രാജ്യത്തിന്റെ പ്രതിച്ഛായ
text_fieldsലണ്ടനിലെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി കാമ്പസ് ഹാൾ മുതൽ ബ്രിട്ടീഷ് പാർലമെന്റ് ചേംബർ വരെ വിവിധ വേദികളിൽ രാഹുൽ ഗാന്ധി നിർവഹിച്ച പ്രഭാഷണങ്ങൾ ബി.ജെ.പിക്ക് കടുത്ത അലോസരമുണ്ടാക്കിയിരിക്കുന്നു. അന്തർദേശീയ സമൂഹത്തിനുമുന്നിൽ രാഹുൽ രാജ്യത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് വ്യാപകമായി പ്രചാരണം നടത്തുകയാണവർ. രാഹുൽ രാജ്യത്തെ വഞ്ചിക്കരുതെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിന്‍റെ ഓർമപ്പെടുത്തൽ. ജനാധിപത്യത്തെയും രാഷ്ട്രത്തെയും പാർലമെന്റിനെയും നീതിന്യായ വ്യവസ്ഥയെയും രാജ്യത്തിന്റെ സുരക്ഷയെയും ഒരുപോലെ അപമാനിച്ചുവെന്ന വിമർശനവുമായി വന്ന കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് ഒരുപടികൂടി കടന്ന് മാവോയിസ്റ്റ് ചിന്താ പ്രക്രിയയുടെ പിടിയിലാണ് രാഹുലെന്ന് ആരോപിക്കുകയും ചെയ്തു. വിദേശത്ത് നടത്തിയ പ്രഭാഷണങ്ങളുടെ പേരിൽ അവകാശലംഘന നോട്ടീസ് നൽകാൻ ആലോചിക്കുന്നതായി ബി.ജെ.പി എം.പി വിവേക് ഠാകൂർ. ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യയുടെ പിന്നാലെ മടിത്തട്ടുമാധ്യമങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ മാധ്യമവിചാരണകളും തുടങ്ങിയിരിക്കുന്നു.
ലണ്ടനിലെ വിവിധ വേദികളിൽ നടന്ന പ്രഭാഷണങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നത് മോദി സർക്കാറും ബി.ജെ.പിയും ആരോപിക്കുന്നതുപോലെ അന്തർദേശീയതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന പുതിയ വിമർശനങ്ങളോ ആരോപണങ്ങളോ ഒന്നുംതന്നെ രാഹുൽ ഉന്നയിച്ചിട്ടില്ല എന്നാണ്. ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയും സ്വതന്ത്രമായ ജനാധിപത്യ, ഭരണ സംവിധാനങ്ങളും മോദി ഭരണകാലത്ത് അപകടഭീഷണി നേരിടുന്നു എന്ന യാഥാർഥ്യത്തെ അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും വിശദീകരിക്കാനാണ് അദ്ദേഹം അവിടെ ശ്രമിച്ചുകൊണ്ടിരുന്നത്. ഭരണകൂട സ്ഥാപനങ്ങളിൽ ആർ.എസ്.എസ് ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നുഴഞ്ഞുകയറ്റങ്ങൾ, ഇന്ത്യയിൽ ദലിതുകളോടും ആദിവാസികളോടും ന്യൂനപക്ഷങ്ങളോടും ഭരണകൂടം ചെയ്തുകൂട്ടുന്നത്, ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ രാജ്യത്തെ സർവകലാശാലകളിൽ സംസാരിക്കാൻ അനുവദിക്കാത്തത്, ചൈനയെക്കുറിച്ച് ചോദ്യമുന്നയിക്കാൻ അനുവാദമില്ലാത്ത പാർലമെന്‍റിൽ സർക്കാർ നയങ്ങളെ വിമർശിക്കുമ്പോൾ പ്രവർത്തനസജ്ജമായ മൈക്കുകൾ ‘താനേ’ ഓഫായിപ്പോകുന്ന അതിശയവൃത്തികൾ തുടങ്ങി രാജ്യമഭിമുഖീകരിക്കുന്ന വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ ഗൗരവത്തോടെ പങ്കുവെക്കുന്നവയായിരുന്നു ആ പ്രഭാഷണങ്ങൾ.
ഇത്തരം പ്രഭാഷണങ്ങൾ ആദ്യത്തേതൊന്നുമല്ല. ലോകമംഗീകരിക്കുന്ന ഇന്ത്യൻ അക്കാദമിക്കുകൾ മുതൽ അന്തർദേശീയ പ്രസിദ്ധരായ വിദേശവ്യക്തിത്വങ്ങൾ വരെ സമകാലിക ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ ഭരണസംവിധാനത്തിന്‍റെ നീതിരാഹിത്യങ്ങൾ പലവുരു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും രാഹുലിന്‍റെ പ്രഭാഷണം ബി.ജെ.പിയെ ഇത്രമാത്രം പരിഭ്രാന്തി പിടിപ്പിക്കാൻ കാരണമെന്താണ്. ‘ഇന്ത്യയിൽ ജനാധിപത്യത്തിന്റെ വലിയ ഭാഗവും ഇല്ലാതായത്, ജനാധിപത്യത്തിന്റെ സംരക്ഷകരായ യൂറോപ്പും യു.എസും വിസ്മരിക്കുന്നത് എന്തുകൊണ്ടാണ്?. യു.എസിനും യൂറോപ്പിനും വിപണിയും പണവും ലഭിക്കുന്നതിനാൽ ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ അവർ വേണ്ടത്ര ശ്രമിക്കുന്നില്ല.’- എന്ന പരാമർശമാണ് ബി.ജെ.പിയെ ശരിക്കും പ്രക്ഷുബ്ധരാക്കിയത്. ഇന്ത്യയിലെ ജനാധിപത്യ ധ്വംസനങ്ങളോട് യൂറോപ്പും അമേരിക്കയും പുലർത്തുന്ന ഇരട്ടത്താപ്പുകളെക്കൂടി വിമർശനവിധേയമാക്കാൻ അദ്ദേഹം കാണിച്ച ധൈര്യവും അതുണ്ടാക്കുന്ന അന്തർദേശീയ സ്വാധീനവും മോദി സർക്കാറിന്‍റെ പ്രതിച്ഛായക്ക് സാരമായ പരിക്കേൽപ്പിക്കുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു എന്നതാണ് വാസ്തവം.
രാജ്യപ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നത് ഇത്തരം പ്രഭാഷണങ്ങളാണോ അതല്ല, ഭരണകൂടത്തിന്‍റെ വിശേഷിച്ച് പ്രധാനമന്ത്രി അടക്കമുള്ള ഉന്നതരായ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയ സമീപനങ്ങളും വിദ്വേഷപ്രസംഗങ്ങളും ആൾക്കൂട്ടക്കൊലയും ഉൾപ്പെടെയുള്ള കഠോര ചെയ്തികളാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഭരണസംവിധാനങ്ങളെ വിമർശിക്കുന്ന സ്ഥാപനങ്ങളിലും പ്രതിപക്ഷത്ത് അടിയുറച്ചുനിൽക്കുന്ന നേതാക്കളുടെ വീടുകളിലും ഇ.ഡിയും പൊലീസും നിർബാധം കയറിയിറങ്ങുന്നതിലൂടെ രാജ്യത്തെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് സൃഷ്ടിക്കപ്പെടുന്നത്? അഴിമതിക്കാരെ ചാക്കിട്ടുപിടിച്ചും ഭയപ്പെടുത്തിയും അധികാരമുറപ്പിക്കുന്നത് നിത്യമാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ലോകത്തിന് സമർപ്പിക്കുന്ന ജനാധിപത്യ പാഠം എന്താണ്?.
ബി.ജെ.പി നേതാക്കൾക്കുപിന്നാലെ രാഹുലിനെ വിചാരണചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മാധ്യമവിചാരിപ്പുകാർ ‘നമുക്ക് മുൻ സർക്കാറുകളിൽനിന്ന് പാരമ്പര്യമായി ലഭിച്ചത് അസ്ഥിരതയുടെയും അലസതയുടെയും പ്രശ്നങ്ങളാണ്’ എന്നും ‘ഇന്ത്യയിൽ ജനിച്ചത് കഷ്ടമായെന്നുപറഞ്ഞ് ആളുകൾ രാജ്യംവിട്ടുപോകുന്ന ഒരു കാലമുണ്ടായിരുന്നു’ വെന്നും വിദേശരാജ്യങ്ങളിൽച്ചെന്ന് പ്രസംഗിച്ച സാക്ഷാൽ പ്രധാനമന്ത്രിയുടെ വാക്കുകൾ രാജ്യത്തിന്‍റെ യശസ്സിന് എത്രമാത്രം ക്ഷതമേൽപിച്ചു എന്ന് എപ്പോഴെങ്കിലും ചിന്തിക്കുകയോ ചർച്ചയാക്കുകയോ ചെയ്തിട്ടുണ്ടോ?. രാജ്യത്തിന്‍റെ പ്രതിച്ഛായയും ഭരണാധിപന്‍റെ പ്രതിച്ഛായയും രണ്ടാണെന്നു തിരിച്ചറിയുന്നതിന്‍റെ പേരാണ് ജനാധിപത്യമെന്നത്. നാം കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ പ്രതിച്ഛായയാണ്; രാജാവിന്‍റേതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

