ദുരന്തം വിതറിയ തുർക്കിയ ഭൂകമ്പം
text_fieldsതുർക്കിയയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം മേഖലയിൽ മാത്രമല്ല, ലോകമാകെ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുന്നു. തിങ്കളാഴ്ച പുലർച്ച നാലിനുണ്ടായ ആദ്യ ചലനംതന്നെ അതിശക്തവും ഭയാനകവുമായിരുന്നു. 7.8, 7.6, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുർക്കിയയെ പിടിച്ചുകുലുക്കുക മാത്രമല്ല, 400ൽപരം കിലോമീറ്റർ അകലെ സൈപ്രസിനെയും 1400 കിലോമീറ്റർ അകലെ ഈജിപ്ത്, ലബനാൻ, ഇസ്രായേൽ നാടുകളെയും ഏറിയും കുറഞ്ഞും വിറപ്പിച്ചു. ആദ്യ ആഘാതമുണ്ടായ, 20 ലക്ഷം ജനസംഖ്യയുള്ള ഗാസിയാൻടെപ് നഗരത്തിൽ ഭീമമായ ആൾനാശമാണുണ്ടായത്. ആദ്യവിറയ്ക്കു തുടർച്ചയായി തീവ്രത ഏഴിനുമേൽ രേഖപ്പെടുത്തിയ രണ്ടു ഭൂകമ്പങ്ങളും നാൽപതോളം തുടർചലനങ്ങളുംകൂടി സംഭവിച്ചതോടെ കഴിഞ്ഞ 100 വർഷത്തിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിനാണ് പ്രദേശം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ 200 വർഷമായി സാരമായ ഒരു ഭൂചലനവും നടന്നിട്ടില്ലാത്ത മേഖലയിൽ ഇത്തരമൊരു ദുരന്തത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളും സ്വാഭാവികമായും കുറവായിരുന്നു. മുമ്പ് രേഖപ്പെടുത്തപ്പെട്ട 1822 ആഗസ്റ്റിലെ 7.4 തീവ്രതയുള്ള ഭൂചലനംതന്നെ 7.8 തീവ്രതയുള്ള ഇപ്പോഴത്തേതിനേക്കാൾ ആഘാതം കുറഞ്ഞതായിരുന്നു. എന്നാൽ, 19ാം നൂറ്റാണ്ടിലുണ്ടായ ഒരു ഭൂകമ്പത്തിൽ സിറിയയിലെ അലപ്പോ നഗരത്തിൽ മാത്രം 7000 പേർ മരിക്കുകയും നാശകരമായ തുടർചലനങ്ങൾ ഒരുവർഷത്തോളം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു എന്നും വിദഗ്ധർ ഓർത്തെടുക്കുന്നു. തത്തുല്യമായ തുടർപ്രതിഭാസം ഇത്തവണയും ഉണ്ടായേക്കാമെന്ന ഭയവുമുണ്ട്.
ഇതെഴുതുമ്പോൾ മരണസംഖ്യ 16,000 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ -അതിൽ മൂന്നിൽ രണ്ടും തുർക്കികളും ബാക്കി ഭൂരിഭാഗവും സിറിയക്കാരും. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഭൂകമ്പത്തിന്‍റെ തീവ്രത മാത്രമല്ല മരണസംഖ്യയെ സ്വാധീനിക്കുന്നത്. കെട്ടിടങ്ങളുടെ അവസ്ഥ, ഭൂകമ്പസമയം എന്നിവയും നിർണായകമാണ്. ശൈത്യകാലത്ത് പുലർച്ച നാലിനു സംഭവിച്ചതെന്ന് വരുമ്പോൾ മരണനിരക്ക് കൂടാൻ സാധ്യതയുണ്ട്. ഈ മേഖലയിലെ (വിശിഷ്യ സിറിയൻ ഭാഗത്തെ) കെട്ടിടങ്ങളധികവും ഭൂകമ്പം നേരിടാൻ പാകമായവയല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ആയിരത്തോളം കെട്ടിടങ്ങൾ പ്രഭവകേന്ദ്രത്തിനടുത്ത് നിലംപതിച്ചപ്പോൾ തുർക്കിയ-സിറിയ അതിർത്തി മേഖലയിലെ മൊത്തം 2800ൽപരം കെട്ടിടങ്ങൾ തകരുകയും തുർക്കിയയുടെ ഹാതായ് വിമാനത്താവള റൺവേയിൽ വിള്ളലുണ്ടാവുകയും ചെയ്തു. മുറിവേറ്റവർ അരലക്ഷത്തോളം വരും. ഇതെല്ലാം ഔദ്യോഗിക കണക്കുകളാണ്. രക്ഷാപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തിൽ അത് വേണ്ടത്ര ജാഗ്രത്തായിരുന്നില്ല എന്ന ആരോപണമുയർന്നിരുന്നു.
സഹായങ്ങൾ ധാരാളമായി പ്രവഹിക്കുന്നുണ്ട്. യൂറോപ്യൻ യൂനിയൻ ആദ്യ ഗഡുവായി മൂന്നര ദശലക്ഷം യൂറോ സിറിയക്കും മൂന്നു ദശലക്ഷം യൂറോ തുർക്കിയക്കും പ്രഖ്യാപിച്ചിരിക്കുന്നു. ബ്രിട്ടൻ, അമേരിക്ക, ചൈന എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളുൾപ്പെടെ മൊത്തം ഒരു ലക്ഷം പേർ രക്ഷാപ്രവർത്തനത്തിലുണ്ടെന്ന് തുർക്കിയ ഭരണകൂടം പറയുന്നു. ഇത്തരം ഘട്ടത്തിൽ പെട്ടെന്ന് വേണ്ടത് മരണങ്ങൾ തടയുന്നതിനും പരിക്കേറ്റവർക്കുമുള്ള വൈദ്യസഹായവും പാർപ്പിടവും വസ്ത്രവും ഭക്ഷ്യവസ്തുക്കളുമാണ്. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമായ ഗാസിയാൻടേപ്പിൽ രാത്രി ഊഷ്മാവ് മൈനസ് ഏഴാണ്. ലോകാരോഗ്യ സംഘടനയുടെ ദുരന്ത പ്രതികരണ വകുപ്പ് തലവൻ റോബർട്ട് ഹോൾഡൻ അറിയിക്കുന്നത് തണുപ്പ് ഇതിലും താഴോട്ടുപോയാൽ ആയിരങ്ങളുടെ ജീവൻ ഭീഷണിയിലാകുമെന്നാണ്.
ഏറെയും കുട്ടികളുൾപ്പെടെ ഏതാണ്ട് രണ്ടു കോടി ജനങ്ങളെ ഭൂകമ്പം ഏറിയോ കുറഞ്ഞോ ബാധിക്കുമെന്ന അനുമാനത്തിൽ അവർക്ക് ഭക്ഷണം, താമസം, തണുപ്പിൽ സംരക്ഷണത്തിനായുള്ള ചൂടുപകരണങ്ങൾ എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഇവയൊന്നും തുർക്കിയക്കു സ്വയം വഹിക്കാൻ കഴിയുന്നതല്ല. പ്രസിഡന്റെന്ന നിലയിലെ ഉർദുഗാന്റെ ഉറപ്പുകൾ ആശ്വാസം നൽകുമെങ്കിലും അടിയന്തരസഹായത്തിന്റെ അപര്യാപ്തതയിൽ തുർക്കിയയിലെ പ്രതിപക്ഷം ഉർദുഗാനെ വിമർശിച്ചതും ഈ തോതിലുള്ള ഒരു ദുരന്തം നേരിടാനുള്ള സജ്ജീകരണം തങ്ങൾക്ക് എളുപ്പമല്ല എന്ന ക്ഷമാപണസ്വരത്തിലുള്ള ഉർദുഗാന്റെ പ്രതികരണവും ശ്രദ്ധേയമാണ്.
രക്ഷ-ദുരിതാശ്വാസ നടപടികളിൽ ഇന്ത്യയും അവസരത്തിനൊത്തുയർന്നു. ദേശീയ ദുരന്താശ്വാസ സേനയും കരസേനയുടെ വൈദ്യസംഘവും അതിശീഘ്രം മേഖലയിലെത്തി. കുറച്ച് വർഷങ്ങളായി അയൽപക്ക രാജ്യങ്ങളുൾപ്പെടെ പലയിടങ്ങളിലും ദ്രുതരക്ഷാ പ്രവർത്തനങ്ങളിൽ ഇന്ത്യ കാണിച്ച ജാഗ്രത ഇവിടെയുമുണ്ടായി. 2004, 2011 വർഷങ്ങളിലെ സൂനാമിയിലും നർഗീസ് കൊടുങ്കാറ്റ് ആഞ്ഞടിച്ച മ്യാന്മറിലും ഭൂകമ്പബാധിത നേപ്പാളിലും ദേശീയ ദുരന്ത നിവാരണ ദ്രുതകർമസേന നടത്തിയ തരം പ്രവർത്തനങ്ങൾ തുർക്കിയയിലും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. പണത്തിനുപരി മനുഷ്യവിഭവവും വൈദഗ്ധ്യവും അതെത്തിക്കുന്നതിലെ വേഗവുമാവും ഇത്തരം ഘട്ടങ്ങളിൽ നിർണായകം. എന്നാൽ, അടിയന്തരാവശ്യങ്ങൾ കഴിഞ്ഞാലും തുടർസേവനങ്ങളും പുനർ-നിർമാണ പ്രവർത്തനങ്ങളും വേണ്ടിവരുമ്പോൾ സാമ്പത്തികസഹായം കൂടുതൽ പ്രസക്തമാവും. അതിലും ലോക രാഷ്ട്രങ്ങളുടെ സഹകരണം ഉണ്ടാവേണ്ടതുണ്ട്. അതെല്ലാം ചേർന്ന് തുർക്കിയക്ക് നിലവിലെ ദുരന്തക്കയത്തിൽനിന്ന് വൈകാതെ കരകയറാൻ കഴിയുമെന്നു പ്രത്യാശിച്ച് പ്രാർഥിക്കുകയാണ് ഇന്ത്യയും മുഴുലോകവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

