Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവെറും വാക്കല്ല...

വെറും വാക്കല്ല സെക്കുലറിസം

text_fields
bookmark_border
വെറും വാക്കല്ല സെക്കുലറിസം
cancelരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, സെക്കുലറിസം എന്നീ പദങ്ങൾ എടുത്തുകളയണമെന്ന ബി.ജെ.പി മുൻ എം.പി സുബ്രമണ്യൻസ്വാമിയുടെ റിട്ട് ഹരജി സു​പ്രീംകോടതി സ്വീകരിച്ചിരിക്കുന്നു. ഇതേ ആവശ്യമുയർത്തി അഡ്വ. സത്യസഭർവാൾ സമർപ്പിച്ച ഹരജിക്കൊപ്പം ഇതും പരിഗണനക്കെടുക്കും. ഏറക്കു​റെ സാ​ങ്കേതികമായ ഈ ആവശ്യത്തിന്മേൽ കോടതി യുക്തമായ തീരുമാനമെടുക്കും. അതേസമയം, ഭരണഘടനയുടെയും രാജ്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങളെപ്പറ്റി കൂടുതൽ വ്യക്തതവരുത്താൻ ഇത് അവസരം നൽകുന്നു. ആ പദങ്ങൾ ഭരണഘടനയിൽ ചേർത്തിട്ട് നാലരപ്പതിറ്റാണ്ട് കഴിഞ്ഞ്, പുതിയ സാഹചര്യത്തിൽ ഇങ്ങനെയൊരു ഹരജി വരുന്നു എന്നതാണ്, അവ നീക്കണമെന്ന ആവശ്യത്തിന്റെ ഉള്ളടക്കത്തെക്കാൾ പ്രാധാന്യം നേടുന്നത്.

ഭരണഘടനയുടെ ആമുഖത്തിലെ 'പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്' എന്നത് 'പരമാധികാര, സോഷ്യലിസ്റ്റ്, സെക്കുലർ, ജനാധിപത്യ റിപ്പബ്ലിക്' എന്നാക്കിയത് ഇന്ദിരഗാന്ധി സർക്കാറാണ്. ഇത് ഭരണഘടനപ്രകാരം തന്നെ നിലനിൽക്കില്ലെന്ന വാദത്തിൽ കഴമ്പുണ്ട്. ഒന്നാമത്, അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന നിർമാണസഭ വിശദമായ കൂടിയാലോചനകൾ നടത്തിയശേഷമാണ് ആമുഖത്തെപ്പറ്റി പൊതുവായ അഭിപ്രായ സമന്വയത്തിലെത്തിയത്. 1976ൽ ഇന്ദിരസർക്കാർ പുതിയ വാക്കുകൾ കൂട്ടിച്ചേർത്തതാകട്ടെ, പാർലമെന്റിൽപോലും കാര്യമായ ചർച്ച നടത്താതെയും. അതിലുപരിയായി, ഭരണഘടനയുടെ 368ാം വകുപ്പുപ്രകാരം പാർലമെൻറിന് ഭേദഗതി ചെയ്യാനോ കൈകടത്താനോ പറ്റുന്നതല്ല ആമുഖം. അതിനാൽ വാക്കുക​ൾ കൂട്ടിച്ചേർത്ത 42ാം ഭേദഗതിക്ക് നിലനിൽപില്ല എന്നവാദം തെറ്റല്ല.

എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചകളിൽനിന്ന് വഴിമാറിയാണോ പുതിയ ഹരജിയുടെ ഉള്ളടക്കം എന്നചോദ്യം ഉയരാവുന്നതാണ്. സെക്കുലറിസം പോലുള്ള വാക്കുകൾ ചേർക്കേണ്ടതില്ലെന്നും, ആമുഖത്തിൽ ചേർക്കാതെതന്നെ സെക്കുലറിസം ഭരണഘടനയുടെ ആത്മാവിലുണ്ടെന്നും പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പ്രസിദ്ധമായ കേശവാനന്ദ ഭാരതി കേസിൽ (1973) സുപ്രീംകോടതി നൽകിയ വിധി മർമപ്രധാനമായിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ 'അടിസ്ഥാനഘടന' മാറ്റാൻ അധികാരമില്ല എന്നായിരുന്നു ആ വിധി. ഭേദഗതിചെയ്യാനുള്ള അധികാരം നശിപ്പിക്കാൻവേണ്ടി ഉപയോഗിക്കരുത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. 'അടിസ്ഥാനഘടന' എന്തെന്ന് നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും ഭരണഘടനയുടെ ഉള്ളടക്കത്തിലും വിവിധ കോടതിവിധികളിലും വ്യക്തമാക്കപ്പെട്ടതനുസരിച്ച് സെക്കുലറിസം അതിൽപെടും.

അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാര പ്രയോഗത്തിന്റെ പേരിൽ വിമർശനം നേരിട്ട ഇന്ദിര, താൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളോട് കൂറുപുലർത്തുന്നു എന്ന് കാണിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു 'സെക്കുലറിസ'വും 'സോഷ്യലിസ'വും കൂട്ടിച്ചേർക്കൽ. ആ മൂല്യങ്ങൾ ഇന്ദിരസർക്കാറിന്റെ വകയല്ലെന്നും തുടക്കംമുതലേ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിൽ അവ ഉണ്ടെന്നും പല കുറി സു​​പ്രീംകോടതി അടക്കം ചൂണ്ടിക്കാട്ടിയതുമാണ്. 'മിനർവ മിൽസ്' കേസിൽ, 42ാം ഭേദഗതി അസാധുവാക്കാതിരിക്കാൻ സുപ്രീംകോടതി പറഞ്ഞ ന്യായംതന്നെ, ആദ്യമേ ഭരണഘടനയിലുള്ള മൂല്യങ്ങൾ ശക്തിയോടെ എടുത്തുപറയുകയേ അത് ചെയ്തുള്ളൂ എന്നാണ്. 'ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ്' കേസിൽ അലഹബാദ് ​ഹൈകോടതിയും പറഞ്ഞു: ''ഈ മൂല്യങ്ങൾ എക്കാലവും ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുള്ളവയാണ്''. ആമുഖത്തിൽ എടുത്തുപറയേണ്ടതില്ലാത്തവിധം ഭരണഘടനയുടെ സത്തയാണ് അവയെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് സെക്കുലറിസവും സോഷ്യലിസവും കൂട്ടിച്ചേർത്ത 42ാം ഭേദഗതിയെ ജസ്റ്റിസ് ഫാലി നരിമാൻ ഒരു പ്രസംഗത്തിൽ എതിർത്തത്. ചുരുക്കത്തിൽ, ആ ഭേദഗതി എടുത്തുമാറ്റുകയോ നിലനിർത്തുകയോ ഏതുചെയ്താലും ഭരണഘടനയുടെ അടിസ്ഥാനഭാവം മാറുന്നില്ല.

സുബ്രമണ്യൻ സ്വാമിയുടെ വാദം പക്ഷേ, ​വേറെയാണ്. സെക്കുലറിസവും സോഷ്യലിസവും ഭരണഘടന നിർമാതാക്കളുടെ ചിന്തയിലുണ്ടായിരുന്നില്ല എന്നത്രെ അദ്ദേഹം പറയുന്നത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് നിഷേധിക്കലാകുമത്രെ അത്തരം പദങ്ങൾ ചേർക്കുകവഴി സംഭവിക്കുക. 'സെക്കുലറിസ'മെന്ന പദത്തിന്റെ മതനിരാസമെന്ന പടിഞ്ഞാറൻ അർഥകൽപനവെച്ച് ഒരുപക്ഷേ, അങ്ങനെ പറയാനാവും. അതുകൊണ്ടുതന്നെയാവാം അംബേദ്കറും മറ്റും ആ പദം ആമുഖത്തിൽ ചേർക്കാതിരുന്നത്. അതേസമയം, പൗരജനങ്ങൾക്ക് പൂർണമായ 'ചിന്താസ്വാതന്ത്ര്യ'വും 'വിശ്വാസ, ആരാധന, വിശ്വാസപ്രചാരണ'സ്വാതന്ത്ര്യവും വ്യക്തമായിത്തന്നെ ഉറപ്പുതരുന്നതാണ് നമ്മുടെ ഭരണഘടന. ജനാധിപത്യ, പാർലമെന്ററി വ്യവസ്ഥിതിയിലും ഭൂരിപക്ഷത്തിന്റെ കടന്നാക്രമണങ്ങളിൽനിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവശ്യമായ തത്ത്വങ്ങൾ അതിലുണ്ട്. നമ്മുടെ സെക്കുലറിസം പാശ്ചാത്യരുടെ മതനിരാസമല്ല, മറിച്ച് മതനിരപേക്ഷതയാണ്. രാഷ്ട്രത്തിന് സ്വന്തമായി മതമില്ല എന്നത് അതിന്റെ മർമമാണ്. ഏത് മതം സ്വീകരിക്കാനും മതവിശ്വാസമില്ലാതെ ജീവിക്കാനുമുള്ള അവകാശമാണ് അത് എല്ലാവർക്കും നൽകുന്നത്.

42ാം ഭേദഗതി നിലനിൽക്കുകയോ എടുത്തുമാറ്റുകയോ ചെയ്യട്ടെ. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ അതേപടി നിലനിൽക്കുകതന്നെ വേണം. രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രശ്നം ഭരണഘടനയല്ല, അതിന്റെ ആധാരങ്ങൾ തകർക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. 42ാം ഭേദഗതി നടന്ന് വർഷങ്ങൾ കഴിഞ്ഞ്, 1994ൽ ബൊ​മ്മൈ കേസ് തീർപ്പാക്കിക്കൊണ്ട് സുപ്രീംകോടതി തറപ്പിച്ചുപറഞ്ഞപോലെ, ''സെക്കുലറിസം ഭരണഘടനയുടെ അടിസ്ഥാനപ്രകൃതമാണ്'' അത് അങ്ങനെതന്നെ തുടരുകയും വേണം.

Show Full Article
TAGS:madhyamam editorial Secularism 
News Summary - madhyamam editorial Secularism is not just a word
Next Story