ഗ്രീൻലൻഡിൽ ട്രംപിനെന്തു കാര്യം?
text_fieldsസർവ അന്തർദേശീയ നിയമങ്ങളെയും കാറ്റിൽ പരത്തി വെനിസ്വേലയിൽ കടന്നു കയറി പ്രസിഡന്റ് മദൂറോയെ പിടിച്ചുകൊണ്ടു പോയി തടവുകാരനാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചിത്രമായ അധിനിവേശ ത്വര തലക്കുപിടിച്ച മട്ടിൽ പാഞ്ഞുനടപ്പാണ്. ആർട്ടിക് ധ്രുവത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് വിലകൊടുത്ത് വാങ്ങുമെന്നു വീമ്പുപറഞ്ഞ ട്രംപ് മറ്റൊരിക്കൽ അമേരിക്കൻ ഭരണത്തിൽ ഗ്രീൻലൻഡിനെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രസ്താവനകൾക്കെതിരേ ജനശബ്ദം വന്നു കഴിഞ്ഞിരിക്കുന്നുവെങ്കിലും ട്രംപിന്റെ തേട്ടം ദുർബലമാവാൻ സമയമെടുത്തേക്കും. നേരത്തേ, ഒന്നാമൂഴത്തിൽ തന്നെ ഗ്രീൻലൻഡ് വിലയ്ക്ക് വാങ്ങണമെന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഗ്രീൻലൻഡ് വിൽപനക്കു വെച്ചതല്ല എന്നായിരുന്നു അന്ന് ദ്വീപിന്റെ ഉടമയായ ഡെന്മാർക് മാന്യമായി നൽകിയ മറുപടി. എന്നാൽ, വേണ്ടി വന്നാൽ സൈനിക ശക്തി ഉപയോഗിച്ചും ഗ്രീൻലൻഡിനെ സ്വന്തമാക്കിക്കളയാം എന്ന സാമ്രാജ്യത്വമോഹം ട്രംപ് പ്രകടിപ്പിച്ചു. സൈനികമായി ആക്രമിച്ചാൽ പിന്നെ പിടിച്ചു നിൽക്കാനാവില്ല. 60,000ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിന്റെ ഉടമയായ ഡെന്മാർക്കിന്റെ ജനസംഖ്യ അഞ്ചര മില്യൺ മാത്രമാണെങ്കിൽ അമേരിക്കയുടേത് 330 മില്യനാണ്. സൈനിക ശക്തിയിലുമുണ്ട് ഈ ഭീമൻ വ്യത്യാസം. അതിനാൽ അമേരിക്കക്ക് ഒരു സൈനിക ഓപറേഷൻ പ്രയാസമാവില്ല. എന്നാൽ, റഷ്യയും ചൈനയും അതു നോക്കി നിൽക്കാനിടയില്ല എന്നതും സത്യം.
നാറ്റോ അംഗരാജ്യങ്ങളെന്ന നിലയിൽ ഡെന്മാർക്കും അമേരിക്കയും പരസ്പരം സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഒരു അംഗരാജ്യത്തിന്റെ മേലുള്ള ആക്രമണം മുഴുവൻ നാറ്റോയുടെ നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് വ്യവസ്ഥ. നാറ്റോയിലെ ഒരു അംഗരാജ്യംതന്നെ മറ്റൊന്നിനെ ആക്രമിച്ചാൽ ലോക ക്രമം തലകീഴാവും. അതുകൊണ്ടാണ് ട്രംപ് പ്രസ്താവന വന്ന ഉടനെ, അതോടെ നാറ്റോ ഇല്ലാതാവുമെന്നു യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയത്.
അമേരിക്കക്ക് ഗ്രീൻലൻഡിൽ കണ്ണുണ്ടാവാൻ കാരണങ്ങളുണ്ട്. ഐസ് നിറഞ്ഞ ഗ്രീൻലൻഡിൽ ആധുനിക ലോകത്തിനു വേണ്ടതായ പല ധാതുക്കളുമുണ്ട്. ഇലക്ട്രോണിക് ഉൽപന്നങ്ങളിൽ സർവവ്യാപിയായ സെമികണ്ടക്ടേഴ്സ് നിർമാണത്തിൽ അത്യാവശ്യമായ അപൂർവലോഹങ്ങൾ അവയിൽ പ്രധാനം. പുനരുജ്ജീവനക്ഷമമായ ഊർജവും ഇലക്ട്രിക് വാഹനങ്ങളും ഉൽപാദിപ്പിക്കാനും ഇവ വേണം. അതിനു പുറമെയാണ് ആണവോർജവും ആണവായുധങ്ങളും നിർമിക്കാൻ ആവശ്യമായ യൂറേനിയവും. വിവിധരാജ്യങ്ങളിലുള്ള അപൂർവലോഹങ്ങളുടെ മേൽ ഇന്ന് മേൽക്കൈ ഉള്ള ചൈനയും ഈ രംഗത്ത് സജീവമാണ്. ലോകത്തെ സെമികണ്ടക്ടേഴ്സിന്റെ ഭൂരിഭാഗവും ഉൽപാദിപ്പിക്കുന്ന തായ്വാനെ ചൈന പിടിച്ചടക്കുന്ന സാഹചര്യം വന്നാൽ പിന്നെ ആ ഉൽപന്നത്തിലും അമേരിക്കക്ക് ചൈനീസ് വെല്ലുവിളി നേരിടേണ്ടി വരും. ഗ്രീൻലൻഡിന്റെ ഭൂമിശാസ്ത്രവും ഒരുപരിധിവരെ വൻശക്തികൾക്ക് താൽപര്യമുള്ളതാണ്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ വർഷത്തിൽ കൂടുതൽ കാലം നാവികയോഗ്യമായി വരുകയാണെങ്കിൽ അമേരിക്കയിൽനിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ജലഗതാഗതം കൂടുതൽ എളുപ്പമാവും.
അമേരിക്കൻ മോഹം ചർച്ചയിൽ വന്നതോടെ പ്രതികരണങ്ങളും ഗൗരവത്തിൽതന്നെ വന്നുതുടങ്ങി. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് പാർട്ടികളുടെ സംയുക്ത മുൻകൈയിൽ ചൊവ്വാഴ്ച അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ച നാറ്റോ ഐക്യസംരക്ഷണ ബിൽ ഗ്രീൻലൻഡ് ഉൾപ്പെട്ട നാറ്റോ ഭൂപ്രദേശം പിടിച്ചടക്കുന്നതിൽനിന്ന് യു.എസ് പ്രസിഡന്റിനെ തടയുന്നതാണ്. പ്രതിരോധ വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്മെന്റും ഏതെങ്കിലും നാറ്റോ അംഗരാജ്യത്തിന്റെ ഭൂഭാഗത്ത് നിയന്ത്രണം പിടിച്ചടക്കാനോ ഉപരോധമേർപ്പെടുത്താനോ സ്റ്റേറ്റ് ഫണ്ട് വിനിയോഗിച്ചു കൂടാ. നികുതിദായകരുടെ പണം നാറ്റോയെ വിഭജിക്കുന്ന എന്തെങ്കിലും നടപടിക്കോ സഖ്യവ്യവസ്ഥകൾ ലംഘിക്കുന്നതിനോ വിനിയോഗിച്ചു കൂടാ എന്ന് ബിൽ അവതരിപ്പിച്ച സെനറ്റർ ജീൻ ഷഹീൻ ഓർമിപ്പിച്ചു. ബിൽ പാസായാൽ തന്നിഷ്ടപ്രകാരവും ഏകപക്ഷീയമായും നാറ്റോ ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസിഡന്റിന്റെ നടപടികൾക്ക് കടിഞ്ഞാൺ വീഴും.
മറുവശത്ത് യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ ഭാഷയിൽ ട്രംപിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. നേരത്തേതന്നെ ഗ്രീന്‍ലന്‍ഡ് അന്നാട്ടുകാരുടേതാണെന്നും അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഡെന്മാര്ക്കിനും ഗ്രീന്‍ലന്‍ഡിനും മാത്രമേ അവകാശമുള്ളൂ എന്നും ബ്രിട്ടൻ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്പെയിന്, ഡെന്മാര്ക് എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയോ ഡെന്മാർക്കോ ഏതാണ് വേണ്ടതെന്നു ചോദിച്ചാൽ ഇന്നിവിടെ ഈ നിമിഷത്തിൽ ഞങ്ങൾ ഡെന്മാർക് എന്നുത്തരം പറയുമെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി യെൻ ഫ്രെഡ്രിക് നെൽസണും തറപ്പിച്ചു പറഞ്ഞു. ഗ്രീൻലൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യമുണ്ടെങ്കിലും അവിടങ്ങളിലെല്ലാം റഷ്യൻ, ചൈനീസ് നാവിക സാന്നിധ്യം ഉള്ളതുകാരണം അമേരിക്കൻ സുരക്ഷക്ക് ഗ്രീൻലൻഡ് സ്വന്തമാക്കേണ്ടതുണ്ട് എന്നാണു ട്രംപ് സിദ്ധാന്തം. എന്നാൽ, ‘ഞങ്ങൾക്ക് അമേരിക്കക്കാരാവേണ്ട, സ്വന്തം ഭാഷയും സ്വത്വവും സംസ്കാരവും നിലനിർത്തുകയാണാവശ്യം, അമേരിക്കയുടെ ഭാഗമായാൽ അതു പറ്റില്ല’ എന്നാണ് ഡെന്മാർക് പാർലമെന്റിലെ രണ്ടു ഗ്രീൻലൻഡ് അംഗങ്ങളിലൊരാൾ പറഞ്ഞത്. ട്രംപ് ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ കൈവെച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും അധിനിവിഷ്ടദേശത്തെ വിഭവങ്ങൾ അമേരിക്കയുടേതാക്കി മാറ്റാനുമാണ്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു ദ്വീപിന്റെ ചരിത്രത്തിൽ ഇത്തരം ഒരു വിപര്യയം സംഭവിക്കാനുള്ള സാധ്യത ആരും നിനച്ചിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

