Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വയോധികർ മാറിനിൽക്കട്ടെ
cancel

കണ്ണൂർ മണ്ഡലത്തിൽനിന്ന് താൻ നിയമസഭയിലേക്ക് മത്സരിക്കുമെന്നത് 110 ശതമാനം ഉറപ്പാണെന്ന് പ്രഖ്യാപിക്കുന്നു നാലുതവണ എം.എൽ.എയും ഒരുതവണ മന്ത്രിയും മൂന്നാം പക്കവും ലോക്സഭാംഗവുമായിരിക്കുന്ന കെ. സുധാകരൻ. പ്രഖ്യാപനത്തിൽ ക്ഷുഭിതനായ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടെന്നും അതൊക്കെ പാർട്ടി ഹൈകമാൻഡാണ് തീരുമാനിക്കുകയെന്നും പ്രതികരിച്ചിരിക്കുന്നു. ഏഴുതവണ എം.എൽ.എ ആയതോടൊപ്പം രണ്ടുതവണ മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ അനാരോഗ്യംകൂടി കണക്കിലെടുത്തും ഇത്തവണ മറ്റൊരാൾക്കു വേണ്ടി മാറിനിൽക്കണമെന്ന എൻ.സി.പി പ്രസിഡന്റിന്റെയും പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഭൂരിപക്ഷത്തിന്റെയും നിർദേശം മാനിക്കാതെ ഇത്തവണയും മത്സരിക്കുമെന്ന ശാഠ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

നാലുതവണ നിയമസഭാംഗവും ഒടുവിൽ മന്ത്രിയുമൊക്കെയായിരുന്ന തന്നെ പാർട്ടി തഴയുന്നതിൽ നിരാശനും രോഷാകുലനുമായ ജി. സുധാകരൻ എന്ന സി.പി.എം നേതാവ് പാർട്ടി അംഗത്വം പുതുക്കിയില്ലെന്ന് മാത്രമല്ല, വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും നൽകുന്ന വാർത്ത പുറത്തുവരുന്നു. പലതവണ നിയമസഭാംഗവും മന്ത്രിയുമായിരുന്ന മുസ്‍ലിംലീഗ് നേതാവ് എം.കെ. മുനീർ, ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഇനി മത്സരരംഗത്തിറങ്ങാതെ സംയമനം പാലിക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം പരസ്യമായി ആവശ്യപ്പെടുമ്പോഴും അദ്ദേഹം മനസ്സ് തുറക്കുന്നില്ല. നിർബന്ധത്തിന് വഴങ്ങി ഗത്യന്തരമില്ലാതെ പിന്മാറാമെന്ന് സമ്മതിക്കുന്ന ചിലരുടെ വാശി തന്റെ ഭാര്യയെയോ, മക്കളിലാരെയോ അനന്തരാവകാശിയായി രംഗത്തിറക്കണമെന്നതാണെന്ന് ഒട്ടേറെ സംഭവങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞതാണ്. ചിലരുടെ പേരെടുത്തുപറഞ്ഞതിന്റെ പൊരുൾ ഇവർ മാത്രമേ സ്ഥാനമാനങ്ങളോടുള്ള പ്രതിപത്തി തുറന്നുപ്രകടിപ്പിക്കുന്നവരായുള്ളൂ എന്നല്ല. അധികാരമോഹം മാത്രമാണ് എല്ലാവരെയും വീണ്ടും വീണ്ടും സ്ഥാനാർഥികളായി മത്സരിക്കാനും സാധ്യമെങ്കിൽ ജയിക്കാനും പ്രേരിപ്പിക്കുന്നത് എന്നുമല്ല. എഴുപത്തഞ്ച് സംവത്സരങ്ങൾ പിന്നിട്ട ഇന്ത്യൻ ജനാധിപത്യം ഇപ്പോഴും ആരോഗ്യകരമായ മത്സരത്തിന്റെയും പക്വതയുടെയും ഉദാത്തമാതൃക കാഴ്ചവെക്കാനാവാത്ത ദുഃസ്ഥിതിയുടെ മുഖ്യകാരണങ്ങളിലൊന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ്.

പതിനെട്ട് വയസ്സ് തികഞ്ഞ് വോട്ടവകാശമുള്ള കോടിക്കണക്കിന് യുവജനങ്ങളുടെ വൻനിര നാനാവിധ സിദ്ധികളുമായി കളംനിറഞ്ഞുനിൽക്കുമ്പോൾ അവർക്കുവേണ്ടി മാറിനിൽക്കാനുള്ള സന്മനസ്സ് എന്തുകൊണ്ട് നമ്മുടെ വന്ദ്യവയോധികർക്ക് ഇല്ലാതെപോവുന്നു എന്ന് ചിന്തിക്കാതിരിക്കാനാവില്ല. വിശിഷ്യാ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടം ഭരണതലത്തിൽ പുതിയ മസ്തിഷ്കങ്ങളുടെ പങ്കാളിത്തം തേടുന്ന സ്ഥിതിവിശേഷം തെളിഞ്ഞയാഥാർഥ്യമായി മുന്നിൽ നിൽക്കുമ്പോൾ. സ്ഥാനാർഥിനിർണയം നടക്കുമ്പോൾ ലിംഗഭേദമന്യേ യുവപ്രതിഭകളെ നിശ്ചയമായും പരിഗണിക്കുമെന്ന് ഏതാണ്ടെല്ലാ പാർട്ടികളുടെയും നേതാക്കൾ ഉറപ്പുനൽകാറുണ്ട്. യുവജന പ്രസ്ഥാനങ്ങൾ ഏറെ ശക്തമായി അതാവശ്യപ്പെടാറുമുണ്ട്. പക്ഷേ, കൂടിയാലോചനകൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമ്പോൾ പേരിന് അല്ലറചില്ലറ പരിഗണനകൾ നൽകുന്നതല്ലാതെ യുവത -വിശിഷ്യാ യുവതികൾ- കളത്തിന്റെ പുറത്ത് എന്നതാണ് ഗതകാലാനുഭവങ്ങൾ. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചരിത്രം സമൂല മാറ്റങ്ങളില്ലാതെ ആവർത്തിക്കുന്ന ലക്ഷണങ്ങളാണ് കാണാനാവുന്നത്. ഏത് മുന്നണിക്കും മുന്നോട്ടുവെക്കാനുള്ള ന്യായം ഒന്നുമാത്രം; വിജയസാധ്യത. രണ്ടുതവണയോ മൂന്നുതവണയോ ജയിച്ചവരെ മാറ്റിനിർത്തുമെന്ന് പ്രഖ്യാപിക്കുന്ന പാർട്ടികൾതന്നെ കാര്യത്തോടടുക്കുമ്പോൾ വിജയസാധ്യത പരിഗണിച്ച് വീണ്ടും പഴയമുഖങ്ങളെത്തന്നെ രംഗത്തിറക്കുന്നതാണ് അനുഭവം. ഈ രംഗത്ത് ഏറെ അവഗണിക്കപ്പെടുന്ന വിഭാഗം വനിതകളാണ്.

ഉന്നത വിദ്യാഭ്യാസ രംഗം മുതൽ ബഹിരാകാശ യജ്ഞങ്ങളിൽ വരെ പെൺപട അഭൂതപൂർവമായി മുന്നേറുമ്പോഴാണ് നയരൂപവത്കരണത്തിന് ചുമതലപ്പെട്ട പാർലമെന്റിലും നിയമസഭകളിലും അവരെ വിവേചനപൂർവം പടിക്കു പുറത്തുനിർത്തുന്നത്. കാലാവധി അവസാനിക്കാൻ പോവുന്ന കേരള നിയമസഭതന്നെ അതിന് മകുടോദാഹരണമാണ്. നിയമനിർമാണ സഭകളിൽ 33 ശതമാനം സ്ത്രീസംവരണം വ്യവസ്ഥചെയ്യുന്ന ബിൽ പാർലമെന്റ് പാസാക്കിയിട്ട് സംവത്സരങ്ങളായി. പ്രയോഗത്തിൽ അത് നടപ്പാക്കാത്തതിന് പാർട്ടികളുടെ ‘ആൺകോയ്മ’തന്നെ കാരണം. മൂന്നിലൊന്ന് ശതമാനം വനിതകൾക്ക് നീക്കിവെക്കുന്നില്ലെങ്കിൽ ചുരുങ്ങിയപക്ഷം പറഞ്ഞുനിൽക്കാവുന്നത്ര സീറ്റുകളിലെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലൂടെ കഴിവ് തെളിയിച്ച വനിതകളെ പരിഗണിക്കാനെന്താ തടസ്സം, ആരാ തടസ്സം? നമ്മുടെ ജനാധിപത്യം മതിയായ ആരോഗ്യം കൈവരിക്കണമെങ്കിലും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പുരോഗമനപരമായ രാഷ്ട്രനിർമാണ പ്രക്രിയ സക്രിയമാവണമെങ്കിലും ഇരുത്തംവന്ന വന്ദ്യവയോധികർ വഴിമാറിയേ മതിയാവൂ; അല്ലെങ്കിൽ അവരെ മാറ്റിനിർത്താൻ പാർട്ടികൾ നിശ്ചയദാർഢ്യം കാണിച്ചേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialkerala assembly electionMadhyamam Editorial Podcast
News Summary - Madhyamam Editorial Podcast: Let the elderly stay away
Next Story