Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെമ്മാടികളുടെ...

തെമ്മാടികളുടെ ചങ്ങാത്തം നഷ്ടമാണ്

text_fields
bookmark_border
തെമ്മാടികളുടെ ചങ്ങാത്തം നഷ്ടമാണ്
cancel

നിയമം നോക്കിയാലും അന്താരാഷ്ട്ര പ്രതിച്ഛായ നോക്കിയാലും നാമിന്ന് എത്തിപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്

ഒരു മാസത്തേക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് ‘അനുമതി’ നൽകിയെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്ത്. റഷ്യൻ എണ്ണ വാങ്ങരുതെന്ന് പറഞ്ഞപ്പോൾ ഇന്ത്യ അത് സമ്മതിച്ചു; പകരം യു.എസിൽനിന്ന് എണ്ണ വാങ്ങാമെന്നും സമ്മതിച്ചു. ഇപ്പോൾ ഹുർമുസ് ഇടനാഴിയിലെ തടസ്സം കാരണം താൽക്കാലിക ക്ഷാമം കണക്കിലെടുത്താണ് റഷ്യൻ എണ്ണ വാങ്ങാൻ അനുമതി നൽകിയതെന്നു പറഞ്ഞ ബെസന്ത്, ഇന്ത്യക്ക് ‘നല്ല കുട്ടി’ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. ‘‘റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നു പറഞ്ഞപ്പോൾ അതനുസരിച്ച ഇന്ത്യ മികച്ച വ്യാപാര പങ്കാളിയാണ’’​ത്രെ. ഈയിടെയാണ് ഇന്ത്യ ഏത് സമ്മർദത്തിനും വഴങ്ങാനുള്ള കഴിവ് ആർജിച്ചത്. 2012ലെ ഒരു സംഭവം ഓർക്കാവുന്നതാണ്.

അന്ന് ഇതേ അമേരിക്ക ഇന്ത്യയോട് ഇറാനിൽനിന്ന് എണ്ണ വാങ്ങരുതെന്ന് ‘കൽപിച്ച’പ്പോൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞത്, യു.എസും യൂറോപ്യൻ യൂനിയനും ഉപരോധത്തിന് മൂർച്ച കൂട്ടിയെന്നുവെച്ച് ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പോകുന്നില്ല എന്നായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തീരുമാനം നാം അവർക്ക് വിട്ടുകൊടുത്തപോലെയാണ്. അവർ പറയും, നാം അനുസരിക്കും. സാമ്രാജ്യത്വത്തിനുവേണ്ടി നാം നമ്മുടെ ചിരകാല സുഹൃത്തുക്കളെ ഒരു നെറിയുമില്ലാതെ കൈവിടുന്നു. പ്രതിസന്ധികളിൽ നമ്മോടൊപ്പം നിലകൊണ്ട ചരിത്രമാണ് ഇറാന്റേത്. യു.എന്നിൽ പാകിസ്താനെതിരെ ഇന്ത്യയെ പിന്തുണച്ചുവന്നു. ആ ഇറാനെ വർഷങ്ങളായി ഉപരോധംകൊണ്ട് ഞെരിക്കുന്ന അമേരിക്കയാണ് ഇന്ന് നമ്മുടെ പുതിയ യജമാനൻ. ഗസ്സയിൽ ലക്ഷത്തിലേറെ മനുഷ്യരെ കുരുതിചെയ്തിട്ട് ഇറാനെ ആക്രമിക്കാൻ ഒരുങ്ങുന്ന ഇസ്രായേലിൽ ചെന്ന് അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറന്റുള്ള ബിന്യമിൻ നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഇറാന്റെ പരമോന്നത നേതാവിനെ ഇസ്രായേൽ വധിച്ചപ്പോൾ അനുശോചനം രേഖപ്പെടുത്താൻപോലും അറച്ചുനിന്നു നാം.

നിയമം നോക്കിയാലും അന്താരാഷ്ട്ര പ്രതിച്ഛായ നോക്കിയാലും നാമിന്ന് എത്തിപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്. വംശഹത്യയുടെ പേരിൽ കേസ് നേരിടുന്ന ഒരു രാജ്യത്തെ ചങ്ങാതിയാക്കിയതിലൂടെ നാം, സയണിസ്റ്റ് രാഷ്ട്രം സ്വയം വരുത്തിവെച്ച പേരുദോഷത്തിൽ പങ്കുപറ്റുകയാണ് ചെയ്യുന്നത്. ഇസ്രായേലിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ അതിനെ അകലത്തിൽ നിർത്തുകയാണ്. യു.എന്നിനും ലോക കോടതികൾക്കും വംശഹത്യ കണ്ടുനിൽക്കേണ്ടിവന്ന ലോകജനസമൂഹങ്ങൾക്കും മുമ്പിൽ ഇസ്രായേൽ ഒരു കുറ്റവാളി രാഷ്ട്രമാണ്. 1948ൽ നിലവിൽവന്നതിനുശേഷം ഇസ്രായേൽ ഇത്ര രൂക്ഷമായ വിമർശനവും ശാപവും മുമ്പൊരിക്കലും ഏൽക്കേണ്ടിവന്നിട്ടില്ല. കഴിഞ്ഞവർഷം പ്യൂ റിസർച്ച് നടത്തിയ സർവേയിൽ കണ്ടത് ഒരു സൂചകമാണ്.

24 രാജ്യങ്ങൾ സർവേ ചെയ്തതിൽ 20ലും പകുതിയോ അതിൽ കൂടുതലോ ജനങ്ങൾ ഇസ്രായേലിനോട് വെറുപ്പ് പുലർത്തുന്നു. ആസ്ട്രേലിയ, ഗ്രീസ്, ജപ്പാൻ, ഇന്തോനേഷ്യ, നെതർലൻഡ്, സ്​പെയിൻ, സ്വീഡൻ, തുർക്കിയ എന്നീ രാജ്യങ്ങളിൽ ഇസ്രായേൽ വിരുദ്ധരാണ് മുക്കാൽ ഭാഗം ജനങ്ങളും. യു.കെയിൽ 2013ൽ അത്തരക്കാർ 44 ശതമാനമായിരുന്നു; ഇന്ന് 61 ശതമാനമായിരിക്കുന്നു. ഇസ്രായേലിനോട് ഏറെ കൂറുപുലർത്തുന്ന അമേരിക്കൻ യാഥാസ്ഥിതികർക്കിടയിൽപോലും ഇസ്രായേൽ വിരോധം 2022നുശേഷം പത്ത് പോയന്റ് വർധിച്ചു. ലോകമെങ്ങും രക്തച്ചൊരിച്ചിലും കുഴപ്പവുമുണ്ടാക്കുന്ന ഈ രാജ്യത്തെ നീതിയുടെ പേരിൽ അകറ്റിനിർത്തുകയായിരുന്നു നമ്മുടെ അംഗീകൃത നയം. എന്നാൽ, മോദി ഭരണത്തിൽ അവർ നമ്മുടെ രാജ്യരക്ഷാ മേഖലയിലും വിദേശനയത്തിലുമെല്ലാം കൈകടത്തുന്നിടത്തോളം നുഴഞ്ഞുകയറിയതായി ആരോപണമുയർന്നിരിക്കുന്നു. സ്വന്തം ചെയ്തികൾമൂലം ലോകത്തിൽ ഒറ്റപ്പെട്ട ഇസ്രായേലിനെ ആശ്ലേഷിച്ച് ‘ഇന്നും എന്നും’ നമ്മുടെ സുഹൃത്താണവരെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു.

ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് യു.എസ് ലോകരാഷ്ട്രങ്ങളിലെ ചട്ടമ്പിയായിത്തീർന്ന സമയത്ത് നമുക്ക് ഏറെ സ്വീകാര്യരായതും മറ്റൊരു വൻ പാളിച്ചയാണ്. ആഗോളസഹകരണത്തിന്റെ സകല സംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണ് ട്രംപിന്റെ അമേരിക്ക. യു.എന്നിനെ പൊളിക്കാനായി സ്വന്തം ‘സമാധാന ബോർഡു’ണ്ടാക്കി. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും ഇറാനുമായുണ്ടായിരുന്ന ആണവക്കരാറിൽനിന്നും യു.എൻ മനുഷ്യാവകാശ കൗൺസിലിൽനിന്നും റഷ്യയുമായുണ്ടായിരുന്ന ആണവായുധ നിയന്ത്രണ കരാറിൽനിന്നുമെല്ലാം ഏകപക്ഷീയമായി പിൻവാങ്ങിക്കൊണ്ട് ആഗോള സമാധാന സംവിധാനങ്ങൾ തകർത്തു.

യു.എൻ അനുമതിയില്ലാതെ സിറിയയെയും ഇറാനെയും മറ്റും ആക്രമിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധമേർപ്പെടുത്തി ആ സ്ഥാപനത്തിനും തുരങ്കംവെച്ചു. ഫലസ്തീനിലെ യു.എൻ ആശ്വാസകേന്ദ്രങ്ങളെ കൈവിട്ടും ഫ്രാൻസസ്ക ആൽബനീസിന് ഉപരോധം പ്രഖ്യാപിച്ചും സ്വന്തം പൈശാചികത വെളിപ്പെടുത്തി. ഗസ്സ വംശഹത്യക്കും ഇറാൻ ആ​ക്രമണത്തിനും ഇസ്രായേലിനോട് ചേർന്നുകൊണ്ട് ലോകക്രമത്തെ വെല്ലുവിളിച്ചു. നിയമമോ നീതിയോ മനുഷ്യത്വമോ ഇല്ലാത്ത, ലോകമെങ്ങും അശാന്തി പടർത്തുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉറ്റ ‘ഫ്രണ്ടാ’യി ഇന്ത്യക്ക് മാറാനാകില്ല. വിധേയത്വത്തിന്റേതായ ഈ നയം മോദി സർക്കാർ പുനഃപരിശോധിക്കണം. അതിന് തടസ്സമാകുന്ന ‘മറ്റു സമ്മർദങ്ങൾ’ ഇല്ലെന്നുതന്നെ പ്രത്യാശിക്കാമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USMadhyamam EditorialIndia NewsRussian oil
News Summary - madhyamam editorial US permission and india
Next Story