Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനമുക്ക് കൈകോർക്കാം,...

നമുക്ക് കൈകോർക്കാം, അവരെ ചേർത്തുപിടിക്കാം

text_fields
bookmark_border
നമുക്ക് കൈകോർക്കാം, അവരെ ചേർത്തുപിടിക്കാം
cancel

2024 ജൂലൈ 30. കേരളം മറക്കില്ല ആ രാത്രി. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ രണ്ട് ഗ്രാമങ്ങളാണ് അന്ന് രാവുണർന്നപ്പോഴേക്കും ചാലിയാറിൽ പതിച്ച് അപ്രത്യക്ഷമായത്. നാനൂറിലധികം പേരുടെ ജീവനെടുത്ത്, അതിലിരട്ടി കുടുംബങ്ങളെ അനാഥമാക്കി വിസ്ഫോടനമായി ആർത്തലച്ച ജലപ്രവാഹം മുൻ വർഷങ്ങളിലെ മഹാപ്രളയത്തേക്കാളും ഭീകരമായിരുന്നു. 2024ൽ ലോകത്ത് റിപ്പോർട്ട് ചെയ്ത 32 അസാധാരണ കാലാവസ്ഥ സംഭവങ്ങളിലൊന്നായാണ് വയനാട് ദുരന്തത്തെ ശാസ്ത്രലോകം അടയാളപ്പെടുത്തിയിട്ടുള്ളത്. മുമ്പും വയനാട്ടിലടക്കം കേരളത്തിൽ പല ഉരുൾദുരന്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് മുമ്പുണ്ടായിട്ടില്ലെന്ന് തീർത്തുപറയാനാകും.

കാലാവസ്ഥ മാറ്റത്തിന്റെ പ്രത്യക്ഷസൂചകമായിട്ടാണ് ഈ ദുരന്തം വിലയിരുത്തപ്പെടുന്നത്. പ്രാഥമികമായ വിലയിരുത്തലിൽതന്നെ 1200 കോടി രൂപയുടെ നാശനഷ്ടമാണ് അവിടെ കണക്കാക്കിയിരിക്കുന്നത്. അപ്രത്യക്ഷമായ ആ ഗ്രാമങ്ങളെ വീണ്ടെടുക്കാനും അതിജീവിതർക്ക് പുതിയ ജീവിതം നൽകാനുമുള്ള ശ്രമങ്ങൾ അന്നുതൊട്ടേ തുടങ്ങിയിട്ടുണ്ട്. മുമ്പും ദുരന്ത മേഖലകളിൽ കേരളം കൈകോർത്തതുപോലെ, മേപ്പാടിയിലെ ആ ഗ്രാമങ്ങൾക്കുവേണ്ടിയും ഒറ്റക്കെട്ടായി നിലയുറപ്പിച്ചപ്പോൾ അത് പുനരധിവാസ പ്രവർത്തനങ്ങളിൽ രാജ്യം കണ്ട മികച്ച മാതൃകകളിലൊന്നായി മാറി. ആ ദൗത്യത്തിന്റെ തുടർച്ചയിലാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ഡിസംബർ അവസാന വാരം, ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ട് ടൗൺഷിപ് പദ്ധതികൾ പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി വീടും ലൈബ്രറികളും വാഗ്ദാനം ചെയ്തവരുടെ പിന്തുണയും സഹകരണവുമെല്ലാം ഉറപ്പുവരുത്തുന്ന പദ്ധതി തീർത്തും ജനകീയമായൊരു ആശയംതന്നെയായിരുന്നു.

പലവിധ പ്രതിസന്ധികൾ മുന്നിൽനിൽക്കുന്നുവെങ്കിലും, ആ സ്വപ്ന പദ്ധതിയിലേക്ക് ഒരു ചുവടുകൂടി കടന്നിരിക്കുകയാണ് സർക്കാർ. ആയിരക്കണക്കിന് അതിജീവിതരെ സാക്ഷിയാക്കി, ഒന്നാം ടൗൺഷിപ്പിന് കഴിഞ്ഞദിവസം മുഖ്യമന്ത്രി തറക്കല്ലിട്ടിരിക്കുന്നു. ഭരണ-പ്രതിപക്ഷ ഐക്യത്തിന്റെകൂടി വേദിയായി മാറിയ ആ ചടങ്ങ്, ഒരു മാതൃകദൗത്യത്തിന്റെ തുടക്കമെന്നതിനൊപ്പം മഹത്തായൊരു രാഷ്ട്രീയ സന്ദേശംകൂടിയായി മാറി.

കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് ആദ്യ ടൗൺഷിപ് ഉയരുന്നത്. 430 വീടുകൾ ഉൾക്കൊള്ളുന്ന ടൗൺഷിപ് നിർമാണം അടുത്ത സാമ്പത്തിക വർഷംതന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികളും വിദ്യാലയങ്ങളും കളിസ്ഥലങ്ങളും കമ്യൂണിറ്റി സെന്ററുകളും പുസ്തകശാലകളുമെല്ലാം ഉൾക്കൊള്ളുന്ന ടൗൺഷിപ് അടിയന്തരമായി ഒറ്റഘട്ടത്തിൽതന്നെ പൂർത്തിയാക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കപ്പെട്ടതാണ്. ടൗൺഷിപ് നിർമാണം ഏജൻസികളെ ഏൽപിക്കുമെങ്കിലും നിർമാണ പുരോഗതി വിലയിരുത്താൻ വിവിധ തട്ടുകളിലായി മേൽനോട്ട സമിതിയുമുണ്ടാകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് കൃത്യമായി നടപ്പാക്കിയാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ അതിജീവിതരുടെ പുനഃസമാഗമം സാധ്യമാകുമെന്നുറപ്പാണ്. 750 കോടിയാണ് രണ്ട് ടൗൺഷിപ്പുകൾക്കുമായി കണക്കാക്കിയിരിക്കുന്ന തുക. ഇതിൽ വലിയൊരു പങ്കും സംഭാവന നൽകിയിരിക്കുന്നത് നാട്ടിലെ സാധാരണക്കാരാണ്; മാത്രവുമല്ല, വിവിധ സംഘടനകളുടെ നിർലോഭമായ സാമ്പത്തിക പിന്തുണയും ഇതിനകം സർക്കാറിന് ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ, ജനകീയമായ രീതിയിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസത്തെ ചടങ്ങിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘നാടിന്റെ ഒരുമയുടെ കരുത്താണ് പുനരധിവാസ പദ്ധതിയുടെ നിർമാണത്തിന് തുടക്കമിടുന്നതിലേക്ക് നമ്മെ എത്തിച്ചത്. ജനങ്ങളുടെ സ്നേഹനിർഭരമായ സഹകരണമുണ്ടെങ്കിൽ, അസാധ്യമാണെന്ന് തോന്നുന്നതിനെ സാധ്യമാക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.’’ ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും പൂർണ പിന്തുണയോടെ ഒപ്പമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതോടെ മഹത്തായൊരു അതിജീവന മാതൃകയായി ടൗൺഷിപ് പദ്ധതി മാറി.

ഇത്തരമൊരു പദ്ധതിയിൽ സ്വാഭാവികമായും കേന്ദ്ര സർക്കാറിന്റെ ഒരു വിഹിതവും പങ്കാളിത്തവുമുണ്ടാകേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഉരുൾദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യംപോലും കേന്ദ്രം നിരാകരിച്ചു. 2000 കോടിയുടെയെങ്കിലും അടിയന്തര സഹായം കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ച് അപേക്ഷ സമർപ്പിച്ചതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, 529 കോടിയുടെ വായ്പ അനുവദിച്ച് അപമാനിക്കുകയും ചെയ്തു. ഒരർഥത്തിൽ ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. കഴിഞ്ഞ 10 വർഷത്തിനിടെ, കേന്ദ്രത്തിൽനിന്ന് കേരളത്തിന് കാര്യമായ സഹായം കിട്ടുന്നില്ല; അർഹമായ നികുതി വിഹിതംപോലും നൽകിയിട്ടില്ല എന്നതാണ് നേര്.

പലരും നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ഈ സാഹചര്യത്തിൽ, ഇനിയും കേന്ദ്ര സർക്കാറിനെ കാത്തിരിക്കാനാവില്ലെന്ന തിരിച്ചറിവുകൂടിയാകണം സ്വന്തം നിലയിൽ ജനകീയമായൊരു പദ്ധതിക്ക് സംസ്ഥാന ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രതിപക്ഷവും സഹകരിച്ചതോടെ അതിജീവിതരുടെ സ്വപ്നത്തിലേക്കുള്ള വഴി എളുപ്പമായി. ഇനിയും ചില പ്രതിബന്ധങ്ങൾ ബാക്കിയുണ്ട്. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയതിലെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചുവെന്ന് പറയാറായിട്ടില്ല. അനിശ്ചിതത്വങ്ങൾ വേറെയുമുണ്ട്. ഇപ്പോഴത്തെ ഈ ഐക്യത്തിലൂടെ ഇതെല്ലാം മറികടക്കാവുന്നതേയുള്ളൂ; അതുവഴി, ഈ സ്വപ്ന പദ്ധതി ഏറ്റവും വേഗത്തിൽ യാഥാർഥ്യമാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialWayanad Township Project
News Summary - Madhyamam Editorial: Township project for Mundakai and Chooralmala disaster victims
Next Story