തല തകർത്ത കല്യാണം
text_fieldsവിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് പഴമൊഴി. യുവ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരവും മധുരവുമായ വഴിത്തിരിവാണ് വൈവാഹികജീവിതം എന്ന സങ്കൽപമാണ് അങ്ങനെയൊരു പ്രസ്താവം ഉടലെടുക്കാനും പരക്കെ പ്രചരിക്കാനും കാരണം. അതുകൊണ്ടുതന്നെ, വിവാഹച്ചടങ്ങിനോട് അനുബന്ധിച്ച് പലവിധത്തിലുള്ള ആഘോഷങ്ങളും സദ്യവട്ടങ്ങളുമൊക്കെ വിവിധ ജനവിഭാഗങ്ങളിലും നാടുകളിലും നടപ്പുണ്ട്. കല്യാണങ്ങളിലെ പരിധിവിട്ട ആർഭാടങ്ങളും ധൂർത്തും ദുർവ്യയവും നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത പക്വമതികൾ ചൂണ്ടിക്കാട്ടാറുള്ളതോടൊപ്പം സ്വാഭാവികമായ ആഘോഷങ്ങളുടെ നേരെ കണ്ണുചിമ്മുന്നതും ജീവിതത്തിൽ ഒരിക്കൽമാത്രം നടക്കുന്ന, നടക്കേണ്ട പവിത്രമായൊരു ചടങ്ങിന്റെ രസച്ചരട് പൊട്ടിക്കുന്നതിലെ അസാംഗത്യമോർത്താണ്. എന്നാൽ, സംസ്ഥാനത്ത് പൊതുവെയും മലബാർ മേഖലയിൽ വിശേഷിച്ചും കല്യാണങ്ങളോടനുബന്ധിച്ച് നടമാടുന്ന ആഭാസങ്ങളും തോന്ന്യവാസങ്ങളും സർവ റെക്കോഡും ഭേദിച്ച് ബോംേബറിലും കൊലയിലുംവരെ കലാശിച്ചിരിക്കെ സർക്കാറിന്റെയും സമൂഹത്തിന്റെയും സത്വരശ്രദ്ധ വിഷയത്തിലേക്ക് പതിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ബോംബ് നിർമാണവും പ്രയോഗവും കുടിൽവ്യവസായമായി മാറിക്കഴിഞ്ഞ കണ്ണൂരിലാണ് പതിവ് രാഷ്ട്രീയ സംഘർഷങ്ങളുടെ മാനംവിട്ട് കല്യാണാഘോഷത്തോടനുബന്ധിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ മൂർച്ഛിച്ച് മുൻകൂട്ടിക്കരുതിയ ബോംബ് ചെറുപ്പക്കാരന്റെ തലയിലെറിഞ്ഞ് തലച്ചോർ ചിന്നിച്ചിതറുന്നതിലേക്ക് സംഭവങ്ങളെ എത്തിച്ചിരിക്കുന്നത്. കണ്ണൂരിലെ തോട്ടടയിൽ കല്യാണത്തലേന്ന് രാത്രി, വരൻ മുമ്പ് താമസിച്ചിരുന്ന പ്രദേശത്തുനിന്നു വന്ന സുഹൃത്തുക്കൾ ഇപ്പോൾ താമസിക്കുന്ന വീട്ടിലെത്തിയതോടെ പാട്ടുവെക്കുന്നതിനെക്കുറിച്ച് തുടങ്ങിയ തർക്കങ്ങൾ മൂർച്ഛിച്ച് പോർവിളിയിലെത്തുന്നു. പിറ്റേന്ന് ഇരുപതോളം പേർ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങൾ സംഘടിപ്പിച്ച് കല്യാണവീട്ടിലെത്തി ദമ്പതിമാർ വീട്ടിലേക്ക് പ്രവേശിക്കുന്ന നേരം നോക്കി ബോംബെറിഞ്ഞതിനെ തുടർന്ന് ജിഷ്ണു എന്ന യുവാവിന്റെ തല ചിന്നിച്ചിതറി എന്നാണ് പുറത്തുവന്ന വാർത്തകൾ. ബോംബുണ്ടാക്കാൻ തലേന്ന് നാലായിരത്തിലധികം രൂപയുടെ പടക്കം വാങ്ങി വേണ്ടവിധം പണിയെടുത്തിരുന്നു എന്നുമുണ്ട് റിപ്പോർട്ടുകളിൽ.
ബോംബുണ്ടാക്കിയവൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ബോംബെറിഞ്ഞയാളെ പൊലീസ് തിരയുകയാണ്. കൂടുതൽ പേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണം സമഗ്രമോ ജാഗരൂകമോ അല്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. എല്ലാവരും മാർക്സിസ്റ്റ് യുവജന സംഘടനയുമായി ബന്ധപ്പെട്ടവരായതിനാൽ പൊലീസിന്റെ ജാഗ്രതക്കുറവ് പ്രകടമാണെന്നും ആരോപണമുണ്ട്. പൊലീസ് അതിജാഗ്രതയോടെ പ്രവർത്തിച്ച് കുറ്റവാളികളെ മുഴുവൻ കസ്റ്റഡിയിലെടുത്താലും പഴുതടച്ച് അന്വേഷണം പൂർത്തീകരിച്ചാലും സമാന സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്നുറപ്പിക്കാനാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കാരണം വ്യക്തമാണ്. ബോംബേറും മരണവും ഒരുവേള ആദ്യ സംഭവമായിരിക്കാമെങ്കിലും കല്യാണവീടുകളിൽ നടക്കുന്ന വേണ്ടാതീനങ്ങൾക്ക് അറുതിവരുമെന്ന് പ്രതീക്ഷിക്കാൻ വയ്യാത്ത സാഹചര്യമാണ്.
സകല ധാർമികമൂല്യങ്ങളോടും വിടപറഞ്ഞ, തോന്നിയപോലെ ജീവിക്കാൻ വേണ്ടതിലധികം പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്ന തലമുറകൾ ആസൂത്രിതമായി വളർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. അച്ചടക്കമോ ഉത്തരവാദബോധമോ മനുഷ്യ ജീവന് വിലയുണ്ടെന്ന വിശ്വാസമോ ഇല്ലാത്ത, പണമുണ്ടാക്കാൻ എന്ത് ഹീനമാർഗവും സ്വീകരിക്കാൻ മടിക്കാത്ത, അവ്വിധം കൈവരുന്ന പണം ലക്കും ലഗാനുമില്ലാതെ ചെലവിടുന്ന, ലഹരിയിൽ മുങ്ങിക്കഴിയുന്ന യുവതീയുവാക്കൾ നിർഭാഗ്യവശാൽ പ്രബുദ്ധ കേരളത്തിൽ അപൂർവ കാഴ്ചയല്ല. കല്യാണം പോലുള്ള ആഘോഷ സന്ദർഭങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങായിരിക്കുന്നു കൂട്ടംകൂടിയുള്ള മദ്യസേവ. ഏറ്റവുമൊടുവിൽ കുപ്പികൾ കൈയൊഴിഞ്ഞ് വിലയേറിയ മയക്കുമരുന്നുകൾ മുഖ്യവിഭവമായ ഡി.ജെ പാർട്ടികളാണ് അരങ്ങു തകർക്കുന്നത്. ഇതൊക്കെ വേണ്ടിടത്ത് വേണ്ടത്ര സുരക്ഷിതമായി സംഘടിപ്പിക്കാൻ ഒത്താശ സംഘങ്ങളുമുണ്ട് യഥേഷ്ടം. വൻ ജനപിന്തുണയും ആസൂത്രണ വൈഭവവും അവകാശപ്പെടുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ ഇത്തരം തിന്മകൾക്കെതിരെ പോരാടുന്നതിൽ ഗൗരവതരമായ അനാസ്ഥയും അലംഭാവവുമാണ് കാട്ടുന്നത്. 'വർഗീയതക്കും മതമൗലികവാദത്തിനുമെതിരെ' ആക്രോശിക്കുന്ന കൂട്ടായ്മകളുടെ പത്തിലൊരംശം ശ്രദ്ധ സാമൂഹിക തിന്മകൾക്കുനേരെ തിരിഞ്ഞിരുന്നെങ്കിൽ കല്യാണവീട്ടിലെ കണ്ണീരനുഭവങ്ങൾ കുറക്കാനെങ്കിലും കഴിയുമായിരുന്നു.
മാനവും മര്യാദയും സംസ്കാരവുമില്ലാത്തവരെ മക്കൾക്ക് വരന്മാരായി വേണ്ടെന്ന് രക്ഷിതാക്കളും അത്തരക്കാരെ കല്യാണം ചെയ്യില്ലെന്ന് പെൺകുട്ടികളും തീരുമാനിക്കുന്നതുവരെ വിവാഹാഘോഷ വേളകളിലും നാടുകളിലും കൂത്താട്ടങ്ങൾ തുടരും. അത്തരമൊരു നിലപാടിലെത്താൻ യുവതികളെയും കുടുംബങ്ങളെയും പ്രേരിപ്പിക്കേണ്ടത് സാമൂഹിക സംഘടനകളുടെ ഉത്തരവാദിത്തമാണ്. വിവാഹപ്രായത്തെക്കുറിച്ച് തർക്കിക്കുന്നതിനുപകരം മാന്യോചിതമായ വിവാഹവും സംസ്കാര സമ്പന്നമായ ആഘോഷങ്ങളും സംതൃപ്തമായ കുടുംബ ജീവിതവുമായിരിക്കട്ടെ നമ്മുടെ മുഖ്യ ചിന്താവിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

