Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഖാംനഈ വധവും...

ഖാംനഈ വധവും ​ട്രംപിന്റെ പുതിയ പ്രമാണവും

text_fields
bookmark_border
ഖാംനഈ വധവും ​ട്രംപിന്റെ പുതിയ പ്രമാണവും
cancel

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ​യുടെ രാഷ്ട്രീയ കൊലപാതകം ആഗോള രാഷ്ട്രീയത്തിലും രാഷ്ട്രതന്ത്ര മേഖലയിലും പുതിയ ആശങ്കകളുയർത്തിയിരിക്കുന്നു. ഡോളർ അധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ തിണ്ണബലത്തിൽ ഡോണൾഡ് ട്രംപിനെപ്പോ​ലൊരു ഉന്മാദിയായ ഭരണാധികാരിയു​ടെ ​നേതൃത്വത്തിൽ അമേരിക്ക എന്തിനും തുനിഞ്ഞിറങ്ങിയാൽ ലോകത്തിന്റെ ഭാവി തന്നെ എന്തായിത്തീരും എന്ന ചോദ്യം ഖാംനഈ വധത്തിനു പിന്നാലെ ആഗോളതലത്തിൽ ആധി പടർത്തിയിട്ടുണ്ട്. സി.എൻ.എൻ അടക്കമുള്ള അമേരിക്കൻ മുഖ്യധാര മാധ്യമങ്ങൾ ഈ ഗുരുതര സ്ഥിതിവിശേഷത്തിന്റെ പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് വിരൽ ചൂണ്ടിക്കഴിഞ്ഞു. അമേരിക്കയുടെയും തന്റെ തന്നെയും നിലനിൽപിനു ഭീഷണിയാണെന്നുപറഞ്ഞ് എണ്ണസമ്പത്ത് അടക്കമുള്ള വിഭവസമ്പന്ന രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി അധീനപ്പെടുത്തുന്ന ട്രംപിസം ഏതറ്റം വ​രെ പോകും എന്നതിനാണ് പുതുവർഷത്തി​ലെ ആദ്യ രണ്ടു മാസങ്ങളിൽ ലോകം സാക്ഷ്യം വഹിച്ചത്. ലാറ്റിനമേരിക്കയിലെ എണ്ണ സമ്പന്നമായ വെനിസ്വേലയിൽ ഭരണാധികാരി നികളസ് മദൂറോയെ രായ്ക്കുരാമാനം പൊക്കിയെടുത്തു അമേരിക്കയിലെത്തിച്ച് തൽസ്ഥാനത്ത് പാവ ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയായിരുന്നു ആദ്യം. ഇപ്പോൾ ഇറാനിൽ ഭരണകൂടത്തിന്റെ സുപ്രീം ലീഡർ ഖാംനഈയെ ഇസ്രായേലുമായി ചേർന്ന് വ്യോമാക്രമണത്തിൽ കൊല ചെയ്തിരിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുക അമേരിക്കയുടെ ശീലമാണ്. രാജ്യത്ത് പ്രതിപക്ഷ/വിമത കലാപങ്ങളുണ്ടാക്കി ഭരണം മാറ്റുക, സൈന്യത്തിൽ കടന്നുകയറി പട്ടാള അട്ടിമറി നടത്തുക, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച് ചൊൽപടിക്കാരെ വെച്ച് തലമാറ്റമുണ്ടാക്കുക-ഇതൊക്കെ യാങ്കി ഭരണകൂടത്തിന്റെ വഴികളാണ്. ഇറാനിൽ തന്നെ 1953ൽ പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖിനെ മറിച്ചിട്ടതും 1963ൽ വിയറ്റ്നാമിൽ പ്രസിഡന്റായിരുന്ന നോ ദിൻ സിയെമി​നെ സൈന്യത്തിന്റെ കൈകളാൽ വധിച്ചതും 1973ൽ ചിലിയിൽ സാൽവദോർ അലൻഡെയെ അട്ടിമറിച്ചതുമൊക്കെ അതിന്റെ ഭാഗമായിരുന്നു. എന്നാൽ, മറ്റൊരു രാജ്യത്തു നേരിട്ടുചെന്ന് ഭരണാധികാരിയെ തട്ടിക്കൊണ്ടുപോകുന്നതും ആക്രമിച്ചു വധിച്ചുകളയുന്നതും ആധുനിക ചരിത്രത്തിൽ ആദ്യാനുഭവമാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2003ൽ ഇറാഖ് അധിനിവേശത്തെ തുടർന്ന് സദ്ദാം ഹുസൈനെ പിടികൂടി തദ്ദേശീയരുടെ കംഗാരുകോടതിയുണ്ടാക്കി വിചാരണാ പ്രഹസനത്തിനു വിധേയനാക്കി തൂക്കിലേറ്റുകയായിരുന്നു. ലിബിയയിൽ നാറ്റോ പിന്തുണയോടെയുള്ള വിമതരുടെ സൈനിക നീക്കത്തിൽ കൊലക്കിരയാവുകയായിരുന്നു മുഅമ്മർ ഖദ്ദാഫി.

2001 സെപ്റ്റംബർ 11 ഭീകരാക്രമണ ശേഷം ഇത്തരം രഹസ്യ ഓപറേഷനുകളൊക്കെ മാറ്റി, ഏതു രാജ്യത്തു കടന്നുചെന്നും, തങ്ങൾ ഭീഷണിയും ഭീകരരുമായി പ്രഖ്യാപിച്ച ആരെയും ഉന്മൂലനം ചെയ്യാനുള്ള അധികാരം അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന് നൽകി. തദടിസ്ഥാനത്തിലായിരുന്നു 2011 മേയിൽ പാകിസ്താനിലെ അ​ബട്ടാബാദിൽ അൽ ഖാഇദ നേതാവ് ഉസാമ ബിൻ ലാദിനെയും 2020 ജനുവരി മൂന്നിന് ഇറാനിലെ സൈനിക മേധാവി ഖാസിം സുലൈമാനിയെയും അമേരിക്ക വധിച്ചത്. ഈ പതിവുരീതി​കളൊക്കെ മറികടന്നുള്ള ട്രംപിസത്തിന്റെ വിളയാട്ടമാണ് ഒരു വ്യാപകയുദ്ധത്തിലേക്കുതന്നെ വികസിച്ചേക്കാമെന്നു ലോകം ഭയക്കുന്ന നിലവിലെ സ്ഥിതിവിശേഷത്തിനിടയാക്കിയിരിക്കുന്നത്.

ശീതയുദ്ധാനന്തരം വിവിധ കാലയളവുകളിൽ ജെറാൾഡ് ഫോർഡ്, ജിമ്മി കാർട്ടർ, റൊണാൾഡ് റീഗൻ എന്നീ മൂന്ന് യു.എസ് പ്രസിഡന്റുമാർ ഒപ്പിട്ട എക്സിക്യൂട്ടിവ് ഓർഡറുകൾ അനുസരിച്ച് രാഷ്​ട്രീയ കൊലപാതകങ്ങളിൽ അമേരിക്ക പങ്കുകൊള്ളുന്നത് വിലക്കിയിട്ടുണ്ട്. ​റീഗൻ രേഖ ഇപ്പോഴും പ്രാബല്യത്തിലുമുണ്ട്. അതെല്ലാം വലിച്ചെറിഞ്ഞാണ് ന്യൂക്ലിയർ താൽപര്യങ്ങളും മിസൈൽ ശേഷിയുമൊക്കെ ചൂണ്ടി തെഹ്റാൻ ഭീഷണിയാണെന്നു വരുത്തിത്തീർത്ത് ട്രംപ് ഇറാനെതിരെ ഇറങ്ങിത്തിരിച്ചത്. കീഴ്വഴക്കങ്ങളെയെല്ലാം ചുരുട്ടിക്കെട്ടി അമേരിക്കൻ കോൺഗ്രസിനെ, ജനപ്രതിനിധിസഭയെ ഗൗനിക്കാതെ തന്റെ പാട്ടിനു അമേരിക്കയെ നയിക്കാൻ പ്രോജക്ട് 2025 എന്ന പുതിയ സ്വേച്ഛാധിപത്യ പ്രമാണമാണ് ട്രംപ് അവലംബിക്കുന്നത്.

ഭാവി റിപ്പബ്ലിക്കൻ ഭരണകൂടത്തിനുവേണ്ടി, തീവ്രവലതു യാഥാസ്ഥിതിക തിങ്ക് ടാങ്കായ ദ ഹെറിറ്റേജ് ഫൗണ്ടേഷൻ രൂപകൽപന ചെയ്ത ബ്ലൂപ്രിന്റാണ് ‘പ്രസിഡൻഷ്യൽ ട്രാൻസിഷൻ ​പ്രോജക്ട്’ എന്നറിയപ്പെടുന്ന ‘പ്രോജക്ട്-2025’. അമ്പതിലേറെ വലതുവാദി എഴുത്തുകാരും ബുദ്ധിജീവികളും ‘അടുത്ത കൺസർവേറ്റിവ് പ്രസിഡന്റിനുവേണ്ടി എന്നു പറഞ്ഞ് 2023ൽ രൂപകൽപന ചെയ്ത ഈ പദ്ധതിരേഖ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് പ്രസിദ്ധീകരിച്ചത്. യു.എസ് കോൺഗ്രസിനെ അപ്രസക്തമാക്കി പ്രസിഡന്റിലേക്ക് മുഴുവൻ അധികാരങ്ങളും നിക്ഷിപ്തമാക്കുന്ന ഈ പ്രമാണമാണ് രണ്ടാമൂഴത്തിൽ ട്രംപിന്റെ ആധാരം. കുടിയേറ്റ നിയമത്തിൽ കൈവെച്ച് ആഭ്യന്തര നിയന്ത്രണത്തിൽ തുടങ്ങിയ ട്രംപ് ഏകപക്ഷീയമായ തീരുവയുദ്ധത്തിലൂടെ ​ലോകരാഷ്ട്രങ്ങളെ ചൊൽപടിയിൽ നിർത്താനും അവരു​ടെ വിഭവസമൃദ്ധി കൊള്ളയടിക്കാനുമുള്ള പരിപാടികൾ ആവിഷ്‍കരിച്ചുവരുന്നത് വംശീയ, ദേശീയ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത, ശാസ്ത്രീയ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നടപടിക്രമങ്ങളെയും റദ്ദുചെയ്യുന്ന പ്രോജക്ട് 2025ന്റെ ചുവടുപിടിച്ചാണ്. വെനിസ്വേല, ഇറാൻ, ചൈന, റഷ്യ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ ആ രേഖ കണ്ണുവെച്ചിട്ടുണ്ട്. അതിൽ ആദ്യ രണ്ടു രാജ്യങ്ങളെയും വെടക്കാക്കി തനിക്കാക്കിയും മറ്റു മൂന്നിടങ്ങളെ സമ്മർദത്തിൽ പിടിച്ചുമുള്ള ബലതന്ത്രത്തിനാണ് ട്രംപ് മുതിരുന്നത്. അതുകൊണ്ടു തന്നെയാണ് ഖാംനഈ വധം ​ലോകരാഷ്ട്രങ്ങൾ ആശങ്കയോടെ ​നോക്കിക്കാണുന്നതും. അന്യരാഷ്ട്രങ്ങളിലെ തലകൊണ്ടു കളിക്കുന്നത് നന്നാവി​ല്ലെന്നും അമേരിക്കക്കാർ ഒന്നടങ്കം ഉന്നമായി മാറുന്നതാവും അനന്തരഫലമെന്നും മുൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡി മുന്നറിയിപ്പു നൽകിയതാണ്. എന്നാൽ, അധികാരദുര മൂത്ത് ലോകദഹനത്തിനു ഇറങ്ങിത്തിരിച്ച ട്രംപിനെ ഇത് ആരു ബോധ്യപ്പെടുത്തും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialMadhyamamUSA
News Summary - Madhyamam editorial on US Invasions
Next Story