വിനാശകരമായ ട്രംപിസം
text_fieldsജനുവരി 20ന്, അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണൾഡ് ട്രംപ് അധികാരാരോഹണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ കേട്ടുകേൾവിയില്ലാത്ത നടപടികൾക്ക് മുതിർന്നതോടെ ആഗോളതലത്തിൽത്തന്നെ വലിയ രൂപത്തിലുള്ള പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. രണ്ടാം വരവിൽ തീവ്രവംശീയതയിലധിഷ്ഠിതമായ പോപുലിസ്റ്റ് ഭരണമായിരിക്കും തന്റേതെന്ന ഉറച്ച പ്രഖ്യാപനമാണ് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം നടത്തിയത്. തൊട്ടുടനെ, ആ പ്രഖ്യാപനത്തെ സാധൂകരിക്കുംവിധം അമേരിക്കയെയും ലോകത്തെയും ഒരുപോലെ മുൾമുനയിലേക്ക് തള്ളിവിടുന്ന 50ലധികം എക്സിക്യൂട്ടിവ് ഓർഡറുകളിലും അദ്ദേഹം ഒപ്പുവെച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും സംവാദവേദികളിലും നിരന്തരമായി ഉന്നയിച്ച പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ഭരണത്തിന്റെ ആദ്യ 48 മണിക്കൂറിൽതന്നെ ട്രംപ് നടപ്പാക്കിയെന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല. കുടിയേറ്റ നിയന്ത്രണം, പൗരത്വം, കാലാവസ്ഥ വ്യതിയാനം, ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം, ലിംഗപരമായ സ്വത്വം തുടങ്ങിയ വിഷയങ്ങളിൽ നേരത്തെതന്നെ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും മുന്നോട്ടുവെച്ച പ്രതിലോമകരമായ ആശയങ്ങൾ കാര്യമായ ചർച്ചയൊന്നും കൂടാതെ നടപ്പാക്കിയിരിക്കുകയാണ്. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കും പലതരത്തിലുള്ള അനിശ്ചിതത്വങ്ങൾക്കും വഴിവെക്കുന്നതാണ് ട്രംപിന്റെ തീരുമാനങ്ങളെന്ന് ആർക്കും എളുപ്പത്തിൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. കുടിയേറ്റം സമ്പൂർണമായി അവസാനിപ്പിക്കുന്നതിനായി ‘ജന്മാവകാശ പൗരത്വ നിയമം’ തന്നെ അദ്ദേഹം റദ്ദാക്കി. അതോടൊപ്പം, അഭയാർഥികളെ തടയാനും തുറുങ്കിലടക്കാനുമായി മെക്സിക്കൻ അതിർത്തിയിൽ സൈനിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു; കാലാവസ്ഥ വ്യതിയാനത്തിന് തടയിടാനായി ആവിഷ്കരിച്ച പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറി; ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു; ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകി. ഇതിനെല്ലാം പുറമെ, ഏതെങ്കിലും മേഖലയിൽ അമേരിക്കയുടെ ആധിപത്യത്തിന് ഭീഷണിയായി നിൽക്കുന്ന രാജ്യങ്ങളെ ഒതുക്കാനായി ഇറക്കുമതി ചുങ്കവും മറ്റും വർധിപ്പിച്ച് ആഗോള തലത്തിൽ സവിശേഷമായൊരു വ്യാപാര യുദ്ധത്തിന് കളമൊരുക്കുകയും ചെയ്തിരിക്കുന്നു ട്രംപിന്റെ ഉന്മാദ ഭരണകൂടം.
പുതിയ സഹസ്രാബ്ദത്തിൽ ആഗോളതലത്തിൽ രൂപംകൊണ്ട നവനാസിസം എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള തീവ്ര വലതുപക്ഷ ആശയധാരയുടെ നേരിട്ടുള്ള പ്രയോഗമാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാകും. ഇലോൺ മസ്കിനെപ്പോലുള്ള തീവ്ര വലതുപക്ഷാശയക്കാരായ ടെക് ഭീമന്മാർ ട്രംപിന്റെ പ്രഖ്യാപനത്തിന് നാസി സല്യൂട്ട് നൽകി അഭിവാദ്യം ചെയ്യുമ്പോൾ യൂറോപ്പിലെ അഭിനവ ഹിറ്റ്ലർമാരിൽ പലരും അതിന് നേർസാക്ഷികളായി എന്നതും യാദൃച്ഛികമല്ല. മസ്കും ട്രംപും യൂറോപ്യൻ യൂനിയനിലെയും ലാറ്റിനമേരിക്കയിലെയും ഈ തീവ്രവലതുപക്ഷ മുന്നണിയാണിനി ലോകം നിയന്ത്രിക്കുന്നതെന്ന ശക്തമായ സൂചന കൂടിയായിരുന്നു ആ സത്യപ്രതിജ്ഞ ചടങ്ങ്. വംശീയതയുടെയും അധിനിവേശത്തിന്റെയും ആക്രോശ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട ആ ചടങ്ങ് വരാനിരിക്കുന്ന അപകടങ്ങളുടെ മുന്നറിയിപ്പുകൂടിയാണ്. അഭയാർഥിത്വം എത്രമേൽ വേദനാജനകമാണെന്ന് പല അനുഭവങ്ങളും ലോകത്തെ പഠിപ്പിച്ചതാണ്. യുദ്ധം, പ്രകൃതി ദുരന്തം, പട്ടിണി തുടങ്ങിയ കാരണങ്ങളാൽ അഭയാർഥികളാക്കപ്പെട്ടവരെ മറ്റു രാജ്യങ്ങൾ സ്വീകരിക്കുകയും അവർക്ക് പൗരത്വം നൽകുകയും ചെയ്യുക എന്നതാണ് ആധുനിക ജനാധിപത്യം അനുശാസിക്കുന്നത്; കുടിയേറ്റത്തിന്റെ കാര്യവും അങ്ങനെത്തന്നെ. പക്ഷേ, ട്രംപിന്റെ അമേരിക്കയിലിപ്പോൾ എന്താണ് സംഭവിക്കുന്നത്? ഒരുവശത്ത്, കുടിയേറ്റക്കാർക്ക് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തുന്നു; മറുവശത്ത്, നിലവിലുള്ള കുടിയേറ്റക്കാരെ അഭയാർഥികളാക്കാനായി നിയമനിർമാണം നടത്തുന്നു. ഉൾക്കൊള്ളലിന്റേതല്ല, വംശീയതയിലധിഷ്ഠിതമായ പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ട്രംപ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം പ്രതിലോമ സമീപനങ്ങളുടെ അനുരണനങ്ങൾ അമേരിക്കൻ വൻകരയിൽ മാത്രം അവസാനിക്കുന്നില്ല. അത് അറ്റ്ലാന്റിക്കും പസഫിക്കും കടന്ന് ഭൂഗോളം മുഴുവൻ തരംഗമായിക്കൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുമായി ബന്ധം വിച്ഛേദിച്ചത് കേവലം സാമ്പത്തിക ഉപരോധമായി കണക്കാക്കാനാവില്ല. കോടിക്കണക്കിന് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാൻ പര്യാപ്തമായ അതിക്രൂര കൃത്യമായിട്ടുതന്നെ അത് പരിഗണിക്കപ്പെടണം. അമേരിക്കയുടെ സാമ്പത്തിക സഹായം നിശ്ചലമാകുന്നതോടെ ആ സംഘടനയുടെ പ്രവർത്തനം പൂർണമായും അവതാളത്തിലാകും. എന്നല്ല, പിന്നീട് ലോകാരോഗ്യ സംഘടനയുടെ നയങ്ങൾ തീരുമാനിക്കുക ഗവി, ബിൽഗേറ്റ്സ് ഫൗണ്ടേഷൻ പോലുള്ള വൻകിട മരുന്ന് ഗവേഷണ കോർപറേറ്റുകളായിരിക്കും.
കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കെടുതികൾ ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ചൂട് വർധിക്കാൻ കാരണമാകുന്ന കാർബണിന്റെ പുറന്തള്ളൽ പരമാവധി നിയന്ത്രിച്ചും ബദൽ ഊർജസ്രോതസ്സുകളിലൂടെ സുസ്ഥിരമായ വികസന മാതൃകകൾ ആവിഷ്കരിച്ചും മാത്രമേ ഈ കെടുതികളെ അതിജയിക്കാനാവൂ. അതിനുള്ള പ്രാഥമിക പരിപാടിയായിരുന്നു കാർബൺ ബഹിർഗമനത്തിന് നിയന്ത്രണമേർപ്പെടുത്താൻ നിർദേശിക്കുന്ന പാരിസ് ഉടമ്പടി. ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന അമേരിക്ക അതിൽനിന്ന് പിൻവാങ്ങുമ്പോൾ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള ആഗോളശ്രമത്തിന് തന്നെയാണ് തുളവീഴുന്നത്. സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറക്കാനായി ഇതര രാജ്യങ്ങൾക്കുമേൽ നികുതി ഭാരം ചുമത്തുമ്പോൾ രാഷ്ട്രങ്ങൾ തമ്മിലെ സാമ്പത്തിക സഹകരണമാണ് ഇല്ലാതാകുന്നത്. എന്നല്ല, അത് വ്യാപാരയുദ്ധത്തിനും വഴിവെക്കുന്നു. ചുരുക്കത്തിൽ, ട്രംപിന്റെ രണ്ടാം വരവ് സൃഷ്ടിച്ചേക്കാവുന്ന അപകടം ചെറുതായിരിക്കില്ല. ആദ്യ മണിക്കൂറുകളിൽ അദ്ദേഹം നൽകിയ സൂചനകൾക്ക് ഇത്രമേൽ പ്രഹരമേൽപിക്കാനാകുമെങ്കിൽ വരാനിരിക്കുന്ന നാലുവർഷം എന്തായിരിക്കും അവസ്ഥ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

