Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസെന്‍സര്‍ഷിപ്പിന്‍െറ...

സെന്‍സര്‍ഷിപ്പിന്‍െറ തുടക്കം

text_fields
bookmark_border
സെന്‍സര്‍ഷിപ്പിന്‍െറ തുടക്കം
cancel

‘എന്‍.ഡി.ടി.വി ഇന്ത്യ’ എന്ന ഹിന്ദി ചാനലിനെതിരെ കേന്ദ്ര വാര്‍ത്തവിതരണ-പ്രക്ഷേപണ മന്ത്രാലയം ശിക്ഷനടപടി സ്വീകരിച്ചത് കുറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ട് സൈനികത്താവളത്തില്‍ നടന്ന ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്ന വേളയില്‍ ചാനല്‍ ഒൗചിത്യം പാലിച്ചില്ളെന്ന പരാതിയില്‍ ഒരു ബഹുമന്ത്രാലയ സമിതിയാണ് ശിക്ഷ നിര്‍ദേശിച്ചത്. നവംബര്‍ ഒമ്പതിന് 24 മണിക്കൂര്‍ നേരം ഈ വാര്‍ത്താ ചാനല്‍ സംപ്രേഷണം ഒഴിവാക്കണമെന്ന സമിതിയുടെ ശിപാര്‍ശ വാര്‍ത്തവിതരണ മന്ത്രാലയം ശരിവെക്കുകയും ചാനലിന് കല്‍പന നല്‍കുകയും ചെയ്തിരിക്കുകയാണ്. പത്താന്‍കോട്ട് സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ‘തന്ത്രപ്രധാനമായ വിവരങ്ങള്‍’ പുറത്തുവിട്ടുവെന്നും ഭീകരര്‍ക്ക് സഹായകരമായേക്കാവുന്ന വിശദാംശങ്ങള്‍ സംപ്രേഷണം ചെയ്തു എന്നുമാണ് ആരോപിക്കപ്പെടുന്നത്. എന്‍.ഡി.ടി.വി ഇതിന് മറുപടി നല്‍കിയിരുന്നു. തങ്ങള്‍ സംപ്രേഷണം ചെയ്ത അതേ കാര്യങ്ങള്‍ മറ്റു ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണെന്നും തങ്ങളുടെ റിപ്പോര്‍ട്ടിങ് താരതമ്യേന കൂടുതല്‍ പക്വവും സന്തുലിതവുമായിരുന്നെന്നും അവര്‍ വാദിച്ചു.

സമൂഹമാധ്യമങ്ങളില്‍ വരെ ലഭ്യമായിരുന്ന കാര്യങ്ങളേ തങ്ങളുടെ വാര്‍ത്തകളിലുള്‍പ്പെട്ടിരുന്നുള്ളൂ.  തന്നെയുമല്ല, ബഹുമന്ത്രാലയ സമിതിയുടേത് ആത്മനിഷ്ഠ വ്യാഖ്യാനം മാത്രമാണ്. ഈ വാദങ്ങള്‍, പക്ഷേ, സമിതി അംഗീകരിച്ചില്ല. ഒരു ദിവസത്തെ വിലക്ക് എന്ന നടപടിയിലേക്ക് സമിതിയും മന്ത്രാലയവും അങ്ങനെ നീങ്ങി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുംബൈ ഭീകരാക്രമണ വേളയില്‍ ടെലിവിഷന്‍ ചാനലുകള്‍ മത്സരിച്ച് വാര്‍ത്ത ചെയ്തപ്പോള്‍ മര്യാദകളെല്ലാം മറന്നു എന്നതൊരു വസ്തുതയാണ്. അത് എന്‍.ഡി.ടി.വി അടക്കം സമ്മതിക്കുകയും ചെയ്തതാണ്. രാജ്യസുരക്ഷ മാത്രമല്ല, സാമൂഹിക ഭദ്രതയെ ഹനിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും അധാര്‍മികമാണ്; നിയമവിരുദ്ധവും. പക്ഷേ, ഇവിടെ വിഷയം അതല്ല. എന്‍.ഡി.ടി.വി പറഞ്ഞപോലെ, ആ ചാനലിനെ പ്രത്യേകമായി ഉന്നമിടുന്നതില്‍ ചില ദുരുദ്ദേശ്യങ്ങളുണ്ടാകാം. എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ പറയുന്ന പ്രകാരം, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ് ഈ മാധ്യമവിലക്ക്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുറെ മാധ്യമങ്ങള്‍ അതിന്‍െറ പ്രചാരകരായി മാറിയിട്ടുണ്ട്. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ മടിക്കാത്ത മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറെ പ്രചാരമുള്ള ചാനലുകളാണ് എന്‍.ഡി.ടി.വിയും എന്‍.ഡി.ടി.വി ഇന്ത്യയും. ഭരണപക്ഷത്തെ പലരും പലപ്പോഴായി ഈ മാധ്യമഗ്രൂപ്പിനെ ഒതുക്കാന്‍ ശ്രമിച്ചുവന്നിട്ടുണ്ട്. ചാനലുകള്‍ക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞവര്‍ഷം പാസാക്കിയ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് ഭേദഗതി നിയമം പഴുതുനല്‍കുന്നുണ്ട്. ഇപ്പോള്‍ കണ്ടപോലെ സുരക്ഷാ ലംഘനത്തിന്‍െറ സൗകര്യപൂര്‍വമായ വ്യാഖ്യാനത്തിലൂടെയാണ് ആ പഴുത് നല്‍കുന്നത്. എന്‍.ഡി.ടി.വിക്കുള്ള ശിക്ഷ ഒരു സൂചനയും കീഴ്വഴക്കവുമാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള താക്കീത് അതിലുണ്ട്. അടുത്തു നടന്ന ‘മിന്നലാക്രമണ’ത്തിന്‍െറ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി ആഘോഷിച്ചത് ഇതേ സര്‍ക്കാറാണ്.  വാര്‍ത്തയുടെ ‘തന്ത്രപ്രാധാന്യ’ത്തിന് പ്രചാരണപരമായ അര്‍ഥമേയുള്ളൂ എന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

സ്വതന്ത്ര മാധ്യമങ്ങള്‍ക്കുള്ള താക്കീത് എന്നതിനുപുറമെ, മാധ്യമപ്രവര്‍ത്തനരംഗത്ത് സര്‍ക്കാര്‍ ഇടപെടലിന്‍െറ തുടക്കം എന്ന അപകടകരമായ ധ്വനിയും ഇപ്പോഴത്തെ നടപടിയിലുണ്ട്. വിമര്‍ശനത്തോടും വിയോജിപ്പിനോടും മോദി സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അസഹിഷ്ണുതയാണ് 2015ലെ നിയമഭേദഗതിക്ക് ഊര്‍ജം നല്‍കിയത്. സുരക്ഷ സംബന്ധിച്ച ആശങ്കയായിരുന്നു അതിനു പിന്നിലെങ്കില്‍, മാധ്യമങ്ങളെ നേരിട്ടു നിയന്ത്രിക്കാതെതന്നെ നിയമപാലനം ഉറപ്പുവരുത്താമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി മാധ്യമങ്ങളെ വിലക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ല. പകരം നിയമാനുസൃതമായ മറ്റു മാര്‍ഗങ്ങളുണ്ട്. പരാതി കോടതിയുടെ പരിഗണനക്ക് നല്‍കുകയും കോടതിയുടെ തീര്‍പ്പിനു വിടുകയും ചെയ്യുക എന്നതാണത്. ആവശ്യമെങ്കില്‍ അതിവേഗ കോടതിയുമാകാം.

എന്നാല്‍, മോദി സര്‍ക്കാര്‍ ചെയ്യുന്നത്, കോടതിയുടെ പരിശോധനയോ മേല്‍നോട്ടമോ ഒന്നുമില്ലാതെ മാധ്യമ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുകയാണ്. കോടതി ചെയ്യേണ്ട കാര്യം സ്വയം ചെയ്യുകയാണ്. അതുതന്നെയാണ് ഇതിലെ അപകടം. ഇത് സെന്‍സര്‍ഷിപ്പിന്‍െറ തുടക്കമായിക്കൂടെന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. എന്‍.ഡി.ടി.വി.ക്കെതിരായ നടപടി പിന്‍വലിക്കണം. 2015ലെ നിയമഭേദഗതി, ജുഡീഷ്യല്‍ മേല്‍നോട്ടത്തിന് വിധേയമാക്കി മാറ്റിയെഴുതുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story