ഭരണഘടന ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണങ്ങൾ
text_fieldsസുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച രണ്ട് വിധിപ്രസ്താവങ്ങൾ അതിപ്രാധാന്യത്തോടെയാണ് നിയമവിദഗ്ധരും സിവിൽ സമൂഹവും നോക്കിക്കാണുന്നത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകമായി വിശേഷിപ്പിക്കാവുന്ന ഫെഡറലിസത്തിന്റെ പ്രാധാന്യത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് രണ്ട് കേസുകളിലായി വിധിപറഞ്ഞത്. ഡൽഹിയുടെ അധികാരത്തെച്ചൊല്ലി അവിടുത്തെ ആപ് സർക്കാറും കേന്ദ്രവും തമ്മിലെ നിയമയുദ്ധമായിരുന്നു ആദ്യത്തേത്. രാഷ്ട്രപതി നിയോഗിച്ച ലഫ്. ഗവർണറെ ഉപയോഗിച്ചുള്ള മോദി സർക്കാറിന്റെ നീക്കങ്ങൾക്ക് അറുതിവരുത്തുന്നതായിരുന്നു ഇതുസംബന്ധിച്ച നീതിപീഠത്തിന്റെ വിധി. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സർക്കാറിന്റെ രാജിയിൽ കലാശിച്ച ശിവസേനയിലെ തർക്കവുമായി ബന്ധപ്പെട്ട വിധിയിലും ഗവർണർമാരെവെച്ച് കേന്ദ്രം നടത്തുന്ന കളി അത്രകണ്ട് ജനാധിപത്യത്തിന് ഭൂഷണമാവില്ലെന്ന നിലപാടുതന്നെയാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിന്റെ നിഷ്ഠുര തന്ത്രങ്ങൾക്കുനേരെയുള്ള ജുഡീഷ്യറിയുടെ ഉജ്ജ്വലമായൊരു പ്രതിരോധം തന്നെയാണ് ഈ വിധിപ്രസ്താവങ്ങൾ. ആ അർഥത്തിൽ, ജനാധിപത്യ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതുകൂടിയാണ് ജുഡീഷ്യറിയുടെ ഈ ഇടപെടൽ.
കഴിഞ്ഞ ഒമ്പതു വർഷമായി തുടരുന്ന നിയമയുദ്ധമായിരുന്നു ഡൽഹിയിലേത്. കൃത്യമായി പറഞ്ഞാൽ, അരവിന്ദ് കെജ്രിവാളിന്റെ ആപ് സർക്കാർ അധികാരത്തിൽവന്നനാൾ മുതൽ കേന്ദ്രവുമായി തുടങ്ങിയ അധികാരത്തർക്കമായിരുന്നു അത്. റവന്യൂ, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളൊഴികെ ഡൽഹിയുടെ ഭരണപരമായ അധികാരം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനായിരിക്കുമെന്നും അത് നടപ്പാക്കാൻ ലഫ്. ഗവർണർ ബാധ്യസ്ഥനാണെന്നും അഞ്ചംഗ ഭരണഘടന ബെഞ്ച് അസന്ദിഗ്ധമായി വിധിച്ചതോടെ കാര്യങ്ങൾക്ക് വ്യക്തത കൈവന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും അവർക്ക് ഉത്തരവാദിത്തമേല്പിക്കാനും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അനുവദിക്കാതിരുന്നാൽ നിയമസഭയോടും പൊതുജനങ്ങളോടുമുള്ള സർക്കാറിന്റെ ഉത്തരവാദിത്തത്തിൽ വെള്ളം ചേർക്കലാകുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. മാത്രവുമല്ല, തെരഞ്ഞെടുക്കപ്പെട്ട സർക്കാറിൽനിന്ന് പരിരക്ഷയുള്ളവരാണ് തങ്ങളെന്ന് ഉദ്യോഗസ്ഥർക്ക് തോന്നിയാൽ പിന്നെ അവർ ഉത്തരവാദിത്തമില്ലാത്തവരാകും എന്ന നിരീക്ഷണം, ജനങ്ങളും അവരുടെ പ്രതിനിധികളും തന്നെയാണ് യഥാർഥ ഭരണകൂടം എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വത്തിന് അടിവരകൂടിയിടുന്നു. അതിനുശേഷം, ഫെഡറലിസത്തെക്കുറിച്ചുള്ള കോടതിയുടെ ഓർമപ്പെടുത്തൽ കൂടിയാകുമ്പോൾ, കേന്ദ്ര സർക്കാറിന് അത് ചെറുതല്ലാത്ത പ്രഹരം തന്നെയായി എന്നുതന്നെ വിലയിരുത്തേണ്ടിവരും. രണ്ട് വ്യത്യസ്ത തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കേന്ദ്രത്തിലേക്കും സംസ്ഥാനങ്ങളിലേക്കും ജനം തെരഞ്ഞെടുക്കുന്ന രണ്ടു സർക്കാറുകളും ജനങ്ങളുടെ രണ്ടു തരത്തിലുള്ള സാക്ഷാത്കാരങ്ങളാണെന്നാണ് ഫെഡറലിസത്തെക്കുറിച്ചുള്ള വിശദീകരണത്തിനിടെ കോടതി നടത്തിയൊരു ശ്രദ്ധേയ പരാമർശം. വാസ്തവത്തിൽ, ജനങ്ങളുടെ ഈ സാക്ഷാത്കാരങ്ങളെ അംഗീകരിക്കാനുള്ള മോദി സർക്കാറിന്റെ വിമുഖതതന്നെയാണ് കേന്ദ്രം നടത്തുന്ന അമിതാധികാര പ്രയോഗത്തിന്റെ കാരണവും. സമാനമായ രീതിയിൽ, മഹാരാഷ്ട്രയിലെ കക്ഷിരാഷ്ട്രീയ തർക്കത്തിൽ അനാവശ്യമായി ഗവർണർ ഇടപെട്ടതിന്റെ അനൗചിത്യവും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറി രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർത്തുകളയുന്ന പ്രതിലോമ പ്രവണതകൾ കേന്ദ്രഭരണകൂടം നിരന്തരമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ വിധിക്ക് വലിയ പ്രാധാന്യമുണ്ട്. തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് അവിടുത്തെ സർക്കാറുകളുടെ ദൈനംദിന കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയനയമാണെന്ന് തോന്നുന്നു. 2014ൽ, മോദി അധികാരത്തിലേറിയതിന്റെ ഒന്നാം നാൾ തൊട്ട് അവ്വിധമാണ് കേന്ദ്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമെല്ലാം രാജ്ഭവൻ വഴി ‘സമാന്തര ഭരണ’ത്തിനാണ് കേന്ദ്രം ശ്രമിച്ചുപോന്നത്. സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് ഭീഷണിയും വിഘാതവുമാകുന്ന ഈ സമീപനത്തെ അതാത് സംസ്ഥാന സർക്കാറുകൾ പലകുറി തുറന്നുകാണിച്ചിട്ടുമുണ്ട്. ഒരർഥത്തിൽ, അത് മികച്ച രാഷ്ട്രീയ പ്രതിരോധം തന്നെയായിരുന്നു. എന്നാൽ, ഇതിൽനിന്നു ഭിന്നമായി ഡൽഹി സർക്കാർ വിഷയം കോടതിയിലെത്തിച്ച് ചരിത്രപരമായൊരു നിയമപോരാട്ടത്തിന് തുടക്കം കുറിച്ചു; അത് വിജയത്തിലെത്തുകയും ചെയ്തു. ഹിന്ദുത്വ ഫാഷിസത്തിനുകീഴിൽ സർവമേഖലയും ജനാധിപത്യ ഇന്ത്യക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ, ഇത്തരം കോടതിവിധികൾ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

