സർക്കസ് കൂടാരമല്ല, നിയമസഭയാണ്
text_fieldsവീണ്ടുമൊരു നാണംകെട്ട കൈയാങ്കളിക്ക് കേരള നിയമസഭ മന്ദിരം വേദിയായിരിക്കുന്നു. സ്പീക്കറുടെ ഓഫിസിനു മുന്നിലാണ് ഭരണ-പ്രതിപക്ഷ എം.എൽ.എമാർ ബുധനാഴ്ച ഏറ്റുമുട്ടിയത്. തങ്ങൾക്കുവേണ്ടി ശബ്ദിക്കുമെന്നും ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നുമുള്ള നിറഞ്ഞ പ്രതീക്ഷയോടെ ജനങ്ങൾ തിരഞ്ഞെടുത്തയച്ച ബഹുമാന്യ ജനപ്രതിനിധികൾ ഇവ്വിധത്തിൽ അപക്വമായി പെരുമാറുന്നത് അതീവ സങ്കടകരം തന്നെ. ബലപ്രയോഗത്തിനിടെ പ്രതിപക്ഷത്തെ വനിതാ എം.എൽ.എയുടെ കൈക്ക് പരിക്കേറ്റിരിക്കുന്നു, മറ്റൊരു എം.എൽ.എയെ ആശുപത്രിയിലാക്കി. മർദനമേറ്റെന്ന് പരാതി നൽകിയിരിക്കുന്നത് ആറ് എം.എൽ.എമാരാണ്, ഒമ്പത് വാച്ച് ആൻഡ് വാർഡുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിന്റെ പേരിൽ ഏഴു പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയും ഭരണപക്ഷത്തെ രണ്ട് എം.എൽ.എമാർക്കെതിരെ ദുർബല വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലുമൊരു പക്ഷത്തിനുമേൽ മാത്രം ചുമത്താനാകുന്നതല്ല. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളോട് തെറ്റു ചെയ്തിരിക്കുന്നു.
അധികാരികളുടെ അഴിമതിയുടെയും അനാസ്ഥയുടെയും ഫലമായി സംഭവിച്ച ഒരു ദുരന്തത്തിന്റെ ഫലമായി കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തെ ജനങ്ങൾ ശ്വാസംകിട്ടാതെ ഉഴലവെ, അതിഭയാനകമായ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നുവെന്ന് മുന്നറിയിപ്പുയർന്നിരിക്കവെ, അതിനെ എങ്ങനെ നേരിടാമെന്ന് ഒരുമിച്ചിരുന്ന് ആലോചിച്ച് പരിഹാരം കണ്ടെത്താൻ ചുമതലപ്പെട്ടവരാണ് ചേരിതിരിഞ്ഞ് ഗ്വാ ഗ്വാ വിളിച്ച് പരിഹാസ്യരായത്; അതിലേറെ ജനാധിപത്യത്തെ പരിഹാസ്യമാക്കിയത്. വഹിക്കുന്ന പദവിക്ക് യോജിക്കുന്ന വാക്കുകളോ പ്രയോഗങ്ങളോ അല്ല മന്ത്രിമാരുൾപ്പെടെ പല നിയമസഭാംഗങ്ങളിൽനിന്നും പുറത്തുവരുന്നത് എന്ന് ഓർമിപ്പിക്കാതിരിക്കാൻ തരമില്ല.
തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ പെൺകുട്ടി അതിക്രമത്തിനിരയായ സംഭവം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയം അനുവദിക്കാനാവില്ല എന്ന സ്പീക്കറുടെ തീരുമാനവും തികച്ചും അസ്വാഭാവികമായി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്ന മൗലികമായ വിഷയം ചർച്ചചെയ്യാനാകില്ലെങ്കിൽ എന്തിനാണ് നിയമസഭ? അതിൽപ്പിടിച്ചാണ് സ്പീക്കറുടെ ഓഫിസിനു മുന്നിൽ പ്രതിപക്ഷ പ്രതിഷേധവും തുടർന്ന് കൈയേറ്റവുമെല്ലാം അരങ്ങേറിയത്. ചുമതലയേറ്റ ഘട്ടത്തിൽ പക്ഷഭേദം പ്രകടിപ്പിക്കാതെ നീതിപൂർവം ഇടപെട്ടിരുന്ന സഭാനാഥൻ, മുഖ്യമന്ത്രിയുടെ ശാസനയെത്തുടർന്ന് പൊടുന്നനെ നിലപാട് മാറ്റിയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആരോപണം. അത്തരമൊരു ആരോപണം ഉന്നയിക്കാൻ അവർക്ക് കാരണങ്ങളും ന്യായവുമുണ്ടാകാം. എന്നാൽ, മുഖ്യമന്ത്രിയെയോ ഭരണപക്ഷത്തെയോ നയങ്ങളിലെയും നിലപാടുകളിലെയും പാളിച്ചകളുടെ പേരിൽ വിമർശിക്കുന്നതിനു പകരം, വീട്ടുകാരെയും വീട്ടുകാര്യങ്ങളെയും സഭാതലത്തിലേക്ക് വലിച്ചിഴക്കുന്നത് ബാലിശമായ രീതിയാണ്.
ഇതാദ്യമല്ല കേരള നിയമസഭയിൽ കൈയാങ്കളി അരങ്ങേറുന്നത്. 2015 മാർച്ച് 13ന് അന്നത്തെ യു.ഡി.എഫ് മന്ത്രിസഭയിൽ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ കാട്ടിക്കൂട്ടലുകളെച്ചൊല്ലിയുള്ള കേസ് ഇപ്പോഴും കോടതിയിലുണ്ട്. അപമാനകരമായ അത്തരം സംഭവവികാസങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ രാഷ്ട്രീയ നേതൃത്വങ്ങൾ മനസ്സുവെച്ചേ മതിയാകൂ.
ജനാധിപത്യത്തിന്റെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും തലങ്ങൾ നന്നെ ചുരുങ്ങിവരുന്ന രാജ്യം, പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇടമാണ് കേരളം. രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങൾ ചർച്ചചെയ്യാനോ പ്രതിപക്ഷവുമായി കൂടിയാലോചന നടത്താനോ കൂട്ടാക്കാത്ത പാർലമെന്റിലെ ഭരണപക്ഷ ധിക്കാരക്കാഴ്ചകൾ നിരന്തരം കാണുന്നുണ്ട് നാം. അതിന്റെ ചെറു പതിപ്പുകളാണ് മറ്റു പല സംസ്ഥാന നിയമസഭകളും. അത്തരം ജനാധിപത്യ വിരുദ്ധതക്കെതിരെ ഗാന്ധിപ്രതിമക്കു മുന്നിൽ പ്ലക്കാർഡുയർത്തിപ്പിടിച്ച് തോളുരുമ്മിനിന്ന് മുദ്രാവാക്യം വിളിക്കുന്നവരാണ് കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് പ്രതിനിധികൾ. എന്തെല്ലാം അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും അടിസ്ഥാനപരമായി പുലർത്തേണ്ട രാഷ്ട്രീയമര്യാദകളിൽ വീഴ്ചവരുത്തുന്നതിലെ നിലവാരമില്ലായ്മ ഇരു മുന്നണികളുടെയും നേതൃയോഗങ്ങൾ കൂലങ്കഷമായി ചർച്ചചെയ്യുകതന്നെ വേണം. ജനങ്ങളെ മതത്തിന്റെ പേരിൽ വർഗീയമായി ഭിന്നിപ്പിക്കുക എന്നതല്ലാതെ ഒരു അജണ്ടയും മുന്നോട്ടുവെക്കാനില്ലാത്ത, രാജ്യമൊട്ടുക്കും ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സംഘ്പരിവാർ, ഈ തമ്മിൽതല്ലു കണ്ട് തലതല്ലിച്ചിരിക്കുകയാണെന്ന ചിന്തയെങ്കിലും ഇടത്-ഐക്യമുന്നണി നായകർക്കുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.