Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഏക സിവിൽകോഡ് ചർച്ചകൾ...

ഏക സിവിൽകോഡ് ചർച്ചകൾ വീണ്ടും

text_fields
bookmark_border
ഏക സിവിൽകോഡ് ചർച്ചകൾ വീണ്ടും
cancel

ഏകസിവിൽകോഡ് വിഷയം ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിർത്തുകയാണ് സംഘ്പരിവാറും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാറും. പ്രായോഗിക വിഷമതകളും മറ്റും ബോധ്യപ്പെടുമ്പോഴും ഈയാവശ്യം കൈവിടാതെ നോക്കണമെന്ന കാര്യത്തിൽ വാശിയിൽ തന്നെയാണവർ. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ ഏകീകൃത വ്യക്തിനിയമത്തിനുള്ള നിയമനിർമാണം പാർലമെന്റിൽ കൊണ്ടുവരാൻ സർക്കാറിനോട് ആവശ്യപ്പെടണമെന്നായിരുന്നു. വിവിധ സമുദായങ്ങളുടെ വ്യത്യസ്ത വ്യക്തിനിയമമനുസരിച്ച് വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, രക്ഷാകർതൃത്വം തുടങ്ങിയ കാര്യങ്ങളിൽ പലതരം നിയമങ്ങളാണെന്നും അവ ഏകീകരിക്കണമെന്നുമായിരുന്നു ആവശ്യം. ഉദാഹരണമായി, ചികിത്സിച്ച് ഭേദമാക്കാനാകാത്ത കുഷ്ഠരോഗം ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വിവാഹമോചന കാരണമാകാമെങ്കിൽ, ക്രൈസ്തവർക്കും പാഴ്സികൾക്കും അതല്ല. ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ഹിന്ദു നിയമത്തിൽ മാത്രമെ അനന്തരാവകാശമുള്ളൂ; ക്രൈസ്തവർക്കും പാഴ്സികൾക്കും മുസ്ലിംകൾക്കും അതില്ല എന്നിങ്ങനെ പലതും എടുത്തുപറഞ്ഞിരുന്നു. ഉപാധ്യായക്കൊപ്പം വേറെയും ചിലർ ഇതേ ആവശ്യം ഉന്നയിക്കുന്ന ഹരജികൾ സമർപ്പിച്ചിരുന്നു. അവ പരിഗണിച്ച ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഉൾപ്പെട്ട ബെഞ്ച് സമഗ്രമായ ഒരു അഭിപ്രായസമാഹരണത്തിനായി കേന്ദ്രസർക്കാറിന്റെ വീക്ഷണം തേടിയിരിക്കുകയാണ്. മുസ്ലിം വ്യക്തിനിയമബോർഡും കക്ഷിചേർന്ന് തങ്ങൾക്ക് പറയാനുള്ളതുകൂടി കേൾക്കണമെന്ന് അപേക്ഷിച്ചിരിക്കുന്നു.

ഇത്തരം നിയമം നിർമിക്കണമെന്നാവശ്യപ്പെടാൻ കോടതിക്ക് അവകാശമില്ലെന്നും അത് പാർലമെന്റിന്റെ മാത്രം അവകാശമാണെന്നും കഴിഞ്ഞ ദിവസം കേന്ദ്ര നിയമവകുപ്പ് മറുപടി നൽകിയിരുന്നു. എന്നാൽ അതോടൊപ്പം വ്യത്യസ്ത മത-പ്രാദേശിക സമുദായങ്ങൾ വ്യത്യസ്ത സ്വത്ത്-വിവാഹ നിയമങ്ങൾ പിന്തുടരുന്നത് രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യം 21ാം നിയമകമീഷൻ മുമ്പാകെ വന്നിരുന്നെങ്കിലും ചർച്ചകൾ പൂർണമാകുന്നതിനു മുമ്പ് 2018ൽ കമീഷന്റെ കാലാവധി കഴിഞ്ഞു. 22 ാം കമീഷന്റെ റിപ്പോർട്ട് കിട്ടിയാൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി കൂടിയാലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളുമെന്നും സർക്കാർ ബോധിപ്പിച്ചു. 22 ാം കമീഷൻ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അതിന്റെ അധ്യക്ഷപദവി തന്നെ ഒഴിഞ്ഞുകിടക്കുകയാണ്.

2019 ഫെബ്രുവരിയിൽ നിയമ കമീഷൻ അധ്യക്ഷൻ ബി.എസ്. ചൗഹാൻ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രതിനിധികളോട് ഒരു ചർച്ചയിൽ പറഞ്ഞത് ഏക സിവിൽകോഡിന് സമയമായിട്ടില്ലെന്നും ചുരുങ്ങിയത് പത്തു വർഷമെങ്കിലും എടുക്കുമെന്നും അതിനിടയിൽ വ്യക്തി നിയമങ്ങൾ വെവ്വേറെ പരിഷ്കരിക്കുന്ന കാര്യം ചിന്തിക്കാമെന്നുമാണ്. 2019 നവംബറിൽ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ ഉൾപ്പെട്ട ബെഞ്ച് ഏക സിവിൽകോഡിന് നിർദേശം നൽകേണ്ടത് പാർലമെന്റാണെന്നു പറഞ്ഞ് വിഷയം തീർപ്പാക്കി- മുസ്ലിം വ്യക്തി നിയമബോർഡിനെ കക്ഷിചേരാൻ അനുവദിക്കുകയോ കേന്ദ്രത്തിനു നോട്ടീസ് അയക്കുകയോ പോലും ചെയ്യാതെ. 2020 ഡിസംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഇതേ അശ്വിനികുമാർ നൽകിയ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും വ്യക്തിനിയമങ്ങളിൽ കടന്നുകയറുന്ന ദിശയിൽ സുപ്രീംകോടതിയെ കൊണ്ടുപോകാനാണ് ഹരജിക്കാരൻ ശ്രമിക്കുന്നതെന്നും അങ്ങേയറ്റത്തെ കരുതലോടെയാണ് നോട്ടീസ് അയക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. 2020 സെപ്റ്റംബറിൽ നിയമമന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത് സർക്കാർ അതിന് പ്രതിജ്ഞാബദ്ധമാണെങ്കിലും അതുസംബന്ധിച്ച് വിശദമായ ചർച്ച വേണമെന്നായിരുന്നു. എന്നാൽ 2021 ജൂലൈയിൽ ഒരു ഹരജിയെത്തുടർന്ന് കേന്ദ്രത്തോട് ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്‍റെ സിംഗിൾ ബെഞ്ച് നിർദേശിക്കുകയുണ്ടായി.

മൊത്തത്തിൽ കോടതികളും സർക്കാറും നിയമകമീഷനും നടത്തുന്ന ഭിന്നപ്രതികരണങ്ങളിലൂടെ അനിശ്ചിതത്വവും അവ്യക്തതയും വർധിക്കുകയാണ്. രണ്ടാം മോദി സർക്കാറിന് തങ്ങളുടെ ഹിന്ദുത്വ അജണ്ടയിലെ പ്രധാന ഇനങ്ങളായ അയോധ്യ ക്ഷേത്രനിർമാണം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യൽ എന്നിവയോടൊപ്പം ഏകീകൃത വ്യക്തി നിയമവും മുഖ്യവിഷയമാണ്. മുസ്ലിംകൾ തനിമയുടെയും മതകീയ സ്വത്വത്തിന്‍റെയും കുടുംബസംസ്കാരത്തിന്റെയും ചിഹ്നവും അവലംബവുമായി കാണുന്ന വ്യക്തിനിയമം റദ്ദ് ചെയ്യുക വഴി സ്വത്വനിഷേധത്തിനുള്ള സാധ്യതകളും സംഘ്പരിവാർ ലക്ഷ്യമിടുന്നു. എന്നാൽ മുസ്ലിം വ്യക്തിനിയമത്തെ മാത്രമല്ല, പല ഗോത്ര സമുദായ നിയമങ്ങളെയും ഏകീകൃത വ്യക്തിനിയമം ഗുരുതരമായി ബാധിക്കും. അസമിലെ ഒരു ബി.ജെ.പി നേതാവ് തന്നെ സംസ്ഥാനത്തെ ഗോത്രങ്ങളുടെ സവിശേഷ വ്യക്തിനിയമങ്ങളെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല എന്നഭിപ്രായപ്പെട്ടത് ഒരു ഉദാഹരണം മാത്രം. വേറെയും സമുദായങ്ങളുണ്ട് കൂട്ടത്തിൽ. അതെന്തായാലും ഇടക്കിടെ ഏക സിവിൽകോഡ് എന്ന ഒരു മുദ്രാവാക്യം എടുത്തിടുന്നതിലൂടെ അധിക്ഷേപത്തിന്‍റെ മുന മുസ്ലിംകൾക്കു നേരെ തന്നെ നിർത്തിയുള്ള ഹിന്ദുത്വശീലം പുനരാലോചനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialuniform civil code
News Summary - Madhyamam editorial on uniform civil code
Next Story