യുദ്ധത്തിലെ ദൈവവും പിശാചുക്കളും
text_fieldsപതിനെട്ടുനാൾ കടന്ന യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ ഇറാൻ ആക്രമണത്തിൽ ഭരണനേതൃതലങ്ങളിലുള്ളവരുടെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേൽ വധിച്ചതിൽ പിന്നെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തിന്റെ അനൗദ്യോഗിക നേതാവായി രംഗത്തുണ്ടായിരുന്ന ഡോ. അലി ലാരിജാനിയെയും ബസീജ് അർധസേനാവിഭാഗം തലവൻ ഗുലാം രിസ സുലൈമാനിയെയും തിങ്കളാഴ്ച രാത്രി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി.
ഇവരെ വധിച്ച വാർത്ത പുറത്തുവിട്ട ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്, അവരിരുവരും ‘ഉന്മൂലന പരിപാടിയുടെ ആശാനായിരുന്ന ഖാംനഈക്കും പൈശാചിക അച്ചുതണ്ടിൽനിന്ന് കൊല ചെയ്യപ്പെട്ട മറ്റുള്ളവർക്കുമൊപ്പം പാതാളത്തിന്റെ ആഴങ്ങളിലേക്ക് ചേർന്നുകഴിഞ്ഞു’ എന്നാണ്. അക്കാദമിക പാണ്ഡിത്യത്തിലും കാന്റിയൻ ദർശനത്തിലും എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളായി ലോകം വാഴ്ത്തുന്ന ഡോ. അലി ലാരിജാനി പക്ഷേ, അമേരിക്കക്കും ഇസ്രായേലിനും തലക്കു വിലയിട്ട് കൊല ചെയ്ത് നരകത്തിലയക്കേണ്ട കൊടും പാതകിയും ‘സർപ്പസന്തതി’യുമാണ്.
നേരത്തേ ഖാംനഈയെ കൊല ചെയ്തപ്പോൾ ഭീകരതയുടെ മാസ്റ്റർ മൈൻഡിനെ വകവരുത്തിയെന്നായിരുന്നു വ്യാഖ്യാനം. മുമ്പ് ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനത്തിന്റെ നേതാക്കളെയും ലബനാനിലെ ഹിസ്ബുല്ല ചീഫ് അടക്കമുള്ളവരെയുമൊക്കെ വധിച്ചുകളഞ്ഞതും മതവർണത്തിലുള്ള ഈ പൈശാചിക ചാപ്പയടിച്ച ശേഷമാണ്. ഒരാൾക്ക് ദുഷ്ടമുദ്ര നൽകി ദീർഘകാല പ്രോപഗണ്ടയിലൂടെ പൈശാചികവത്കരിക്കുക, തുടർന്ന് നിരന്തരം വേട്ടയാടുക, അങ്ങനെ പച്ചക്ക് കൊല ചെയ്യുക-യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ട് ചെയ്തുവരുന്നത് ഇതാണ്. ആക്രമണത്തിനും യുദ്ധത്തിനും ഇറങ്ങിത്തിരിക്കുന്ന തങ്ങളുടേത് വിശുദ്ധ ദൗത്യം. അതിനിരയാകുന്നവരും വേട്ടയാടപ്പെടുന്നവരും അതിനർഹരായ പൈശാചിക അച്ചുതണ്ട് ശക്തികളും.
ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ച് സയണിസ്റ്റ്, അമേരിക്കൻ അധിനിവേശ സഖ്യം ചെയ്തുവരുന്നതിതാണ്. പ്രതിയോഗിയായി കാണുന്നവരെ ശത്രുവായി ലോകത്തിനുമുന്നിൽ പ്രതിഷ്ഠിക്കുമ്പോൾ, അതാണ് ലോകത്തിന്റെ ഒരേയൊരു ശത്രുവെന്നും അതിനെ നിഗ്രഹിച്ചാൽ അവരുടെ മേഖലയും പിറകെ ലോകവും സമാധാനവും പുരോഗതിയും നേടിയെടുക്കുമെന്നുമൊക്കെയാവും അവകാശവാദം. എന്നാൽ സംഭവിക്കുന്നതോ, ഒരാളെ നിഗ്രഹിച്ചു കഴിഞ്ഞാൽ പിന്നെ പുതിയ ശത്രുവിനെ തേടുകയായി. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ലാരിജാനി കൊലപാതകം.
തനിക്കെതിരെ രാഷ്ട്രീയ കൊലപാതകത്തിന് മുതിർന്നു എന്ന നുണക്കഥയുമായാണ് ഖാംനഈയെ കൊല്ലാൻ ട്രംപ് ഇറങ്ങിത്തിരിച്ചത്. ഖാംനഈ തുടർന്നാൽ മേഖല സുരക്ഷിതമാകില്ലെന്നു പ്രഖ്യാപിച്ച് നെതന്യാഹുവും കൂടെ ചേർന്നു. പരമോന്നത നേതാവിനെ കൊന്നുകളഞ്ഞിട്ടും അവർക്ക് സമാധാനമായില്ല. അപ്പോൾ പിന്നെ മുജ്തബ ഖാംനഈ, ഡോ. അലി ലാരിജാനി തുടങ്ങി പുതിയ ‘വില്ലന്മാരെ’ ഉൽപാദിപ്പിക്കുകയായി ഇസ്രായേൽ നുണ ഫാക്ടറി. അതങ്ങനെ അറ്റമില്ലാതെ തുടർന്നുപോകും എന്നു തന്നെയാണ് ഇനിയും നിലക്കാത്ത ഗസ്സ-ഫലസ്തീൻ പ്രതിസന്ധിയും ഇറാനെതിരായ മുമ്പത്തെ പന്ത്രണ്ടു നാൾ യുദ്ധവും കഴിഞ്ഞ മാസാവസാനം പൊട്ടിപ്പുറപ്പെട്ട് പതിനെട്ടു നാളും കഴിഞ്ഞ് അറ്റമില്ലാതെ തുടരുന്ന ഇറാനെതിരായ യുദ്ധവും തെളിയിക്കുന്നത്.
ശത്രുനിർമൂലനമോ അതുവഴി ശാശ്വതമായ ഭീഷണിനിർമാർജനമോ ഇസ്രായേലിന്റെ അജണ്ടയിലില്ലെന്നും ശത്രുവിനെ താൽക്കാലികമായി തളർത്തുകയും പിന്നെയും വളരുമ്പോൾ അടുത്ത പ്രഹരത്തിന് വട്ടം കൂട്ടുകയും ചെയ്യുന്നതാണ് സയണിസ്റ്റ് രീതിയെന്നും ഗസ്സ ആക്രമണം ഒമ്പതുമാസം പിന്നിട്ട ഘട്ടത്തിൽ ഇസ്രായേലിന്റെ റിയൽ അഡ്മിറൽ ദാനിയേൽ ഹഗാരി തന്നെ പറഞ്ഞിട്ടുണ്ട്. ഹമാസിനെതിരായ ആക്രമണമെന്നു പറയുന്നത് ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്നും ജനമനസ്സിൽ വേരോടിയ ഹമാസ് എന്ന സങ്കൽപത്തെ പിഴുതുകളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു. അതുകൊണ്ടുതന്നെയാണ് യുദ്ധങ്ങൾ അറ്റമില്ലാതെ നീണ്ടുപോകുന്നത് എന്നു ഒരു ഇസ്രായേൽ മാധ്യമം അന്നു ടിപ്പണി കുറിക്കുകയും ചെയ്തു.
അധിനിവേശ യുദ്ധങ്ങൾക്കെല്ലാം വിശുദ്ധയുദ്ധം എന്നും പൈശാചിതക്കെതിരായ പ്രതിരോധം എന്നുമൊക്കെ മതവർണം നൽകുന്നതും ആക്രമി രാജ്യത്തെ ജനതയെ വൈകാരികതയിൽ എല്ലാം മറപ്പിച്ചുനിർത്താം എന്നു കണ്ടുകൂടിയാണ്. ഇറാൻ യുദ്ധം ദൈവനിർദേശാടിസ്ഥാനത്തിലുള്ള കുരിശുയുദ്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഈയിടെ വിശേഷിപ്പിച്ചു. ‘എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു’വെന്ന ബൈബിളിലെ സങ്കീർത്തനം അധ്യായം 144 ാം വാക്യമായിരുന്നു അദ്ദേഹം നിരത്തിയ തെളിവ്. ഇറാൻ യുദ്ധത്തിൽ ദൈവസഹായം യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിനാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല.
ഇങ്ങനെ ദൈവത്തെ കൂട്ടുപിടിച്ച് യുദ്ധവെറി പരത്താനുള്ള നീക്കത്തെ ജറൂസലമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബാല ശക്തമായ ഭാഷയിൽ അപലപിക്കുകയുണ്ടായി. ഈ യുദ്ധത്തിലേക്കും ഇതുപോലുള്ളതിലേക്കും ദൈവനാമം വലിച്ചിഴക്കുന്നത് കൊടുംപാപമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തീർത്തും ഭൗതിക, രാഷ്ട്രീയ താൽപര്യം മുന്നിൽവെച്ചുള്ളതാണ് ഓരോ യുദ്ധവും. ഈ യുദ്ധത്തിൽ ദൈവമുണ്ടെങ്കിൽ നിലകൊള്ളുക, കൊല്ലപ്പെടുകയും വേദന തിന്നുകയും പശ്ചിമേഷ്യയിലുടനീളം അടിച്ചമർത്തപ്പെടുന്നവരുടെയും കൂടെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർദിനാൾ പിസബാല പറഞ്ഞതാണ് ശരി. എന്നാൽ, പിശാചുക്കൾ വേദമോതുന്ന കാലത്ത് ദൈവികനേരിന്റെ വക്താക്കളെ ആരു കേൾക്കാൻ?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

