'ന്യൂ നോർമൽ' ആവുന്ന വംശഹത്യാഹ്വാനങ്ങൾ
text_fieldsകഴിഞ്ഞ ഡിസംബറിൽ 'ധർമ സൻസദ്' എന്ന പേരിൽ ഉത്തരാഖണ്ഡിലെ ക്ഷേത്രനഗരിയായ ഹരിദ്വാറിലും ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിലും നടന്ന ഹിന്ദുത്വ ഒത്തുചേരലുകളിൽ ഉയർന്ന മുസ്‍ലിംവിരുദ്ധ വംശഹത്യ ആഹ്വാനം രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളെ മാത്രമല്ല, മതേതര മനഃസാക്ഷിയെ മുഴുവൻ ഞെട്ടിച്ചിരുന്നു. രക്തത്തിനായുള്ള ഈ മുറവിളിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ സൈനിക മേധാവികളും സിവിൽ സർവിസ് ഉദ്യോഗസ്ഥരും ബുദ്ധിജീവികളും രംഗത്തുവരുകയും അവരിൽ ചിലർ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ചെയ്തു. ഹരിദ്വാറിൽ ആഹ്വാനം മുഴക്കിയവരിലെ പ്രധാനി യതി നർസിംഗാനന്ദിനെയും റായ്പുരിലെ പ്രസംഗകനായിരുന്ന കാളി ചരൺ മഹാരാജിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
നർസിംഗാനന്ദിന് വൈകാതെ ജാമ്യം ലഭിച്ചു എന്നു മാത്രമല്ല, ജാമ്യവ്യവസ്ഥകളെല്ലാം ലംഘിച്ച് കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്തു വന്ന് വിദ്വേഷ പ്രസംഗം നടത്തുന്നതിനും തടസ്സമൊന്നുമുണ്ടായില്ല. അതൊന്നുമിപ്പോൾ പൊതു സമൂഹത്തെ അലോസരപ്പെടുത്തുന്നില്ല. രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ ബഹുമാന്യരായ ചില എം.പിമാർ തയാറായതുതന്നെ വലിയ ആശ്വാസം. ഈ മാസം മൂന്നിന് വടക്കുകിഴക്കൻ ഡൽഹിയിലെ ബുരാരിയിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിന് അനുമതി നൽകിയിരുന്നില്ല എന്നാണ് ഡൽഹി പൊലീസ് അധികൃതർ വ്യക്തമാക്കുന്നത്. വർഗീയ വിദ്വേഷ പ്രസംഗങ്ങളും കൊലവിളികളും നടത്തിയതിന്റെ പേരിൽ നേരത്തേയും പ്രതിപ്പട്ടികയിൽ വന്ന വ്യക്തികളും സംഘടനകളും അനുമതിയില്ലാതെ ഒത്തുചേർന്ന് തീക്കളി ആവർത്തിക്കുമ്പോൾ ഒരു തടസ്സവാദവും പറയാൻ കൂട്ടാക്കാതിരുന്ന പൊലീസ് അവിടെ അക്രമത്തിനിരയായ മാധ്യമപ്രവർത്തകരെയാണ് പഴിപറയുന്നത്.
ഹരിദ്വാർ ആഹ്വാനശേഷം രാജ്യത്ത് നടമാടിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത് അതൊരു നാന്ദിയായിരുന്നുവെന്നാണ്. 2014ലെ ഭരണമാറ്റത്തിനു ശേഷം ശക്തമായ വർഗീയ ധ്രുവീകരണവും ന്യൂനപക്ഷ അപരവത്കരണവും അടുത്ത ഘട്ടത്തിലേക്ക് മാറുന്നതിനുള്ള നാന്ദി. ഹിജാബ് അണിഞ്ഞെത്തിയ വിദ്യാർഥിനികളെയും അധ്യാപികമാരെയും വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പുറത്താക്കാനും പൊതുവഴിയിൽ നിർത്തി ശിരോവസ്ത്രവും മേൽകുപ്പായവുമുരിയിക്കാനും 'കശ്മീർ ഫയൽസ്' സിനിമയുടെ പ്രദർശന ശേഷം രാജ്യത്തങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ മുസ്‍ലിം രക്തത്തിനായി മുറവിളിയുയർത്താനുമെല്ലാം വലതുപക്ഷ വർഗീയസംഘങ്ങൾ ഹരിദ്വാർ സൻസദിൽനിന്ന് ഊർജം കണ്ടെത്തി.
റമദാൻ മാസം തുടങ്ങും മുമ്പുതന്നെ പള്ളികളിൽനിന്നുയരുന്ന ബാങ്ക് വിളിക്കും അവിടുത്തെ ലൗഡ് സ്പീക്കർ ഉപയോഗത്തിനുമെതിരെ തുടങ്ങിയ വിദ്വേഷ പ്രചാരണം ഇപ്പോൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. പലയിടത്തും അനൗദ്യോഗികമായി ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്തു, മറ്റു ചിലയിടങ്ങളിൽ പ്രശ്നങ്ങളൊഴിവാക്കാൻ പള്ളി പരിപാലകർതന്നെ അവയുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു.
ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറഞ്ഞും സ്ഥാപകരുടെ മുസ്‍ലിം പശ്ചാത്തലം ചൂണ്ടിക്കാണിച്ചും രാജ്യത്തെ പ്രസിദ്ധ സംരംഭങ്ങളായ 'ഹിമാലയ'ക്കും ഹംദർദിനും മറ്റുമെതിരെ ആരംഭിച്ച ബഹിഷ്കരണാഹ്വാനം ഭക്ഷണപാക്കറ്റിലെ അറബി വിവരണത്തിന്റെ പേരിൽ ഹൽദിറാംസിനെതിരെ പോലും വ്യാപിപ്പിച്ചിരിക്കുന്നു. ഹിന്ദുത്വരുടെ ആത്മീയ വ്യവസായ പങ്കാളികളായ ബാബാ രാംദേവിന്റെയും രവിശങ്കറിന്റെയും ഭക്ഷ്യ-ഔഷധ വ്യവസായ സംരംഭങ്ങൾക്കും ഇതേ ഏജൻസികളിൽനിന്നുള്ള ഹലാൽ സർട്ടിഫിക്കറ്റും അറബിയിലുള്ള ഉൽപന്ന വിവരണങ്ങളുമുണ്ട് എന്നതൊന്നും ഇവർക്ക് വിഷയമല്ല തന്നെ.
കർണാടകയിൽ പഴക്കച്ചവടക്കാർക്കെതിരെയും ആഹ്വാനം വന്നിരിക്കുന്നു- പഴങ്ങളുടെ കച്ചവടക്കുത്തക മുസ്‍ലിംകൾ കൈയടക്കിവെച്ചിരിക്കുന്നുവെന്നും അത് തകർക്കാൻ അവരെ ഉപേക്ഷിച്ച് ഹിന്ദു വ്യാപാരികളിൽനിന്നുമാത്രം വാങ്ങണമെന്നുമാണ് ആവശ്യം. ഹിന്ദു ജനജാഗരൻ സമിതി എന്ന സംഘടന പറഞ്ഞു പഴകിയ തുപ്പൽ ജിഹാദ് ആരോപണവും അതിനൊപ്പം ചേർക്കുന്നുണ്ട്. കർണാടകയിൽ ഉഗാദി ആഘോഷങ്ങൾക്ക് മുസ്‍ലിം കച്ചവടക്കാരിൽനിന്ന് മാംസം വാങ്ങരുതെന്ന് സംഘ്പരിവാർ പരസ്യമായ നിർദേശം നൽകിയപ്പോൾ നവരാത്രി ആഘോഷം പ്രമാണിച്ച് പത്തു ദിവസത്തേക്ക് മാംസ വിൽപന നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത് ദക്ഷിണ ഡൽഹി മേയർ നേരിട്ടാണ്. രാജ്യത്തെ എല്ലാ നാടുകളിൽനിന്നുമുള്ള വ്യത്യസ്തവിശ്വാസങ്ങളും ഭക്ഷണശീലങ്ങളും പിൻപറ്റുന്ന ആളുകൾ പാർക്കുന്ന നഗരത്തിൽ 'ജനങ്ങൾക്ക്' മാംസം ആവശ്യമില്ല എന്ന് മേയറും അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനരും തീരുമാനിച്ചിരിക്കുകയാണ്. മൈതാനങ്ങളിലും സമ്മേളന നഗരികളിലും നടക്കുന്ന വിദ്വേഷ ഭാഷണങ്ങളുടെ പതിന്മടങ്ങ് മാരക ശേഷിയോടെയാണ് സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം.
ഒന്നും രണ്ടും മൂന്നും തരംഗങ്ങൾക്കും പുതിയ വൈറസ് വകഭേദങ്ങളുടെ വരവിനും ശേഷം എന്തും നേരിടാൻ തയാറെടുത്ത് കോവിഡിനൊപ്പം 'ന്യൂ നോർമൽ' ജീവിതം നയിക്കാൻ ലോകം തീരുമാനിച്ചതുപോലെ ഹിന്ദുത്വ വർഗീയ വൈറസിന്റെ പുതുതരംഗങ്ങൾക്കിടയിൽ വംശഹത്യ- ബഹിഷ്കരണ ആഹ്വാനങ്ങൾ ന്യൂ നോർമൽ എന്ന് കണക്കാക്കി സദാ ഭീതിയുടെ നിഴലിൽ ജീവിക്കണമെന്നാണോ വിദ്വേഷ വാദികൾ മതേതര ഇന്ത്യയോട് പറഞ്ഞുവെക്കുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

