ശ്ലാഘനീയം ഈ സംവരണ തീരുമാനം
text_fieldsകഴിഞ്ഞ 24ന് സുപ്രീംകോടതിയിൽ സംവരണം നടപ്പാക്കാൻ ചരിത്രപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. കോടതിയിലെ ജീവനക്കാർക്കയച്ച സർക്കുലറിൽ എല്ലാ തസ്തികകളിലേക്കും പട്ടികജാതി-പട്ടിക വർഗക്കാർക്ക് പുതിയ നിയമനങ്ങളിലും ഉദ്യോഗക്കയറ്റങ്ങളിലും സംവരണം നടപ്പാക്കുന്നതായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് ഏഴര ശതമാനവുമാണ് സംവരണത്തോത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിലവിലുള്ള സംവരണ ശതമാനം തന്നെയാണിത്. എന്നാൽ, ഇത് ജഡ്ജി നിയമനത്തിൽ ബാധകമാക്കിയിട്ടില്ല. ഇതനുസരിച്ച് പ്യൂൺ മുതൽ രജിസ്ട്രാർ വരെയുള്ള എല്ലാ ഉദ്യോഗതലങ്ങളിലും ഇനി അരികുവത്കരിക്കപ്പെടുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വർധിത സാന്നിധ്യമുണ്ടാവുമെന്നത് ശ്രദ്ധേയമായ ഒരു പരിഷ്കരണം തന്നെയാവും. പുതുതായി നിയമിക്കപ്പെടുന്നവർക്ക് മാത്രമല്ല പ്രമോഷനുകളിലും കൂടി ഇത് ബാധകമാവുമെന്നതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ഉയർന്ന തസ്തികകളിൽ ഒഴിവുവരുമ്പോൾ അതിനു അവകാശികളാവാൻ കഴിയുമെന്നതും മറ്റൊരു മെച്ചം. ഇതനുസരിച്ചുള്ള തസ്തികകളുടെ മാതൃകാ റോസ്റ്റർ സുപ്രീംകോടതി ഔദ്യോഗിക നെറ്റ്വർക്കായ ‘സൂപ്നെറ്റിൽ’ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. അതുപ്രകാരം 200 തസ്തികകളുള്ള റോസ്റ്ററിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക ആ ക്രമത്തിലാകും. ജീവനക്കാർക്ക് ഇവയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ റിക്രൂട്ട്മെന്റ് രജിസ്ട്രാറെ അറിയിക്കാമെന്നും ഉത്തരവിലുണ്ട്.
മെറിറ്റ് അഥവാ ഗുണമേന്മ അട്ടിമറിച്ച് ഓരോ വിഭാഗത്തിനും ഉദ്യോഗങ്ങൾ സംവരണം ചെയ്യുന്നതിലൂടെ ഗുണനിലവാരം താഴും എന്ന വാദം സംവരണത്തെ എതിർക്കുന്നവർ ഇന്നും ഉന്നയിക്കുന്നുണ്ട്. യഥാർഥത്തിൽ മെറിറ്റ് എന്നത് മേൽത്തട്ട് വിഭാഗത്തിൽ മാത്രം ഒതുങ്ങുകയും മറ്റു വിഭാഗങ്ങൾ അരികുവത്കരിക്കപ്പെട്ടവരായി തുടരുകയും ചെയ്യുകയാണെന്ന സത്യം സൗകര്യപൂർവം മറച്ചുവെക്കുകയാണ് ഇതിലൂടെ. ചരിത്രപരമായ കാരണങ്ങളാലും ചാതുർവർണ്യജന്യ ഉച്ചനീചത്വങ്ങളാലും വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കാരണവും സർക്കാർ സംവിധാനങ്ങളിൽ ഇടം കിട്ടാതെ ഏറ്റവും കൂടുതൽ വിവേചനം അനുഭവിച്ചവരാണ് പട്ടികജാതി-പട്ടിക വർഗക്കാർ. അതിനു തൊട്ടുമുകളിൽ മുസ്ലിംകൾ, ഈഴവർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളും. സർക്കാർ തലങ്ങളിൽ പല ഘട്ടങ്ങളിലായി സംവരണം നടപ്പിലാക്കി ത്തുടങ്ങിയതോടെ ഇതിനു ക്രമേണ മാറ്റങ്ങളും ഉണ്ടായി. പക്ഷേ, സുപ്രീംകോടതിയുടെ വിശുദ്ധ വാതായനങ്ങളിൽ സവർണ മേധാവിത്വമെന്നു പറയാവുന്ന വിവേചനങ്ങൾ അപ്പടി നിലനിന്നുവെന്നതാണ് സത്യം.
ഈ പരിഷ്കരണം തികച്ചും പുതിയതാണെന്നു പറഞ്ഞുകൂടാ. സംവരണത്തിനുള്ള വകുപ്പും നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യവും സുപ്രീംകോടതിക്ക് നേരത്തേയുള്ളതാണെങ്കിലും 1995ലെ ആർ.കെ. സഭർവാൾ കേസിലെ വിധിയനുസരിച്ചുള്ള കൃത്യമായ ഒരു റോസ്റ്റർ നിലവിൽ വരാത്തതിനാൽ പരമോന്നത കോടതിയിൽ അത് നടപ്പിലാകാതെ പോയി. എല്ലാ സർക്കാർ സ്ഥാപനങ്ങളും പല ഹൈകോടതികളും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണം നടപ്പാക്കിയിരിക്കുമ്പോൾ സുപ്രീം കോടതി മാത്രം അതിന് അപവാദമാവുന്നതെന്തിന് എന്നാണ് ചീഫ് ജസ്റ്റിസ് ആർ.എസ്. ഗവായ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്. അത്തരം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള അനേകം വിധികൾ കോടതി തന്നെ പുറപ്പെടുവിച്ചിരിക്കെ സ്വയം അത് നടപ്പാക്കാതിരിക്കാൻ എന്തു ന്യായം! ബെഞ്ചിലും പുറത്തും പിന്നാക്ക പ്രാതിനിധ്യക്കുറവിന്റെ പേരിൽ ഏറെ വിമർശിക്കപ്പെടുന്ന ഒരു നീതിപീഠത്തിന് വിശേഷിച്ചും. ജസ്റ്റിസ് ഗവായ് ഇത്ര കൂടി പറഞ്ഞു: ‘‘തുല്യതയും പ്രാതിനിധ്യവും പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു തത്ത്വങ്ങളല്ല, ഭരണഘടനാപരമായ തത്ത്വങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന പരസ്പരപൂരകമായ കാര്യങ്ങളാണ്’’. നേരത്തേ ഉണ്ടായിരുന്ന സംവരണങ്ങൾക്കുപുറമെ സ്ഥാനക്കയറ്റങ്ങളുടെ കാര്യത്തിൽ കൂടി അത് നിലവിൽ വരുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ ചരിത്ര പ്രാധാന്യം. മുമ്പുണ്ടായ ഒരു കേസിൽ ഭരണഘടനാ ബെഞ്ച് നൽകിയ വിധിയിൽ സ്ഥാനക്കയറ്റങ്ങളിൽ അത് നടപ്പാക്കാൻ പ്രയാസകരമായ ഉപാധികൾ നിശ്ചയിച്ചിരുന്നു. സംവരണം ലഭിക്കുന്നവരുടെ പിന്നാക്കാവസ്ഥ തെളിയിക്കുന്ന കണക്കുകൾ, അവർക്ക് നിലവിലുള്ള പ്രാതിനിധ്യത്തിലെ അപര്യാപ്തത, കാര്യക്ഷമതയെ ബാധിക്കുമോ എന്ന പരിശോധന തുടങ്ങിയവ പൂർത്തീകരിക്കണമെന്നതായിരുന്നു അവ. ഇതെല്ലാം പ്രയാസകരമായിരുന്നു; ഫലത്തിൽ അതൊന്നും നടക്കാറുമില്ലായിരുന്നു എന്നതിനാൽ വിഷയം കോടതി കയറിയാൽ പ്രമോഷനിലെ സംവരണം അസാധുവാക്കപ്പെടുമായിരുന്നു.
2018ൽ സുപ്രീം കോടതി പട്ടികജാതി-വർഗക്കാരുടെ കാര്യത്തിൽ പിന്നാക്കാവസ്ഥ തെളിയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയെങ്കിലും മറ്റു രണ്ടു ഉപാധികളിൽ ഇളവ് നൽകിയിട്ടില്ല. ബന്ധപ്പെട്ട മറ്റനേകം വ്യവഹാരങ്ങളും കോടതികളിൽ നടന്നതാണ്. ആ പശ്ചാത്തലത്തിൽ, പുതിയ തീരുമാനത്തെ സുബദ്ധമായ സംവരണത്തിനുള്ള ആദ്യ പടിയായി കാണാം. എന്നാൽ, ഈ തീരുമാനം പട്ടികജാതി-പട്ടികവർഗക്കാർക്ക് മാത്രമാണ്. സംവരണത്തിനർഹരെങ്കിലും സുപ്രീം കോടതിയിൽ അതില്ലാത്ത മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ഇതേ ആനുകൂല്യം കിട്ടിയാലേ സമൂഹത്തിൽ മൊത്തം തുല്യാവസരങ്ങളുടെ തത്ത്വം നടപ്പിലാവൂ. ജസ്റ്റിസ് ഗവായ് ഒ.ബി.സി സംവരണം ഉറപ്പുവരുത്തുന്ന നടപടികൾ കൂടി പരിഗണിക്കുന്നുണ്ടെന്നും ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആ നീക്കങ്ങൾ ശുഭോദർക്കമായിരിക്കെ തന്നെ, ഭരണകൂടത്തിന്റെ മുൻകൈ ആവശ്യമുള്ള മറ്റൊരു തലമാണ് തെരഞ്ഞെടുപ്പ് കമീഷൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയ സ്വതന്ത്രാധികാരമുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങൾ. അവക്കു കൂടിയുള്ള ഒരു മാതൃകയായി സുപ്രീംകോടതിയുടെ റോസ്റ്റർ-രജിസ്റ്റർ സംവിധാനം മാറുകയാണെങ്കിൽ, സാമൂഹികനീതിക്കുള്ള ശ്രമങ്ങളിൽ മറ്റൊരു ചുവടുവെപ്പാവുമത്. അതിനെയെല്ലാം ഗളഹസ്തം ചെയ്യുന്ന ശക്തികൾ സുലഭമാണെന്നിരിക്കെ നേതൃതലത്തിലെ ഇച്ഛാശക്തിയും മനോഭാവമാറ്റവും ഉണ്ടാവുക അല്ലെങ്കിൽ നിയമപരമായ ബാധ്യതയായി അവയെ മാറ്റിയെടുക്കുക എന്നതാവും ശ്രമകരമായ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

