Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമഅ്ദനിയെ...

മഅ്ദനിയെ ശിക്ഷിച്ച്മതിയായില്ലേ?

text_fields
bookmark_border
മഅ്ദനിയെ ശിക്ഷിച്ച്മതിയായില്ലേ?
cancel

ഒരു ജനാധിപത്യസമൂഹത്തിന് അന്യവും അപമാനകരവുമായ ഒട്ടനവധി നീതിനിഷേധങ്ങൾക്ക് നിരന്തരം ഇരയാക്കപ്പെട്ട പൊതുപ്രവർത്തകനാണ് പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. ‘മർദിതർക്ക് മോചനം, അവർണർക്ക് അധികാരം’ എന്ന എക്കാലത്തും പ്രസക്തമായ മുദ്രാവാക്യം ധൈര്യപൂർവം മുന്നോട്ടുവെച്ച അദ്ദേഹത്തിന് തുടക്കംതൊട്ടേ നിരവധി അനുയായികളും അതിലേറെ പ്രതിയോഗികളുമുണ്ടായി. സംഘ്പരിവാർ പ്രവർത്തകർ നടത്തിയ ബോംബാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട അദ്ദേഹത്തെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ബന്ധമുണ്ടെന്ന ആരോപണം ചുമത്തി 1998 മുതൽ 2007 വരെയാണ് വിചാരണത്തടവുകാരനായി കൽത്തുറുങ്കിലടച്ചത്. കൊടുംഭീകരനായി ചിത്രീകരിച്ച് സംഘ്പരിവാറും മാധ്യമങ്ങളും ചേർന്ന് ആൾക്കൂട്ട-മാധ്യമവിചാരണ ചെയ്ത് ചിത്രവധം ചെയ്ത ഈ മനുഷ്യൻ അപരാധിയല്ലെന്ന് ഒമ്പതര വർഷം നീണ്ട വിചാരണക്കൊടുവിൽ നീതിപീഠത്തിന് ബോധ്യപ്പെട്ടു. നിരപരാധിയെന്ന് വെളിപ്പെട്ട് വിട്ടയക്കുമ്പോഴേക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾ മഅ്ദനിയെ ഗ്രസിച്ചുതുടങ്ങിയിരുന്നു. ജയിൽമോചനശേഷം കൂടുതൽ വിശാലമായ രാഷ്ട്രീയ ഇടപെടലുകൾ ആരംഭിച്ച അദ്ദേഹത്തെ 2008ലെ ബംഗളൂരു ബോംബ് സ്ഫോടനത്തിൽ പ്രതിചേർത്ത് 2010 മുതൽ വീണ്ടും വിചാരണത്തടവിലാക്കി.

വ്യാജ തെളിവുകൾ സൃഷ്ടിച്ചും കള്ളസാക്ഷികളെ നിരത്തിയും ആസൂത്രിതമായി കുരുക്കിലാക്കിയെന്നു പറയാവുന്ന ഒട്ടനവധി നാടകങ്ങൾ ഈ അറസ്റ്റിനു മുമ്പും പിമ്പും അരങ്ങേറിയിട്ടുണ്ട്. വ്യാജ സാക്ഷികളെ പടച്ചെടുത്തതെങ്ങനെയെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെപ്പോലും കേസിൽ കുരുക്കി. കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയാണ് മഅ്ദനിക്കെതിരെ തന്നെക്കൊണ്ട് വ്യാജമൊഴി പറയിച്ചതെന്ന് മുഖ്യസാക്ഷിതന്നെ കോടതിക്കു മുന്നിൽ വെളിപ്പെടുത്തി. മഅ്ദനിക്ക് ജാമ്യം നൽകണമെന്നും കേസ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് പൗരാവകാശ സമൂഹം ശക്തമായി രംഗത്തെത്തി. എന്നാൽ, വാശിയോടെയെന്ന മട്ടിൽ കർണാടക സർക്കാർ കേസ് നടപടികൾ മന്ദീഭവിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ് 2014ൽ അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം ലഭ്യമായത്. ഉമ്മക്ക് അർബുദരോഗം മൂർച്ഛിച്ച ഘട്ടത്തിൽ കോടതിയുടെ കനിവിലാണ് കേരളത്തിൽ വന്ന് ഒരുനോക്ക് കാണാൻ അനുവദിക്കപ്പെട്ടത്. ജാമ്യം നൽകിയ വേളയിൽ നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതി മുമ്പാകെ നൽകിയ ഉറപ്പ് ഒമ്പതു വർഷങ്ങൾക്കിപ്പുറവും പാലിക്കപ്പെടാതെ കിടക്കുന്നു. വിചാരണ നടപടികൾ യഥാവിധി മുന്നോട്ടുപോകുന്നുവെങ്കിൽ നീതിപീഠത്തിനു മുന്നിൽ നിരപരാധിത്വം വിശദമാക്കാൻ അവസരം ലഭിക്കുമായിരുന്നു. എന്നാൽ, മഅ്ദനിയുടെ കാര്യത്തിൽ വിചാരണ നടപടിതന്നെ ഒരുതരം ശിക്ഷപോലെ നീളുകയാണ്.

തുടർച്ചയായുള്ള ജയിൽവാസം മുമ്പേയുള്ള ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കി. അത്തരമൊരവസ്ഥയിലും ഒരു ഭീഷണിക്കും തന്നെ നിശ്ശബ്ദനാക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നു മഅ്ദനി. ഉറച്ച വിശ്വാസത്തിലൂന്നിയ മനഃസ്ഥൈര്യം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുമ്പോഴും അനുദിനം വഷളാവുകയാണ് അദ്ദേഹത്തിന്റെ ശാരീരികാരോഗ്യം. പ്രഭാഷണ സദസ്സുകളിൽ ഇടറാത്ത വാഗ്ധോരണിയാൽ ആയിരങ്ങളെ ആവേശത്തിലാഴ്ത്തിയിരുന്ന ഗംഭീരനായ നേതാവിനെയല്ല, അത്യന്തം ക്ഷീണിതനും പീഡിതനുമായ ഒരു മനുഷ്യനെയാണ് കാണാനായതെന്ന് ഈയിടെ അദ്ദേഹത്തെ ബംഗളൂരുവിലെത്തി സന്ദർശിച്ച രാഷ്ട്രീയ നേതാക്കൾ സങ്കടപൂർവം വിവരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ആരോഗ്യാവസ്ഥ വിശദമാക്കി മഅ്ദനിയുടേതായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സന്ദേശത്തിലെ ദുർബലശബ്ദം ഇക്കാര്യം വിളിച്ചോതുന്നുണ്ട്. ഒരു വർഷം മുമ്പുണ്ടായ മസ്തിഷ്കാഘാതത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ തലച്ചോറിലേക്ക് രക്തം പോകുന്ന കുഴലുകൾ അടഞ്ഞുപോകുന്ന അവസ്ഥയുണ്ടെന്നും അടിയന്തരമായി വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും വേണമെന്നും പരിശോധിച്ച ഡോക്ടർമാർ അറിയിച്ചുകഴിഞ്ഞു.

വൃക്കകളുടെ ആരോഗ്യവും അതിപരിതാപകരമായ അവസ്ഥയിലാണ്. കൈ തളരുകയും മുഖം കോടുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയും ഉറപ്പാക്കിയാൽ മാത്രമേ മഅ്ദനിയുടെ ജീവൻ സംരക്ഷിച്ചുനിർത്താനാവൂ. ജാമ്യവ്യവസ്ഥയിലെ ഉപാധികൾപ്രകാരം ബംഗളൂരുവിന് പുറത്തേക്ക് പോകാൻ അദ്ദേഹത്തിന് അനുമതിയില്ല. ഇത് ചികിത്സാസാധ്യതകളെ വല്ലാതെ പരിമിതപ്പെടുത്തുന്നു. ആരോഗ്യ അടിയന്തരാവസ്ഥ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി അദ്ദേഹം പരമോന്നത നീതിപീഠത്തെ സമീപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതിഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തവരെന്ന് കണ്ട് നീതിപീഠം ജീവപര്യന്തം ശിക്ഷക്കു വിധിച്ചവർ വർഗീയ ഭരണകൂടത്തിന്റെ ഇഷ്ടക്കാരെന്ന പരിഗണനയാൽ വിട്ടയക്കപ്പെടുകയും സാംസ്കാരികളായി ആഘോഷിക്കപ്പെടുകയും ചെയ്യുന്നൊരു കാലത്താണ് പരാശ്രയം കൂടാതെ കട്ടിലിൽനിന്നിറങ്ങാൻപോലും ശേഷിയില്ലാതെ വെറും വിചാരണത്തടവുകാരനായ ഒരു മനുഷ്യൻ ജീവൻ നിലനിർത്താനുള്ള ചികിത്സ ഉറപ്പാക്കാൻപോലും കോടതി കയറിയിറങ്ങേണ്ടിവരുന്നത്. മഅ്ദനി എന്ന വ്യക്തി മാത്രമല്ല, നീതിയിലും നിയമവ്യവസ്ഥയിലും ഭരണഘടനാമൂല്യങ്ങളിലും വിശ്വസിക്കുന്ന സകല മനുഷ്യരും ഇവിടെ അപമാനിക്കപ്പെടുകയാണ്. ധാർമിക രോഷപ്രകടനങ്ങൾക്കപ്പുറം തുടർന്നുള്ള നിയമപോരാട്ടത്തിലും ആരോഗ്യപരിരക്ഷാ ശ്രമങ്ങളിലും സംസ്ഥാനത്തെ സർക്കാറിന്‍റെയും സുമനസ്സുകളായ മനുഷ്യരുടെയും പിന്തുണ അദ്ദേഹത്തിനാവശ്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanimadhyamam editorial
Next Story