യുക്രെയ്ൻ യുദ്ധത്തിന് ഒരു വർഷം തികയുമ്പോൾ
text_fieldsറഷ്യയുടെ യുക്രെയ്ൻ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം തികയുകയാണ് ഇന്ന്. വലുപ്പത്തിലും ശക്തിയിലും വൻരാഷ്ട്രമായ റഷ്യ, ചെറുരാജ്യമായ യുക്രെയ്നിനെ ആക്രമിച്ച കേവല മേഖല സംഭവത്തിൽ അത് ഒതുങ്ങിയില്ല. ഈ യുദ്ധം അപ്രതീക്ഷിതമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. അനേകായിരങ്ങൾ മരിക്കുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിലുമിരട്ടിപ്പേർ ഭവനരഹിതരും രോഗികളുമായി. ആഗോള സമ്പദ്‌വ്യവസ്ഥതന്നെ യുദ്ധത്തിന്റെ ആഘാതങ്ങൾ പേറുകയാണ്.
റഷ്യക്കുമേൽ നടപ്പാക്കിയ സാമ്പത്തിക ഉപരോധം കാരണം അന്താരാഷ്ട്ര എണ്ണ-പ്രകൃതിവാതക വിലയിലുണ്ടായ വർധനയും ലഭ്യതക്കുറവും ഒരു വശത്ത്. അവയുടെ ഏറ്റവും വലിയ ഉൽപാദകരായ റഷ്യയുടെ മേൽ ഇ.യു രാഷ്ട്രങ്ങളുടെ ഘട്ടം ഘട്ടമായ നിയന്ത്രണങ്ങൾക്ക് പ്രതികാരമായി വിൽപനയിൽതന്നെ നിയന്ത്രണങ്ങൾ വരുത്തി റഷ്യ മറുവശത്ത്. തദ്‌ഫലമായുണ്ടായ വ്യാപാര-വ്യവസായ മാന്ദ്യം മിക്ക രാജ്യങ്ങളെയും ബാധിച്ചിരിക്കുന്നു. ഇതിനു പുറമെ രണ്ടു രാജ്യങ്ങളും വൻ ഭക്ഷ്യോൽപാദക രാഷ്ട്രങ്ങളായതുകൊണ്ട് ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം വേറെയും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍റെ സ്വന്തം തീരുമാനമാണ് യുക്രെയ്ൻ ആക്രമണം. യുദ്ധത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ ശീതയുദ്ധകാലത്തെ ഓർമിപ്പിക്കുന്നതാണ്. ആഴ്ചകളായി ഒരുക്കിനിർത്തിയ രണ്ടു ലക്ഷത്തോളം റഷ്യൻ പട്ടാളത്തിന്റെ ഒരു ഭീമഭാഗത്തെ 2022 ഫെബ്രുവരി 24ന് പുലർച്ചെ യുക്രെയ്‌നിലേക്ക് അയക്കുമ്പോൾ ഉന്നയിച്ച ന്യായമെന്തെന്നോ?
യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ റഷ്യൻ ഭാഷ സംസാരിക്കുന്ന തദ്ദേശീയരെ 2014 മുതൽ യുക്രെയ്ൻ വംശനശീകരണം നടത്തുകയാണെന്നും അതിൽനിന്ന് അവരെ മോചിപ്പിക്കാനാണ് യുദ്ധമെന്നും. രണ്ടാമതായി, യുക്രെയ്‌നിനു നാറ്റോ അംഗത്വം നൽകില്ലെന്ന ഉറപ്പുകിട്ടണമെന്നും അമേരിക്കൻ-നാറ്റോ സഖ്യം തങ്ങളുടെ അയൽപക്കത്ത് നിലയുറപ്പിക്കുന്നത് ഒരുവിധത്തിലും പൊറുപ്പിക്കാൻ കഴിയില്ലെന്നും. ആദ്യത്തേതിൽ വലിയ ന്യായമില്ലെന്നും രണ്ടാമത്തേതിൽ നാറ്റോ അംഗത്വം തങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും പാശ്ചാത്യശക്തികൾ പറഞ്ഞു നോക്കിയെങ്കിലും പുടിൻ തൃപ്തനായിരുന്നില്ല. അങ്ങനെ ഇറക്കിയ സൈന്യം ക്രമേണ വർധിപ്പിച്ച് ഇപ്പോഴത് അഞ്ചു ലക്ഷമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
രണ്ടും കൽപിച്ച ആക്രമണത്തിനാണ് ഇത്രവലിയ സൈന്യത്തെ റഷ്യ ഒരുക്കിയതെന്നു കരുതപ്പെടുന്നു. ആദ്യഘട്ടത്തിലുണ്ടായ റഷ്യൻ നേട്ടങ്ങൾക്കിടയിൽ കൈവിട്ടുപോയ കുറെ മേഖലകൾ, തലസ്ഥാനമായ കിയവ് അടക്കം, യുക്രെയ്ൻ തിരിച്ചുപിടിച്ചു. പക്ഷേ, കുറെ യുക്രെയ്ൻ ഭൂപ്രദേശങ്ങൾ ഇപ്പോഴും റഷ്യയുടെ കൈകളിലാണ്-ഏതാണ്ട് 20 ശതമാനം വരുമിതെന്നാണ് അനുമാനം. റഷ്യക്ക് പ്രതീക്ഷിച്ച ഒരു വാക്കോവർ വിജയം ഉണ്ടായില്ലെന്നു മാത്രമല്ല, യുക്രെയ്നിന്റെ ഭാഗത്തുനിന്നുള്ള കനത്ത തിരിച്ചടികൾ നേരിടേണ്ടിയുംവന്നു. യുക്രെയ്നിനാവട്ടെ, ജനജീവിതത്തെ ഗണ്യമായി ബാധിക്കുംവിധം കെട്ടിട നാശം, വെള്ളം, വൈദ്യുതി പ്രശ്നങ്ങൾ എന്നിവയും അനുഭവിക്കേണ്ടിവരുന്നു. ഇ.യു രാജ്യങ്ങളും ബ്രിട്ടൻ, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ സഖ്യശക്തികളും നൽകുന്ന സാമ്പത്തിക-സൈനിക പിന്തുണകൊണ്ട് പ്രതിരോധം തീർക്കുകയാണ് യുക്രെയ്ൻ. ഏറ്റവും അവസാനമായി ഒരുനിലക്കും യുക്രെയ്നിനെ കൈവെടിയില്ല എന്ന സന്ദേശമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച കിയവിലേക്കു വിമാനം-തീവണ്ടി-റോഡ് മാർഗം നടത്തിയ രഹസ്യ മിന്നൽ സന്ദർശനവും സൂചിപ്പിക്കുന്നത്. അതിനു തൊട്ടടുത്ത ദിവസംതന്നെ റഷ്യൻ പ്രസിഡന്റ് പ്രതിവചിച്ചത് തങ്ങൾ ഒരു നീണ്ട യുദ്ധത്തിന് തയാറെടുത്തുനിൽക്കുകയാണെന്നാണ്. അഥവ പ്രത്യക്ഷഘടകങ്ങൾ വെച്ചാൽ സംഘർഷം തുടരാൻ മാത്രമേ സാധ്യത കാണുന്നുള്ളൂ.
ഈ യുദ്ധത്തിന്റെ ഏറ്റവും ദുഃഖകരമായ വശം പതിവിൽനിന്ന് ഭിന്നമായി സമാധാന സംഭാഷണങ്ങൾ എന്നു പറയാവുന്ന ഒരു ഉദ്യമവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ്. കഴിഞ്ഞ ഏപ്രിലിൽ രണ്ടു കക്ഷികളോടും യുദ്ധം നിർത്താൻ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനംചെയ്യുകയും തുടർന്ന് യുക്രെയ്നിലെ യുദ്ധബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. അന്തർദേശീയ ക്രിമിനൽ കോടതി സ്വീകരിച്ച വിചാരണ നടപടിയോട് റഷ്യ സഹകരിക്കണമെന്ന് ആഹ്വാനംചെയ്യുകയും ചെയ്തത് ശരി. എന്നാൽ, അതൊന്നും കേൾക്കാൻ പുടിൻ തയാറായിരുന്നില്ല. ഇതും ഇതുപോലെ അകലെനിന്നുള്ള ആഹ്വാനങ്ങളും പ്രമേയങ്ങളും ഇത്തരമൊരു സംഘർഷാവസ്ഥയിൽ അപര്യാപ്തമാണെന്ന് ആർക്കും വ്യക്തമാവും. മൊത്തത്തിൽ, യു.എന്നിന്റെ നീക്കങ്ങൾ വളരെ മന്ദഗതിയിലായിരുന്നു എന്നതാണ് നേര്.
രണ്ടു ദശലക്ഷത്തോളം പേർ ഭവനരഹിതരും അതിൽ ഒരു വലിയ വിഭാഗം അഭയാർഥികളുമായെന്നാണ് കണക്ക്. ഇത്തരം ഘട്ടങ്ങളിൽ നയതന്ത്രതലത്തിൽ സംസാരിച്ച് മഞ്ഞുരുക്കമുണ്ടാക്കൽ ഏറെ പ്രധാനമാണ്. മുൻ യു.എൻ അണ്ടർ സെക്രട്ടറികൂടിയായ ശശി തരൂർ കഴിഞ്ഞ മാർച്ച് 22നു ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനം അവസാനിപ്പിച്ചത് ‘മിസ്റ്റർ സെക്രട്ടറി ജനറൽ, താങ്കൾക്കൊരു വിമാനം കയറി പുറപ്പെടാമോ?’ എന്നു ചോദിച്ചാണ്. ഇരുപക്ഷത്തും ആണവായുധംതന്നെയുള്ള ആധുനികകാലത്ത് ഒരു യുദ്ധവും ഒരു ഭാഗം ജയത്തിലും മറുഭാഗം പരാജയത്തിലും കലാശിക്കുകയില്ല. യോജിക്കാവുന്ന ഒരു ബിന്ദു ഏതെന്നു നിശ്ചയിക്കുന്നത് ലോകനന്മ കാംക്ഷിക്കുന്ന ഒരു മൂന്നാം കക്ഷിയാണെന്ന ബോധമുണ്ടായാലേ സംഭാഷണങ്ങളും വിജയിക്കൂ. റഷ്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരാളാവാം. മറുപക്ഷത്ത് പ്രസിഡന്റ് സെലൻസ്കിക്കു പുറമെ ഇതര ശക്തികളുൾപ്പെടെ ശബ്ദങ്ങൾ ഏറെയുണ്ടെങ്കിലും യോജിച്ച ശബ്ദം അസാധ്യമൊന്നുമല്ല. അതിനു സമാധാനം മുഖ്യപരിഗണനയാവുന്ന അന്തരീക്ഷമാണ് ആദ്യം വേണ്ടത്. യുദ്ധത്തിന് ഒരു വർഷം തികയുമ്പോൾ അതുണ്ടാവട്ടെ എന്നു മാത്രമാണ് ഏവരുടെയും പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

