Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതൊഴിലുറപ്പിന്റെ...

തൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ

text_fields
bookmark_border
തൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ
cancel

ധുനിക ഇന്ത്യയിൽ മനുഷ്യരുടെ അന്തസ്സ് ഉയർത്താനും ദാരിദ്ര്യത്തെ പ്രതിരോധിക്കാനും നടപ്പാക്കപ്പെട്ട ഏറ്റവും ​ശ്രദ്ധേയമായ പദ്ധതി ഏതെന്ന ചോദ്യത്തിന് 2005ൽ യു.പി.എ സർക്കാർ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എ)എന്ന ഒറ്റ ഉത്തരമേ ഉള്ളൂ. കവി പ്രഫ. വി. മധുസൂദനൻ നായർ ‘ഭാരതീയ’ത്തിൽ വരച്ചിട്ട ‘‘കുഞ്ഞിന്റെ നാവില്‍ കറുപ്പും പുരട്ടി മയക്കിക്കിടത്തിയിട്ട് അന്യന്റെ തോട്ടത്തില്‍ നാലണ കൂലിക്ക് കങ്കാണീമാളത്തില്‍ ഊഴം തിരക്കുന്ന ഭാരത മാതാക്കള്‍’’ എന്ന ഇന്ത്യനവസ്ഥക്ക് ഒരളവോളം മാറ്റം വരുത്താനായി എന്നതു തന്നെയാണ് ഈ പദ്ധതിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നേട്ടം. ഗ്രാമീണ തലത്തിൽ പട്ടിണി ഇല്ലാതാക്കുന്നതിലും സ്​ത്രീകളെ സ്വാശ്രയരാക്കുന്നതിലും ജന്മിമാരുടെയും ജാതിമേലാളരുടെയും ചൂഷണങ്ങൾ തടയുന്നതിലും വലിയ പങ്കുവഹിച്ച പദ്ധതിയുടെ ചിറകുകൾ 2014ൽ അധികാരമേറിയ നാൾ മുതൽ അരിഞ്ഞുതുടങ്ങിയ നരേന്ദ്ര മോദി സർക്കാർ ഇപ്പോഴതിന്റെ കഴുത്തു ഞെരിച്ചിരിക്കുന്നു.

ഹർ ഹാത്ത് കോ കാം, കാം കാ പൂരാ ധാം (ഓരോ കൈകൾക്കും ജോലി, ജോലിക്ക് പൂർണ വേതനം) എന്ന മുദ്രാവാക്യത്തോടെ ഓരോ വര്‍ഷവും ഗ്രാമീണ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ വേതനത്തോടെയുള്ള തൊഴില്‍ നിയമപരമായി ഉറപ്പുനല്‍കി വന്ന പദ്ധതിയുടെ ആത്മാവ് ചോർത്തും വിധത്തിൽ തൊഴിലുറപ്പെന്ന അവകാശം തന്നെ ഇല്ലാതാക്കിയും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയും സംസ്ഥാനങ്ങൾക്കുമേൽ അധികബാധ്യത ചുമത്തിയും ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി-ജി റാം ജി) എന്ന പേരിൽ നടപ്പാക്കാനുള്ള ബിൽ കഴിഞ്ഞ ദിവസം കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ അവതരിപ്പിച്ചു; ഒരുവിധ കൂടിയാലോചനകളുമില്ലാതെ. പേരും സത്തയും മാറ്റി അവതരിപ്പിക്കുന്നതിന് പിന്നിൽ, 2047ൽ രാജ്യത്തെ വികസിത ഭാരതം ആക്കുക എന്നതാണ് ലക്ഷ്യമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

തൊഴിലാളികൾക്ക് വേതനം നൽകുന്നത് കേന്ദ്രമായിരുന്നുവെങ്കിൽ ഇനിമേൽ പദ്ധതിയുടെ സാമ്പത്തിക ഭാരത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്ര​ദേശ് തുടങ്ങിയ ഹിമാലയൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും 90 ശതമാനം ബാധ്യത കേന്ദ്രം വഹിക്കും. ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്കുള്ള തൊഴിലുറപ്പ് വിഹിതം കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പദ്ധതിക്കുമേൽ കർസേവ നടത്തിയതിനുപിന്നിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നുറപ്പ്. ഇപ്പോൾത്തന്നെ വിവിധ സംസ്ഥാനങ്ങൾക്ക് തൊഴിലുറപ്പ് വേതന ഇനത്തിൽ നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപ തടഞ്ഞുവെച്ച് ശ്വാസം മുട്ടിക്കുന്ന ഭരണകൂടം ഇതും ​തങ്ങളുടെ ഔദാര്യമാക്കി മാറ്റും. ഫെഡറലിസത്തിൽ കടുംവെട്ട് നടത്തുന്ന കേന്ദ്രത്തിന്റെ അധികാര കേ​ന്ദ്രീകരണ നടപടി കൂടുതൽ കടുക്കുമെന്ന് ചുരുക്കം.

സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്ന് പറയുന്നുവെങ്കിലും 40 ശതമാനം തുക സംസ്ഥാനങ്ങളുടെ മേൽ ചുമത്തിയതോടെ തൊഴിൽ ദിനങ്ങൾ പരമാവധി 75ൽ അവസാനിക്കാനാണിട. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പിന് നിരോധനം ഏർപ്പെടുത്തുന്നതിനു പിന്നിലുമുണ്ട് ഒരു കൊടുംചതി. വിളവെടുപ്പ് സീസണിൽ ​ജോലിയും വേതനവുമില്ലാതാവുന്നതോടെ ജന്മിമാരുടെ പാടങ്ങളിൽ തുച്ഛവേതനത്തിന് ജോലിയെടുക്കാൻ തൊഴിലാളികൾ നിർബന്ധിതരാവും. അതോടെ ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തും. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ച് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിരുന്ന രീതി മാറ്റി ഓരോ സാമ്പത്തിക വർഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം കേന്ദ്രം നിശ്ചയിക്കുന്ന രീതിയിലേക്ക് എന്ന രീതിയിലുള്ള മാറ്റവും തൊഴിൽ ദിനങ്ങളെ ബാധിക്കും. നിലവിൽ തന്നെ കേന്ദ്ര അവഗണനയും പദ്ധതി വിഹിതങ്ങൾ ലഭിക്കുന്നതിലെ കാലതാമസവും മൂലം സാമ്പത്തികമായി പ്രയാസപ്പെടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ 40 ശതമാനം ചെലവ് വഹിക്കണമെന്നുകൂടി വന്നാൽ കാര്യങ്ങൾ തീർത്തും അവതാളത്തിലാകും. ആവിഷ്കരിച്ച കാലം മുതൽ പദ്ധതി ഏറ്റവും ഭംഗിയായി നടത്തിവന്ന സംസ്ഥാനമാണ് കേരളമെന്നോർക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയതും കേരളമാണ്. മൂന്നുവർഷം മുമ്പ് പത്തരക്കോടി തൊഴിൽ ദിനങ്ങൾ കേന്ദ്രം ഒമ്പതര കോടിയായി വെട്ടിച്ചുരുക്കിയിരുന്നു, പിന്നീട് ആറ് കോടിയായി വെട്ടിച്ചുരുക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പുയർത്തി കേരളത്തിന് മറികടക്കാനായി. പദ്ധതിയിൽ ഈ വർഷം ഒക്‌ടോബർ 10 മുതൽ നവംബർ 14 വരെയുള്ള കാലയളവിൽ 27 ലക്ഷം തൊഴിലാളികളെ ഒഴിവാക്കിയതായി വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്ന് പ്രഖ്യാപിച്ച, ഗ്രാമീണ സ്വാശ്രയത്വവും ഗ്രാമസ്വരാജും മുന്നോട്ടുവെച്ച രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പേര് വെട്ടിമാറ്റിയതിനുപിന്നിൽ നാണംകെട്ട ഹിന്ദുത്വ രാഷ്ട്രീയപ്പക തന്നെയാണ്. ഗാന്ധിജിയുടെ ഇടനെഞ്ചിലേക്ക് വെടിയുണ്ട പായിച്ച് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം നടപ്പാക്കിയ പ്രത്യയശാസ്ത്രം നൂറാം പിറന്നാൾ കൊണ്ടാടുന്ന വേളയിൽ അത് ചെയ്യുന്നത് യാദൃച്ഛികമല്ല.

ഇത് കേവലമൊരു പേരുമാറ്റമല്ല, രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ട് സർക്കാറിന്റെയും ചങ്ങാതി മുതലാളിമാരുടെയും ഓശാരങ്ങൾക്കായി കാത്തു നിൽക്കുന്ന ദുർബല ജന്മങ്ങളാക്കിത്തീർക്കുന്ന ഗൂഢപദ്ധതിയാണ്. അതിനെതിരെ ചെറുത്തുനിൽപുകളുയരാൻ ഒട്ടും വൈകിക്കൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialindia govtmgnregaMadhyamam Editorial PodcastMahatma Gandhi National Rural Employment
News Summary - Madhyamam Editorial; When MGNREGA employment security is being strangled
Next Story