മുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ
text_fieldsമുനമ്പം വഖഫ് ഭൂമി പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സി.എൻ. രാമചന്ദ്രൻ നായർ കമീഷന്റെ നിയമനം സാധുവാണെന്നും കമീഷന് പ്രവർത്തനം തുടരാമെന്നും ഉത്തരവിട്ട് കേരള ഹൈകോടതി ഈ മാസം 10ന് പുറപ്പെടുവിച്ച വിധി ഒരു ദീർഘകാല തർക്കവിഷയത്തെ പുതിയ വിതാനത്തിലെത്തിച്ചിരിക്കുന്നു. കമീഷൻ നിയമനം അസാധുവാക്കി കഴിഞ്ഞ മാർച്ചിൽ ഹൈകോടതി സിംഗിൾ ബെഞ്ച് നൽകിയ വിധിക്കെതിരെ കേരള സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി. വഖഫ് സ്വത്തിന്റെ കാര്യത്തിൽ തീർപ്പു കൽപിച്ച വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനം മറികടക്കാൻ ഒരു കമീഷനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്.
മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന വഖഫ് ബോർഡിന്റെ ഉത്തരവ് കോടതി റദ്ദാക്കിയില്ലെങ്കിലും ആ രീതിയിൽ കണ്ടുള്ള വിശദീകരണങ്ങൾ നൽകിയും അതിനാധാരമായ തെളിവുകൾ ഉദ്ധരിച്ചുമാണ് കോടതി കമീഷൻ നിയമനം ശരിവെച്ചിരിക്കുന്നത്. ഫലത്തിൽ കമീഷൻ നിയമനം ശരിവെച്ച തീരുമാനത്തേക്കാളേറെ അനന്തര ഫലങ്ങൾ ഉണ്ടാകാനിടയുള്ള പരാമർശങ്ങൾ കോടതി നടത്തിയത് ബന്ധപ്പെട്ട കക്ഷികൾക്കും -ഭൂമി കൈവശക്കാരുൾപ്പെടെ-വഖഫ് ബോർഡിനും അനുകൂലവും പ്രതികൂലവുമായി ഭവിക്കുന്നതാണ്. നിയമാനുസൃത ഉപാധികൾ പൂർത്തീകരിച്ച് മാത്രമേ ഭൂമിയുടെ ഉടമാവകാശം നിർണയിക്കാവൂ എന്ന പരാമർശത്തോടൊപ്പം വഖഫ് ബോർഡിനെ ഭൂമി കൈയേറ്റക്കാർ എന്നനിലയിൽ കണ്ടുള്ള ചില പ്രസ്താവനകളും കോടതി നടത്തിയിട്ടുണ്ട്. തങ്ങളുടെ അന്തസ്സിനും നിയമാധിഷ്ഠിത സ്ഥാനത്തിനും ക്ഷതമേൽപിക്കുന്ന ഈ വിധിക്കെതിരെ അപ്പീൽ നൽകാനും പ്രസ്തുത പരാമർശം റദ്ദാക്കിക്കിട്ടാനും ബോർഡ് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൈകോടതിയുടെ പ്രസ്താവനകൾ ചോദ്യം ചെയ്യപ്പെടാതെ പോയാൽ തങ്ങൾക്ക് നിയമവ്യവസ്ഥ നൽകുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന ഇടങ്ങളിലെല്ലാം ഈ കോണിലൂടെയാവും ബന്ധപ്പെട്ട കക്ഷികൾ അതിനെ നോക്കിക്കാണുക എന്ന ഭീഷണിയും വഖഫ് ബോർഡിനെ സ്വാധീനിക്കുക സ്വാഭാവികം.
1950ൽ കൊച്ചിയിലെ മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റിന് മുനമ്പം പ്രദേശത്ത് നൽകിയ 404 ഏക്കർ ഭൂമി പ്രസ്തുത കൈമാറ്റത്തിന്റെ പ്രമാണപ്രകാരം കേവലം ദാനമാണെന്നും അതിനു വഖഫ് ദാനത്തിന്റെ സ്വഭാവമില്ലെന്നും അതിനാൽ വഖഫ് സ്വത്തുക്കൾക്കുള്ള സ്ഥാനം അതിനു കൽപിക്കാനാവില്ലെന്നുമാണ് ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. ഭൂമിയുടെ ഈ സ്വഭാവം കാരണം സ്വാഭാവികമായും ഫാറൂഖ് കോളജ് മാനേജ്മെൻറ് തങ്ങൾക്ക് ഉചിതമെന്നു തോന്നിയ രീതിയിൽ ഭൂമി പലർക്കുമായി വിൽക്കുകയും വാങ്ങിയവർ അവ താമസത്തിനും വ്യാപാരത്തിനും ഉപയോഗിക്കുകയും ചെയ്തു. അതിനാൽ പ്രസ്തുതഭൂമി യഥാവിധി വാങ്ങുകയും അവയ്ക്കു സ്വത്ത് നികുതി അടക്കുകയും ചെയ്ത വ്യക്തികൾക്കും സംഘടനകൾക്കും അവകാശപ്പെട്ടതാണെന്നും വന്നു. സിദ്ദീഖ് സേട്ടിന്റെ ദാനരേഖയിൽ വഖഫ് ദാനമാണ് എന്നു പറയുകയും സൂചിപ്പിക്കുകയും ചെയ്യുന്ന പ്രയോഗങ്ങൾ ഉണ്ടെങ്കിലും അതിന്റെ മൊത്തം ഉള്ളടക്കവും ഫാറൂഖ് കോളജിന് ഇടപാട് നടത്താൻ നൽകിയ സ്വാതന്ത്ര്യവും അനുസരിച്ച് അതിനു വഖഫ് സ്വത്തിന്റെ സ്വഭാവമില്ലെന്നും വിധിയിൽ എടുത്ത് പറയുന്നുണ്ട്. 1923, 1954, 1995 എന്നീ വർഷങ്ങളിലെ വഖഫ് നിയമങ്ങളനുസരിച്ച് മുനമ്പം ഭൂമി കേവലം ഒരു ദാനാധാരം മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. അന്യർക്ക് കൈമാറിക്കൂടാത്ത മതപരമായ സ്ഥിരദാനമാണ് അതെന്ന വാദം, അത്തരം പരാമർശങ്ങൾ രേഖയിൽ ഉണ്ടെങ്കിലും, കോടതി അംഗീകരിച്ചില്ല. അതിനാൽ ദശകങ്ങളായി പല ഉടമകളും കൈവശം വെക്കുകയും പാർപ്പിടങ്ങളും വ്യാപാരസ്ഥാപനങ്ങളും പണിയുകയും നികുതി അടക്കുകയും ചെയ്തപ്പോഴൊന്നും ഇടപെടാതെ 2008ൽ ഇതു സംബന്ധമായി നിസാർ കമീഷനെ നിയമിക്കുകയും അതനുസരിച്ച് 2019ൽ വഖഫ് ബോർഡ് ഇത് വഖഫ് സ്വത്തായി പ്രഖ്യാപിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല എന്നും കോടതി പറഞ്ഞു.
ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ച വിഷയങ്ങൾ നിയമപ്രശ്നങ്ങൾ അടങ്ങിയതിനാൽ അതിനെക്കുറിച്ച് ഇതിലുമപ്പുറമുള്ള വേദികളോ വ്യക്തികളോ ആവും നിരീക്ഷണങ്ങൾ നടത്തേണ്ടത്. എന്നാൽ, അതോടൊപ്പം കേരള വഖഫ് ബോർഡിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണ്. വിവാദ ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കുന്നതിൽ ബോർഡ് വരുത്തിയ കാലവിളംബവും ബന്ധപ്പെട്ട കക്ഷികളെ ഉൾപ്പെടുത്താതെ അതു ചെയ്തതും വിമർശനവിധേയമാക്കാം. പക്ഷേ, വഖഫ് ബോർഡ് ഒരു സുപ്രഭാതത്തിൽ നൂറുകണക്കിന് ഏക്കർ ഭൂമി ഇങ്ങെടുത്തുകളയാമെന്ന രീതിയിൽ പ്രവർത്തിച്ചതല്ല എന്നതും അംഗീകരിക്കേണ്ടതുണ്ട്. വഖഫ് സ്വഭാവത്തോടു കൂടിയ ഒരു ഭൂഭാഗത്തെക്കുറിച്ചാണിതെല്ലാം പറയുന്നത്. അതിനടിസ്ഥാനമായി ഭൂമി കൈമാറിയ കാലത്തെ രേഖകളും നിലവിലുണ്ട്. ഇതിനു പുറമെ, വഖഫ് ഭൂമിയായി ഇവ്വിധം പ്രഖ്യാപിക്കാൻ ‘നീതിപീഠത്തിന്റെ അനുമതിമുദ്ര നൽകിയാൽ, നാളെ ഏതെങ്കിലും ഒരു കെട്ടിടം, താജ് മഹലോ ചെങ്കോട്ടയോ, നിയമനിർമാണ മന്ദിരമോ, അല്ലെങ്കിൽ ഈ കോടതിയുടെതന്നെ കെട്ടിടമോ, ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തിന്റെ ബ്രഷുകൊണ്ട് ചായമടിക്കപ്പെടാനുള്ള സാധ്യതയുണ്ട്’ എന്നൊക്കെയുള്ള പരാമർശങ്ങൾ വഖഫ് ബോർഡ് പോലുള്ള ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തെ അവഹേളിക്കുന്നതാണ്. അതിനാൽ ഒരു സ്ഥാപനത്തിന്റെ അവകാശങ്ങളും ചെയ്തികളുടെ ശരി തെറ്റുകളും നിർണയിക്കുന്നതിൽ നിയമപീഠത്തിനുള്ള അധികാരം വകവെച്ചുകൊടുക്കുമ്പോൾതന്നെ അത്തരം ഒരു സ്ഥാപനത്തിന്റെ അന്തസ്സും വിശ്വാസ്യതയും തിരിച്ചുപിടിക്കേണ്ടതും അത്യാവശ്യമായി വന്നിരിക്കുന്നു എന്നതാണ് മുനമ്പം വിധി വിളിച്ചുപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

