ഈ സമരം പടരട്ടെ
text_fieldsകഴിഞ്ഞ ദിവസം കേരള നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്നത് ഉജ്വലമായൊരു സമരമായിരുന്നു. രാജ്യത്തെ സർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാരെക്കൂടി സംഘടിപ്പിച്ചുള്ള കൺവെൻഷനായിരുന്നു അത്. യു.ജി.സി കരട് ചട്ടങ്ങളുടെ അപകടം ഇതിനകംതന്നെ എൻ.ഡി.എ ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ഉയർത്തിക്കാണിക്കുകയും പലവിധത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരട് യു.ജി.സി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും വിശദ ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ പുതിയ റെഗുലേഷന് രൂപംനൽകണമെന്നും ആവശ്യപ്പെട്ട് ജനുവരി അവസാനവാരം കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. സമാനമായ പല സമരങ്ങൾ മറ്റു സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്. എന്നാൽ, വിഷയത്തിൽ വിയോജിപ്പുള്ളവരെ മുഴുവൻ ചേർത്തുപിടിച്ച് സംയുക്തമായൊരു സമരത്തിന് നേതൃത്വം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാറും ഉന്നതവിദ്യാഭ്യാസ വകുപ്പും. ബ്രൂവറി വിഷയത്തിലും സംരംഭകത്വ നയത്തിലുമെല്ലാം സംസ്ഥാന സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന പ്രതിപക്ഷമാകട്ടെ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സമരത്തിന്റെ ഭാഗമാവുകകൂടി ചെയ്തതോടെ തീർത്തും മാതൃകാപരമായൊരു സമരവേദിയായി അത് മാറി. നേരത്തേ, കർണാടക സർക്കാർ ബംഗളൂരുവിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ തുടർച്ചയായിട്ടാണ് കേരളത്തിന്റെ കൺവെൻഷൻ. കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലുവും തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവിന്ദ ചെഴിയനും തങ്ങളുടെ സംസ്ഥാനങ്ങളിൽ സമാനമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അഥവാ, യു.ജി.സി റെഗുലേഷനെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങൾ പുതിയൊരു സമരമുറ ആവിഷ്കരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുംവിധത്തിൽ കേന്ദ്രഭരണം ഏകപക്ഷീയമായി മുന്നോട്ടുപോകുമ്പോൾ, ഇത്തരം സമരങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.
സർവകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ യു.ജി.സി വഴി കേന്ദ്രഭരണകൂടത്തിന് കൂടുതൽ അധികാരങ്ങൾ കൈവരുന്നുവെന്നതാണ് കരട് റെഗുലേഷന്റെ ഏറ്റവും വലിയ അപകടമായി പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വി.സി നിയമനത്തിന്റെ കാര്യംതന്നെയെടുക്കുക: വി.സിമാരുടെ നിയമനത്തിനുള്ള സർച് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരണത്തിനുള്ള അധികാരം സംസ്ഥാന സർക്കാറിൽനിന്ന് യു.ജി.സിക്ക് കൈമാറാനാണ് റെഗുലേഷനിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. ഇപ്പോൾതന്നെ, ഇക്കാര്യത്തിൽ സംസ്ഥാന താൽപര്യങ്ങളെ മറികടന്ന് ഗവർണറെ ഉപയോഗപ്പെടുത്തി കേന്ദ്രം എങ്ങനെയെല്ലാം സർവകലാശാല ഭരണത്തിൽ ഇടപെടുന്നുവെന്ന് കേരളം പലകുറി കണ്ടതാണ്. എന്നല്ല, ഇത്തരം ഇടപെടലുകൾ സൃഷ്ടിച്ച അനിശ്ചിതത്വങ്ങളിലാണ് സംസ്ഥാനത്തെ ഏതാണ്ടെല്ലാ സർവകലാശാലകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ, അധികാരം പ്രത്യക്ഷത്തിൽതന്നെ കേന്ദ്രത്തിന് ലഭിച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന സർക്കാറുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സർവകലാശാലകളുടെ ഭരണപരമായ ഉത്തരവാദിത്തം അതത് സർക്കാറുകൾക്കുതന്നെ നൽകുക എന്നതാണ് സാമാന്യ മര്യാദ. അക്കാദമിക മേഖലയിലും സമാനമായ കൈകടത്തലുകൾ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ പുനഃചിന്തനം വേണമെന്ന മിനിമം ആവശ്യമാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത്തരം കൺവെൻഷനുകളിലൂടെയും കോൺക്ലേവുകളിലൂടെയുമെല്ലാം ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്. അക്കാദമിക യോഗ്യതകളില്ലാത്തവരെ വി.സിയാക്കരുത്, സർവകലാശാലകളുടെ സ്വയംഭരണം വെട്ടിക്കുറക്കരുത്, അധ്യാപക നിയമനത്തിൽ സ്വജനപക്ഷപാതത്തിനും അക്കാദമിക നിലവാരം ഇടിയുന്നതിനും കാരണമായേക്കാവുന്ന നിർദേശങ്ങൾ എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങളും കേരളം അവതരിപ്പിച്ച പ്രമേയത്തിൽ വായിക്കാം. മറ്റൊരർഥത്തിൽ, രാജ്യത്തെ സർവകലാശാലകളുടെ ഈ കൺവെൻഷനെ ഒരു സമരമായി വായിക്കുമ്പോൾ അതിന്റെ രാഷ്ട്രീയമാനവും പ്രാധാന്യവും പിന്നെയും വിപുലമാകും. ഇതാദ്യമായല്ല കേരളം ഇത്തരമൊരു സമരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ പ്രതിഷേധ കോൺക്ലേവിനും കേരളം വേദിയൊരുക്കിയിരുന്നു. 16ാം ധനകാര്യ കമീഷൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തുമ്പോഴായിരുന്നു അത്. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥക്കെതിരെയായിരുന്നു ആ സമരം. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെ കേന്ദ്രം ‘സാമ്പത്തിക ഉപരോധം’ ഏർപ്പെടുത്തുന്ന പ്രവണതയെ ഒരുപരിധിവരെ തുറന്നുകാട്ടാൻ പ്രസ്തുത കോൺക്ലേവിലൂടെ സാധിച്ചു. സാമ്പത്തിക ഉപരോധത്താൽ, സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാത്ത സാഹചര്യത്തിലാണ് അത്തരമൊരു സമര സംഘാടനത്തിന് കേരളത്തെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സംസ്ഥാനത്തുനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണത്തിലെ വിഹിതം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു. പത്താം ധനകാര്യ കമീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന വിഹിതം പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലത്തെത്തിയപ്പോൾ 1.92 ആയി കുറഞ്ഞു. കേന്ദ്ര ധന കമീഷൻ പ്രാദേശിക സർക്കാറുകൾക്ക് അനുവദിക്കുന്ന ഗ്രാന്റിലും കടുംവെട്ട് നടത്തി. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനത്തിൽനിന്ന് 2.68 ശതമാനമായി കുറഞ്ഞിരിക്കുന്നു. സമാനമാണ് മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളുടെയും കാര്യം. ഇത് കൂട്ടായൊരു പ്രതിഷേധമായി ഉയർത്തിക്കൊണ്ടുവരാൻ അവർക്കായി. അതേ നീക്കംതന്നെയാണ് യു.ജി.സി റെഗുലേഷന് എതിരായ സമരത്തിലുമുണ്ടായിരിക്കുന്നത്. തീർച്ചയായും, ഈ നീക്കങ്ങൾ കേന്ദ്രത്തെ അൽപം അസ്വസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണല്ലോ, ഗവർണറുടെ അപ്രതീക്ഷിത ഇടപെടൽ കൺവെൻഷനുനേരെയുണ്ടായത്. അതെന്തായാലും, ഇത്തരം കൺവെൻഷനുകൾ പുതിയൊരു സമരമുറക്കും ജനാധിപത്യ-മതേതര കക്ഷികളുടെ ഐക്യത്തിനുമാണ് വഴിതുറന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സമരം രാജ്യമൊട്ടാകെ പടരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

