Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംവരണമല്ലിത് പെരുംകൊള്ള
cancel

സംവരണം സാമൂഹിക സമത്വത്തിനോ അതോ സാമ്പത്തിക സമത്വത്തിനോ എന്ന ചോദ്യം സംവരണം എന്ന ആശയം രൂപം കൊണ്ടപ്പോൾ മുതൽ ഉയരുന്നതാണ്. എന്നാൽ, സംവരണം സാമൂഹിക സമത്വം, സാമൂഹിക നീതി എന്നിവ ലക്ഷ്യമാക്കിയാണെന്ന് നമ്മുടെ ഭരണഘടന അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട്, ഭരണഘടനയെ വെല്ലുവിളിച്ച് സർക്കാറുകളും നീതിന്യായ സംവിധാനങ്ങളുമൊക്കെ നടത്തിയ വെള്ളം ചേർക്കലുകളിലാണ് അതിന് മാറ്റം വന്നത്. വെള്ളം ചേർക്കലുകളിലെ വെള്ളപ്പാച്ചിലായിരുന്നു 10 ശതമാനം സാമ്പത്തിക സംവരണം. സംവരണം സാമൂഹിക സമത്വത്തിനെന്ന ആശയം ഏറക്കുറെ ഇല്ലാതായെന്ന് തെളിയിക്കുന്നതാണ് എൻജിനീയറിങ് പ്രവേശനത്തിലെ അലോട്ട്മെന്റ് കഴിയുമ്പോൾ വ്യക്തമാവുന്നത്.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സവർണ വിഭാഗക്കാരായ സംവരണീയ വിദ്യാർഥിക്ക് പ്രവേശന പരീക്ഷയിൽ റാങ്ക് 60000ന് മുകളിലാണെങ്കിൽപോലും സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം ലഭിക്കുമെന്നായിരിക്കുന്നു. പ്രവേശന പരീക്ഷ കമീഷണറുടെ നാല് റൗണ്ട് അലോട്ട്മെന്‍റും പൂർത്തിയായപ്പോൾ 67505 പേർ അടങ്ങിയ പട്ടികയിൽ സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണത്തിൽ (ഇ.ഡബ്ല്യു.എസ്) 66078ാം റാങ്കുകാരനും സർക്കാർ കോളജിൽ പ്രവേശനം ലഭിച്ചു. പട്ടിക ജാതി-വർഗത്തിന് സമാനമായാണ് സംവരണ ആനുകൂല്യം സാമ്പത്തിക പിന്നാക്ക സംവരണ വിഭാഗത്തിനും ലഭിച്ചത്. ഈഴവ, മുസ്‍ലിം വിഭാഗങ്ങളിൽ സംവരണ ആനുകൂല്യം ലഭിച്ചവരാകട്ടെ, പതിനായിരങ്ങളുടെ റാങ്കിന് പിറകിലാണ്. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 103ാം ഭേദഗതി ഭരണഘടന അടിസ്ഥാന സ്വഭാവത്തെ തള്ളിക്കളയുകയും സംവരണമെന്ന ആശയം തകർക്കുന്നതുമാണെന്ന വിമർശനം ശരിവെക്കുന്നതാണ് ഈ സാഹചര്യം. സംവരണമെന്നല്ല, വിഭവങ്ങളുടെ കൊള്ളയടി എന്നേ ഇതിനെ വിളിക്കാവൂ.

ഒരു സമൂഹത്തിന്റെ പുരോഗതിക്ക്, അവരെ വിവിധ മേഖലകളിൽ സാമൂഹികമായി ഉയർത്തുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. പിന്നാക്കമായ ഒരു സമൂഹത്തെ ഉദ്ധരിക്കാൻ, പുരോഗമന പാതയിലേക്ക് ഉയർത്താൻ ഏറ്റവും ലളിതമായ മാർഗമാണ് അവരെ വിദ്യാഭ്യാസവത്കരിക്കുകയെന്നത്. പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണം ഏർപ്പെടുത്തിയത് അതിന്റെ കൂടി ഭാഗമായിരുന്നു. അധികാരശ്രേണിയിൽ അവരെ കൂടി എത്തിക്കുക അല്ലെങ്കിൽ നേരിയ തോതിലെങ്കിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്നതിനാണ് തൊഴിൽ രംഗത്തും സംവരണം ഏർപ്പെടുത്തിയത്. എന്നാൽ, അതിനെ അട്ടിമറിച്ച് സവർണ സമുദായങ്ങളുടെ അതിശാക്തീകരണമാണ് ഇ.ഡബ്ല്യു.എസ് വഴി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

2019 ജനുവരിയിലാണ് 103-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്തത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയായിരുന്നു ഭേദഗതി. ഇതനുസരിച്ച് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കാം. കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെയുള്ള പാർട്ടികളുടെ സമ്പൂർണ പിന്തുണയോടെ, കേന്ദ്രത്തിലെ മോദി സർക്കാർ പാസാക്കിയെടുത്ത ഈ സവർണ സംവരണ പദ്ധതി ബി.ജെ.പി ഭരണം നടത്തുന്ന സംസ്ഥാനങ്ങൾക്ക് മുമ്പേ തന്നെ അമിതാവേശത്തോടെ രാജ്യത്ത് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി പി.എസ്.സി ജോലികളിലും എന്‍ജിനീയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിനും മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും ഏര്‍പ്പെടുത്തി.

പൊതുവിഭാഗത്തിലും മറ്റ് സംവരണ സീറ്റുകളിലും കുറവുവരാതിരിക്കാന്‍ പത്ത് ശതമാനം സീറ്റുകള്‍ വർധിപ്പിച്ചാണ് വിദ്യാഭ്യാസ രംഗത്ത് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനും സാമ്പത്തിക സംവരണം നടപ്പാക്കി. ഭേദഗതി സുപ്രീംകോടതിയിലെത്തിയെങ്കിലും ഭരണഘടന ബെഞ്ച് ഭേദഗതി ശരിവെക്കുകയായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിന് ലക്ഷ്യമിടുന്ന സംവരണമെന്ന ലക്ഷ്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് തീരുമാനമെന്ന വാദം കോടതി അംഗീകരിച്ചില്ല.

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനത്തിലേക്ക് കൂടി ഇ.ഡബ്ല്യു.എസ് സംവരണം വ്യാപിപ്പിച്ച് അലോട്ട്മെന്‍റ് നടത്തുക കൂടി ചെയ്തിട്ടുണ്ട് ഈ തവണ എൻട്രൻസ് കമീഷണറേറ്റ്. പ്രവേശനത്തിന്‍റെ നാലാം ഘട്ടത്തിലായിരുന്നു അലോട്ട്മെന്റ്. മുമ്പും ഈ ശ്രമം നടന്നിരുന്നു. അന്ന് അത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചർച്ചയാവുകയും വിവാദമായതോടെ, നടപടി തിരുത്തപ്പെടുകയുമുണ്ടായി. ഇത്തവണയും ‘മാധ്യമം’ ഈ അനീതി ചൂണ്ടിക്കാണിച്ചെങ്കിലും തിരുത്തൽ നടപടിക്ക് തയാറായിട്ടില്ല ഭരണകൂടം. ശക്തമായ ഇടപെടലുകളിലൂടെ ഇന്നിത് തിരുത്തപ്പെട്ടില്ലെങ്കിൽ വരും വർഷങ്ങളിൽ ഈ നിയമവിരുദ്ധ നടപടി ഒരു കീഴ്വഴക്കമായി മാറും. ന്യൂനപക്ഷ പദവി ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത് അനുവദനീയമല്ലെന്ന് ഇ.ഡബ്ല്യു.എസ് സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതിയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട എൻജിനീയറിങ് പ്രവേശന പ്രോസ്പെക്ടസിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതറിയാതെയല്ല നടപടിയെന്ന് വ്യക്തമാണ്. നിരന്തരം ഫ്ലോട്ടിങ് സംവരണത്തിനും പിന്നാക്ക സംവരണത്തിനുമെതിരെ നടക്കുന്ന നീക്കങ്ങളിൽ ഒന്നുകൂടിയാണിത്.

സംവരണം കാര്യക്ഷമത കുറക്കുമെന്നും സംവരണ സീറ്റിൽ പ്രവേശനം നേടിയ ഡോക്ടർമാരുടെ അടുക്കൽ വിശ്വസിച്ച് ചികിത്സക്ക് പോകാനാവില്ലെന്നും മറ്റുമാണ് സവർണ വരേണ്യ സമൂഹവും മുഖ്യധാരാ മാധ്യമങ്ങളും മറ്റും മുൻകാലങ്ങളിൽ നിരന്തരം എഴുന്നള്ളിച്ചിരുന്ന സിദ്ധാന്തം. എന്നാൽ, പതിനായിരക്കണക്കിന് വിദ്യാർഥികളെ മറികടന്ന് 60000ാമത് റാങ്ക് നേടിയവർ പ്രവേശനം നേടുമ്പോൾ കാര്യക്ഷമതയെക്കുറിച്ച് പുലർത്തുന്ന മൗനം മലയാളി പൊതുബോധത്തിന്റെ കാപട്യമാണ് വെളിപ്പെടുത്തിത്തരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialews reservation
News Summary - Madhyamam Editorial: This is not a reservation, it is a big deal
Next Story