Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജൈവമനുഷ്യന് വിട

ജൈവമനുഷ്യന് വിട

text_fields
bookmark_border
ജൈവമനുഷ്യന് വിട
cancel

ഭാവിതലമുറക്ക് സമ്മാനമായി കൈമാറാൻ പൂർവികർ നമ്മെ ഏൽപിച്ചുപോയതാണ് ഈ ഭൂമിയും അതിലെ ജൈവവൈവിധ്യങ്ങളുമെന്നതാണ് പ്രകൃതി സംരക്ഷണത്തിന്റെയും ഹരിത രാഷ്ട്രീയത്തിന്റെയുമെല്ലാം അടിസ്ഥാന ദർശനം. ഈ ദർശനത്തിന് ഇന്ത്യയിൽ ശാസ്ത്രീയാടിത്തറ പാകിയ പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു കഴിഞ്ഞദിവസം വിട്ടുപിരിഞ്ഞ ഡോ.മാധവ് ഗാഡ്ഗിൽ. ‘പശ്ചിമഘട്ടത്തിന്റെ കാവലാൾ’ എന്ന് പൊതുസമൂഹം അദ്ദേഹത്തെ വിശേഷിപ്പിക്കും മുമ്പേതന്നെ, നമ്മുടെ രാജ്യത്ത് ഹരിത രാഷ്ട്രീയത്തിനും അതിലൂന്നിയുള്ള നയരൂപവത്കരണത്തിനും നേതൃപരമായ പങ്കുവഹിച്ച ആ ജൈവ മനുഷ്യന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ചെറുതാവില്ലെന്നുറപ്പാണ്. കാരണം, ഗാഡ്ഗിൽ ബാക്കിവെച്ചുപോയ പ്രകൃതിശാസ്ത്ര ദർശനം, ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പുതിയ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്. ഈ ഘട്ടത്തിൽ, മേൽ ദർശനത്തെ പുതിയ തലങ്ങളിലേക്കെത്തിക്കുന്നതിനും കോർപറേറ്റ് വത്കൃത വികസനത്തിന്റെ പുതിയ കാലത്ത് അധികാരികളോട് ആധികാരികമായി ചോദ്യങ്ങളുന്നയിക്കുന്നതിനും ഗാഡ്ഗിലിന്റെ അഭാവത്തിൽ നമുക്കിനി അധികപേരൊന്നുമില്ല. അതുകൊണ്ടുതന്നെ, ഗാഡ്ഗിലിനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹത്തിന്റെ ഇടപെടലുകളും ആവർത്തിച്ചുപറയുക എന്നത് വർത്തമാന ഇന്ത്യയിൽ ചെറുതല്ലാത്തൊരു രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു.

പശ്ചിമഘട്ട സംരക്ഷണത്തിനായി കൃത്യമായൊരു ശാസ്ത്രീയ പദ്ധതി ആവിഷ്കരിച്ച വ്യക്തിയെന്ന നിലയിലാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി പൊതുവിൽ ഗാഡ്ഗിൽ അനുസ്മരിക്കപ്പെടാറുള്ളത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ പശ്ചിമഘട്ട സംരക്ഷണ പദ്ധതി ഏറ്റവും പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും അതിനു മുമ്പുതന്നെ, പ്രകൃതിശാസ്ത്രജ്ഞൻ, അധ്യാപകൻ, നയരൂപവത്കരണ വിദഗ്ധൻ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തിളങ്ങിനിന്നിരുന്നു. അതിനുമപ്പുറം, സാർവദേശീയമായ പ്രകൃതിശാസ്ത്ര വിജ്ഞാനീയത്തെയും ജൈവവൈവിധ്യ അറിവുകളെയും രാജ്യത്തിന്റെ സവിശേഷ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് പരിസ്ഥിതിവിജ്ഞാനീയത്തിന് പുതിയ ദിശാബോധം നൽകി എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. യു.എസിലെ ഹാർവാർഡിൽ വിഖ്യാതനായ എഡ്‍വാർഡ് വിൽസന്റെ കീഴിലായിരുന്നു ഗാഡ്ഗിലിന്റെ ഗവേഷണം. സോഷ്യോ ബയോളജി എന്ന ശാഖയുടെ പ്രണേതാക്കളിൽ ഒരാളാണ് വിൽസൺ. ജൈവവൈവിധ്യ പഠനത്തിൽ വലിയ സംഭാവനകളുള്ള വിൽസന്റെ കീഴിൽ തുടരാമായിരുന്നിട്ടും ഗാഡ്ഗിൽ ഇന്ത്യയിലേക്ക് മടങ്ങി, തന്റെ അന്വേഷണങ്ങളെയും അറിവുകളെയും സ്വരാജ്യത്തിനായി സമർപ്പിക്കുകയായിരുന്നു.

അങ്ങനെയാണ് നമുക്ക് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയ പ്രസ്ഥാനങ്ങൾ ഇന്നത്തെ രൂപത്തിൽ ലഭ്യമായത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഇവിടെ അധ്യാപനം തുടരവേയായിരുന്നു ഇതെല്ലാം. തീർന്നില്ല, രാജ്യത്തുടനീളം സഞ്ചരിച്ച് പ്രാദേശിക പരിസ്ഥിതി സംഘടനകളുമായി ചേർന്ന് ഓരോ ദേശത്തിനും അനുയോജ്യമായ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി അദ്ദേഹം കേരളത്തിലും വന്നു. സൈലന്റ് വാലി സമരകാലം മുതൽ അദ്ദേഹം ഇവിടെ ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ’90കളിൽ ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള ജൈവവൈവിധ്യ രജിസ്റ്റർ പരിഷത്ത് തയാറാക്കിയപ്പോൾ അതിന്റെ പിന്നണിയിലും ഗാഡ്ഗിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജൈവവൈവിധ്യ പഠനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അത് ജനകീയമായൊരു ശാസ്ത്രീയാന്വേഷണം കൂടിയായിരുന്നു എന്നതാണ്. പ്രകൃതിയെക്കുറിച്ച നാട്ടറിവുകളും ജനഭൂപടങ്ങളുംകൂടി പരിഗണിച്ചായിരുന്നു പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ട് ഉൾപ്പെടെ അദ്ദേഹം തയാറാക്കിയത്. അതുകൊണ്ടുതന്നെ, അത് പ്രായോഗികവുമായിരുന്നു; അദ്ദേഹം ആവിഷ്കരിച്ച നയങ്ങളിൽ പ്രകൃതിയും മനുഷ്യനും വികസനവും തമ്മിലുള്ള സന്തുലനവും പ്രകടമായിരുന്നു.

എന്നാൽ, ഗാഡ്ഗിലിന്റെ ആ പ്രായോഗിക പരിസ്ഥിതി ദർശനത്തെ നമ്മുടെ അധികാരികൾ വേണ്ടത്ര തിരിച്ചറിഞ്ഞുവോ എന്ന് സംശയമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച നിർദേശങ്ങളോടുള്ള അധികാരികളുടെ സമീപനം അക്ഷരാർഥത്തിൽതന്നെ ഗാഡ്ഗിലിനെ കുരിശിലേറ്റുന്നതായിരുന്നു. ഗാഡ്ഗിൽ നിർദേശങ്ങൾ, പശ്ചിമഘട്ട മേഖലയിൽ താമസിക്കുന്നവരെ കുടിയിറക്കാനുള്ള പദ്ധതിയാണെന്ന് തെറ്റിധരിപ്പിച്ച് ആ റിപ്പോർട്ട് തന്നെയും മുതലാളിത്ത വികസന പദ്ധതികളുടെ രാഷ്ട്രീയ സഖ്യം ചവറ്റുകൊട്ടയിലെറിഞ്ഞു. അതിന്റെ പ്രത്യാഘാതങ്ങളാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ നിമിഷത്തിൽ നാം ഉന്നയിക്കേണ്ട ചോദ്യം ഇതാണ്: ഇനിയെങ്കിലും നാം ഗാഡ്ഗിലിനെ കേൾക്കുമോ? ഈ ചോദ്യം പുതിയതല്ല. പത്ത് വർഷത്തിനിടെ, കേരളം നന്നേ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ഇതാവർത്തിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തെ ‘മനുഷ്യ നിർമിത പ്രകൃതി ദുരന്തം’ എന്ന് ഗാഡ്ഗിൽ വിശേഷിപ്പിച്ചപ്പോഴായിരുന്നു ആദ്യത്തേത്. 2024ൽ, വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾദുരന്തമുണ്ടായപ്പോഴും ‘ഗാഡ്ഗിലിനെ വിളിക്കൂ’ എന്ന് കേരളം അലമുറയിട്ടു.

ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നു മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വിസ്മരിച്ച് പുതിയ വികസന മുദ്രാവാക്യങ്ങൾ അവതരിപ്പിക്കപ്പെടുക കൂടി ചെയ്തപ്പോൾ സംഭവിച്ച പ്രകൃതിദുരന്തങ്ങളായിരുന്നു അവയെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഉരുൾ ദുരന്തമുണ്ടായപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞതിങ്ങനെ: ‘‘പരിസ്ഥിതിക്കുനേരേ കണ്ണടച്ച് വ്യവസായികളുടെ താൽപര്യങ്ങൾക്ക് സർക്കാറും ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു. ദുരന്തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് അവർക്ക് ഒഴിഞ്ഞുമാറാനാകില്ല. ഇപ്പോൾ ഈ പ്രദേശം വഴി തുരങ്കപാതയും നിർമിക്കുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ മറവിൽ ‘വ്യവസായി’യുടെ പദ്ധതികളും മുഖ്യമന്ത്രിയുടെ അറിവോടെ അവിടെ സംഭവിക്കുന്നു. സർക്കാർ തിരുത്തുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി കടന്നാക്രമണങ്ങൾക്കെതിരെ ജനകീയ മുന്നേറ്റമുണ്ടാകണം’’. ചോദ്യം ആവർത്തിക്കട്ടെ: ഇനിയെങ്കിലും നാം ഗാഡ്ഗിലിനെ കേൾക്കുമോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialmadhav gadgil
News Summary - Madhyamam Editorial: Remembering Dr. Madhav Gadgil
Next Story