Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅഴിമതി നീങ്ങാതെ അറിവ്...

അഴിമതി നീങ്ങാതെ അറിവ് വാഴില്ല

text_fields
bookmark_border
അഴിമതി നീങ്ങാതെ അറിവ് വാഴില്ല
cancel

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിക്കുന്നത് ഹൈകോടതി തടഞ്ഞിരിക്കുന്നു. നിയമനം ലഭിക്കാൻ ആവശ്യമായ അധ്യാപനപരിചയ യോഗ്യതകൾ ഇല്ലാത്ത പ്രിയ വർഗീസ് നിയമനപ്പട്ടികയിൽ തുടരുന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരിക്കുന്നു. യോഗ്യതയായി സമർപ്പിച്ച ഗവേഷണം, എൻ.എസ്.എസ് സർവിസ് എന്നിവ അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും സെലക്ഷൻ കമ്മിറ്റി ഈ അപേക്ഷ പരിഗണിക്കാനേ പാടില്ലായിരുന്നു എന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാറും കണ്ണൂർ സർവകലാശാലയും ഭരണകക്ഷിയായ മാർക്സിസ്റ്റ് പാർട്ടിയും പറഞ്ഞ സാധൂകരണന്യായങ്ങൾ മുഴുവൻ തള്ളുന്നതാണ് ഹൈകോടതി നടപടി.

തുടക്കം മുതൽ വിവാദത്തിലാണ് ഈ നിയമനം. അപേക്ഷ ക്ഷണിച്ചതും ഇന്റർവ്യൂ നടത്തിയതും പട്ടിക പ്രസിദ്ധീകരിച്ചതും ശരവേഗത്തിലായിരുന്നു. റിസർച് സ്കോറും അധ്യാപനപരിചയവും അടക്കമുള്ള യോഗ്യതകൾ ഏറെയുള്ളവർ ഉണ്ടായിട്ടും റാങ്കിങ്ങിന് ഇൻറർവ്യൂ മാർക്ക് മാത്രം പരിഗണിക്കുന്നതിനാൽ ഒന്നാം റാങ്കുകാരിയായത് ഏറ്റവും കുറഞ്ഞ റിസർച് സ്കോറുള്ളയാൾ. ഉദ്യോഗാർഥിയുടെ യഥാർഥ യോഗ്യതയല്ല, അവരുടെ സ്വാധീനമാണ് ഇവിടെ അധികയോഗ്യതയായി മാറിയതെന്ന് വ്യക്തമായിരുന്നു.

ഒരു മാസത്തിനിടെ ഉന്നത വിദ്യാഭ്യാസരംഗത്ത് സർക്കാർ നേരിടുന്ന മൂന്നാമത്തെ തിരിച്ചടിയാണ് ഈ വിധി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതിയും ഫിഷറീസ് സർവകലാശാല വി.സിയായി റിജി ജോണിനെ നിയമിച്ചത് ഹൈകോടതിയും റദ്ദാക്കിയിരുന്നു. രണ്ടിനും കാരണമായി പറഞ്ഞത് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതാണ്. പ്രിയ വർഗീസിന്റെ കേസിലും യു.ജി.സി മാനദണ്ഡങ്ങൾ കണ്ണൂർ സർവകലാശാലയുടെ ന്യായങ്ങൾക്കെതിരായിരുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിരന്തരമായി സർക്കാർ ആവർത്തിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനു തുരങ്കം വെക്കാൻ നീക്കം നടത്തുന്നു എന്നാണ് ഇപ്പോൾ ഗവർണറുമായുള്ള ഉടക്കിൽ സർക്കാർ എടുത്തുകാണിക്കുന്ന എതിർന്യായം. എന്നാൽ, ഈ രംഗത്ത് സ്വീകരിക്കുന്ന നടപടികൾ ഓരോന്നും ഇടതുസർക്കാറിന്റെ ആത്മാർഥത ചോദ്യംചെയ്യപ്പെടാനിടയാക്കുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസരംഗമടക്കം മിക്കവാറും സർവകലാശാലകളിൽ വലിയതോതിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും മിടുക്കരായ വിദ്യാർഥികൾ സംസ്ഥാനം വിടുന്നതായുമാണ് ഒടുവിലെ കണക്കുകൾ. അതിന് സർക്കാറിന്റെ ഇത്തരം നടപടികൾക്ക് വലിയ പങ്കുണ്ട്.

സംസ്ഥാനത്ത് രാഷ്ട്രീയസ്വാധീനം അധികയോഗ്യതയായി നടന്ന ആദ്യ നിയമനമല്ലിത്. ഏതു മുന്നണിയുടെ ഭരണകാലത്തും സർവകലാശാലകളിൽ മാത്രമല്ല, എല്ലാ സർക്കാർ സംവിധാനങ്ങളിലും സ്ഥിരവും താൽക്കാലികവും കരാറുമായ നിയമനങ്ങളിൽ ഇത്തരം സ്വാധീനങ്ങളാണ് യോഗ്യത. അതിന്‍റെ തെളിവുകളാണ് ഇേപ്പാൾ തിരുവനന്തപുരത്തു പുറത്തുചാടിയ കത്തു വിവാദം. ഇപ്പോൾ ധാർമികത പ്രസംഗിച്ച് സമരവും അപലപന പ്രസ്താവനകളുമായി ഇറങ്ങുന്ന മറ്റു പാർട്ടിക്കാരും ഒട്ടും മോശമല്ല. ബി.ജെ.പി അവരുടെ സ്വാധീനത്തിലായ കേന്ദ്ര സർവകലാശാല ഉൾപ്പെടെയുള്ളിടങ്ങളിൽ തികഞ്ഞ സ്വജന താൽപര്യത്തോടെ നിയമനോത്സവങ്ങളാണ് നടത്തുന്നത്. ഭരണമില്ലാത്തതിനാൽ തൽക്കാലം കോൺഗ്രസുകാർക്ക് ഇപ്പോൾ ഇതിനൊന്നും കഴിയുന്നില്ലെന്നു മാത്രം, എങ്കിലും ആവോളം കുത്തിത്തിരുകലുകൾ നടത്തിയ ചരിത്രമുണ്ട് അവർക്കും. ചുരുക്കിപ്പറഞ്ഞാൽ, ഈ കുളിമുറിയിൽ ആർക്കും സത്യസന്ധതയുടെ ഉടുമുണ്ടില്ല എന്നതാണ് നേര്.

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷണമോ ദുരുപയോഗമോ ആണ് അഴിമതി. സ്വജനപക്ഷപാതം എന്നത് നെറികെട്ട അഴിമതിയുടെ മറ്റൊരു പേരുമാത്രമാണ്. ആ അഴിമതി സർവ സീമകളും കടന്നുപോവുകയാണ്. അപൂർവം ചിലത് പുറത്തറിയുന്നു എന്നു മാത്രം. ആരെന്തു പറഞ്ഞാലും തങ്ങൾക്കു തോന്നുന്നതുപോലെ കാര്യങ്ങൾ നടത്തുമെന്നും തങ്ങൾക്കിഷ്ടമുള്ളവരെ നിയമിക്കുമെന്നുമുള്ള ധാർഷ്ട്യമാണ് കേന്ദ്ര-സംസ്ഥാന ഭരണക്കാർ വെച്ചുപുലർത്തുന്നത്. ഇതിൽ എരിഞ്ഞടങ്ങുന്നത് രാഷ്ട്രീയസ്വാധീനമോ സാമ്പത്തിക സ്വാധീനമോ ഇല്ലാത്ത പാവങ്ങളാണ്. അവർക്കാകെ കൈമുതലായുള്ളത് രാവ് പകലാക്കി പഠിച്ച് നേടിയ യഥാർഥ യോഗ്യതാ സർട്ടിഫിക്കറ്റുകൾ മാത്രമാണ്. സ്വാധീനവും താൽപര്യവും ഉള്ളവർക്കുവേണ്ടി, ആ സർട്ടിഫിക്കറ്റുകൾക്ക് കീറക്കടലാസിന്‍റെ വിലപോലുമില്ലാതെയാക്കി മാറ്റുന്നത് ആരായാലും അവർ ചെയ്യുന്നത് കൊടുംപാതകമാണ്, ആ പാതകത്തിന് അവസാനം കുറിക്കാൻ തീരുമാനിക്കാത്തിടത്തോളം കേരളത്തെ വിജ്ഞാനാധിഷ്ഠിത സമ്പദ്‍വ്യവസ്ഥയായി പരിവർത്തിപ്പിക്കുമെന്നൊക്കെയുള്ള സർക്കാറിന്റെ പ്രഖ്യാപനം വെറും തമാശയായി മാത്രമേ കാണാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on Priya vargeese issue
Next Story