നിവർന്നുനിന്ന് ഒരു പ്രതിഷേധമെങ്കിലും...
text_fieldsഎങ്ങും ചെന്ന് ബോംബിടുന്ന ചരിത്രവും, എന്തും ചെയ്യും ആരുണ്ട് ചോദിക്കാൻ എന്ന അഹങ്കാരത്തിൽ ആഗോള സ്വേച്ഛാധിപതി ചമയുന്ന ഒരു ഭ്രാന്തൻ പ്രസിഡന്റുമുള്ള അമേരിക്കയെന്ന രാജ്യം വീണ്ടും അന്താരാഷ്ട്ര നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. മറ്റൊരു പരമാധികാര രാഷ്ട്രത്തിൽ സൈനിക അധിനിവേശം നടത്തുക മാത്രമല്ല അതിന്റെ പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി അമേരിക്കയിൽ വിചാരണത്തടവിലാക്കുകയും ചെയ്തിരിക്കുന്നു. വെനിസ്വേല എന്ന ലാറ്റിനമേരിക്കൻ രാജ്യവും അതിന്റെ ഭരണകർത്താവായ പ്രസിഡന്റ് നികളസ് മദൂറോയുമാണ് ഇക്കുറി അമേരിക്കയുടെ തെമ്മാടിത്തത്തിന് ഇരയായിരിക്കുന്നത്. വെനിസ്വേലക്കാർ അഭയം തേടി പലായനം തുടങ്ങിയിട്ടുണ്ട്. എണ്ണ സമ്പത്ത് ധാരാളമുള്ള വെനിസ്വേലയിലെ അമേരിക്കൻ ഇടപെടൽ ആ രാജ്യത്തിന്റെ സമ്പദ്ഘടനക്കും സമാധാനത്തിനും വൻ ഭീഷണിയായിട്ട് വർഷങ്ങളായി. അമേരിക്കൻ പക്ഷപാതിയായ പ്രതിപക്ഷ നേതാവ് മറിയ മച്ചാദോക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ സമ്മാനിച്ചത് വിവാദമായതും ഈ പശ്ചാത്തലത്തിലാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു സർക്കാറിനെ മറ്റൊരു രാജ്യത്തെ സൈന്യം ബലമായി പുറത്താക്കുന്നത് ആഗോള നിയമവാഴ്ചക്കേറ്റ പുതിയ പ്രഹരം തന്നെ. നിയമമല്ല, താൽപര്യങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നത് നഗ്നമായ അരാജകത്വത്തിന്റെ ലക്ഷണമാണല്ലോ. ഇത് തടയാനാകാത്തത് ലോകത്തിന്റെ പരാജയം മാത്രമല്ല, ആത്മഹത്യ തന്നെയാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യ 25 വർഷങ്ങളിൽ മാത്രം, ലാറ്റിനമേരിക്കയിൽ മാത്രം, ആറ് രാജ്യങ്ങളിലെങ്കിലും അന്യായ അമേരിക്കൻ ഇടപെടൽ നടന്നിട്ടുണ്ട്; വെനിസ്വേലയിലും നികരാഗ്വയിലും ഇത് തുടരുന്നുമുണ്ട്.
നിയമലംഘനം മാത്രമല്ല അമേരിക്കയുടെ കുറ്റം. മുമ്പ് പലപ്പോഴുമെന്ന പോലെ ഇപ്പോഴും ആ രാജ്യം സൈനികാക്രമണത്തിനും ഇടപെടലിനും പറയുന്ന ന്യായം പോലും കെട്ടിച്ചമച്ചതാണ്. രണ്ടരപ്പതിറ്റാണ്ടിനപ്പുറം ഇറാഖിനെ ആക്രമിക്കാൻ പറഞ്ഞ കാരണം, കൂട്ട നശീകരണായുധം അവർക്കുണ്ടെന്നായിരുന്നു: നൂറുശതമാനം കള്ളമെന്ന് അമേരിക്കക്കുതന്നെ പിന്നീട് സമ്മതിക്കേണ്ടിവന്നു. ഇറാനെതിരെ പറഞ്ഞുകൊണ്ടിരിക്കുന്നത് അവർക്ക് ആണവായുധം നിർമിക്കാൻ പദ്ധതിയുണ്ടെന്നാണ്. ആണവായുധം കൈവശം വെക്കുന്ന അമേരിക്കയാണ് ലോക ചരിത്രത്തിൽ ആ ആയുധം പ്രയോഗിച്ചത് -തീർത്തും അനാവശ്യമായി പ്രയോഗിച്ചത്. മറ്റ് രാജ്യങ്ങൾക്കെതിരെ ഇങ്ങനെ കള്ളന്യായമുയർത്തുന്നത് ഇതേ അമേരിക്കയാണ്. ജനാധിപത്യം കൈവരുത്താനെന്ന വാദമുന്നയിച്ചാണ് വേറെ ചിലേടത്ത് യാങ്കി സേന എത്തുന്നത്. ലിബിയയിലും മറ്റും ഇതായിരുന്നു വാദം. ഇറാനിൽ പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖിനെ അട്ടിമറിച്ച് യു.എസ് പാവയായ രിസാ ഷാ പഹ്ലവിയെ വീണ്ടും ആ ജനതക്കുമേൽ അടിച്ചേൽപിച്ച, ഫലസ്തീനിലെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഹമാസിനെ ഇസ്രായേലിനുവേണ്ടി ഭീകരമുദ്ര ചാർത്തി അടിച്ചൊതുക്കാൻ ശ്രമിച്ച അമേരിക്കയാണ് ജനാധിപത്യവേദം ഓതുന്നത്. അമേരിക്കൻ ജനാധിപത്യ തത്ത്വശാസ്ത്രത്തിൽ, ഒരു ജനതക്കും ഇടതുപക്ഷത്തെ വരിക്കാൻ അനുവാദമില്ല. ഗ്രനേഡയെയും വിയറ്റ്നാമിനെയുമൊക്കെ കടന്നാക്രമിക്കാൻ പറഞ്ഞ കാരണം, കമ്യൂണിസത്തിന്റെ വ്യാപനം തടയുക എന്നതായിരുന്നു. വെനിസ്വേലയെ ആക്രമിക്കാൻ മാറി മാറി കാരണങ്ങൾ പറയാറുണ്ട്. നാർകോട്ടിക് ഭീകരതയാണത്രെ വെനിസ്വേലയുടെ ഒരു കുറ്റം. മദൂറോ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടത്രെ. അമേരിക്കക്ക് വഴങ്ങാത്ത രാജ്യങ്ങളെ എന്തെങ്കിലും ന്യായം പറഞ്ഞ് ആക്രമിക്കുകയാണ് അമേരിക്കയുടെ ശൈലി. രണ്ട് ആധിപത്യ ചേരികൾ ലോകത്തിന്റെ ശാന്തി കെടുത്തിക്കൊണ്ടിരുന്ന ഒരു കാലത്ത്, ജനതകളുടെ ക്ഷേമത്തിനും ലോകസമാധാനത്തിനുമപ്പുറം മറ്റ് താൽപര്യങ്ങളില്ലാതെ ഇന്ത്യ ഒരു ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തിരുന്നു. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിൽ നമ്മുടെ ആദർശം മുഴങ്ങിയിരുന്നു. അത് യു.എന്നിന്റെയും അംഗരാജ്യങ്ങളുടെയും തീരുമാനങ്ങളെ നിർണയിച്ചിരുന്നു. എന്നാൽ, ഇന്ന് അമേരിക്കക്ക് മുമ്പിൽ വിനീതവിധേയരായി നിന്ന് നാം ആ സ്വാധീനം കളഞ്ഞുകുളിച്ചിരിക്കുന്നു. ‘‘വെനിസ്വേലയിലെ ഈയിടത്തെ സംഭവവികാസങ്ങൾ ആശങ്കയുണ്ടാക്കുന്നു’’ എന്ന ഒഴുക്കൻ മട്ടിൽ അയഞ്ഞ പ്രതികരണം നടത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഒരു പരമാധികാര രാജ്യത്തെയാണ് ട്രംപിന്റെ അമേരിക്ക സൈനികമായി അട്ടിമറിച്ചതെന്നതുപോലും മറന്നു. ഇന്ത്യക്കെതിരായ ട്രംപിന്റെ തീരുവ യുദ്ധവും വ്യാജ അവകാശവാദങ്ങളും മറന്നത് പോകട്ടെ, കൊളോണിയൽ ഭരണത്തിന്റെ കെടുതികൾ അനുഭവിച്ച ഇന്ത്യയുടെ നീണ്ട ചരിത്രവും സർക്കാർ മറന്നു. തോന്നുന്നത് ചെയ്യുന്ന ട്രംപ് ഇനി ഗ്രീൻലൻഡിനെയോ കാനഡയെയോ ഇറാനെയോ ഒക്കെ അധിനിവേശിക്കാൻ മടിക്കില്ല. ഇരകളുടെ ആ നീണ്ട പട്ടികയിൽ ഇന്ത്യക്കുകൂടി സ്ഥാനം ഉറപ്പുവരുത്തുന്നതിന് നാം തന്നെ ഒത്താശ ചെയ്യേണ്ടതില്ലായിരുന്നു. ചിലപ്പോഴെങ്കിലും നിവർന്നുനിന്ന് കാര്യം പറയേണ്ടിവരും: ‘‘ആശങ്കയുണ്ടാക്കുന്ന സംഭവവികാസങ്ങളെ’’ന്ന് നാം മയപ്പെടുത്തുമ്പോൾ ട്രംപ് ചിരിക്കുന്നുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

