കൊളീജിയം പുനരാലോചനകൾ വീണ്ടും
text_fieldsചൊവ്വാഴ്ച രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗവും അവിടെ ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ കണ്ട അഭിപ്രായൈക്യവും നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ അസാധാരണമായിരുന്നു. ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയോടുചേർന്ന സ്റ്റോർ റൂമിൽ നിന്ന് കറൻസി നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ ധൻഖർ തന്നെ സഭയിൽ ഒന്നിലധികം തവണ പാർലമെന്റിന്റെ പരമോന്നത സ്ഥാനത്തെക്കുറിച്ചും ജുഡീഷ്യറിയുടെ വിശ്വാസ്യത തകർന്നാലുണ്ടാകുന്ന ജനാധിപത്യത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും സംസാരിച്ചിരുന്നു. ഇവ രണ്ടും തമ്മിലെ പരസ്പരബന്ധം എന്താണെന്നിടത്താണ് ഇപ്പോഴത്തെ ചർച്ചയുടെ മർമം. സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിൽ സ്വീകരിച്ചുവരുന്ന നിലവിലെ കൊളീജിയം സമ്പ്രദായമാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്നും ജഡ്ജിമാരുടെ നിയമനത്തിൽ പാർലമെന്റ് പാസാക്കുന്ന നിയമമാവണം അടിസ്ഥാനമെന്നുമുള്ള പ്രസ്താവനയും അതിനുവേണ്ടി 2014 ൽ പാസാക്കിയ നിയമന കമീഷൻ സമ്പ്രദായമാണുണ്ടായിരുന്നതെങ്കിൽ ഇത്തരം ജഡ്ജിമാരുടെ നിയമനം നടക്കുമായിരുന്നില്ല എന്ന വ്യംഗ്യവും ചർച്ചകളിൽ ഉയർന്നുവന്നു. സഭാ നേതാവായ കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡയെയും പ്രതിപക്ഷ നേതാവ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും മറ്റു കക്ഷിനേതാക്കളെയും ചേംബറിൽ വിളിച്ച് വിഷയം ചർച്ച ചെയ്തു. ജഡ്ജി നിയമനത്തിൽ 2014ൽ പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ ആക്ട് പോലുള്ള നിയമമാണ് വേണ്ടത് എന്ന കാര്യത്തിൽ മൊത്തത്തിൽ കക്ഷിനേതാക്കൾ യോജിപ്പ് പ്രകടിപ്പിച്ചുവത്രേ.
നിലവിൽ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ തന്നെ ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരുമടങ്ങുന്ന കൊളീജിയം ആണ് സർക്കാറിന് പേരുകൾ നിർദേശിക്കുന്നത്. സർക്കാർ അതംഗീകരിച്ചാൽ രാഷ്ട്രപതിക്ക് ശിപാർശ ചെയ്യും. വിയോജിപ്പുണ്ടെങ്കിൽ കൊളീജിയത്തിലേക്ക് തിരിച്ചയക്കാം. കൊളീജിയത്തിനു ഭേദഗതി വരുത്തി മറ്റു പേരുകൾ ശിപാർശ ചെയ്യാം. അല്ലെങ്കിൽ വീണ്ടും അതേ ശിപാർശകൾ അയച്ചാൽ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. 2014ൽ മോദി സർക്കാർ തന്നെ കൊണ്ടു വന്ന ദേശീയ ജഡ്ജി നിയമന കമീഷൻ ആക്ട് പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുകയും, പ്രതിപക്ഷം ഭരിച്ചവ ഉൾപ്പെടെ പകുതിയിലധികം സംസ്ഥാനങ്ങൾ ശരിവെക്കുകയും ചെയ്തതാണ്. പക്ഷേ, തുടർന്നുവന്ന ഹരജികളുടെ അടിസ്ഥാനത്തിൽ ആക്ടിലെ വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയായ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന കണ്ടെത്തലിൽ സുപ്രീം കോടതി റദ്ദാക്കുകയും 2015ൽ കൊളീജിയം സമ്പ്രദായം തന്നെ നടപ്പിൽവരുത്തുകയും ചെയ്തതാണ്.
രാജ്യസഭ ചെയർമാൻ മുന്നോട്ടുവെക്കുന്ന തത്ത്വങ്ങൾ അപ്പടി അംഗീകരിക്കാൻ കഴിയണമെന്നില്ല. കൊളീജിയത്തിനു ദൗർബല്യങ്ങളുണ്ടെന്നത് ശരിയാണ്. സുതാര്യതയില്ലായ്മയാണ് അതിൽ പ്രധാനം. കൊളീജിയത്തിന്റെ നടപടികൾ പൊതു മണ്ഡലത്തിൽ ലഭ്യമല്ല. ചിലപ്പോഴെങ്കിലും മുൻവിധികളും സ്വജന പക്ഷപാതങ്ങളും ശിപാർശകളെ സ്വാധീനിച്ചേക്കാം. എന്നാൽ, അതിനു പ്രതിവിധിയല്ല കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങളനുസരിച്ച് നടക്കുന്ന നിയമനം. അത് കൂടുതൽ ഗുരുതരമാകാനുമിടയുണ്ട്. 2014 ലെ നിയമത്തിനു മിക്ക പാർട്ടികളും പിന്തുണ നൽകിയത് പ്രാതിനിധ്യ സ്വഭാവമുള്ള പാനലാണ് തെരഞ്ഞെടുപ്പ് നടത്തുക എന്നതും, പ്രതിപക്ഷ നേതാവും പൊതു മണ്ഡലത്തിലെ രണ്ടു പ്രമുഖരുൾപ്പെടെ ഭരണകൂടത്തിന്റേതല്ലാത്ത പ്രതിനിധികൾ അതിലുണ്ടാവും എന്നതും കൊണ്ടാണ്. എന്നാൽ, സുപ്രീം കോടതി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒന്നായി അതിനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല.
ധൻഖർ ഇപ്പോൾ വാദിക്കുന്നത് കൊളീജിയം തുടരുകയാണെങ്കിൽ പാർലമെന്റിനു ഒരു സ്ഥാനവും ഉണ്ടാവില്ലെന്നാണ്. നിയമന കമീഷൻ വഴിയായിരുന്നു ജഡ്ജി നിയമനങ്ങളെങ്കിൽ ജസ്റ്റിസ് വർമയുടേത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന അദ്ദേഹത്തിന്റെയും മന്ത്രി നഡ്ഡയുടെയും വാദം ഒരമിത പ്രതീക്ഷയാണ്. രാജ്യസഭാ നേതാക്കളുടെ ചർച്ചയിൽ പാർട്ടികൾ പെട്ടെന്ന് കൊളീജിയത്തിനെതിരായും നിയമനിർമാണത്തിനനുകൂലമായും നിലകൊണ്ടെങ്കിലും പുറത്ത് ഒറ്റക്കൊറ്റക്ക് പാർട്ടികൾ പറയുന്ന നിലപാട് അതല്ല. കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, അത്തരമൊരു ബില്ലിന് പിന്തുണ ഉറപ്പു നൽകാൻ കഴിയില്ല എന്നാണ് പറഞ്ഞത്. കോൺഗ്രസിന്റെ തന്നെ അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടത്, കോൺഗ്രസ് പിന്തുണക്കാൻ സാധ്യതയില്ലെങ്കിലും സർക്കാർ നിർദേശം മുന്നോട്ടുവെക്കുന്നതുവരെ തങ്ങളുടെ ഹിതം പറയാൻ കഴിയില്ല എന്നാണ്. പാർലമെന്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണ്ട ഒരു ഭരണഘടനാ ഭേദഗതിയായതിനാൽ സർക്കാർ അഭിപ്രായ സമവായത്തിന് ശ്രമിച്ചേക്കും. അതെന്തായാലും നിലവിലെ സർക്കാറിന് കൊളീജിയം വ്യവസ്ഥയോടുള്ള എതിർപ്പ് ജഡ്ജിമാരുടെ മൂല്യശോഷണം കൊണ്ടല്ല, മറിച്ച്, കാര്യങ്ങൾ സ്വന്തം ചൊൽപടിയിൽ നിർത്താനുള്ള വ്യഗ്രത മൂലം മാത്രമാണ് എന്നു വ്യക്തമാണ്.
പാർലമെന്റിനാണ് നിയമനിർമാണത്തിൽ പരമാധികാരമെങ്കിലും ഭരണഘടന എന്നത് അതിനും മുകളിൽ നിൽക്കേണ്ടതാണ്. അതിന്റെ അടിസ്ഥാന ഘടനയാണ് പല അർഥത്തിലും ഇന്ത്യയെ ഭദ്രമായ രാഷ്ട്രമായി നിലനിർത്തുന്നതും. നിലവിലെ ന്യായാധിപന്മാരിൽ പുഴുക്കുത്തുക്കളുണ്ടെങ്കിൽ അത് പരിഹരിക്കാൻ തക്ക നിവാരണ നടപടികൾ എടുക്കുകയാണ് ആദ്യം വേണ്ടത്. ഒപ്പം ദീർഘകാലാടിസ്ഥാനത്തിൽ ജഡ്ജിമാരുടെ നിയമനങ്ങൾക്ക് നിഷ്പക്ഷതയും സുതാര്യതയും എക്സിക്യൂട്ടിവിനോട് പ്രതിബദ്ധതയില്ലാത്ത നിഷ്പക്ഷതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകാൻ കഴിഞ്ഞെങ്കിൽ അതുതന്നെ ഉത്തമം. നിലവിലെ ചർച്ചകൾ അതിലേക്കെത്തിച്ചേരുന്നവയാവട്ടെ എന്നാശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.