ഓർമകളുണ്ടായിരിക്കണം, തിരിച്ചറിവും
text_fieldsമണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം, കേരള കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനം പ്രസക്തവും രാഷ്ട്രീയമായി ഏറെ നിർണായകവുമാണ്. നേരത്തേ അവിടം സന്ദർശിച്ച പലരും പങ്കുവെച്ചതുപോലെ, മണിപ്പൂരിലേത് കൃത്യമായും ഒരു വംശീയാക്രമണംതന്നെയാണെന്ന് ജോസ് കെ. മാണിയും തുറന്നു പറഞ്ഞിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ ആസൂത്രിത വംശഹത്യയാണ് ഇംഫാലിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
മേഖലയിലെ ക്രൈസ്‍തവ ന്യൂനപക്ഷങ്ങളായ കുക്കികളും നാഗകളും സമാനതകളില്ലാത്തവിധം വേട്ടയാടപ്പെടുമ്പോൾ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാറും എന്തെടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മോദിയുടെ മൗനം വംശഹത്യയേക്കാൾ ഭീകരമാണെന്ന് തുറന്നടിച്ച അദ്ദേഹം, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നടപടികൾ നിർത്തിവെച്ച് മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ ഒത്താശയിൽ മണിപ്പൂരിലെ മെയ്തേയി വിഭാഗക്കാരുടെ അഴിഞ്ഞാട്ടത്തിൽ ജീവിതം പൂർണമായും അനിശ്ചിതത്വത്തിലായ മേഖലയിലെ ന്യൂനപക്ഷങ്ങളുടെ നിരാശയും രോഷവുമെല്ലാം കേരള കോൺഗ്രസ് നേതാക്കളുടെ സംസാരത്തിലും ശരീരഭാഷയിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാകാം, രാഷ്ട്രീയ-ഭരണകൂട വിമർശനങ്ങൾക്കപ്പുറം സമുദായ തലത്തിലേക്കുകൂടി കാര്യങ്ങൾ വിശകലനംചെയ്യാൻ അവർ തയാറായത്. സംഘ്പരിവാറുമായുള്ള ക്രൈസ്തവസഭാ നേതൃത്വത്തിന്റെ ബാന്ധവങ്ങളെക്കുറിച്ചും അവിടെ പരാമർശമുണ്ടായത് ഇതിന്റെ ഭാഗമായിട്ടാകാം. അത്തരം ബന്ധങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് സഭാനേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കുമ്പോൾ അത് പല അർഥത്തിലും ‘തിരിച്ചറിവി’ന്റെ സ്വരമായിട്ടേ വിലയിരുത്താനാകൂ.
ഇന്ത്യാ വിഭജനകാലത്ത് നടന്നതിനു സമാനമായ വംശഹത്യയാണ് മണിപ്പൂരിൽ തുടരുന്നതെന്ന് അവിടെനിന്നുള്ള വിവിധ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്രൈസ്‍തവ ന്യൂനപക്ഷങ്ങളുടെ വീടും ആരാധനാലയങ്ങളും അവർ നടത്തുന്ന വിദ്യാലയങ്ങളുമെല്ലാം തിരഞ്ഞുപിടിച്ച് നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളെ വംശഹത്യ എന്നതിൽകുറഞ്ഞൊന്നും വിശേഷിപ്പിക്കാനാവില്ല. ഈ യാഥാർഥ്യം ജോസ് കെ. മാണിയെപ്പോലൊരാൾ തിരിച്ചറിയുകയും അത് സമൂഹമധ്യത്തിൽ തുറന്നുപറയുകയും ചെയ്യുമ്പോൾ അതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ക്രൈസ്‍തവ വിഭാഗങ്ങളെ കൈയിലെടുത്ത സംഘ്പരിവാറിന്റെ സോഷ്യൽ എൻജിനീയറിങ്ങാണ് വാസ്തവത്തിൽ മണിപ്പൂരിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. അതേ സോഷ്യൽ എൻജിനീയറിങ് സങ്കേതങ്ങൾ സംഘ്പരിവാർ കേരളത്തിലും പ്രയോഗിച്ചുകൊണ്ടിരിക്കുകയും ആ പ്രക്രിയകൾക്ക് സഭയുടെ നിർലോഭ പിന്തുണ കിട്ടുകയും ചെയ്യുമ്പോഴാണ് ജോസ് കെ. മാണി തന്റെ ‘തിരിച്ചറിവു’കൾ പരസ്യമാക്കുന്നത്.
ജോസ് കെ. മാണി തന്നെ ഇക്കാര്യം തുറന്നുപറയുന്നതിൽ കാലത്തിന്റെ ഒരു കാവ്യനീതിയുമുണ്ട്. എന്തെന്നാൽ, ഈ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഏറ്റവും പ്രധാന ചേരുവയായ ഇസ്‍ലാമോഫോബിയക്ക് ആദ്യം കുടപിടിക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നല്ലോ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ‘ലവ് ജിഹാദ്’ ഒരു യാഥാർഥ്യമാണെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ആരും മറന്നുകാണില്ല. ജോസ് കെ. മാണിയിലൂടെ സഭകളെ കൂടെനിർത്തി മധ്യകേരളം തൂത്തുവാരാനുള്ള തത്രപ്പാടിൽ ഇടതുപക്ഷവും ക്രൈസ്തവപക്ഷത്തെ അവശേഷിക്കുന്ന വോട്ടുകൾ നഷ്ടപ്പെടുത്തേണ്ട എന്ന വിചാരത്തിൽ പ്രതിപക്ഷവും മേൽ പരാമർശത്തിനെതിരായി കാര്യമായി ഒന്നും സംസാരിച്ചില്ല. യഥാർഥത്തിൽ അതിന്റെ ഫലം കൈയാളിയത് സംഘ്പരിവാറാണ്. കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താൻ ഇതേ തന്ത്രം സഭാനേതൃത്വം വിവിധ സന്ദർഭങ്ങളിൽ പയറ്റിയതിന്റെ ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശവും തലശ്ശേരി ആർച്ച് ബിഷപ് പലകുറിയായി തൊടുത്തുവിട്ട വിദ്വേഷ ഭാഷണങ്ങളുമെല്ലാം ഇതിന്റെ തുടർച്ചയായേ കാണാനാകൂ. കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ സമവാക്യങ്ങൾക്കുമീതെ കാവിരാഷ്ട്രീയ സംഘത്തിന് പ്രവേശനം എളുപ്പമാക്കുന്നതായിരുന്നു സഭാനേതൃത്വത്തിന്റെ ഇടപെടലുകളും രാഷ്ട്രീയ പ്രസ്താവനകളുമെല്ലാം. ഈ തീക്കളിക്കെല്ലാം സഭയുടെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ കേരള കോൺഗ്രസ് മൗനാനുവാദം നൽകിയതും ആർക്കും നിഷേധിക്കാനാവില്ല. മുന്നണി ഏതായാലും, ഭരണപക്ഷവുമായി ചേർന്നുനിൽക്കുക എന്നതിനപ്പുറം ഒരജണ്ടയും അവർക്കുണ്ടായിരുന്നില്ല.
സഭയെ ചേർത്തുപിടിച്ചുള്ള സംഘ്പരിവാറിന്റെ സോഷ്യൽ എൻജിനീയറിങ് മണിപ്പൂരിന്റെ സവിശേഷ സാഹചര്യത്തിൽ ബി.ജെ.പി പുറത്തെടുത്ത അടവുനയമാണെന്ന് വൈകിയെങ്കിലും സഭയും കേരള കോൺഗ്രസുമെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു, ഈ യാഥാർഥ്യം ഇവിടത്തെ മതേതരപക്ഷം നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും. റബർ വില ഉയർത്തിയാൽ ബി.ജെ.പിക്കൊപ്പം നിൽക്കാമെന്ന് പറഞ്ഞ പാംപ്ലാനി പിതാവിനുപോലും മണിപ്പൂരിലേത് ഗുജറാത്ത് മോഡൽ വംശഹത്യയാണെന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. സംഘ്പരിവാറെന്നാൽ, വംശീയതയും അതിലധിഷ്ഠിതമായ വിദ്വേഷ രാഷ്ട്രീയവും മാത്രമാണെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. 50ലധികം ചർച്ചുകളാണ് ഇംഫാലിലും പരിസരപ്രദേശങ്ങളിലുമായി അഗ്നിക്കിരയാക്കപ്പെട്ടതെന്നോർക്കണം. ഈ മേഖലകളിൽ ആക്രമികൾ നടത്തിയ അഴിഞ്ഞാട്ടത്തെക്കുറിച്ച് ഇംഫാൽ ആർച്ച് ബിഷപ് ഡോ. ഡൊമനിക് ലുമോണിന്റെ വിവരണങ്ങൾ മനഃസാക്ഷിയുള്ള ഒരാൾക്കും നടുക്കത്തോടെയല്ലാതെ കേട്ടുനിൽക്കാനാവില്ല. ആ നടുക്കവും ആശങ്കയും നിരാശയുമെല്ലാം ജോസ് കെ. മാണിയുടെ മുഖത്തും പ്രകടമാണ്. മണിപ്പൂരിലേതിനു സമാനമായ സോഷ്യൽ എൻജിനീയറിങ് കേരളത്തിലും സാധ്യമാണെന്ന് വിശ്വസിക്കുന്നവരാണ് ബി.ജെ.പി. ആ തന്ത്രത്തിലേക്കുള്ള പാതയൊരുക്കിക്കൊണ്ടിരിക്കുന്നവരോടാണ് ജോസ് കെ. മാണി ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജാഗ്രതയും ജാഗരണവും നല്ലതിനായിരിക്കട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

