. കണക്കില്‍പെടാത്ത സ്വത്ത് കൈവശം വെക്കുന്ന ചെറുകിടക്കാരെയും ഇടത്തരക്കാരെയും അത് ബാധിക്കും. പക്ഷേ, അത് നമ്മുടെ കള്ളപ്പണ ഉറവിടങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രമാണ്. വന്‍സ്രാവുകള്‍ ഇപ്പോഴും വലക്കു പുറത്തുതന്നെയാണ്. അവര്‍ക്കുമേല്‍ കൈവെക്കാനുള്ള ഇച്ഛാശക്തിയും കരുത്തും നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇനിയും കാണിച്ചിട്ടു വേണം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള നടപടി 1948ലും 1978ലും ഇന്ത്യയില്‍ നടപ്പാക്കിയിട്ടുണ്ട്. (പതിനായിരത്തിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകളാണ് അന്ന് പിന്‍വലിച്ചത്.) പക്ഷേ, അതിനുശേഷവും കള്ളപ്പണ വ്യവസായം ശക്തിപ്പെടുകമാത്രമാണ് ചെയ്തത്.

ഇന്നിപ്പോള്‍, രാജ്യത്തെ കറന്‍സി മൂല്യത്തിന്‍െറ 80 ശതമാനത്തിലേറെ വരുന്ന 500, 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചുകൊണ്ടുള്ള നടപടി സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പുകള്‍ ഇനിയും അനുഭവിച്ചറിഞ്ഞിട്ടു വേണം. സാധാരണ ജീവിതം വലിയ രീതിയില്‍ കുഴമറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നതില്‍ സംശയമില്ല. സാമ്പത്തിക മുന്നേറ്റമാണോ തളര്‍ച്ചയാണോ ഇത് ഉണ്ടാക്കുകയെന്നത് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്. പക്ഷേ, അപ്പോഴും യഥാര്‍ഥ കള്ളപ്പണക്കാര്‍ കള്ളച്ചിരിയുമായി സ്വസ്ഥരായി ഇരിക്കുമെന്നതാണ് കാര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story