Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹേ പുരുഷാ... നീ...

ഹേ പുരുഷാ... നീ മനുഷ്യനാകുക!

text_fields
bookmark_border
ഹേ പുരുഷാ... നീ മനുഷ്യനാകുക!
cancel

അറുപതാം വയസ്സ് ആഘോഷിക്കുന്ന കേരളം സ്ത്രീസൗഹൃദ സമീപനത്തില്‍ അങ്ങേയറ്റം പ്രതിലോമകരമായ സമൂഹമാണെന്ന് തെളിയിക്കുകയാണ് ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവ്.
പൊലീസ്, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവ വടക്കാഞ്ചേരി കൂട്ടമാനഭംഗ ആരോപണത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതിയാകും,  മലയാളി പുരുഷന്‍െറ  സ്ത്രീവിരുദ്ധ മനോഘടനയുടെ ആഴം തിരിച്ചറിയാന്‍.  മലയാളിയുടെ സാംസ്കാരിക വളര്‍ച്ചയെ കുറിച്ചുള്ള സംശയം ഉണര്‍ത്തുന്നതാണ് അതിലെ അഭിപ്രായപ്രകടനങ്ങളില്‍ മഹാഭൂരിപക്ഷവും. അധികാരം, ലൈംഗികത,  പണം എന്നിവയുടെ അവിശുദ്ധ ബാന്ധവത്തിന്‍െറ ദുര്‍ഗന്ധം വമിപ്പിക്കുന്ന, വടക്കാഞ്ചേരിയിലെ യുവതി വെളിപ്പെടുത്തിയ കാര്യങ്ങളിലെ സത്യവും അസത്യവും വേര്‍തിരിച്ചെടുക്കേണ്ടത് തുടരന്വേഷണങ്ങളും നീതിന്യായ വ്യവസ്ഥയുമാണ്.

പക്ഷേ, അപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധവും അതുകൊണ്ടുതന്നെ  മനുഷ്യവിരുദ്ധവുമായ അധികാരഘടനയിലെ ആണധികാര പ്രമത്തതക്ക് ഉത്തമോദാഹരണമാകുകയാണ് ആ കേസിന്‍െറ നാള്‍വഴികളും അനുബന്ധ സംഭവവികാസങ്ങളും. പ്രമാദമായ ഡല്‍ഹി കൂട്ടമാനഭംഗ സംഭവത്തിനുശേഷം ഇരയാക്കപ്പെട്ട സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനു വേണ്ടി പ്രാബല്യത്തില്‍ വരുത്തിയ 2013ലെ  ഓര്‍ഡിനന്‍സിലെ നിര്‍ദേശങ്ങള്‍ ഇരയായ സ്ത്രീക്ക്  നിയമപരിരക്ഷ നല്‍കേണ്ട പൊലീസില്‍നിന്നും അത് സംരക്ഷിക്കേണ്ട രാഷ്ട്രീയ  നേതൃത്വമെന്ന നിലക്ക് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനില്‍നിന്നും നിഷേധിക്കപ്പെട്ടുവെന്നത് ലാഘവത്തോടെ തള്ളിക്കളയേണ്ട പിഴവല്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ (1), (2) വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം വരെ ശിക്ഷിക്കാവുന്ന കുറ്റമാണ് ഇക്കാര്യത്തില്‍ മുന്‍ സ്പീക്കറില്‍നിന്ന് ഉണ്ടായത്. പത്രക്കാരുടെ മുന്നറിയിപ്പ് പോലും കൂസാതെ പുരുഷ യുക്തിയുടെ ന്യായത്തില്‍ ഇരയായ സ്ത്രീക്ക് നല്‍കിയ നിയമപരിരക്ഷയെ തള്ളിക്കളയുകയായിരുന്നു അദ്ദേഹം.

പൊലീസ് ഒരു സ്ത്രീയോടും ചോദിക്കാന്‍ പാടില്ലാത്ത നിന്ദ്യമായ ചോദ്യങ്ങളുമായാണ് ഇരയെ അഭിമുഖീകരിച്ചത്. സ്റ്റേഷനിലെ ഇതര ആളുകള്‍ക്ക് ഇത് ബലാത്സംഗത്തിന്‍െറ ഇരയാണന്ന പരിചയപ്പെടുത്തലും  അനുകൂല നിയമങ്ങളുണ്ടായിരിക്കുമ്പോള്‍ത്തന്നെ എത്രത്തോളം സ്ത്രീവിരുദ്ധമാണ് നമ്മുടെ പൊലീസ് സ്റ്റേഷനുകള്‍ എന്നും ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. അധികാര സ്വരൂപങ്ങളില്‍ ലൈംഗികതയെക്കുറിച്ച പുരുഷ യുക്തി നിലനില്‍ക്കുന്നതുകൊണ്ടാണ് ഇരുപതുവര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലിയിലെ ഇരക്ക് പൂര്‍ണ നീതിലഭിക്കാത്ത  ‘പെണ്‍കുട്ടി’യായി ഇന്നും മരവിച്ച് നില്‍ക്കേണ്ടി വരുന്നത്.  പുതു ജീവിതത്തിന് നിയമവാഴ്ചയുടെ ദൈര്‍ഘ്യവും ചോദ്യങ്ങളിലെ ലൈംഗിക പീഡനങ്ങളും തടസ്സമെന്ന് കണ്ട് പ്രതികളെ കോടതിമുറിയില്‍ തിരിച്ചറിയാതെ ‘ഓര്‍മകുറഞ്ഞവളായി’ വിതുര പെണ്‍കുട്ടി മാറിയത്.


കേരളത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല. അവര്‍ പുറത്തിറങ്ങി നടക്കുന്നത് ഭീതിയോടെയാണ്. അവര്‍ വീട്ടില്‍ കഴിച്ചുകൂട്ടുന്നതും പേടിച്ചാണ് തുടങ്ങിയ   മലയാളിയെ ലജ്ജിപ്പിക്കേണ്ട പ്രസ്താവന നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നത് അവസാനിപ്പിക്കണമെങ്കില്‍  ലൈംഗികാതിക്രമിയായ പുരുഷനെ മനുഷ്യനാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗിക ഉപകരണത്തില്‍ കവിഞ്ഞ മറ്റൊന്നുമല്ല സ്ത്രീയെന്ന പുരുഷബോധത്തെ തകര്‍ക്കാതെ രാഷ്ട്രീയ നേതാക്കളുടെ ലൈംഗിക സൂചക തമാശകളും  ജനപ്രിയ കലാരൂപങ്ങളില്‍ തിമിര്‍ക്കുന്ന സ്ത്രീവിരുദ്ധ, ലൈംഗികോത്തേജക പ്രയോഗങ്ങളും സമൃദ്ധമായി ആഘോഷിക്കപ്പെടുന്നത് അവസാനിപ്പിക്കാനാവില്ല.

സ്ത്രീയെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള പാഠങ്ങള്‍ ബാല്യത്തിലേ അവനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ സാക്ഷരതാ മേഖലകളില്‍ പ്രശംസനീയമായ നേട്ടങ്ങള്‍ കൈവരിച്ച മലയാളികള്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനതിലും മാതൃകകള്‍ രചിച്ചവരാണ്. ലൈംഗികതയെക്കുറിച്ചുള്ള വിദ്യാഭ്യാസമെന്നത് ശരീരത്തെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പഠനമാകണം. സ്വന്തം ശരീരത്തെ മാത്രമല്ല അപരന്‍െറ ശരീരത്തെയും മനസ്സിലാക്കാന്‍ കഴിയുമ്പോഴെ രതി സ്ത്രീയെ സംബന്ധിച്ച് ഒരു ശാരീരിക ശമനമല്ളെന്ന ഉള്‍കാഴ്ചയുണ്ടാകുക. അപ്പോള്‍ മാത്രമേ ബലമായ ലൈംഗികത അവള്‍ക്ക് എത്രത്തോളം അപമാനകരമാണെന്നു മനസ്സിലാക്കാനാവൂ.

ധാര്‍മികമൂല്യങ്ങള്‍ ആത്മാശയമായിത്തീരുമ്പോഴെ ഇച്ഛകളെ കീഴ്പ്പെടുത്താനും  അപരന്‍െറ അസ്തിത്വത്തെയും വികാരങ്ങളെയും സമശീര്‍ഷ മനോഘടനയോടെ ഉള്‍കൊള്ളാനുമാകുക. ആരുടെ മാനഭംഗമാണ് ലൈംഗിക സംതൃപ്തി നല്‍കിയതെന്ന അശ്ളീല ചോദ്യം ഇല്ലാതാകാനും ലൈംഗികാതിക്രമം സ്ത്രീക്കുനേരെയുള്ള കുറ്റകരമായ പുരുഷാധികാര പ്രയോഗമാണന്ന രാഷ്്ട്രീയ ബോധമുണ്ടാക്കാനും പുരുഷനെ മനുഷ്യനാക്കാനുള്ള യജ്ഞം കൊണ്ടല്ലാതെ സാധ്യമല്ല. ഭൗതിക സൗകര്യങ്ങള്‍ വര്‍ധിക്കുമ്പോഴും അവന്‍െറ അകതാരില്‍ ഒരുലൈംഗികാസക്തനും കുറ്റവാളിയും മറഞ്ഞിരിക്കുന്നുണ്ട്.  സ്നേഹത്തിന്‍െറയും സദാചാരത്തിന്‍െറയും പാഠങ്ങള്‍ അവന്‍െറ ജീവഗുണമാകുമ്പോഴേ പുരുഷന്‍ മനുഷ്യനാകൂ. സ്ത്രീയും.

Show Full Article
TAGS:madhyamam editorail 
News Summary - madhyamam editorial
Next Story