സുഡാനിൽ ജനറൽമാരുടെ തീക്കളി
text_fieldsകഴിഞ്ഞ ഏതാനും നാളുകളായി ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതെഴുതുമ്പോൾ സായുധ സംഘർഷങ്ങളിൽ ചുരുങ്ങിയത് 300 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുന്നു. രാജ്യഭരണം കൈയാളുന്ന ജനറൽ അബ്ദുൽഫത്താഹ് അൽ ബുർഹാന് കീഴിലെ സുഡാനീസ് ആംഡ് ഫോഴ്സസും ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോ തലവനായ റാപിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) എന്ന സൈനികസംഘവും തമ്മിലുള്ള പോരാട്ടമാണ് ആഭ്യന്തരസംഘർഷമായി വളർന്നിരിക്കുന്നത്. ഈ ജനറൽമാർ തമ്മിലെ കുടിപ്പകയും ഭരണനിയന്ത്രണത്തിനുള്ള കിടമത്സരവുമാണ് സംഘർഷത്തിന്‍റെ മുഖ്യ കാരണം. എന്നാൽ, സ്ഥിതിഗതികൾ ഈ നിലയിലെത്തിയതിനു പിന്നിൽ നാലുവർഷത്തെയെങ്കിലും സംഭവവികാസങ്ങളുണ്ട്. അതിൽ രണ്ടു പേരും അവരുടേതായ പങ്കും വഹിച്ചിരിക്കുന്നു.
1989ൽ സുഡാനിലെ ഭരണം പിടിച്ചടക്കിയ ജനറൽ ഉമറുൽ ബശീറിന്‍റെ സൈനികവാഴ്ചയായിരുന്നു 2019 വരെയുള്ള മൂന്നു ദശകങ്ങൾ. പല സ്ഥാനപ്പേരുകളിലായി സൈനികനിയന്ത്രണത്തിൽതന്നെ നാട് ഭരിച്ച ബശീർ ചില ഘട്ടങ്ങളിൽ പ്രസിഡന്റ് എന്ന നിലയിൽ സിവിലിയൻ ഭാവവും അണിഞ്ഞു. ഉരുക്കുമുഷ്ടിയെങ്കിലും ജനങ്ങൾക്ക് ചിട്ടയുള്ള വ്യവസ്ഥയും ക്ഷേമ-വികസനപ്രവർത്തനങ്ങളും നൽകിയതിനാൽ ബശീറിന് മുപ്പത് വർഷത്തോളം പിടിച്ച് നിൽക്കാനായി. ഏകാധിപത്യ പ്രവണതകൾ തലപൊക്കാനും ഉത്തരം പറയേണ്ടതില്ലാത്ത ഭരണസംവിധാനം ദുഷിക്കാനും അധികം പ്രയാസമില്ല. അതിൽ ഉമർ ഭരണവും വ്യത്യസ്തമായില്ല. അതുകൊണ്ട് ജനങ്ങളിൽ ക്രമേണ ഉയർന്നുവന്ന ഭരണവിരുദ്ധവികാരത്തിനൊപ്പം അവസരം പാർത്തിരുന്ന ജനറൽമാരും തെരുവിലിറങ്ങിയപ്പോൾ 2019ൽ ബശീർയുഗത്തിന് അന്ത്യമായി. ബുർഹാൻ ഭരണമേറ്റു. എന്നാൽ, നേരത്തെതന്നെ ദാർഫുർ മേഖലയിൽ ബശീർ പോഷിപ്പിച്ച ജൻജാവീദ് മിലീഷ്യ ബശീർ പുറത്തായപ്പോൾ ഒരു സമാന്തര സൈനികശക്തിയായി ആർ.എസ്.എഫിന്‍റെ രൂപത്തിൽ തുടർന്നും നിലനിന്നു. ഭരണത്തിൽ പങ്കാളിത്തം വേണമെന്ന ലക്ഷ്യത്തോടെ അവർ ആയുധമെടുത്ത് തെരുവിലിറങ്ങിയതാണ് രാജ്യതലസ്ഥാനമായ ഖാർത്തൂമിനെയും ഇതര പ്രധാന നഗരങ്ങളെയും കലുഷമാക്കിയിരിക്കുന്നത്.
സംഘർഷം കാരണം ജനങ്ങൾക്ക് തെരുവിൽ ഇറങ്ങാനോ, ഭക്ഷണവും വെള്ളവും ശേഖരിക്കാനോ പറ്റാത്ത അവസ്ഥയാണ്. ഖാർത്തൂം വിമാനത്താവളം തന്നെ ഏതാണ്ട് തകർന്ന നിലയിൽ അടച്ചിട്ടിരിക്കുന്നതിനാൽ വിദേശസഹായം എത്തിക്കുന്നതും പ്രയാസകരമാണ്. വീട്ടിനുള്ളിൽ ഇരിക്കുന്നതുപോലും സുരക്ഷിതമല്ലാതായതോടെ, കൈയിൽ കിട്ടിയതുമായി ജനം നാടുവിടുകയാണ്. ഔദ്യോഗിക സൈന്യം ഷെൽ, ബോംബ് വർഷം കൊണ്ട് നാശം വിതക്കുമ്പോൾ അത് പ്രതിരോധിക്കാനുള്ള സന്നാഹമുണ്ടെങ്കിലും ആർ.എസ്.എഫിനു ഒന്നും ചെയ്യാനാവുന്നില്ലെന്നാണ് സൂചനകൾ. അതുകൊണ്ട് മരണങ്ങൾ കൂടിവരുന്നു. തർക്കപരിഹാരത്തിനു ശ്രമങ്ങൾ നടക്കാതെയല്ല. യു.എൻ, ഇ.യു തുടങ്ങിയ സംഘടനകൾ വെടിനിർത്തലിനു ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. യമനിലെ ഹൂതി ആക്രമണത്തിനെതിരെ പോരാടാൻ സൗദി അറേബ്യ സഹായം തേടിയ ജൻജാവീദ് സംഘത്തെ സ്വാധീനിക്കാൻ കഴിയുമോ എന്നു സൗദി നോക്കിയിരുന്നു. യു.എ.ഇക്കും ഈജിപ്തിനും വല്ലതും ചെയ്യാനാവും എന്നു പ്രതീക്ഷയുണ്ടെങ്കിലും അവർ നിഷ്പക്ഷരല്ല എന്ന ദൗർബല്യമുണ്ട്. സൈനിക ഭരണകൂടവുമായി സഹകരണത്തിലാണ് ഈജിപ്ത്. അതിനാൽ രണ്ടു വിഭാഗവും സമാധാനാഹ്വാനത്തിനു ചെവികൊടുക്കാത്ത പിടിവാശിയിലാണ്. മാധ്യസ്ഥ്യത്തിനു കൂടുതൽ സാധ്യത കരുതപ്പെടുന്നത് ആഫ്രിക്കൻ യൂനിയനാണ്. പക്ഷേ, അംഗരാഷ്ട്ര സാരഥികൾക്ക് ഖാർത്തൂമിൽ വന്നിറങ്ങാനുള്ള സാഹചര്യമല്ല ഇപ്പോൾ എന്നാണ് അബ്ദുൽഫത്താഹ് ബുർഹാൻതന്നെ പറയുന്നത്. റഷ്യ, ചൈന എന്നീ ശക്തികളും ഇരു കക്ഷികളോടും നിയന്ത്രണം പാലിക്കാൻ അഭ്യർഥിച്ചിരുന്നു. തന്ത്രപ്രധാന മേഖലയിൽ സംഘർഷം ഒഴിവാക്കുക റഷ്യയുടെകൂടി താല്പര്യമാണ്. സുഡാനിലെ എണ്ണ വ്യവസായത്തിലും സ്വർണഖനികളിലും ചൈനക്ക് വൻനിക്ഷേപവുമുണ്ട്. അത്തരം മൂന്നാം കക്ഷികളുടെ മാധ്യസ്ഥ്യ ഇടപെടലുകളിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാവൂ എന്നാണു പൊതുധാരണ.
അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ ഇടവേളക്കായി ബുധനാഴ്ച നടത്തിയ വെടിനിർത്തൽപോലും പരാജയപ്പെടുകയാണുണ്ടായത്. രക്ഷാദൗത്യങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും വേണ്ടി ഞായറാഴ്ച യു.എൻ ആഭിമുഖ്യത്തിലുണ്ടാക്കിയ വെടിനിർത്തലും പാതിവഴിയിൽ പരാജയപ്പെട്ടു. ബുർഹാന്റെ സർക്കാർ സൈന്യവും ആർ.എസ്.എഫും ലയിച്ചുകൊണ്ടുള്ള ഒത്തുതീർപ്പ് നിർദേശമാണ് കൂടുതലായി ഉയർന്നുവരുന്നത്. എന്നാൽ, പരിഹാരത്തിനോടടുക്കുമ്പോൾ കാലപരിധിയിൽ ഭിന്നതകൾ ഉയർന്നുവരുന്നു. കരാർ കാലാവധി രണ്ട് വർഷത്തിനു പകരം പത്ത് വർഷമാവണം എന്നാണ് ദഗാലോ സൈന്യം ആവശ്യപ്പെടുന്നത്. പ്രശ്നം ഉടൻ പരിഹരിക്കുകയോ ചുരുങ്ങിയത് സംഘർഷം അവസാനിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുമെന്നു വൻശക്തികൾതന്നെ ഭയപ്പെടുന്നുണ്ട്.
സുഡാൻ സൈന്യവും എതിർവിഭാഗവും വിദേശ ആയുധങ്ങളെ ആശ്രയിക്കുന്നവരാണ്. അമേരിക്കയും വെറും കാഴ്ചക്കാരല്ല. സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇരുപക്ഷത്തോടും നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തലിനു ഇരുവിഭാഗവും വഴങ്ങിയതും അങ്ങനെയായിരുന്നു. എന്നാൽ, അമേരിക്കക്ക് ഇടപെടണമെങ്കിൽ ഈജിപ്ത്, സൗദി, യു.എ.ഇ എന്നീ മേഖലയിലെ രാജ്യങ്ങളുടെ സഹകരണം കൂടിയേ തീരൂ. ആഭ്യന്തര കലഹമെങ്കിലും സുഡാനിലെ സംഘർഷം അവിടെയൊതുങ്ങുന്നതല്ല. ആഗോളതലത്തിൽ അനുരണനങ്ങളുണ്ടാക്കാനിടയുള്ളതു കൊണ്ടുതന്നെ അതിശക്തമായ അന്താരാഷ്‌ട്ര സമ്മർദങ്ങളുണ്ടെങ്കിലേ നിലവിലെ അവസ്ഥയിൽ അയവു പ്രതീക്ഷിക്കാനാവൂ. ഇല്ലെങ്കിൽ യുക്രെയ്ൻയുദ്ധം കൊണ്ടു വലഞ്ഞുനിൽക്കുന്ന ലോകത്തിനു കൂനിന്മേൽ കുരുവെന്നോണം സുഡാൻ സംഘർഷം പ്രതിസന്ധി മൂർച്ഛിപ്പിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

