Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഏഷ്യൻ ഗെയിംസും ഇന്ത്യൻ...

ഏഷ്യൻ ഗെയിംസും ഇന്ത്യൻ ഫുട്ബാളും

text_fields
bookmark_border
ഏഷ്യൻ ഗെയിംസും ഇന്ത്യൻ ഫുട്ബാളും
cancel

സെപ്റ്റംബർ 20ന് തുടങ്ങി 16 നാൾ നീണ്ടുനിൽക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിന് ചൈനയിലെ ഹാങ്ചോവിൽ ഒരുക്കങ്ങൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ ഇന്ത്യയുടെ തയാറെടുപ്പുകളെക്കുറിച്ചും ഏതാനും ദിവസങ്ങളായി വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) സംഘാടകർക്ക് കൈമാറിയ പ്രാഥമിക പട്ടികയിൽ 800ഓളം താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ൽ, ജകാർത്തയിൽ നടന്ന ഏഷ്യാഡിൽ 36 ഇനങ്ങളിലായി 524 അംഗങ്ങളാണ് പങ്കെടുത്തത്. ജൂലൈ 26ന് അന്തിമ പട്ടിക തയാറാക്കുമ്പോൾ, 600ലധികം അത്‍ലറ്റുകൾ ടീമിലുണ്ടാകുമെന്നാണ് അനുമാനം. കൗതുകകരമായ കാര്യമെന്താണെന്നുവെച്ചാൽ, ഒരു ജംബോ ടീമിനെ ഒരുക്കിനിർത്തിയിട്ടും അക്കൂട്ടത്തിൽ ഫുട്ബാൾ അടക്കമുള്ള ജനകീയ കായിക ഇനങ്ങൾക്ക് അധികൃതർ അനുമതി നൽകിയില്ലെന്നതാണ്. തികച്ചും സാങ്കേതികമായ കാരണങ്ങൾ നിരത്തിയാണ് പുരുഷ, വനിത ഫുട്ബാൾ ടീമുകൾക്ക് ഐ.ഒ.എ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ഏഷ്യയിൽ എട്ടാം സ്ഥാനമുണ്ടെങ്കിലേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന കായികമന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ ഭ്രഷ്ട്. നിലവിൽ പുരുഷ ടീം 18ാം സ്ഥാനത്തും വനിതകൾ പത്താം സ്ഥാനത്തുമാണ്. സമാന കാരണങ്ങളാൽ ബാസ്കറ്റ്ബാൾ, കരാട്ടേ, ഹാൻഡ്ബാൾ എന്നീ ഇനങ്ങളും പുറത്താക്കപ്പെടും.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും ഈ സമീപനത്തിനെതിരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ രംഗത്തുവന്നിട്ടുണ്ട്. ഐ.എം. വിജയൻ അടക്കമുള്ള മുൻ ഫുട്ബാൾ താരങ്ങൾ നടപടിയെ ശക്തമായി അപലപിച്ചു. ദേശീയ ഫുട്ബാൾ ടീം പരിശീലകൻ ഇഗർ സ്റ്റിമാക് വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കും കായികമന്ത്രി അനുരാഗ് ഠാകുറിനും കത്തെഴുതുകയുണ്ടായി. 1998ൽ, ക്രൊയേഷ്യ ആദ്യമായി ലോകകപ്പിനെത്തുമ്പോൾ ആ ടീമിന്റെ ഭാഗമായിരുന്നു സ്റ്റിമാക്. ആ വർഷം മൂന്നാം സ്ഥാനത്തെത്തിയ ടീമിന്റെ പ്രതിരോധനിരയിലെ കുന്തമുനയായിരുന്ന അദ്ദേഹത്തിന് ഒരു രാജ്യത്തിന്റെ ഫുട്ബാൾ വളർച്ച എങ്ങനെയൊക്കെയെന്ന് വ്യക്തമായിട്ടറിയാം. ആ അനുഭവത്തിന്റെകൂടി വെളിച്ചത്തിലാണ് കഴിഞ്ഞ നാലു വർഷമായി സ്റ്റിമാക് സീനിയർ-ജൂനിയർ ടീമിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് സാഫ് കപ്പ് സ്വന്തമാക്കിയതും ഫിഫ റാങ്കിങ്ങിൽ 99ലെത്തിയതുമെല്ലാം സ്റ്റിമാക്കിന്റെകൂടി മികവിലാണ്. അങ്ങനെയൊരാൾ, ഏഷ്യൻ ഗെയിംസ് പോലൊരു വലിയ വേദിയിൽ ദേശീയ ടീമിന്റെ പങ്കാളിത്തം നിഷേധിക്കുന്ന അധികാരികളുടെ സമീപനത്തിനെതിരെ തുറന്നടിക്കുമ്പോൾ അതിനെ ഗൗരവപൂർവംതന്നെ കാണേണ്ടതുണ്ട്. രാജ്യത്ത് ഫുട്ബാൾ പലനിലയിലും ജനകീയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഇത്തരമൊരു വിട്ടുനിൽക്കൽ വലിയ മണ്ടത്തമായിരിക്കുമെന്ന് അദ്ദേഹം തുറന്നടിക്കുന്നു. ദിവസങ്ങൾക്കുമുമ്പ്, ഫ്രാൻസ് സന്ദർശിക്കവെ, ഫ്രഞ്ച് താരം കിലിയൻ എംബാപെയെ പരാമർശിച്ച് ഇന്ത്യയിലെ ഫുട്ബാൾ ജ്വരത്തെക്കുറിച്ച് മോദി നടത്തിയ പ്രസംഗമൊക്കെ ചൂണ്ടിക്കാണിച്ചാണ് സ്റ്റിമാക്കിന്റെ പരോക്ഷവിമർശനങ്ങൾ.

ഏഷ്യൻ ഗെയിംസിനുള്ള പങ്കാളിത്തത്തിന് റാങ്കിങ് മാനദണ്ഡമാക്കുന്നതുതന്നെ വാസ്തവത്തിൽ അസംബന്ധമാണ്. റാങ്കിങ് മാനദണ്ഡമാക്കുക എന്നാൽ, മെഡൽസാധ്യത കണക്കിലെടുത്തു മാത്രം ടീമിനെ അയക്കുക എന്നാണർഥം. എല്ലാ കായിക ഇനങ്ങൾക്കും ഈ മാനദണ്ഡം ബാധകമല്ലെന്നിരിക്കെ, ഫുട്ബാൾ അടക്കമുള്ള ഏതാനും കളികൾക്കു മാത്രമായി എന്തിനാണ് ഈ നിയന്ത്രണമെന്ന ചോദ്യത്തിന് അധികാരികൾക്ക് ഉത്തരമില്ല. മാത്രവുമല്ല, ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബാളിൽ കളിക്കാൻ കഴിയുക ജൂനിയർ കളിക്കാർക്കാണ്; മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും 23 വയസ്സിനു താഴെയുള്ളവരായിരിക്കണമെന്നാണ് ചട്ടം. വനിതകൾക്ക് ഈ നിബന്ധനയില്ല. അഥവാ, സീനിയർ ടീമിന്റെ ഫിഫ റാങ്കിങ് ഇവിടെ ഒരു നിലക്കും ബാധകമാകുന്നില്ലെന്നർഥം. യഥാർഥത്തിൽ, മെഡൽസാധ്യതകൾക്കപ്പുറം ഏഷ്യാഡ് പോലുള്ള കായികമേളകളിലെ പങ്കാളിത്തംതന്നെയല്ലേ പ്രധാനം? ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇന്ത്യൻ ദേശീയ ടീമിന് കൂടുതൽ ടൂർണമെന്റുകളിൽ കളിക്കാനുള്ള അവസരമാണ് വേണ്ടത്. ഹാങ്ചോവിൽ ടീമിന് അനുമതി ലഭിച്ചാൽ, 2017ൽ അണ്ടർ 17 ലോകകപ്പിൽ കളിച്ച താരങ്ങളാകും ദേശീയ ജഴ്സിയണിയുക. അവർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാകുമിത്. എന്നല്ല, 2026ലെ ലോകകപ്പ് യോഗ്യതമത്സരങ്ങൾക്കുള്ള ഒന്നാംതരം ഒരുക്കവുമാകും ഏഷ്യൻ ഗെയിംസ്. സ്റ്റിമാക്കിനെപ്പോലുള്ളവർ ഇക്കാര്യങ്ങൾ ആവർത്തിച്ചുന്നയിച്ചിട്ടും ഒളിമ്പിക് അസോസിയേഷന് കുലുക്കമില്ല.

ഇന്ത്യൻ കായികമേഖലക്ക് നിസ്തുല സംഭാവനകൾ നൽകിയ പി.ടി. ഉഷയാണ് നിലവിലെ അസോസിയേഷൻ പ്രസിഡന്റ്. മെഡൽനേട്ടങ്ങൾക്കപ്പുറം, ഒരു കായികമാമാങ്കത്തിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉഷയോളം അറിവുള്ളവർ നമ്മുടെ രാജ്യത്തുണ്ടാവില്ല. നിർഭാഗ്യവശാൽ, അവർപോലും ഇക്കാര്യത്തിൽ കായിക മന്ത്രാലയത്തെ തിരുത്താൻ തയാറല്ല; എന്നല്ല, ആ തീരുമാനത്തിനൊപ്പമെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 1951ൽ, ഡൽഹിയിൽ നടന്ന പ്രഥമ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാക്കളായിരുന്നു ഇന്ത്യൻ ഫുട്ബാൾ ടീം. 62ലും ആ നേട്ടം ആവർത്തിച്ചു; പിന്നീടൊരിക്കൽ വെങ്കലവും നേടി. അതിനുശേഷം, കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ല. 2014ൽ, ഇഞ്ചിയോണിൽ 26ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ഫുട്ബാളിനുണ്ടായ മാറ്റങ്ങൾ നാം കാണാതിരുന്നുകൂടാ. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പത്താം വർഷത്തിലേക്കു കടക്കുമ്പോൾ ഫുട്ബാൾ കൂടുതൽ ജനകീയമായി എന്നതിനപ്പുറം, കളിയുടെ നിലവാരവും കാര്യമായി വർധിച്ചിട്ടുണ്ട്. പ്രകടമായ ഈ മാറ്റങ്ങളെ തേച്ചുമിനുക്കി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് കായിക മന്ത്രാലയവും ഒളിമ്പിക് അസോസിയേഷനുമൊക്കെ ചെയ്യേണ്ടത്. അവർക്കു പക്ഷേ, അജണ്ടകൾ വേറെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on indian Football
Next Story