തദ്ദേശ ഫലങ്ങളിൽനിന്നു പഠിക്കാനുള്ളത്
text_fieldsഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തമായ തിരിച്ചുവരവും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ കൂടുതൽ കടന്നുകയറ്റവും വിളിച്ചറിയിക്കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നതിനു സമാനമായി സംസ്ഥാനത്ത് പിണറായി വിജയൻ എന്ന അപ്രമാദനേതൃത്വത്തെ മുന്നിൽ നിർത്തി, അതിദരിദ്ര മുക്ത പ്രഖ്യാപനം, സാമൂഹികക്ഷേമ പെൻഷൻ വർധന തുടങ്ങിയ തെരഞ്ഞെടുപ്പ് അടവുകളുമായി രംഗത്തിറങ്ങുകയും സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവന്ന ഇസ്ലാംഭീതിയുടെ അന്തരീക്ഷത്തിന് ആക്കം വർധിപ്പിക്കുകയും ചെയ്തിട്ടും ഇടതുമുന്നണിയുടെ അവകാശവാദങ്ങളും അനാവശ്യവിവാദങ്ങളും കേരളത്തിലെ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്ന് ഫലങ്ങൾ തെളിയിക്കുന്നു.
ശബരിമല സ്വർണക്കൊള്ള വരെയുള്ള ഇടതു സർക്കാറിന്‍റെ ഭരണവീഴ്ചകളും അഴിമതിയും സ്വജനപക്ഷപാതവും ഉയർത്തിക്കാട്ടി ഇടതുവാഴ്ചക്ക് തടയിടാൻ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ പ്രചാരണപ്രവർത്തനങ്ങൾ കേരളത്തിൽ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരത്തെ ത്വരിപ്പിച്ചതാണ് സംസ്ഥാനവ്യാപകമായി യു.ഡി.എഫ് നേടിയ മിന്നുന്ന ജയമായി മാറിയത്. തിരുവനന്തപുരം നഗരസഭ ഭരണം പിടിച്ചെടുത്ത് ബി.ജെ.പി തെരഞ്ഞെടുപ്പിൽ കൈവരിച്ച നേട്ടം കേരള രാഷ്ട്രീയത്തിൽ സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന വ്യതിയാനങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
മാസങ്ങൾക്കകം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന നിലക്കാണ് മൂന്നു മുന്നണികളും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സാധാരണഗതിയിൽ പ്രാദേശികവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥാനാർഥികളുടെ തദ്ദേശീയ സ്വീകാര്യതയുമൊക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവാറുള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രാദേശികതലത്തിലെ പ്രകടനങ്ങൾക്ക് വോട്ടു നൽകുന്ന രീതിയും അങ്ങിങ്ങായി നിലവിലുണ്ട്. ഇത്തവണ കേവല രാഷ്ട്രീയ വാദപ്രതിവാദങ്ങളാണ് പ്രചാരണത്തിൽ മുന്തിനിന്നത്. അതു നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഭരണകക്ഷിയായ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിലേറെ പ്രതിപക്ഷമുന്നണിയടെ മേൽ വർഗീയമുദ്ര പതിപ്പിച്ചു പ്രചാരണരംഗം കൈയടക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ഇടതു മുന്നണിയും നടത്തിയത്. മുസ്ലിം രാഷ്ട്രീയത്തെ വർഗീയവത്കരിച്ച് മുഖ്യന്ത്രിയും പാർട്ടി സെക്രട്ടറിയും കാമ്പയിന് ഇറങ്ങിത്തിരിക്കുമ്പോൾതന്നെ അതിലെ അപകടം ദീർഘവീക്ഷണമുള്ള സകലരും ചൂണ്ടിക്കാണിച്ചതാണ്.
എന്നാൽ, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെന്നപോലെ വെൽഫെയർ പാർട്ടിയെയും ജമാഅത്തെ ഇസ്ലാമിയെയും നാട്ടക്കുറിയാക്കി, സംഘ്പരിവാറും സി.എ.എസ്.എ പോലുള്ള വിദ്വേഷ കൂട്ടായ്മകളും നടത്തിവരുന്ന മുസ്ലിംവിദ്വേഷ പ്രചാരണത്തിൽ എണ്ണ പകരാനാണ് സി.പി.എമ്മും ഇടതു മുന്നണിയും ശ്രമിച്ചത്. കേരളത്തിൽ തിടംവെച്ചു വളരുന്ന ഹിന്ദുത്വ വംശീയവാദത്തെ വിട്ട് മുസ്ലിം രാഷ്ട്രീയത്തിനെതിരെ യക്ഷിവേട്ടക്കിറങ്ങിയ ഇടതു മുന്നണിയുടെ ചെലവിൽ ബി.ജെ.പി മുന്നണിക്ക് വോട്ടും സീറ്റും വർധിച്ചു എന്നുകൂടി ഫലങ്ങൾ തെളിയിക്കുന്നുണ്ട്. മറുഭാഗത്ത്, മുസ്ലിം രാഷ്ട്രീയ നിലപാടുകളെ വർഗീയവത്കരിച്ചുകൊണ്ടു നടത്തിയ നുണപ്രചാരണങ്ങൾ ആ സമുദായത്തെ ഇടതുമുന്നണിയിൽനിന്ന് അകറ്റുകയും ചെയ്തു. ഹിന്ദുത്വ വർഗീയതക്കെതിരായ ബദൽ ഇടതു മുന്നണിയാണ് എന്ന് ആഖ്യാനപടുക്കളുടെ പൊതുബോധ നിർമിതിയെ പാർട്ടി നേതൃത്വംതന്നെ റദ്ദുചെയ്തപ്പോൾ മറുഭാഗത്ത് കോൺഗ്രസും യു.ഡി.എഫും വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഉറച്ച ശബ്ദത്തിൽ രംഗത്തുവരുകയായിരുന്നു. പി.എം ശ്രീ, ലേബർ കോഡ് വിഷയങ്ങളിൽ ഇടതോ വലതോ എന്നു സംശയിക്കുന്ന പരുവത്തിലായി സി.പി.എം. മതവും വിശ്വാസവും ജാതിയുമൊക്കെ സി.പി.എം എന്തിന് ഉപയോഗപ്പെടുത്തുന്നു എന്ന് ശബരിമല ദേവസ്ഥാനത്തെ സ്വർണമോഷണത്തിലൂടെ വെളിച്ചത്തായി. കേരളത്തെ നാണംകെടുത്തിയ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ പാർട്ടിയും സർക്കാറും സ്വീകരിച്ചുവരുന്ന ഇരട്ടത്താപ്പും മറനീക്കി. ഇതെല്ലാം കൂടിച്ചേർന്ന ഇടതു ഭരണവിരുദ്ധ വികാരത്തിലാണ് ജനം വിധിയെഴുതിയിരിക്കുന്നത്.
യു.ഡി.എഫ് പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജയമാണ് ജനം നൽകിയത്. അതു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് മുന്നണിയുടെ ബാധ്യത. കൂട്ടുത്തരവാദിത്തത്തോടെയുള്ള ടീം വർക്കാണ് യു.ഡി.എഫിന്‍റെ കരുത്തെന്ന് സമീപകാല തെരഞ്ഞെടുപ്പുഫലങ്ങൾ പറയുന്നു. അതിൽ വിള്ളലുണ്ടാക്കാൻ എതിർമുന്നണി ശ്രമിക്കുമ്പോൾ, പാർട്ടിയുടെയും മുന്നണിയുടെയും അന്തസ്സ് കെടുത്തുന്ന പുഴുക്കുത്തുകൾ ആ പണി എളുപ്പമാക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് നില ഭദ്രമാക്കി മുന്നോട്ടുപോയാൽ യു.ഡി.എഫിന് നന്ന്. ഈ ജയത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്ഥാനാർഥിമോഹികളുടെ തിക്കിത്തിരക്കിനും തമ്മിൽതല്ലിനും ഇടവരാതെ ചിട്ടയാർന്ന ടീംവർക്ക് കാഴ്ചവെക്കാനായാൽ കോൺഗ്രസിനും മുന്നണിക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ കഴിയും. തൊട്ടുമുമ്പു നേടിയ വിജയം വിനയായ അനുഭവവും കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം നഗരം പിടിച്ച ആവേശത്തിലുള്ള തുടർപ്രവർത്തനമാണ് ബി.ജെ.പി കാഴ്ചവെക്കുക. വിധ്വംസക, ശിഥിലീകരണ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നത് കേരളത്തിന് ഗുണകരമാവില്ല എന്നു തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കുന്നതിനു പകരം താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് വർഗീയരാഷ്ട്രീയത്തിന്‍റെ ബി ടീം കളിക്കാൻ ശ്രമിച്ചാൽ ജയിച്ചുകയറുന്നത് എ ടീം തന്നെയാവും എന്ന ഈ തെരഞ്ഞെടുപ്പിന്‍റെ പാഠം ഉൾക്കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ അജണ്ട അഴിച്ചുപണിയാൻ ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ തയാറായാൽ കേരളത്തിന്‍റെ അനന്യ മാതൃക നിലനിർത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

