Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനെതന്യാഹുവിന്‍റെ...

നെതന്യാഹുവിന്‍റെ ജുഡീഷ്യൽ പരിഷ്‌കാരങ്ങൾ

text_fields
bookmark_border
നെതന്യാഹുവിന്‍റെ ജുഡീഷ്യൽ പരിഷ്‌കാരങ്ങൾ
cancel


1948ൽ ജന്മംകൊണ്ട ഇസ്രായേൽ രാഷ്ട്രം പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ഒരുങ്ങവെ, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ 27 വർഷക്കാലത്തെ 15 വർഷവും പ്രധാനമന്ത്രിയായ ബിന്യമിൻ നെതന്യാഹു ഇപ്പോൾ നേരിടുന്നത് ആഭ്യന്തര പ്രതിസന്ധിയാണ്. അതും മധ്യപൗരസ്ത്യദേശത്തെ ‘ഏകാധിപത്യ ഇരുട്ടറ’യിൽ ജനാധിപത്യത്തിന്റെ രജത രേഖയായി വാഴ്ത്തപ്പെട്ടിരുന്ന ജൂതരാഷ്ട്രത്തിന്റെ ‘ജനാധിപത്യം’ തന്നെ അപകടത്തിലാവുന്നതുമായി ബന്ധപ്പെട്ട ഒന്ന്.

ഏതാനും ദിവസങ്ങളായി ഇസ്രായേൽ തെരുവുകളിൽ നെതന്യാഹു ഭരണകൂടത്തിന്‍റെ ജുഡീഷ്യൽ പരിഷ്കരണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ അലയടിക്കുകയാണ്​. പ്രതിഷേധക്കാർ തെൽ അവീവിലേക്കുള്ള പ്രധാന ഹൈവേ തടയുകയും തെരുവിൽ തീ കൊളുത്തുകയും തലസ്ഥാനമായ ജറൂസലമിലെ നെതന്യാഹുവിന്‍റെ വീട് ഉപരോധിച്ച് പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിപക്ഷം പ്രതിഷേധങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും പ്രത്യേക രാഷ്ട്രീയ മുദ്രകളില്ലാത്തവരാണ് ഭൂരിഭാഗവും. അതിൽ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ്‌ യൂനിയനും ദേശീയ വിദ്യാർഥി-യുവജന യൂനിയനുംപെടും. 60 ശതമാനം ജനങ്ങളും സർക്കാറിന്‍റെ നീക്കത്തിനെതിരാണെന്നാണ് പറയപ്പെടുന്നത്. പുതിയ നിയമത്തിനെതിരെ ഭിന്നാഭിപ്രായം പറഞ്ഞ പ്രതിരോധമന്ത്രി യോആവ് ഗാലാന്‍റിനെ നെതന്യാഹു പുറത്താക്കിയതോടെ പ്രതിഷേധം കനക്കുകയാണ് ചെയ്തത്. പ്രധാന വിമാനത്താവളം മുതൽ കടകളും ബാങ്കുകളും വരെ അടഞ്ഞുകിടന്നു. പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ഇത് രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നു പറഞ്ഞതും വെറുതെയല്ല. പ്രതിഷേധങ്ങളുടെ ചൂടറിഞ്ഞ് തൽക്കാലം പരിഷ്കരണങ്ങൾ മരവിപ്പിക്കുകയാണെന്നും കൂടുതൽ ചർച്ചകൾക്ക് സന്നദ്ധമാണെന്നും അറിയിച്ചുകൊണ്ട് നെതന്യാഹു തൽക്കാലം പ്രശ്നം ശമിപ്പിച്ചിരിക്കുകയാണ്. എന്നാൽ, പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത് നിയമഭേദഗതി മാറ്റിവെക്കുകയല്ല, പൂർണമായി റദ്ദാക്കുകയാണ് വേണ്ടത് എന്നാണ്​. ഇടവേളക്കുശേഷം ഏപ്രിൽ അവസാനം പാർലമെന്‍റ്​ വീണ്ടും സമ്മേളിക്കുമ്പോൾ മാത്രമേ ഇനിയെന്ത് എന്ന് മനസ്സിലാവുകയുള്ളൂ.

ജുഡീഷ്യറിയുടെ അധികാരത്തിന്റെ ചിറകരിയുന്ന പരിഷ്കരണങ്ങളാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന നിലവിലെ ഒമ്പതംഗ സമിതിയുടെ ഘടനക്കുപകരം അതിൽ സർക്കാറിന് മേൽക്കൈ ലഭിക്കുംവിധം മാറ്റുന്നതാണ് ഇതിൽ പ്രധാനം. ലിഖിത ഭരണഘടന നിലവിലില്ലാത്ത ഇസ്രായേലിൽ വിവിധ വിഷയങ്ങളിലെ വ്യത്യസ്ത നിയമങ്ങളുടെ സംഘാതമാണ് അടിസ്ഥാന നിയമം (ബേസിക് ലോ) എന്നറിയപ്പെടുന്ന നിയമവ്യവസ്ഥ. ഒരു അടിസ്ഥാന നിയമത്തിന്‍റെ സാധുത പരിശോധിക്കാൻ കോടതിക്കുള്ള അധികാരം നിർദിഷ്ട ഭേദഗതിയോടെ ഇല്ലാതാവും. പൊതുവെ ഇടതുപക്ഷ ചായ്‌വ് കാട്ടുന്നു എന്ന് നിലവിലെ ഭരണകൂടം ആരോപിക്കുന്ന സുപ്രീംകോടതിയെയും കീഴ്കോടതികളെയും വരുതിയിലാക്കാൻ ആറ് തീവ്ര വലതുപക്ഷ കക്ഷികളുടെ സഖ്യസർക്കാർ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കീഴ്കോടതികളിലും ഉന്നത കോടതിയിലേതിനു സമാനമായി സമിതികളാണ് നിയമനങ്ങൾ നടത്തുന്നത്. പരിഷ്കരണങ്ങൾക്കെതിരെ അറ്റോണി ജനറൽ ഗാലി മഹ്‌റവ് മിയാറ തന്നെ നെതന്യാഹുവിന് മുമ്പാകെ തടസ്സവാദങ്ങൾ ഉയർത്തിയതായി റിപ്പോർട്ടുണ്ട്​. എന്നാൽ, ഒരു പ്രധാനമന്ത്രിയെ സ്ഥാനത്തിന് അയോഗ്യനായി പ്രഖ്യാപിക്കാൻ അറ്റോണി ജനറലിനുള്ള അധികാരം എടുത്തുകളയുന്ന വകുപ്പ്​ ഇതിനകം പാർലമെന്‍റിനു മുന്നിലെത്തിയിട്ടുണ്ട്​. നിയമം പാസായാൽ സുപ്രീംകോടതി ഉത്തരവുകൾ പാർലമെന്‍റിനു കേവല ഭൂരിപക്ഷത്തോടെ മറികടക്കാം. പ്രധാനമന്ത്രി അധികാരത്തിൽ തുടരാൻ അർഹനല്ല എന്ന് കോടതിക്ക്​ പ്രഖ്യാപിക്കാനും പ്രയാസമാകും. അങ്ങനെ കോടതികൾ ‘പരിധി വിട്ടു’ പ്രവർത്തിക്കുന്നത് തടയുകയാണ് നെതന്യാഹുവിന്‍റെ ലക്ഷ്യം. അഴിമതിക്കുറ്റത്തിന് വിചാരണ കോടതി ശിക്ഷിച്ച ഒരു ഭരണാധികാരി നിയമ ലംഘനങ്ങൾക്കുശേഷം കളിനിയമങ്ങൾ മാറ്റിയെഴുതുന്ന ഈ നടപടിക്കെതിരെ ജനരോഷമുയർന്നത് സ്വാഭാവികം. നെതന്യാഹുവിന്‍റെ സഖ്യകക്ഷികളാകട്ടെ, ഭേദഗതികൾ എന്തു വിലകൊടുത്തും നടപ്പിലാക്കിയേ തീരൂ എന്നു വാശിപിടിക്കുന്നുണ്ട്​.

എക്‌സിക്യൂട്ടിവ്-ജുഡീഷ്യറി വേർതിരിവിൽ ഭരണകൂടത്തിന് കൃത്യമായി മേൽക്കൈ ലഭിക്കുന്നതും ജുഡീഷ്യറിയെ നോക്കുകുത്തിയാക്കുന്നതുമായ നിയമഭേദഗതികളാണ് ഇസ്രായേൽ ഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമല്ല, ഇസ്രായേലിലെ അറബ് ജനസംഖ്യയും അവരുമായി ചേർന്നുനിൽക്കുന്ന ഫലസ്തീൻ ഭൂമിയിലെ കുടിയേറ്റങ്ങളുമായുമൊക്കെ ബന്ധപ്പെട്ട വിഷയങ്ങളിലും പലപ്പോഴും ഇസ്രായേലി കോടതികൾ സർക്കാറിനെതിരെ വിധികളും നിരീക്ഷണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നെതന്യാഹു, മുൻ പ്രധാനമന്ത്രിയും തെൽ അവീവ് മേയറുമായ യഹൂദ് ഒൽമെർട്ട്‌ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളിൽ ശിക്ഷാവിധികളും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഭരണകൂടത്തെ നിയന്ത്രിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ്​ നെതന്യാഹു സർക്കാർ ഉന്നംവെക്കുന്ന ഭേദഗതികളുടെ ലക്ഷ്യം. ലോകത്തെ ജനാധിപത്യമര്യാദകളെയെല്ലാം കാറ്റിൽപറത്തി അവിഹിതമായ രീതിയിൽ ജന്മമെടുത്ത ഇസ്രായേൽ അകത്തുനിന്നുതന്നെ ജനാധിപത്യത്തിന്‍റെ പേരിൽ പ്രതിഷേധങ്ങളെ നേരിടേണ്ടിവരുന്നു എന്നത്​ കൗതുകകരമാണ്​. അവിടത്തെ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നവർ പാശ്ചാത്യലോകത്തും ഇന്ത്യയിൽ തന്നെയുമുണ്ട്. എക്സിക്യൂട്ടിവിന് പ്രാഥമ്യം നേടാനുള്ള തീവ്ര വലതുപക്ഷ സയണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ തടയുന്നതിൽ ഇസ്രായേൽ ജനത എത്രത്തോളം വിജയിക്കുമെന്നാണ്​ ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ജുഡീഷ്യറിയുടെ ചിറകരിയാൻ ഒളിഞ്ഞുംതെളിഞ്ഞുമുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കെ വിശേഷിച്ചും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on nethnahyu
Next Story