റെയിൽവേ വികസനം ‘വന്ദേ ഭാരതി’നപ്പുറം
text_fieldsവന്ദേ ഭാരത് ട്രെയിൻ കേരളത്തിൽ ഓടിത്തുടങ്ങിയതോടെ വാർത്തകളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. താരതമ്യേന സുഖകരമായ മധ്യദൂര യാത്രയുടെ പുതിയ അനുഭവങ്ങൾ ചർച്ചയാവുന്നത് സ്വാഭാവികം. നിലവിലെ ശോച്യാവസ്ഥയിൽനിന്നു വ്യത്യസ്തമായ വണ്ടികൾ ലഭ്യമാകുന്നതുതന്നെ മലയാളിക്ക് കൗതുകവും ആനന്ദവും പകരുന്നതാണ്. ഒപ്പം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവും ഇതിനുമുമ്പ് വണ്ടികൾ ഓടിത്തുടങ്ങുമ്പോഴൊന്നുമില്ലാത്ത ആഘോഷപ്പൊലിമയും കുതൂഹലവും കൂടിയായതോടെ ‘വന്ദേ ഭാരത്’ വാർത്തയിലെ താരമായി. ആദ്യ ആവേശത്തിന്‍റെ ബുക്കിങ് കൗതുകം കഴിഞ്ഞാലും വേഗം, കൃത്യനിഷ്ഠ, കോച്ചുകളുടെയും ശുചിമുറികളുടെയും വൃത്തിയും വെടിപ്പും അടക്കമുള്ള സൗകര്യങ്ങൾ, ശുചിത്വം എന്നീ ഘടകങ്ങളിലെല്ലാം ‘വന്ദേ ഭാരത്’ പുതിയ അനുഭവമായി മാറും.
രാഷ്ട്രീയക്കാരുടെ കൂകിപാച്ചിലിനപ്പുറം ഈ പുതിയ ട്രെയിനിനു പിറകിൽ വന്ദിക്കപ്പെടേണ്ട അഭിമാനാർഹമായ ചില വസ്തുതകളുണ്ട്. 2018ൽ ട്രെയിൻ- 18 എന്ന പേരിൽ നിർമാണം കഴിഞ്ഞു പുറത്തിറങ്ങിയ ഈ വണ്ടിയുടെ രൂപകല്പന മുതൽ അർപ്പണബോധം നിറഞ്ഞ സാങ്കേതിക പ്രവർത്തനങ്ങളുടെ ഫലമാണ്. സാധാരണ ഒരു പുതിയ വണ്ടി ഡ്രോയിങ് ബോർഡിൽ തുടങ്ങി പാളത്തിലിറക്കാൻ 36 മാസങ്ങളെടുക്കുമെങ്കിൽ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) എന്ന റെയിൽവേയുടെ അഭിമാനസ്ഥാപനം ഈ ട്രെയിൻ പൂർത്തിയാക്കാനെടുത്തത് 18 മാസം മാത്രമാണ്. പാളത്തിൽ ഇറങ്ങുന്നതിനു മുമ്പാണ് ട്രെയിൻ-18 നു പകരം പേര് ‘വന്ദേ ഭാരത്’ എന്നാക്കിയത്. നിർമാണത്തിലെ തദ്ദേശീയത സൂചിപ്പിക്കാനാണ് പേര് എന്നു പറയപ്പെട്ടിരുന്നെങ്കിലും പേരിടാനും പേരുമാറ്റാനും പ്രത്യേക ആവേശവും ആനന്ദവും കണ്ടെത്തുന്ന കേന്ദ്ര ഭരണകൂടത്തിന്‍റെ നാമകരണത്തിനു പിറകിലും ചില താല്പര്യങ്ങളുണ്ടാകുമെന്നുറപ്പ്. 2018ൽ ആദ്യത്തെ വന്ദേ ഭാരത് ഡൽഹി-വാരാണസി ട്രാക്കിൽ ഓടാൻ തുടങ്ങിയത് മുതൽ പ്രധാനമന്ത്രിതന്നെ എല്ലാ വന്ദേ ഭാരതിന്‍റെയും ഫ്ലാഗ് ഓഫിനു പറന്നെത്തുന്നത് വികസനത്തേക്കാൾ കൂടുതൽ രാഷ്ട്രീയതാല്പര്യത്തിലാണെന്നു പറയേണ്ടതില്ല. 2016ൽ ഐ.സി.എഫ് ജനറൽ മാനേജർ സ്ഥാനത്ത് വന്നു ട്രെയിൻ-18 പദ്ധതിയിൽ നിർണായക പങ്കുവഹിച്ച സുധാംശു മണി നിർമാണത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളും വെല്ലുവിളികളും വിവരിക്കുന്ന ‘മൈ ട്രെയിൻ-18 സ്റ്റോറി’ എന്നൊരു കൃതിതന്നെ എഴുതിയിട്ടുണ്ട്. ഈ നേട്ടം തന്‍റേതല്ല, തന്‍റെ ടീമിന്‍റേതാണ് എന്ന് അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2018ൽതന്നെ റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ ട്രെയിൻ-18ന്റെ കൈപ്പുസ്തകത്തിലും സാങ്കേതിക പുതുമകളും മേന്മകളും സചിത്രം വിവരിക്കുന്നുണ്ട്. എന്തുകൊണ്ടും ഇന്ത്യൻ റെയിൽവേക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെ ‘വന്ദേ ഭാരത്’.
എന്നാൽ, അല്പം ചന്തവും വെടിപ്പുമുള്ള ഒരു വണ്ടി പാളത്തിലിറക്കുന്നതിൽ ഒതുങ്ങേണ്ടതല്ല ഇന്ത്യൻ റെയിൽവേയുടെ വികസനയജ്ഞം. ഒരു വേള ബ്രിട്ടീഷ് ഭരണം മുതലുള്ള 170 വർഷത്തിൽ ഇതര ഗതാഗതോപാധികളുമായി താരതമ്യം ചെയ്‌താൽ അത്ര വിപ്ലവകരമാണോ റെയിൽവേയുടെ നേട്ടങ്ങൾ? സമീപ ചരിത്രത്തിലും പാളങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ വണ്ടികളുടെ ഗുണനിലവാരത്തിലോ ഗണ്യമായ പുരോഗതി ഉണ്ടായോ എന്ന് സംശയമാണ്. റെയിൽ ബജറ്റ് 2016-17ൽ പൊതു ബജറ്റിന്റെ ഭാഗമായശേഷം റെയിൽവേയുടെ വാർഷിക അടങ്കൽ 1.09 കോടിയിൽനിന്നും 2023-24ൽ 2.60 ലക്ഷം കോടി ആയി വർധിച്ചുവെന്നത് ശരി. പക്ഷേ, ചരക്കു ഗതാഗതത്തിലും യാത്രാവണ്ടികളുടെ സൂചകങ്ങളിലും വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്നു റെയിൽവേ ബോർഡ് മുൻ ഉദ്യോഗസ്ഥ അംഗവും സാങ്കേതിക വിദഗ്ധനുമായ കെ. ബാലകേസരി കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണമായി 2050നകം രാജ്യത്തിന്റെ മൊത്തം ചരക്ക് ഗതാഗതത്തിന്റെ 27 ശതമാനത്തിൽ നിന്ന് 45 ശതമാനമാക്കാൻ ലക്ഷ്യമിടുമ്പോൾ ചരക്കു ഗതാഗതം 2008-09ലെ 51 .5 ശതമാനത്തിൽനിന്ന് 2018-19ൽ 31.4 ശതമാനമായി കുറയുകയാണുണ്ടായത്.
വന്ദേ ഭാരതിനുതന്നെ വേഗത്തിന് പരിമിതിയുണ്ട്. പാളങ്ങൾ പഴയപടി തുടരുന്നതുതന്നെയാണ് മുഖ്യകാരണം. വളവുകളുള്ളതും, വേഗത്തിന് മറ്റു ഉപാധികൾ ഇല്ലാത്തതുമായ ഭാഗങ്ങളാണ് ഏറെ. തീവണ്ടിയുടെ വേഗക്ഷമത മണിക്കൂറിൽ 160 കിലോമീറ്റർ ആണെങ്കിലും ട്രാക്കിനു അത് 80 ഉം 110 കിലോമീറ്റർ മാത്രമേ വരുന്നുള്ളൂ. കൃത്യനിഷ്ഠയുടെ മാനദണ്ഡങ്ങളിൽതന്നെ പിഴവുകളുണ്ട്. അന്ത്യ ലക്ഷ്യസ്ഥാനത്തെത്തുന്ന സമയം മാത്രം നോക്കി കൃത്യനിഷ്ഠ കണക്കാക്കുന്ന നിലവിലെ രീതിയിൽ ഇടക്കുള്ള സ്റ്റേഷനുകളിലെ കൃത്യത വിഷയമാവുന്നില്ല. വികസിത രാജ്യങ്ങളിലെപ്പോലെ ആയില്ലെങ്കിലും നിശ്ചിത സമയത്തിന്റെ അഞ്ചു മിനുട്ട് വ്യത്യാസത്തിൽ 90 ശതമാനം ഓടിയാൽതന്നെ അത് പുരോഗതിയാവും. ഇതിനേക്കാൾ പ്രധാനമാണ് കോച്ചുകളുടെ നിലവാര മെച്ചം. സാധാരണ വണ്ടികളിൽ വെള്ളം കെട്ടിനിൽക്കാത്ത ശുചിമുറികളോ നേരാംവണ്ണം വെള്ളം ഒഴുക്കുന്ന ടാപ്പുകളോ ലഭ്യമാകാതെ ഒരു ചെറിയ ശതമാനത്തിനു മാത്രം ഉപകരിക്കുന്ന കുറേകൂടി ‘വന്ദേ ഭാരത്’ വണ്ടികൾ ഓടിച്ചതുകൊണ്ട് ഉണ്ടാകുന്നതല്ല ഇന്ത്യൻ റെയിൽവേയുടെ പുരോഗതി എന്നു തിരിച്ചറിയാനും അതിനു സമഗ്രമായ ഒരു വികസനരീതിതന്നെ ഉരുത്തിരിച്ചെടുക്കാനുമുള്ള ശ്രമമാണ് ഭരണകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

