ഏത് നവകേരളത്തിലേക്കാണ് നമ്മൾ?
text_fieldsകാട് കട്ടവന്‍റെ നാട്ടിൽ
ചോറ് കട്ടവൻ മരിക്കും
കൂറ് കെട്ടവൻ ഭരിച്ചാൽ
ഊര് കട്ടവൻ മുടിക്കും
-വേടൻ
കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യമുന്നണി സർക്കാർ തുടർച്ചയായ രണ്ടാമൂഴത്തിൽ നാലുവർഷം പൂർത്തിയാക്കുകയാണ് ഇന്ന്. സംസ്ഥാനത്ത് ആദ്യമായി ഭരണത്തുടർച്ച നേടിയ ഇടതുമുന്നണി സർക്കാർ ഒമ്പതു വർഷം കടന്ന് പത്തിലേക്ക് പാദമൂന്നുന്നത് ഭരണം മൂന്നാംവട്ടവും തുടരുമെന്ന ആത്മവിശ്വാസവുമായാണ്. അതിന്‍റെ ആഘോഷങ്ങൾ കഴിഞ്ഞ ഏപ്രിൽ 23 മുതൽ കേരളത്തിന്‍റെ വടക്കുനിന്ന് തെക്കോട്ട് ജില്ലാ ആസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കെങ്കേമമായിതന്നെ നടന്നുവരുന്നുണ്ട്. സമഗ്രവും സർവതലസ്പർശിയുമായ വികസനത്തിന്‍റെയും സമത്വവും സാഹോദര്യവും അന്വർഥമാക്കുന്ന സാമൂഹികപുരോഗതിയുടെയും സന്ദേശമാണ് ഈ സന്ദർഭത്തിൽ കേരളം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാലാം വാർഷികാഘോഷത്തിന് ആമുഖം കുറിച്ചത്.
ഒമ്പതു വർഷം പൂർത്തിയാക്കിയ സർക്കാറിന് ആശംസകൾ നേർന്നു കൊണ്ടുതന്നെ നവകേരളം യാഥാർഥ്യമാകേണ്ടത് അവകാശവാദങ്ങളിലല്ല, ജനങ്ങൾക്ക് അനുഭവിക്കാവും വിധം പ്രയോഗതലത്തിലായിരിക്കണമെന്ന് ആഘോഷം തുടങ്ങുമ്പോൾ ‘മാധ്യമം’ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ ഞെക്കിഞെരുക്കലിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ മറികടക്കാൻ സർക്കാർ നടത്തുന്ന തീവ്രശ്രമങ്ങളെ കാണാതിരുന്നുകൂടാ. അതേസമയം കേന്ദ്രത്തെ പഴിക്കാനില്ലാത്ത, സംസ്ഥാനത്തിന്‍റെ മാത്രം വരുതിയിലുള്ള ആഭ്യന്തരവിഷയങ്ങളിൽ ‘സമത്വവും സാഹോദര്യവും അന്വർഥമാക്കുന്ന നവകേരളത്തെ’ അട്ടിമറിക്കുന്ന ദുരന്തത്തിലേക്ക് വീഴാതെ സൂക്ഷിക്കാൻ ഇടതുസർക്കാറിന് ബാധ്യതയുണ്ട്. എന്നാൽ, കേന്ദ്രത്തിന്‍റെ ജനദ്രോഹനയത്തിനൊപ്പം അതിനെതിരെ ഒച്ചവെക്കുന്ന സംസ്ഥാനഭരണത്തിന്‍റെ അരുതായ്മകൾകൂടി ഇരട്ടിശിക്ഷയായി അനുഭവിക്കേണ്ട ദുര്യോഗമാണിപ്പോൾ കേരളജനതക്ക്. അതിനു കൂടുതൽ ഇരയാകുന്നതോ, സമൂഹത്തിലെ അടിത്തട്ടിലുള്ളവരും. ഇടതുഭരണത്തിൽ ഏറ്റവും കൂടുതൽ വിമർശനവിധേയമായതാണ് മുഖ്യമന്ത്രി നേരിട്ട് കൈയാളുന്ന പൊലീസ് വകുപ്പ്. അവർ കൂടുതലും കൈവെച്ചത് ദുർബല, അടിയാള ജീവിതങ്ങൾക്ക് മേലാണ് എന്നത് കേരളത്തിലെ ഇടതു തുടർഭരണത്തിന്‍റെ വിധിവിപര്യയമാണ്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ അരികടിഞ്ഞ ജീവിതങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ അതിന്‍റെ മുന്തിയ ഉദാഹരണങ്ങളാണ്.
ജനപ്രിയ റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിയെ ആറുഗ്രാം കഞ്ചാവുമായി പൊലീസും പിറകെ പുലിപ്പല്ല് കൈവശം വെച്ചതിന് ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കഠിനവകുപ്പുകൾ ചുമത്തി വനം വകുപ്പും അറസ്റ്റു ചെയ്തതാണ് ഒന്ന്. അത്യസാധാരണ കോലാഹലങ്ങളോടെയായിരുന്നു സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കേസിലെ അറസ്റ്റ്. പുലിപ്പല്ല് കണ്ടെടുത്തതോടെ കൂടുതൽ അന്വേഷണത്തിനൊന്നും മിനക്കെടാതെ വനംവകുപ്പും അറസ്റ്റിന് പാഞ്ഞെത്തി. വേടൻ കോടതിയിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നായി ഇടതു സർക്കാറിന്‍റെ വനം മന്ത്രി. സർക്കാർ വാർഷികാഘോഷത്തിന് പറഞ്ഞുറപ്പിച്ച വേടന്‍റെ റാപ് സംഗീതപരിപാടി റദ്ദാക്കി മറ്റൊരു മന്ത്രി ഔദ്യോഗികനയവും ഉറപ്പിച്ചു. എന്നാൽ ‘സമത്വപൂർണ നവകേരള’ത്തിന് ശ്രമിക്കുന്ന ഇടതിന്‍റെ സ്വന്തം നാട്ടിൽ വേടന്‍റെ ധിറുതിപിടിച്ച അറസ്റ്റ് ഇരട്ടനീതിയുടെ തെളിവാണെന്ന് അകംപുറം വിമർശനമുയർന്നു. പൊലീസ് തിടുക്കത്തെ കോടതി കുടഞ്ഞു. അതോടെ സർക്കാർ മലക്കംമറിഞ്ഞു. പടിയടച്ചു പുറത്തിട്ട വേടന് സർക്കാർതന്നെ സ്റ്റേജുകൾ നൽകി പ്രായശ്ചിത്തം ചെയ്തു.
ആ കോലാഹലം വിട്ടുമാറും മുമ്പേ മോഷണക്കുറ്റം ആരോപിച്ച് ഒരു ദലിത് യുവതിയെ പൊലീസ് പിടികൂടി 20 മണിക്കൂർ നേരം സ്റ്റേഷനിലിരുത്തി മൃഗീയമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നിരിക്കുന്നു. ജോലിക്കു നിന്ന വീട്ടിൽനിന്ന് മാല കാണാതായതിനെതുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ബിന്ദു എന്ന ദലിത് യുവതിയാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മനുഷ്യത്വരഹിതമായ പീഡനത്തിനിരയായത്. നിർബന്ധിച്ച് മോഷണക്കുറ്റം സമ്മതിപ്പിച്ച് കേസെടുത്തു. വീട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണം വിലക്കി. ദാഹജലം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോകാൻ പറഞ്ഞു. മാല കണ്ടെടുത്തതായി വീട്ടുകാർ അറിയിച്ചപ്പോൾ അടുത്തെങ്ങും കണ്ടുപോകരുതെന്ന് വിരട്ടി പൊലീസ് വിട്ടയച്ചു. മാനസികമായി തകർന്ന് പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫിസിൽ വക്കീലിനെയും കൂട്ടി ചെന്നപ്പോൾ പരാതി വായിച്ചുപോലും നോക്കാതെ പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് ഉണ്ടായതെന്നാണ് ബിന്ദുവിന്‍റെ പരിഭവം. മുൻ സംഭവത്തിലെന്നപോലെ വിഷയം വിവാദമായതോടെ സ്റ്റേഷനിലെ എസ്.ഐയെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ നോക്കുകയാണ് സർക്കാർ. ബിന്ദു ഓഫിസിൽ വന്നപ്പോൾ കേസ് ഗൗരവത്തിലെടുത്ത് അന്വേഷണത്തിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വിശദീകരണം നൽകി.
അരി മോഷ്ടിച്ച് എന്നാരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി മധുവിനെ ആൾക്കൂട്ടക്കൊലക്കിരയാക്കിയത് 2018 ഫെബ്രുവരി 22നാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത കിരാതവൃത്തിയെന്നാണ് അന്ന് മുഖ്യമന്ത്രി അതിനെ വിശേഷിപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജ് വളപ്പിൽ ഭാര്യക്ക് കൂട്ടിരിക്കാൻ വന്ന ആദിവാസി യുവാവിനെ മൊബൈലും പണവും മോഷ്ടിച്ച ആരോപണം ചുമത്തി ജനം കിരാതവൃത്തി ആവർത്തിച്ചു. അന്നും നീതി തേടി ചെന്ന ആദിവാസിജന്മത്തെ ശപിക്കുകയായിരുന്നു പൊലീസ്. നവോത്ഥാന കേരളം പിന്നെയും മുന്നോട്ടുപോയി നവകേരളത്തിലേക്ക് മൂന്നാമൂഴം തേടുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ല. ആദിവാസി, ദലിത് പിന്നാക്ക വിഭാഗങ്ങളുടെ സങ്കടങ്ങളോടുപോലും കനിയാത്ത ധാർഷ്ട്യത്തിന്‍റെ അധികാരസംവിധാനവുമായി ഇടതുസർക്കാർ ഏതു നവകേരളത്തിലേക്കാണാവോ നയിക്കുന്നത്?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.