മിഥ്യകളിൽ ‘രാമരാജ്യം’ പണിയുന്നവർ
text_fieldsസുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച്, വിപുൽ അമൃത്‍ലാൽ ഷാ നിർമിച്ച ‘ദ കേരള സ്റ്റോറി’ എന്ന പടം മേയ് അഞ്ചിന് തിയറ്ററുകളിൽ പ്രദർശനം നടത്താനിരിക്കെ, അത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. ഏറ്റവും മോശമായ വെറുപ്പ് ഉൽപാദിപ്പിക്കുന്ന ശബ്ദ-ദൃശ്യ പ്രചാരണമുള്ള പടമാണിതെന്ന് അഡ്വക്കറ്റുമാരായ കപിൽ സിബൽ, നിസാം പാഷ എന്നിവർ ബോധിപ്പിച്ചെങ്കിലും സിനിമക്ക് ഇതിനകം കേന്ദ്ര ഫിലിം സെൻസർ ബോർഡിന്റെ അനുമതിപത്രം ലഭിച്ചുകഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
പടത്തിൽ 10 ഭേദഗതികൾ നിർദേശിച്ച കോടതി സെൻസർ ബോർഡിന്റെ അനുമതി ചോദ്യംചെയ്യാൻ ഹരജിക്കാരെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. അതോടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉൾപ്പെടെ ഭരണ-പ്രതിപക്ഷ പാർട്ടി നേതാക്കളും മതനിരപേക്ഷ സമൂഹവും ഒറ്റക്കെട്ടായി ശബ്ദമുയർത്തിയിട്ടും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ നിർമിച്ച ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്ന് തീർച്ചപ്പെട്ടുകഴിഞ്ഞു. കേരളത്തിൽനിന്നുള്ള 32,000 ഹിന്ദു യുവതികളെ ലവ് ജിഹാദിലൂടെ മതംമാറ്റി സിറിയയിലേക്കും യമനിലേക്കും കൊണ്ടുപോയി എന്ന കല്ലുവെച്ച നുണ ‘മൂന്നു യുവതികളെ’ എന്നു മാത്രമായി ചുരുക്കി വിഷബോംബ് നിർമാതാക്കൾ പുതിയ ട്രെയിലർ ഇറക്കിയത് മാത്രമാണ് ഇപ്പോഴുണ്ടായ മാറ്റം. കേരളം ‘ഇസ്‍ലാമിക ഭീകരത’യുടെയും മുസ്‍ലിം തീവ്രവാദത്തിന്റെയും ഹബ്ബായി മാറിക്കഴിഞ്ഞുവെന്ന സംഘ്പരിവാറിന്റെ ചിരകാല ഗീബൽസിയൻ പ്രോപഗണ്ട കാര്യമായ ചലനമൊന്നും സംസ്ഥാനത്തുണ്ടാക്കാതെ പോയപ്പോൾ പുതിയ പരീക്ഷണത്തിനിറങ്ങിയതാവും ഇത്തരം ചിത്രങ്ങളുടെ സംവിധാനത്തിൽ കുപ്രസിദ്ധിയുള്ള സുദീപ്തോ സെൻ. അയാളുടെ സിനിമ ഹിന്ദിക്കു പുറമെ ഇന്ത്യൻ ഭാഷകളിൽ മിക്കതിലും ഡബ്ബ് ചെയ്യപ്പെടാനിരിക്കെ, 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽകണ്ടുള്ള ആസൂത്രിത നിർമിതിയാകണം ഈ വികലസൃഷ്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മുഴുവൻ ഹിന്ദുത്വ ഭരണാധികാരികളുടെയും നേതാക്കളുടെയും അനുഗ്രഹാശിസ്സുകളോടെ കഴിഞ്ഞ മാർച്ച് 11ന് രാജ്യവ്യാപകമായി റിലീസ് ചെയ്യപ്പെട്ട ‘ദ കശ്മീർ ഫയൽസ്’ ആണ് ‘ദ കേരള സ്റ്റോറി’യുടെ പ്രചോദനമെന്ന് കരുതാൻ ന്യായമുണ്ട്. സർക്കാർ പിന്തുണയോടെ മീഡിയ നടത്തിയ വ്യാപക പ്രോപഗണ്ടയിലൂടെ വെറും എട്ടു ദിവസങ്ങൾക്കകം 100 കോടി രൂപ വാരാൻ ആ നുണച്ചിത്രത്തിന് സാധിച്ചത് നിസ്സാര കാര്യമല്ലല്ലോ. ഹിന്ദുത്വ പ്രമുഖൻ ജഗ് മോഹൻ ജമ്മു-കശ്മീർ ഗവർണറായിരിക്കെ, എൺപതുകൾക്കൊടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി സംസ്ഥാനത്ത് നടന്ന ദുരൂഹ വർഗീയസംഘർഷങ്ങളെ തുടർന്ന് പണ്ഡിറ്റുകളുടെ കൂട്ടപ്രയാണം ആധാരമാക്കിയാണ് ‘ദ കശ്മീർ ഫയൽസി’ന്റെ രചനയും സംവിധാനവും. അതേപ്പറ്റി 53ാമത് ഇന്റർനാഷനൽ ചലച്ചിത്രമേളയിലെ ജൂറിയും പ്രസിദ്ധ ഇസ്രായേലി ഫിലിം നിർമാതാവുമായ നടവ് ലാപിഡ് നടത്തിയ അഭിപ്രായപ്രകടനം ഇന്ത്യയിലാകെ പ്രകമ്പനം സൃഷ്ടിച്ചതാണ്.
‘അറുവഷളും തനി പ്രോപഗണ്ടയുമായ ദ കശ്മീർ ഫയൽസ്’ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതിൽ താൻ ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തു എന്നാണ് അദ്ദേഹം തുറന്നടിച്ചത്. ഇന്ത്യയുടെ ഉറ്റസുഹൃത്തായ ഇസ്രായേലിലെ ഒരു ഫിലിം നിർമാതാവിനെത്തന്നെ ജൂറിയായി കൊണ്ടുവന്നവർ അതോടെ പരിഭ്രാന്തരായി. ഡൽഹിയിലെ ഇസ്രായേലി നയതന്ത്ര കാര്യാലയം നിഷേധക്കുറിപ്പ് ഇറക്കാൻ മാത്രം സ്ഥിതി വഷളാവുകയും ചെയ്തു. സത്യത്തെയോ യഥാർഥ വസ്തുതകളെയോ ആധാരമാക്കി വിഷലിപ്തമായ പ്രോപഗണ്ട തുടരാനാവില്ലെന്ന തീവ്ര വലതുപക്ഷത്തിന്റെ തിരിച്ചറിവാണ് ഇത്തരം ജാടകളുടെ പിന്നിൽ. സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് യഥാർഥ ചരിത്രസത്യങ്ങളെ സമ്പൂർണമായി പുറംതള്ളി കെട്ടുകഥകളും ഐതിഹ്യങ്ങളും കുത്തിനിറക്കാൻ സങ്കോചമില്ലാത്തവരിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു പലരും ചൂണ്ടിക്കാട്ടിയപോലെ അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ പ്രോപഗണ്ടയാണ് ലവ് ജിഹാദ്. സംഘ്പരിവാറിന്റെ നുണഫാക്ടറിയാണ് 32,000 യുവതികളുടെ നിർബന്ധ മതംമാറ്റക്കഥയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തീർത്തും യാഥാർഥ്യനിഷ്ഠമാണ്. 32,000 നിമിഷങ്ങൾക്കകം മൂന്നായി ചുരുങ്ങിയതിൽനിന്നുതന്നെ കള്ളക്കഥയുടെ തനിനിറം വ്യക്തമാണല്ലോ. 2021ൽ ‘സിറ്റി മീഡിയ’ക്കനുവദിച്ച മുഖാമുഖത്തിൽ സുദീപ്തോ സെൻ അവകാശപ്പെട്ടിരുന്നത്, 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ്, വർഷംതോറും 2800 മുതൽ 3200 വരെ പെൺകുട്ടികൾ ഇസ്‍ലാമിലേക്ക് മാറ്റപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തിയതെന്നാണ്. അങ്ങനെയാണ് സെൻ 10 വർഷങ്ങൾക്കകം 32,000 യുവതികൾ എന്ന കണക്ക് മെനഞ്ഞതത്രെ! ഈ കണക്ക് ശരിയായാലും തെറ്റായാലും യഥാർഥ സംഭവത്തെ ആധാരമാക്കിയാണ് തിരക്കഥ എന്നാണ് ഫിലിം അനുകൂലികൾ അവകാശപ്പെടുന്നത്. വെറുപ്പും വിദ്വേഷവും ആവോളം വളർത്തി മിഥ്യയുടെ സിംഹാസനത്തിൽ രാമരാജ്യം പണിയാനാണ് പരിപാടിയെങ്കിൽ കെട്ടിപ്പൊക്കിയ നുണക്കോട്ടകൾ തകർന്നുവീഴുക സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് സവിനയം ഓർമിപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

