Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രതിച്ഛായ...

പ്രതിച്ഛായ മെച്ചപ്പെടുത്താൻ കുറുക്കുവഴികളില്ല

text_fields
bookmark_border
പ്രതിച്ഛായ മെച്ചപ്പെടുത്താൻ കുറുക്കുവഴികളില്ല
cancel

ദേശീയ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പൂർത്തിയാവാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കഴിഞ്ഞ വർഷത്തെ 18 ആഗോള സൂചികകളിൽ പത്തിലും ഇന്ത്യയുടെ സ്ഥാനം ഏറെ താഴോട്ട് പോയെന്ന കണക്കാണ് കേന്ദ്രസർക്കാർ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചത്. ഇത്തരം സൂചികകൾ പുറത്തുകൊണ്ടുവരുന്ന അന്താരാഷ്ട്ര ഏജൻസികളുടെ വിശകലനങ്ങൾ യാഥാർഥ്യം വെളിപ്പെടുത്തുന്നതല്ലെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് സഹമന്ത്രി റാവു ഇന്ദർജിത്ത് സിങ് രാജ്യസഭയെ അറിയിച്ചത്. വിവിധ ഏജൻസികൾ പുറത്തുവിടുന്ന വിവരങ്ങളുടെ ഗുണനിലവാരമില്ലായ്മയാണ് തന്റെ അവകാശവാദത്തിന് ഉപോദ്ബലകമായി മന്ത്രി ചൂണ്ടിക്കാട്ടിയത്.

അതേസമയം, യഥാർഥ വസ്തുതകൾ എന്തെന്ന് സർക്കാർ വ്യക്തമാക്കുന്നുമില്ല. സത്യസന്ധമായ വിവരങ്ങൾ ശേഖരിക്കാനും ജനങ്ങളെ അറിയിക്കാനും സംവിധാനം ഇല്ലെന്നതുതന്നെയല്ലേ സർക്കാറുകളുടെ ഒന്നാമത്തെ പരാജയം? ആഗോള ഏജൻസികളുടെ മാനദണ്ഡങ്ങളും വിവരശേഖരണങ്ങളും ഏതെല്ലാം ഘടകങ്ങളെ ആസ്പദമാക്കിയാണെന്ന് പ്രസ്തുത ഏജൻസികൾ അനാവരണം ചെയ്യാതിരിക്കുന്നില്ല. അതിലെ നിലവാരത്തകർച്ചയും അവാസ്തവങ്ങളും അതിശയോക്തികളും കൃത്യവും കണിശവുമായ സംവിധാനങ്ങളുണ്ടെങ്കിൽ, ഭരണകൂടങ്ങൾക്ക് ചൂണ്ടിക്കാട്ടാവുന്നതേയുള്ളൂ.

അതിനൊന്നും മെനക്കെടാതെ വെറുതെ ഇരുട്ടിൽ അമ്പെയ്യുന്നത് ആരെ വിഡ്ഢികളാക്കാനാണ്? വിശപ്പ്, അഴിമതിയവബോധം, ലിംഗസമത്വം, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ ആഗോളസൂചികകളിൽ ഇന്ത്യ പിന്തള്ളപ്പെട്ടതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരിക്കുകയാണ്. 2021-22 വർഷത്തെ കണക്കെടുപ്പിൽ 116 രാജ്യങ്ങളുടെ പട്ടികയിൽ 101 ആണ് ഇന്ത്യയുടെ സ്ഥാനം. എന്നുവെച്ചാൽ, പരമദരിദ്രങ്ങളായ 15 ലോക രാജ്യങ്ങളേ ഇന്ത്യക്ക് താഴെയുള്ളൂ എന്നർഥം! മറുവശത്ത് 100 ലോക മുതലാളിമാരുടെ കണക്കെടുത്താലോ, ഇന്ത്യയുടെ അദാനിയും അംബാനിയുമടക്കം പട്ടികയുടെ മുൻനിരയിലുണ്ട്.

പ്രകൃതിസമ്പത്തിലും വിഭവശേഷിയിലും ലോകത്തിന്റെ നെറുകയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പരമദാരിദ്ര്യത്തിന് കാരണം, സമ്പത്തിന്റെ പരമാവധി കേന്ദ്രീകരണവും ജനകോടികളുടെ പട്ടിണിമാറ്റുന്നതിൽ സർക്കാറുകളുടെ പരാജയവുമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, വളർച്ച മുരടിപ്പ്, മെലിച്ചിൽ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചികകളെന്ന് കുറ്റപ്പെടുത്തുന്ന വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പിന്നെ എന്താണ് മാനദണ്ഡമാക്കേണ്ടതെന്ന് വ്യക്തമാക്കുന്നില്ല.

രാജ്യത്ത് നിലനിൽക്കുന്ന പട്ടിണിയുടെ കൃത്യമായ പ്രാതിനിധ്യസ്വഭാവമോ കണിശമായ വിലയിരുത്തലോ അല്ലെന്ന് ലോകാടിസ്ഥാനത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ജർമൻ ഏജൻസി പുറത്തുവിട്ട കണക്കുകളെക്കുറിച്ച് മന്ത്രി പരാതിപ്പെടുന്നു. അങ്ങനെയെങ്കിൽ 116 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങളോട് പ്രസ്തുത ഏജൻസിക്ക് പക്ഷപാതിത്വമുണ്ടാവണമല്ലോ. അല്ലെങ്കിൽ, ലോക സാമ്പത്തികശക്തിയായി അതിവേഗം ഉയർന്നുവരുന്നതായവകാശപ്പെടുന്ന ഇന്ത്യയോട് പ്രത്യേക വിരോധമുണ്ടാവണം. അപ്രകാരം ആരോപിക്കാൻ പഴുതില്ലാത്ത സ്ഥിതിവിവരക്കണക്കുകളെ അപ്പടി നിരാകരിക്കുന്നത് ഏതുനിലക്കും ബുദ്ധിപൂർവമല്ല.

ലോക പട്ടിണി പട്ടികയിൽ പാകിസ്താനും നേപ്പാളിനും ബംഗ്ലാദേശിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഗ്ലോബൽ ഹംഗർ ഇൻഡക്സ് ചൂണ്ടിക്കാട്ടുമ്പോഴും നമ്മുടെ ശിരസ്സ് കുനിഞ്ഞുപോവുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനം നിരന്തരം സ്തംഭിക്കുകയും സസ്​പെൻഡ് ചെയ്യപ്പെടുന്ന എം.പിമാരുടെ എണ്ണം നാൾക്കുനാൾ കൂടിക്കൂടിവരുകയും ചെയ്യുന്നുവെങ്കിൽ അതിന്റെ കാരണവും ഭക്ഷ്യസാധനങ്ങളുടെയും പ്രാഥമിക ജീവിതവിഭവങ്ങളുടെയും ക്രമാതീതമായ വിലക്കയറ്റത്തോടുള്ള ജനപ്രതിനിധികളുടെ പ്രതിഷേധമാണെന്ന് ലോകം കാണാതിരിക്കുന്നില്ല. വിവരസാ​ങ്കേതികവിദ്യയുടെ അപ്രതിഹതമായ വളർച്ചക്കുമുന്നിൽ സർക്കാറിന്റെ ഒട്ടകപ്പക്ഷിനയം പരിഹാസ്യമാവുകയേ ചെയ്യൂ.

സോഷ്യൽ മീഡിയ അടക്കം എല്ലാവിധ മാധ്യമങ്ങളെയും അടച്ചുപൂട്ടുകയോ കഠിനമായി നിയന്ത്രിക്കുകയോ ചെയ്തുകൊണ്ട് രാജ്യത്തിന്റെ യഥാർഥചിത്രം മറച്ചുപിടിക്കാനുള്ള ശ്രമം തീർത്തും വിഫലമായി കലാശിച്ചതിന്റെ നിദർശനമാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സിന്റെ ഒടുവിലത്തെ കണക്ക്. മാധ്യമസ്വാതന്ത്ര്യത്തിൽ 151ാമതാണ് ഇന്ത്യയുടെ സ്ഥാനം. വേൾഡ് പ്രസ് ഫ്രീഡം സൂചികയിലും ഏറെ പിന്നിലാണ് ഇന്ത്യ. സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽനിന്ന് അർധ സ്വതന്ത്രരാജ്യ പട്ടികയിലേക്ക് മാറ്റപ്പെട്ട ഇന്ത്യയിൽ 'അസ്വതന്ത്രം' എന്ന് പ്രത്യേകമായി രേഖപ്പെടുത്തപ്പെട്ട ഒരു പ്രദേശവുമുണ്ട്- ജമ്മു-കശ്മീർ. എല്ലാത്തിനെയും മറികടന്ന് ലോക സൈനികശക്തിയായി അംഗീകാരം നേടാനുള്ള രാജ്യത്തിന്റെ കൊണ്ടുപിടിച്ച ശ്രമമാവട്ടെ, 2020ലെ ലഡാക്ക് സംഭവത്തിനുശേഷം തിരിച്ചടി നേരിടുകയാണ്. വൻശക്തി സ്ഥാനവും ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യൻ ശാക്തികസൂചിക ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ചുരുക്കത്തിൽ ശുഭസൂചകമല്ല ഇന്ത്യയുടെ ചിത്രവും ഭാവിയും. കോടികൾ ഒഴുക്കി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾക്കപ്പുറം യാഥാർഥ്യബോധത്തോടെയുള്ള വീണ്ടെടുപ്പ് നടപടികളിലൂടെയാണ് മോദിസർക്കാർ ലോകത്തിന്റെയും ജനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കേണ്ടത്. ജനാധിപത്യപരമായ വിയോജനങ്ങളെ അടിച്ചൊതുക്കുന്നത് മ്യാന്മർ ശൈലിയാണ്; സ്വതന്ത്ര ഇന്ത്യക്കത് മാതൃകയല്ല.

Show Full Article
TAGS:Narendra Modi madhyamam editorial 
News Summary - Madhyamam Editorial on narendra modi government
Next Story