Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രശാന്ത് കിഷോറിന്‍റെ...

പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങൾ കോൺഗ്രസിനെ രക്ഷിക്കുമോ?

text_fields
bookmark_border
പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങൾ കോൺഗ്രസിനെ രക്ഷിക്കുമോ?
cancel

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നടത്തിയ സുദീർഘമായ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നു. അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയെ ശക്തിപ്പെടുത്താനും നിയമനിർമാണ സഭകളിൽ അംഗബലം വർധിപ്പിക്കാനുമുള്ള വിശദമായ കർമപദ്ധതി അദ്ദേഹം സോണിയക്കുമുന്നിൽ വെച്ചെന്നാണ് അറിയുന്നത്. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിമുടി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി, നേതൃതലത്തിൽതന്നെ കാര്യമായ അഴിച്ചുപണി വേണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

സോണിയക്കുപകരം, നെഹ്റു കുടുംബത്തിന് പുറത്തുള്ളയാളെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് നിയമിക്കണമെന്നും 1993ൽ, നരസിംഹറാവു പിരിച്ചുവിട്ട പാർട്ടി പാർലമെന്ററി സമിതി പുനഃസ്ഥാപിക്കണമെന്നുമാണ് ഇതിൽ ഏറ്റവും പ്രധാനം. നിലവിൽ പാർലമെന്റിനകത്തും പുറത്തും പാർട്ടിയുടെ മുഖമായി നെഹ്റു കുടുംബത്തിൽനിന്നുള്ളവർ വരുന്നത് ഗുണകരമാവില്ല. പകരം, പാർലമെന്ററി സമിതിയുടെ തലപ്പത്ത് രാഹുലിനെയും പാർട്ടി അധ്യക്ഷസ്ഥാനത്ത് മറ്റൊരാളെയും കൊണ്ടുവന്ന് അകത്തും പുറത്തും ഭരണപക്ഷത്തിനെതിരായ പോരാട്ടം കനപ്പിക്കണമെന്നാണ് പ്രശാന്തിന്റെ പക്ഷം.

സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തി പാർട്ടിയെ കൂടുതൽ ജനാധിപത്യവത്കരിക്കുക, ഒരു കുടുംബത്തിലെതന്നെ ഒന്നിലധികം പേർ തെരഞ്ഞെടുപ്പിനിറങ്ങുന്നത് അവസാനിപ്പിക്കുക, ഏറ്റവും താഴേത്തട്ടിൽ പാർട്ടിയുടെ നയങ്ങളും നിലപാടുകളും എത്തിക്കുന്നതിന് സവിശേഷമായ സോഷ്യൽ മീഡിയ പോളിസി ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ, 2024ൽ ബി.ജെ.പിക്കെതിരായ ഐക്യമുന്നണി എങ്ങനെയായിരിക്കണമെന്നതും പ്രശാന്തിന്റെ കർമരേഖയിൽ പ്രധാനപ്പെട്ടതാണ്. ഇക്കാര്യങ്ങൾ പഠിക്കാൻ സോണിയ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. അടുത്തമാസം, രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിന്റെ പ്രധാന അജണ്ടയും ഇതൊക്കെയായിരിക്കും.

പ്രഫഷനൽ 'തന്ത്രജ്ഞരു'ടെ സാന്നിധ്യം നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ ദൃശ്യമായിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഏതാണ്ട് പത്തു വർഷം മുമ്പ്, പ്രശാന്ത് കിഷോർ 'സിറ്റിസൺസ് ഫോർ അക്കൗണ്ടബ്ൾ ഗവേണൻസ്' (സി.എ.ജി) എന്ന പേരിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണ സംഘമായിരിക്കും ഒരുപക്ഷേ, ഈയിനത്തിലെ ഇന്ത്യയിലെ ആദ്യ കൂട്ടായ്മ. അന്ന് മോദിപക്ഷത്തായിരുന്നു പ്രശാന്ത്. 2012ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ട് വർഷത്തിനുശേഷം നടന്ന ലോക്സഭാ ഇലക്ഷനിലും ബി.ജെ.പി ജയിച്ചുകയറിയത് ഇദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ ബലത്തിലായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഗുജറാത്ത് വംശഹത്യയുടെ കളങ്കങ്ങൾ മായ്ച്ചുകളഞ്ഞ് മോദിയെ പുണ്യപുരുഷനും വികസന നായകനുമാക്കി മാറ്റിയത് പ്രശാന്ത് കിഷോറാണ്. ഇതിനായി ത്രീ ഡി റാലിയും 'ചായ് പേ ചർച്ച'യുമൊക്കെ നടത്തി.

മത്സരിക്കുന്ന പാർട്ടികളുടെ പ്രത്യയശാസ്ത്രങ്ങൾ അപ്രസക്തമാവുകയും പകരം പ്രകടനങ്ങൾ മുഖ്യ പരിഗണനവിഷയമാവുകയും ചെയ്യുന്ന പ്രവണത ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വേരുപിടിക്കുന്നത് ഇങ്ങനെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്ത് സർവം അൽഗോരിതങ്ങൾ നിയന്ത്രിക്കുമെന്ന സ്ഥിതിവിശേഷംകൂടി ആയതോടെ ഈ പ്രവണതക്ക് കനംവെക്കുകയും ചെയ്തു. തുടർന്നാണ്, വിവിധ പാർട്ടികൾ, തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇതുപോലുള്ള 'തന്ത്രജ്ഞരെ'ത്തേടി ഇറങ്ങിയത്. പ്രശാന്ത് കിഷോർതന്നെയായിരുന്നു ഈ മാർക്കറ്റിലെ മൂല്യമേറിയ താരം. അതുകൊണ്ടുതന്നെ, ഏതാണ്ടെല്ലാ പാർട്ടിയും അദ്ദേഹത്തിന്റെ സഹായം തേടി.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം, ബിഹാറിൽ നിതീഷ് കുമാറിനെ അധികാരത്തിലേറ്റിയതും അതുകഴിഞ്ഞ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിപദം സമ്മാനിച്ചതുമെല്ലാം പ്രശാന്ത് കിഷോറിന്റെ അൽഗോരിതങ്ങളാണ്. 2017ൽ, ഉത്തരാഖണ്ഡിലും പഞ്ചാബിലും കോൺഗ്രസിനൊപ്പമായിരുന്നു അദ്ദേഹം; അതേകാലത്തുതന്നെ ആന്ധ്രയിൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെയും ഉപദേശകനായി. അതുകഴിഞ്ഞ്, ബംഗാളിൽ തൃണമൂലിന്റെയും തമിഴ്നാട്ടിൽ ഡി.എം.കെയുടെയും വക്താവായി. ഇങ്ങനെ പല പാർട്ടികൾക്കായി മാറിയും മറിഞ്ഞും മെനഞ്ഞ തന്ത്രങ്ങളൊക്കെയും വിജയകരമായിരുന്നു. 2017ൽ, യു.പിയിൽ കോൺഗ്രസിനുവേണ്ടി നടത്തിയ പ്രചാരണ പദ്ധതികൾ പൊട്ടിപ്പോയതു മാത്രമാണ് ഏക അപവാദം.

ഇന്ത്യയിൽ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും അവകാശപ്പെടാനാവാത്ത റെക്കോഡുമായാണ് പ്രശാന്ത് കിഷോർ സോണിയയെ സമീപിച്ചത്. 'തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാ'യല്ല; മറിച്ച്, പാർട്ടിയിൽ അംഗത്വമെടുക്കാനുള്ള താൽപര്യത്തോടെയാണ് അദ്ദേഹം കോൺഗ്രസ് മേധാവിയെ കണ്ടതെന്ന കാര്യവും ശ്രദ്ധേയമാണ്. നിർദേശങ്ങൾ അംഗീകരിക്കപ്പെടുന്നപക്ഷം പ്രശാന്തിന്റെ പാർട്ടി പ്രവേശനത്തിന് അധികം കാലതാമസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾക്ക് വലിയ സ്വീകാര്യത കൈവരാനും സാധ്യതയുണ്ട്. ആ അർഥത്തിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ച് അതിനിർണായകംതന്നെയാണ്.

അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാണ്: പ്രശാന്തിന്റെ അൽഗോരിതങ്ങൾകൊണ്ട് പരിഹരിക്കപ്പെടാൻ മാത്രം ലളിതമാണോ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ? സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആശയം പാർട്ടിയെ സംബന്ധിച്ച് പുതിയതല്ലല്ലോ. തത്ത്വത്തിൽ എല്ലാവരും അതംഗീകരിക്കുമ്പോഴും പലകാരണങ്ങളാൽ അത് പ്രായോഗികമാകുന്നില്ല എന്നതാണല്ലോ പ്രശ്നം. ഇക്കാര്യത്തിലൊന്നും പ്രശാന്തിന് കൃത്യമായ നിർദേശങ്ങളില്ല. ഫാഷിസത്തിന്റെ കെടുതികളെ നേരിടാനുള്ള രാഷ്ട്രീയ പ്രതിരോധങ്ങൾക്കു പകരം, ഫാഷിസത്തിന്റെ വക്താക്കൾതന്നെ നേരത്തേ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഗിമ്മിക്കുകൾ തന്നെയാണ് പ്രശാന്തിന്റെ ആവനാഴിയിലുമുള്ളതെന്നതും മറന്നൂകൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialPrashanth Kishore
News Summary - Madhyamam Editorial on Prashanth Kishore discussion with Congress
Next Story