Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസി.പി.എം കേരളത്തെ...

സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്?

text_fields
bookmark_border
സി.പി.എം കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണ്?
cancel

കേരളത്തിൽ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഇടതു രാഷ്ട്രീയഭാവുകത്വത്തിന്‍റെ പര്യായമായി മാർക്സിസ്റ്റ് പാർട്ടിയെ ഗണിച്ചുപോന്ന കേരളത്തിലെ മനുഷ്യസ്നേഹികൾ അടുത്ത കാലത്തായി പങ്കുവെക്കുന്ന ആശങ്കയാണിത്. ഭീകരമായ കക്ഷി രാഷ്ട്രീയ സംഘട്ടനങ്ങളിലും അക്രമസംഭവങ്ങളിലും പേരുദോഷമുണ്ടാക്കിയപ്പോഴും മതേതരത്വത്തിന്‍റെയും വർഗീയവിരുദ്ധതയുടെയും ജനപക്ഷത്താണ്, വർഗീയതയുടെയും വംശവെറിയുടെയും മറുപക്ഷത്താണ് മലയാളികൾ എന്നും മാർക്സിസ്റ്റുകളെ കരുതിപ്പോന്നത്. രാഷ്ട്രീയത്തിൽ മാത്രമല്ല, സാഹിത്യത്തിലും കലയിലും സംസ്കാരത്തിലുമൊക്കെ ഇടതുപക്ഷത്തിന് ലഭിച്ച സ്വീകാര്യതയുടെ കാരണവും അവരുടെ ഈ കരുതലും ജാഗ്രതയുമായിരുന്നു. വർഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉറക്കെ പ്രഖ്യാപിക്കാനുള്ള ഒരവസരവും സി.പി.എം പാഴാക്കാറുമില്ല. ഏറ്റവുമൊടുവിൽ മധുരയിലെ സി.പി.എം പാർട്ടി കോൺഗ്രസ് പിരിഞ്ഞത് ഹിന്ദുത്വവർഗീയതക്കെതിരെ ശക്തമായ സമരത്തിന് ആഹ്വാനം ചെയ്താണ്.

വിവിധയിനം ജിഹാദുകളുടെ ചാപ്പയുമായി മുസ്ലിംകളെ അപരവത്കരിക്കാനുള്ള ഹിന്ദുത്വ ശ്രമത്തിനെതിരെ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷബോധവും പിന്തുണയും നൽകാനായിരുന്നു പാർട്ടി കോൺഗ്രസ് ആഹ്വാനം. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, സാമൂഹികരംഗങ്ങളിലെ ആർ.എസ്.എസ് സ്വാധീനത്തെ മറികടക്കാൻ ശക്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനായിരുന്നു തീരുമാനം. എല്ലാ ബൗദ്ധിക വിഭവങ്ങളും ഉപയോഗപ്പെടുത്തി ഹിന്ദുത്വശക്തികളുടെ മാരകമായ പ്രോപഗണ്ടക്കെതിരെ കാമ്പയിൻ നടത്താൻ പാർട്ടിയും വർഗ ബഹുജനസംഘടനകളും ശ്രമിക്കുമെന്നായിരുന്നു പ്രതിജ്ഞ. മനുവാദി, പിന്തിരിപ്പൻ ആശയങ്ങൾക്കെതിരായി മതേതര, ശാസ്ത്രീയചിന്തയെ പ്രമോട്ട് ചെയ്യുമെന്നും വിശാലതലത്തിലുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നുമായിരുന്നു മധുര സമ്മേളനത്തിന്‍റെ പ്രഖ്യാപനം.

എന്നാൽ, ഹിന്ദുത്വവർഗീയതക്കെതിരായ ഈ യുദ്ധപ്രഖ്യാപനത്തിൽ ആവേശം കൊണ്ട പാർട്ടി അണികളെയും പ്രതീക്ഷ പുലർത്തിയ ജനസാമാന്യത്തെയും ആശയക്കുഴപ്പത്തിലും ആശങ്കയിലുമാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമാണ് സി.പി.എം നേതൃത്വത്തിൽനിന്ന് കണ്ടുവരുന്നത്. വർഗീയതക്കും വംശവിദ്വേഷത്തിനുമെതിരായ നിലപാടുകളിൽ വീഴ്ചവരുത്തുന്നു എന്നു മാത്രമല്ല, അത്തരം വലതു പ്രതിലോമരാഷ്ട്രീയം സി.പി.എം അഭികാമ്യമായിക്കരുതുന്നു എന്ന് വരുത്തിത്തീർക്കുന്നതാണ് മുഖ്യമന്ത്രിയടക്കമുള്ള പാർട്ടി നേതൃത്വത്തിന്‍റെ ആവർത്തിച്ചുള്ള പ്രസ്താവനകളും പ്രവൃത്തികളും. കഴിഞ്ഞ ദിവസം സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ അഭിപ്രായപ്രകടനം പാർട്ടിയുടെ വലതുവാട്ടത്തിന്‍റെ മുന്തിയ ഉദാഹരണമാണ്. ‘കാസർകോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തവർ എവിടെ നിന്നാലും ജയിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്’ എന്നായിരുന്നു മന്ത്രിയുടെ വംശവെറി മുറ്റിയ പ്രസ്താവന.

ഒരു മുനിസിപ്പാലിറ്റിയെയും ഒരു ജില്ല പഞ്ചായത്തിനെയും പ്രത്യേകം എടുത്തുപറഞ്ഞ് പേരുനോക്കി സമുദായം ചികയാൻ പറഞ്ഞ മന്ത്രിയുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി. ഭരണഘടനയും നിയമവും അനുസരിച്ച് എല്ലാ വിഭാഗം ജനങ്ങളോടും ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ നീതി ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് ഭരണഘടനാപദവിയേറിയ ഒരു മന്ത്രിയാണ് ഇത് പറയുന്നത്, അതും ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു അംഗം. മതേതര കേരളത്തെ നാണം കെടുത്തിയ ഈ പ്രസ്താവനയെ കേരളീയനവോത്ഥാനത്തിന്‍റെ അവകാശവാദം ഉന്നയിച്ചുവരുന്ന സി.പി.എം എങ്ങനെയാണ് കാണുന്നത്? വാക്കിലെ വർഗീയത മറനീക്കി പുറത്തുവന്നതിലെ ജാള്യം മറക്കാൻ മന്ത്രി തിങ്കളാഴ്ച വിചിത്ര വിശദീകരണവുമായി ഇറങ്ങിയിട്ടുണ്ട്.

പേരും വസ്ത്രവും നോക്കി സമുദായം ചികഞ്ഞ പ്രസ്താവനകൾ നേരത്തേ മലയാളികൾ കേട്ടത് നരേന്ദ്ര മോദിമുതൽ ശ്രീധരൻപിള്ളവരെയുള്ള സംഘ്പരിവാർ നേതാക്കളിൽനിന്നാണ്. അവരുടെ ചുവടൊപ്പിച്ച് നീങ്ങാൻ സി.പി.എം നേതൃത്വം കരുതിക്കൂട്ടി തീരുമാനമെടുത്തതാണോ? മന്ത്രിയുടെയും നേതാക്കളുടെയുമൊന്നും വർഗീയ ജൽപനങ്ങൾ മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ തള്ളിപ്പറഞ്ഞില്ല. അതിനെ ശരിവെക്കുന്ന സമീപനം അവർ സ്വീകരിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ മുൻകൈയിൽ സംഘടിപ്പിക്കപ്പെട്ട ശബരിമലയിലെ അയ്യപ്പസംഗമത്തിന് ആശീർവാദം വാങ്ങാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടുവെച്ചത് യാദൃച്ഛികമായിരുന്നില്ല എന്നു പിന്നീട് വ്യക്തമായി.

സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷത്തെ നിരന്തരം ഭർത്സിച്ച് നടക്കുന്നയാളെ നവോത്ഥാനക്കമ്മിറ്റിയുടെ സാരഥ്യത്തിൽ നിലനിർത്തിയും ആദരവിന്‍റെ പൊന്നാടയണിയിച്ചും മുഖ്യമന്ത്രി നൽകുന്ന സന്ദേശം അച്ചട്ടായി പിന്തുടരുകയാണ് മറ്റു നേതാക്കളും മന്ത്രിമാരും എന്നുവേണം കരുതാൻ. ഞങ്ങളിലില്ല ഹൈന്ദവ/മുസ്ലിം/ക്രൈസ്തവ രക്തമെന്നും ഉള്ളത് മാനവരക്തമെന്നും വിളിച്ചവർതന്നെ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുസ്ലിം സ്വാധീനമുണ്ടാകുമെന്നും മാറാടുകൾ ആവർത്തിക്കുമെന്നും കൊട്ടിപ്പാടി കേരളത്തെ മത, ജാതിവെറിയുടെ ഏതു ഭ്രാന്താലയത്തിലേക്കാണ് ആട്ടിത്തെളിക്കുന്നത് എന്നു ചങ്കുറപ്പോടെ ചോദിക്കാൻ ലെനിൻ മുന്നറിയിപ്പു നൽകിയ കമ്യൂണിസ്റ്റ് ബാലാരിഷ്ടത തീണ്ടാത്ത ഒരാളും പാർട്ടിയിലോ അനുബന്ധഘടകങ്ങളിലോ ബാക്കിയിരിപ്പില്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialCPMPinarayi Vijayan
News Summary - Madhyamam Editorial: Where is the CPM taking Kerala?
Next Story