ഏകപക്ഷീയമായ ഭീകരമുദ്ര
text_fieldsഅത്യന്താധുനിക ആയുധങ്ങളുടെ പിൻബലത്തോടെ മൂന്നു ലക്ഷത്തിലധികം വരുന്ന സൈനികരെ സുസജ്ജമാക്കി ഫലസ്തീൻ ജനതയുടെ നിശ്ശേഷ ഉന്മൂലനത്തിനായി കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണ് ഇസ്രായേലിലെ നെതന്യാഹു സർക്കാർ. 23 ലക്ഷം വരുന്ന ഗസ്സ നിവാസികളുടെമേൽ ചെന്നായക്കൂട്ടം ചാടിവീണ് അവസാനത്തെ കുഞ്ഞിന്റെയും കഥകഴിക്കാൻ സാധ്യമായതെല്ലാം ജൂതപ്പട ചെയ്യുമെന്നുറപ്പ്. വെള്ളവും വൈദ്യുതിയും വൈദ്യസഹായവും തീർത്തും നിഷേധിക്കപ്പെട്ടവരുടെ നേരെ സകല അന്താരാഷ്ട്രീയ ധാരണകളും വിലക്കുകളും കാറ്റിൽപറത്തി ഇസ്രായേൽ നടത്തുന്നതും നടത്താനിരിക്കുന്നതുമായ പൈശാചിക ചെയ്തികൾക്ക് ഭീകരത എന്ന പേരില്ല, അതിലേർപ്പെട്ടവർ ആത്മരക്ഷക്കുവേണ്ടി പൊരുതുന്ന വെറും സമാധാനപ്രേമികൾ മാത്രം. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂനിയനും ലോകത്തെങ്ങുമുള്ള അവരുടെ ശിങ്കിടികളും ചേർന്ന് സൃഷ്ടിച്ചെടുത്ത ഈ സമവാക്യത്തിലെ ഭീകരരും മനുഷ്യത്വത്തിന്റെ ശത്രുക്കളും ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് മാത്രം.
ഫലസ്തീന്റെ അസ്തിത്വത്തെ താത്ത്വികമായി അംഗീകരിക്കുന്നു എന്നവകാശപ്പെടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വരെ ഈ സമവാക്യത്തിലാണ് പിടിച്ചുതൂങ്ങുന്നത്. അല്ലെങ്കിലും 2001 സെപ്റ്റംബർ 11ൽ ഉസാമ ബിൻലാദിന്റെ അൽഖാഇദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ‘ഇസ്ലാമിക ഭീകരത’ എന്നു പേരിട്ട പ്രതിഭാസത്തിനെതിരെയാണല്ലോ യു.എസ് നേതൃത്വത്തിൽ മുഴുവൻ ലോകരാജ്യങ്ങളുടെയും പോരാട്ടം. തീവ്രവാദമോ ഭീകരതയോ വ്യക്തമായും കൃത്യമായും നിർവചിക്കാതെ ഒരു പ്രത്യേക സമുദായത്തെ മാത്രം വ്യാജ വാർത്തകളെ ആധാരമാക്കി ഭീകരമുദ്ര കുത്തി വേട്ടയാടുന്നതാണ് ലോകവ്യാപകമായി നടക്കുന്നതെന്ന് പറയാതെവയ്യ. ഏറ്റവുമൊടുവിൽ ഇസ്രായേലിൽ ഹമാസ് കുട്ടികളുടെ തലയറുക്കുന്ന ചിത്രങ്ങൾ താൻ കണ്ട് ബോധ്യപ്പെട്ടതാണെന്ന് തട്ടിവിട്ട യു.എസ് പ്രസിഡന്റ് ജോ ബൈഡനെപ്പോലുള്ള ഒരു രാഷ്ട്രത്തലവൻ മണിക്കൂറുകൾക്കകം സംഭവം അവാസ്തവമാണെന്ന് തിരുത്തേണ്ടിവന്നതോടെ ഹമാസ് വിരുദ്ധ പ്രചാരണം എത്ര അവാസ്തവികവും ആസൂത്രിതവുമായാണ് നടക്കുന്നതെന്ന് പകൽവെളിച്ചംപോലെ വ്യക്തമാണ്.
ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസ് ചെയ്യുന്നതിനെയെല്ലാം വെള്ളപൂശുകയോ അവരുടെ ചെയ്തികളെ വിവേചനരഹിതമായി ന്യായീകരിക്കുകയോ അല്ല. പക്ഷേ, നൂറുശതമാനവും അക്രമപരമായും നീതിരഹിതമായും സ്വഭവനങ്ങളിൽനിന്നും സ്വന്തം ഭൂമിയിൽനിന്നും ബലാൽക്കാരമായി കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീൻ ജനതയെ അവർക്കായി ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തിയ അതിരുകളിൽനിന്നുപോലും ആട്ടിപ്പായിച്ച കൊടുംക്രൂരത ഭീകരതയല്ലേ? സമാധാന പുനഃസ്ഥാപനത്തിനെതിരെയുള്ള എല്ലാ പരിഹാരനിർദേശങ്ങളും കരാറുകളും സയണിസ്റ്റുകൾ ധിക്കാരപൂർവം തള്ളിക്കളഞ്ഞതിനെ തുടർന്ന് 1987ൽ നിലവിൽവന്ന ചെറുത്തുനിൽപ് പ്രസ്ഥാനമാണ് ഹമാസ് എന്ന സത്യത്തിനുനേരെ കണ്ണടക്കുകയാണ് ലോകം. അതുവരെ യാസിർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പി.എൽ.ഒ സാക്ഷാൽ അമേരിക്കയുടെ കാർമികത്വത്തിൽ ഒപ്പിട്ട എല്ലാ ഉഭയകക്ഷി കരാറുകളും ഇസ്രായേൽ കാറ്റിൽപറത്തുകയായിരുന്നു. 1967ലെ യുദ്ധത്തിൽ ജൂതരാഷ്ട്രം പിടിച്ചെടുത്ത അറബ് പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയങ്ങൾക്ക് ഇസ്രായേൽ പുല്ലുവില കൽപിച്ചില്ല. ഇസ്രായേൽതന്നെ ഫലസ്തീൻകാർക്ക് അനുവദിച്ച ഈസ്റ്റ് ജറൂസലമിലെ 13 ച. കിലോമീറ്റർ സ്ഥലത്തുനിന്ന് അവരെ ദിനേന കൊന്നുതീർക്കുന്ന ഷെഡ്യൂൾ ജൂതപ്പട്ടാളം നടപ്പാക്കിത്തുടങ്ങുകയും ലോക മുസ്ലിംകളുടെ പുണ്യ ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ ജൂതകൈയേറ്റം പതിവാക്കുകയും ചെയ്തപ്പോഴാണ് ഹമാസിന്റെ ഓപറേഷൻ എന്നത് മറന്നിട്ട് കാര്യമില്ല. സായുധ ചെറുത്തുനിൽപ് ഹമാസ് പുതുതായി തുടങ്ങിവെച്ചതുമല്ല. അറുപതുകളിൽ കലർപ്പില്ലാത്ത മാർക്സിസ്റ്റായ ഡോ. ജോർജ് ഹബശ് മാർക്സിസം-ലെനിനിസം സൈദ്ധാന്തിക അടിത്തറയായി അംഗീകരിച്ച്, പോപുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീന് (പി.എഫ്.എൽ.പി) രൂപംനൽകിയതോടെയാണ് ഫലസ്തീന്റെ വിമോചനത്തിനായുള്ള സായുധപോരാട്ടം ആരംഭിക്കുന്നത്. വിമാനറാഞ്ചലിലൂടെ ചരിത്രം സൃഷ്ടിച്ച ലൈല ഖാലിദ് പി.എഫ്.എൽ.പി പോരാളിയായിരുന്നു. ഇത്തരം ചരിത്രവസ്തുതകൾ പാടെ വിസ്മരിച്ചുകൊണ്ടാണ് ഇടതുപക്ഷത്തെ ചില പ്രമുഖർപോലും ഹമാസിന് ഭീകരമുദ്ര ചാർത്താൻ ധിറുതിപ്പെടുന്നത്.
നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും മറ്റു സിവിലിയന്മാരും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന ഖാദുകസംഭവങ്ങൾ ആരുടെ ഭാഗത്തുനിന്നായാലും ന്യായീകരിക്കുകയോ നീതീകരിക്കുകയോ ചെയ്തുകൂടാ. വിശിഷ്യ യുദ്ധത്തിൽപോലും സ്ത്രീകളെയോ കുട്ടികളെയോ സാധാരണ മനുഷ്യരെയോ പുരോഹിതന്മാരെയോ വധിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന ഒരു ജീവിതദർശനത്തിൽ വിശ്വസിക്കുന്നവരെന്ന് അവകാശപ്പെടുന്നവരാണ് ഹമാസ്. ഒടുവിലത്തെ അവരുടെ ഓപറേഷനിൽ ആ തത്ത്വം ലംഘിക്കപ്പെട്ടുവെങ്കിൽ തീർച്ചയായും അതപലപിക്കപ്പെടണം. പക്ഷേ, അതിനേക്കാൾ ഖാദുകമായ ക്രൂരതകൾ സ്ഥിരം പരിപാടിയാക്കിയ ഒരു ഭരണകൂടത്തിനും അവരോടൊപ്പം നിൽക്കുന്നവർക്കും ഏകപക്ഷീയമായ ന്യായീകരണത്തിന് ന്യായമേതുമില്ല. ദ്വിരാഷ്ട്ര നിർദേശം അംഗീകരിച്ച് മേഖലയെ ഹിംസമുക്തമാക്കാനും അതിന്റെ മുന്നോടിയായി മനുഷ്യക്കുരുതി അവസാനിപ്പിക്കാനും ഇരുപക്ഷത്തെയും പ്രേരിപ്പിക്കുകയാണ് യു.എന്നും വൻശക്തികളും സുഹൃദ്രാഷ്ട്രങ്ങളും ചെയ്യേണ്ടത്. പ്രത്യക്ഷത്തിൽതന്നെ അനീതിപരമായ ഏതു നടപടിയും സ്ഥിതി പൂർവാധികം വഷളാക്കുകയേ ചെയ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

