നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞുകൊണ്ടേയിരിക്കുക
text_fieldsമത്സ്യത്തൊഴിലാളി മേഖല നേരിട്ട ഭയാനകമായ ദുരന്തമായിരുന്നു 2017 നവംബറിലെ ഓഖി. ദുരന്തം തകർത്തെറിഞ്ഞ നാലു പെൺമക്കളും വിധവയുമടങ്ങുന്ന കുടുംബത്തെക്കുറിച്ച് വായിച്ച് സങ്കടമടക്കാനാവാതെ മലയാളത്തിലെ ഏറ്റവും ശക്തയായ എഴുത്തുകാരി വിങ്ങിപ്പൊട്ടി. തനിക്ക് ലഭിച്ച അവാർഡ് തുക നൽകിക്കൊണ്ടാണ് ആ കുടുംബത്തെ അവർ ചേർത്തുപിടിച്ചത്. ഇന്ന് 98ാം പിറന്നാളിലെത്തി നിൽക്കുന്ന, നേരുകൾ ഉറക്കെപ്പറയാൻ ഒരിക്കലും ആരെയും ഭയന്നിട്ടില്ലാത്ത ഡോ.എം. ലീലാവതി എന്ന ലീലാവതി ടീച്ചറായിരുന്നു ആ എഴുത്തുകാരി.
കോവിലകത്തിരുന്ന് സദ്യയുണ്ണണമെങ്കിൽ ‘കുപ്പായമൂരണം’ എന്ന പുന്നത്തൂർ തമ്പുരാന്റെ കൽപ്പനയെ 16ാം വയസ്സിൽ ധിക്കരിച്ച് ഇറങ്ങിപ്പോരാൻ ധൈര്യപ്പെട്ട മുണ്ടനാട് നങ്ങയ്യമാണ്ടലിന്റെ മകൾ ജീവിതത്തിലും എഴുത്തിലും അമ്മയുടെ ധീരത മുറുകെപ്പിടിച്ചു. മറ്റൊരാൾക്കും അവകാശപ്പെടാനാവാത്ത ആർജവത്തോടെ സാംസ്കാരിക രംഗത്ത് ഇടപെട്ടു. സാഹിത്യ-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ എന്നും വെട്ടിത്തുറന്ന് പറഞ്ഞു. സമൂഹത്തിന്റെ നാനാകോണുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഭാഷയുടെ ശക്തി പകർന്നു നൽകി. അക്രമ രാഷ്ട്രീയത്തിനെതിരെയും വർഗീയ പദ്ധതികൾക്കെതിരെയും ശബ്ദമുയർത്തി, സഹജീവികൾക്കായി സഹാനുഭൂതിയോടെ നിലകൊണ്ടു.
കൗരവസഭയിൽ ദ്രൗപദി അപമാനിക്കപ്പെട്ടപ്പോൾ നിശ്ശബ്ദത പാലിച്ച അതേ സമൂഹമാണ് ഇന്നുമുള്ളതെന്ന് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളെച്ചൂണ്ടിപ്പറഞ്ഞ ടീച്ചർ ഗോമാതാക്കളെ സംരക്ഷിക്കാൻ ആവേശം കൊള്ളുന്ന ഭരണാധികാരികൾ രാജ്യത്തെ അമ്മമാരെ സംരക്ഷിക്കാൻ എന്തു പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് സധൈര്യം ചോദിച്ചു. സഹസ്രകോടികൾ ചിലവിട്ട് പ്രതിമകൾ സ്ഥാപിച്ചതുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറില്ലെന്ന് തറപ്പിച്ച് പറഞ്ഞു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെയും പെൺകുട്ടിയുടെ മുടിയിൽ ചവിട്ടി ‘നീതി പാലിക്കുന്ന’ കേരള പൊലീസ് നടപടിക്കെതിരെയും ശക്തമായി പ്രതികരിച്ചു. സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ, കുടിയിറക്കപ്പെട്ടവരുടെ, കർഷകരുടെ എന്നിങ്ങനെ അരികുവത്കരിക്കപ്പെട്ട സർവസമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വാദിച്ചു. സ്ത്രീകളെ അംഗീകരിക്കാനുള്ള Bill അല്ല, Will ആണ് രാഷ്ട്രീയ കക്ഷികൾക്കുണ്ടാവേണ്ടതെന്ന് തുറന്നടിച്ചു.
ചിരിക്കാൻ കഴിയുന്നതിനൊപ്പം അപരർക്കുവേണ്ടി കരയാനും സാധിക്കുന്നുവെന്നതാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്ന കഴിവെന്നും ചുണ്ടുകൾ ചലിപ്പിക്കാൻ സാധിക്കുന്നിടത്തോളം, നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞു കൊണ്ടേയിരിക്കണമെന്നുമുള്ള തന്റെ വിശ്വാസം എന്നും ഉയർത്തിപ്പിടിച്ച ടീച്ചർ പിറന്നാൾ വേളയിൽ നടത്തിയ നിലപാട് പ്രഖ്യാപനത്തിന്റെ പേരിൽ ഹീനമായ സൈബർ ആൺകൂട്ട ആക്രമണത്തിനിരയാവുന്നു. ‘ഭക്ഷണത്തിനായി പാത്രവും നീട്ടിനല്‍ക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്ന ഗദ്ഗദവുമായി ടീച്ചർ ഇക്കുറി പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചുവെന്ന വാർത്തക്ക് പിന്നാലെയാണ് വിദ്വേഷശക്തികൾ അധിക്ഷേപ വർഷവുമായിറങ്ങിയത്.
ഗസ്സയിൽ പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വയോധികരുടെയും ദൃശ്യങ്ങൾ ലോകമൊട്ടുക്കുമുള്ള മനഃസാക്ഷിയുള്ള ഓരോ മനുഷ്യനെയും കൊളുത്തിവലിക്കുന്നുണ്ട്. ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതികരിക്കുന്ന സർവകലാശാല വിദ്യാർഥികളും ആക്ടിവിസ്റ്റുകളുമെല്ലാം നേരിടേണ്ടിവരുന്ന പകപോക്കലിന്റെ മറ്റൊരധ്യായമാണ് എം. ലീലാവതിക്കെതിരെ നടക്കുന്നത്. നിയമവിരുദ്ധ ഉപരോധത്തെ വെല്ലുവിളിച്ച് ഗസ്സയിൽ സഹായമെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ഫ്രീഡം ഫ്ലോട്ടിലക്ക് നേരെ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തുമ്പോൾ അവരുടെ കൂലിപ്പട ടീച്ചറെപ്പോലുള്ള മനുഷ്യസ്നേഹികൾക്കെതിരെ സൈബർ ലിഞ്ചിങ് അഴിച്ചുവിടുന്നു. ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രകടനം നടത്തുന്നവരെയും, യുദ്ധത്തിന്റെ പങ്കുകാർക്കെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുന്നവരെയുമെല്ലാം തീവ്രവാദി മുദ്രചാർത്തി കേസിൽ കുടുക്കുന്നതും നാം കണ്ടുവരുന്നു. ഫാഷിസ്റ്റ് വർഗീയ ശക്തികളിൽനിന്ന് വെള്ളിക്കാശ് വാങ്ങി സ്വന്തം സമൂഹത്തെ ഒറ്റുകൊടുത്ത് കുരിശിലേറ്റാൻ നടക്കുന്ന തീവ്രവിദ്വേഷ സംഘങ്ങളുടെ അവഹേളനമൊന്നും ടീച്ചറെ ഉലക്കില്ലെന്നുറപ്പ്, എന്നിരിക്കിലും ഫാഷിസ്റ്റ് ഭരണകൂടത്തിനും വർഗീയ വിചാരധാരക്കും എതിരായ നിലപാടെടുക്കുന്നവരെ സൈബർ ലിഞ്ചിങ്ങിലൂടെ നേരിടുന്ന കുടിലതന്ത്രം കേരളത്തിൽ വകവെച്ചുകൊടുത്തുകൂടാ.
അതിശക്തരായ ഭരണാധികാരികൾക്കും വൻകിട കോർപറേറ്റുകൾക്കുമില്ലാത്ത അനന്യസാധാരണമായ ധീരതയും സഹജീവി സ്നേഹവും ഉയർത്തിപ്പിടിക്കുന്ന ടീച്ചറും ഗസ്സയിലെ കുഞ്ഞുങ്ങളുടെ രക്തം പുരണ്ട മിഠായി വേണ്ടെന്ന് പറയുന്ന കുഞ്ഞുങ്ങളും പുരസ്കാര വേദികളിൽനിന്ന് വംശഹത്യക്കെതിരെ ശബ്ദം മുഴക്കുന്ന കലാ-സാഹിത്യ-ചലച്ചിത്ര പ്രവർത്തകരുമെല്ലാം തീർക്കുന്ന ഐക്യദാർഢ്യത്തിന്റെയും മാനവികതയുടെയും പുതുമുന്നണി ഇസ്രായേലിനെയും അവരുടെ സഖ്യകക്ഷികളെയും അലോസരപ്പെടുത്തുന്നുവെന്നുറപ്പ്. നാം ജീവിക്കുന്ന കാലത്തെ നിർഭയയായ എഴുത്തുകാരിക്ക്, സാംസ്കാരിക നായികക്ക് ഈ പിറന്നാൾ ദിവസത്തിൽ അഭിവാദ്യങ്ങളറിയിക്കുന്നു. ടീച്ചർ ആഹ്വാനം ചെയ്തതുപോലെ ചുണ്ടുകൾ ചലിപ്പിക്കാൻ സാധിക്കുന്നിടത്തോളം, നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം നാം പറഞ്ഞുകൊണ്ടേയിരിക്കുക. അതുതന്നെയാവും ഡോ എം. ലീലാവതി അർഹിക്കുന്ന ഏറ്റവും ഉചിതമായ പിറന്നാൾ സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

