മാറാം; പക്ഷേ...
text_fieldsഏപ്രിൽ 24, 25 തീയതികളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കേരള സന്ദർശനവും പങ്കെടുത്ത പരിപാടികളും ശ്രദ്ധിച്ചാൽ പ്രഥമദൃഷ്ട്യാ വ്യക്തമാവുന്ന വസ്തുത 2024 ആദ്യത്തിൽ രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുകയായിരുന്നു മുഖ്യലക്ഷ്യം എന്നുള്ളതാണ്. ചില ദേശീയ മാധ്യമങ്ങൾ മോദിയുടെ പര്യടനത്തിന് നൽകിയ തലക്കെട്ടുതന്നെ അത് സൂചിപ്പിക്കുന്നു. അഭൂതപൂർവമായ സുരക്ഷ സന്നാഹങ്ങളോടെ തികച്ചും ആസൂത്രിതമായി തയാറാക്കിയ പരിപാടിയിലെ മുഖ്യ ഇനങ്ങളിലൊന്ന് യുവം എന്നുപേരിട്ട യുവമോർച്ച പ്രവർത്തകരുടെയും ബി.ജെ.പിയോടൊപ്പം നിൽക്കുന്ന യുവാക്കളുടെയും സംഗമമായിരുന്നു.
അതിൽപോലും സംവാദത്തിനവസരം നൽകിയതുമില്ല. എട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു രണ്ടാമത്തെ പരിപാടി. കേരളത്തിലെ സമ്മതിദായകരിൽ 19 ശതമാനം വരുന്ന ക്രിസ്തീയ സമുദായക്കാരിലേക്ക് കടന്നുകയറാനുള്ള പദ്ധതി ബി.ജെ.പി തകൃതിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽനിന്ന് അടർത്തിയെടുത്ത ചിലരെ കൂട്ടി നാഷനൽ പ്രോഗ്രസീവ് പാർട്ടി എന്നപേരിൽ പുതിയൊരു ഉപഗ്രഹ പാർട്ടി തട്ടിക്കൂട്ടുന്ന പണി പുരോഗമിച്ചുവരവെ സഭാധ്യക്ഷന്മാരെ കൂട്ടുപിടിക്കാനുള്ള ശ്രമം എന്തിനെന്നത് ദുരൂഹമല്ല. പക്ഷേ, ന്യൂനപക്ഷ പ്രശ്നങ്ങളിലായിരുന്നു ചർച്ച, ക്രൈസ്തവർക്കുനേരെ തുടരുന്ന ആക്രമണങ്ങളിൽ തങ്ങൾ ആശങ്ക അറിയിച്ചു എന്നൊക്കെ യാക്കോബായ സഭയുടെ ബിഷപ് വെളിപ്പെടുത്തുന്നുണ്ടെങ്കിലും പ്രസ്താവ്യമായ ഒരുറപ്പും പ്രധാനമന്ത്രി നൽകിയില്ലെന്നാണ് പുറത്തുവന്ന വിവരം. സഭകളുടെയും കേരള കോൺഗ്രസുകളുടെയും മുഖ്യ അജണ്ടയായ റബർവിലയെക്കുറിച്ചും പ്രധാനമന്ത്രിക്ക് മൗനമായിരുന്നു.
ആസിയാൻ രാജ്യങ്ങളുമായുള്ള കരാർ നിലനിൽക്കെ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കേന്ദ്ര സർക്കാറിനുള്ള പ്രയാസമാവണം മോദിയുടെ മൗനത്തിനുപിന്നിൽ. ദലിത് ക്രൈസ്തവരുടെ സംവരണക്കാര്യത്തിലും പ്രധാനമന്ത്രിയിൽനിന്ന് ഉറപ്പൊന്നും ലഭിച്ചില്ല. പരിവർത്തിത ക്രിസ്ത്യാനികൾക്കും ദലിതുകളിൽനിന്ന് ഇസ്‍ലാമിലേക്ക് വന്നവർക്കും സംവരണം ഏർപ്പെടുത്തണമെന്ന ജസ്റ്റിസ് രംഗനാഥ കമീഷൻ ശിപാർശ പാടെ നിരാകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്‍ലിം ന്യൂനപക്ഷത്തിലെ സംഘടനകളുമായോ നേതാക്കളുമായോ ഒരുതരത്തിലുള്ള കൂടിക്കാഴ്ചയും പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഉൾപ്പെടാത്തത് യാദൃച്ഛികമാവില്ല.
ഈസ്റ്റർ ദിനത്തിൽ, തെരഞ്ഞെടുത്ത ക്രൈസ്തവ ഭവനങ്ങളിൽ സന്ദർശനം നടത്താനുള്ള സംഘ്പരിവാർ പരിപാടി കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയപ്പോൾ മുസ്‍ലിം കുടുംബങ്ങളെ പാടെ ഒഴിവാക്കിയതിന് പ്രതികരണം മോശമായിരിക്കുമെന്ന ആശങ്ക മാത്രമാവില്ല കാരണം. വിചാരധാരയിൽ രാജ്യക്കൂറ് ചോദ്യം ചെയ്യപ്പെട്ട മൂന്ന് വിഭാഗങ്ങളിൽ ഒന്നാമത്തേത് മുസ്‍ലിംകളാണെന്നതുകൊണ്ട് അവരെ തീർത്തും ഒറ്റപ്പെടുത്തുകയും രണ്ടാംകിട പൗരന്മാരായി ചവിട്ടിത്താഴ്ത്തുകയും വേണമെന്നുതന്നെ നിശ്ചയിച്ചുറപ്പിച്ചതാവാം. തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിൽവന്നാൽ നിലവിലെ മുസ്‍ലിം സംവരണം റദ്ദാക്കുമെന്ന് ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്നോർക്കണം.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് തീവണ്ടി സർവിസ് കേരളത്തിന് സമ്മാനിച്ചതാണ് പ്രധാനമന്ത്രിയുടെ വരവിലുണ്ടായ ഏറ്റവും അഭിനന്ദനാർഹമായ പരിപാടി. ഇതിന്റെ പിന്നിലും രാഷ്ട്രീയം വായിച്ചെടുക്കാമെങ്കിലും ജനകീയാവശ്യങ്ങൾ എപ്പോൾ, ആർ നിറവേറ്റിയാലും അത് നല്ല കണ്ണോടെതന്നെ കാണണം. ലക്ഷം കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന കെ-റെയിൽ സ്വപ്നപദ്ധതി പിണറായി സർക്കാർ എത്രയേറെ അവകാശപ്പെട്ടാലും അടുത്തകാലത്തൊന്നും യാഥാർഥ്യമാവാൻ പോവുന്നില്ലെന്ന് വ്യക്തമാണ്. അതുതന്നെയും ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമാണ്. എന്നാൽ, നിലവിലെ പാളങ്ങളിൽതന്നെ ഓട്ടം തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസ് എട്ടുമണിക്കൂർ അഞ്ചുമിനിട്ടുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടും നേരെ തിരിച്ചും എത്തിച്ചേരുമെന്ന് പരീക്ഷണ ഓട്ടംകൊണ്ട് തെളിഞ്ഞുകഴിഞ്ഞു.
അത്യാധുനിക സൗകര്യങ്ങളുള്ള തീവണ്ടിയിൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അടിയന്തരമായി ലക്ഷ്യത്തിലെത്തേണ്ടവർക്ക് വലിയ അനുഗ്രഹം തന്നെയാണിത്. കടന്നുപോവുന്ന ഓരോ ജില്ലയിലെയും പ്രധാന നഗരത്തിൽ സ്റ്റോപ്പുണ്ട്. എന്നാൽ, നേരത്തേ പരീക്ഷണ ഓട്ടത്തിൽ അനുവദിച്ചിരുന്ന മലപ്പുറം ജില്ലയിലെ തിരൂരിലെ സ്റ്റോപ്പ് എടുത്തുകളഞ്ഞത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ജനസംഖ്യയിൽ ഏറ്റവും വലുതായ ജില്ലയിലെ ഒരേയൊരു സ്റ്റോപ്പ് വേണ്ടെന്നുവെച്ചത് എന്തിന്റെ പേരിലായാലും നീതീകരിക്കാനാവില്ല. അധികൃതർ ഈ പരാതി ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം. റെയിൽവേ വികസനത്തിന് മൊത്തം 2033 കോടി രൂപ കേരളത്തിന് അനുവദിച്ചതായുള്ള കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം സഹർഷം സ്വാഗതം ചെയ്യപ്പെടുമെന്നതിൽ സംശയമില്ല. ഗതാഗതപ്രശ്നം അത്യന്തം രൂക്ഷവും സങ്കീർണവുമായ കേരളത്തിൽ തീവണ്ടി ഗതാഗതം പരമാവധി സുഗമവും സുഖകരവുമാക്കുകതന്നെയാണ് പരിഹാരം.
കേരളവും മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റു സാമൂഹിക വികസന സൂചകങ്ങളിലും ഇപ്പോൾതന്നെ സംസ്ഥാനം നേടിയ മികവ് കണക്കിലെടുത്താണെങ്കിൽ ഉദാരമായ കേന്ദ്രസഹായത്തോടെ രാജ്യത്തിനാകെ മാതൃകയാവുന്ന വികസന സാധ്യതയിലേക്കാണത് വിരൽചൂണ്ടുന്നത്. എന്നാൽ, ഭരിക്കുന്ന എൽ.ഡി.എഫിനെയും പ്രതിപക്ഷമായ യു.ഡി.എഫിനെയും ഒരുപോലെ പ്രതിക്കൂട്ടിൽ കയറ്റി തീവ്ര ഹിന്ദുത്വപാതയിലേക്ക് മതേതര കേരളം മാറുമെന്ന പ്രതീക്ഷയാണ് നരേന്ദ്ര മോദി പരോക്ഷമായി പ്രകടിപ്പിച്ചതെങ്കിൽ ആ കിനാവ് അത്രയെളുപ്പം പുലരാനുള്ളതല്ലെന്ന് അദ്ദേഹവും പാർട്ടിയും മനസ്സിലാക്കുന്നതാണ് യാഥാർഥ്യബോധം. ലോക്സഭയിലോ നിയമസഭയിലോ അക്കൗണ്ട് തുറക്കാൻ ഇന്ത്യ അടക്കിഭരിക്കുന്ന പ്രസ്ഥാനത്തിന് സാധിക്കാതെ പോവുന്നതിന്റെ പിന്നിൽ ഏതാനും സിനിമ, സ്പോർട്സ് താരങ്ങളും സഭാപിതാക്കളും ഒപ്പമില്ലാത്തതല്ല എന്നവർ തിരിച്ചറിയണം. മാറ്റം വേണമെങ്കിൽ മൗലിക സമീപനവും മാറിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

