Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രസംഗത്തിന്‍റെ...

പ്രസംഗത്തിന്‍റെ പ്രാസഭംഗിയിൽ തീരില്ല പ്രവാസി പ്രശ്നങ്ങൾ

text_fields
bookmark_border
editorial
cancel

വർഷത്തെ പ്രവാസി ഇന്ത്യക്കാരുടെ 18ാമത് സംഗമം ‘പ്രവാസി ഭാരതീയ ദിവസ്’ ഈ മാസം 8-10 തീയതികളിൽ ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നടന്നു. 70 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിൽ പരം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘യുദ്ധത്തിന്റെയല്ല ബുദ്ധയുടേതാണ് ഭാവിലോകം’ എന്ന പ്രാസഭംഗിയുള്ള പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയത്​ സ്വാഭാവികം. ലോക രാഷ്ട്രങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്ഥാനം, പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകൾ, ഭാവിലോകത്തിനു വേണ്ട നൈപുണികൾ നൽകാൻ ഇന്ത്യക്കുള്ള ശേഷി തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമന്ത്രി സംസാരത്തിൽ ഊന്നിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതത്​ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച്​ ജീവിക്കുന്ന സ്വന്തമോ മാതാപിതാക്കളുടെയോ ജന്മംകൊണ്ട് ഭാരതീയ വേരുകളുള്ള വിഭാഗങ്ങളെയാണ് പ്രവാസി ഭാരതീയർ എന്ന വിവക്ഷയിൽ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്​. സമ്മേളനപങ്കാളിത്തത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സാന്നിധ്യം കാണാമെങ്കിലും പ്രസംഗത്തിലും മറ്റു പരിപാടികളിലും അവർക്ക് മതിയായ പ്രാതിനിധ്യം ഉണ്ടോ എന്ന് സംശയിക്കാം. സമ്മേളനത്തിൽ പ്രസംഗിച്ച ഒരു പാട് പേർ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലെ കുടിയേറ്റക്കാരായ ഇന്ത്യൻ വംശജരാണ്​. മുൻവർഷങ്ങളിലെപോലെ ഈ വർഷത്തെയും പരിപാടികളുടെ പട്ടിക നോക്കിയാലും - വിരലിലെണ്ണാവുന്ന ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി വ്യവസായികൾ ഒഴിച്ചാൽ-ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ‘ഇന്ത്യൻ’ സമൂഹത്തിനാകും മുൻതൂക്കം.

അങ്ങനെ വേണ്ടത്ര ഇടം കിട്ടാത്തവരായി മാറിയിരിക്കുന്നു തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ ഇന്ത്യൻ പൗരർ. വിശിഷ്യ, ഗൾഫിലെ ഇന്ത്യക്കാർ. യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്കപോലുള്ള വികസിത രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും വിദഗ്ധ തൊഴിലാളികളും ഉണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും പഠനം കഴിഞ്ഞോ അല്ലാതെ നേരിട്ടോ ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ അതത് രാജ്യങ്ങളിലെ പൗരത്വം എടുക്കുന്നവരാണ്. ഒരർഥത്തിൽ ഇന്ത്യയിൽനിന്ന് ഉന്നത പഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരിലെ വലിയ ശതമാനവും -മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലെ വൈദ്യവിദ്യാർഥികളൊഴികെ -പഠനം കഴിഞ്ഞു തിരിച്ചു വരാനല്ല പോകുന്നത്. മിക്കവാറും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അവിടെ തന്നെ പൗരത്വം സ്വീകരിച്ച് കഴിയുകയാണ് പതിവ്. ഇതല്ല ഗൾഫ് രാജ്യങ്ങളിലും മറ്റും തൊഴിൽ തേടുന്നവരുടെ അവസ്ഥ. ഇന്ത്യയിലെ വർത്തമാന കാല തൊഴിലില്ലായ്മക്ക് ആശ്വാസം നൽകുന്നതിന് പുറമെ രാജ്യത്തിന് ഭീമമായ തോതിൽ വിദേശ നാണ്യം നേടിത്തരുകയും ചെയ്യുന്നുണ്ട് ഈ വിഭാഗം. കുടുംബ ബന്ധങ്ങൾ, ചികിത്സ, നിക്ഷേപങ്ങൾ, വ്യാപാരം, സൗഹൃദങ്ങൾ മുതൽ രാഷ്ട്രീയ പ്രക്രിയയിലെ പങ്കാളിത്തത്തിൽ വരെ ജന്മനാടിനോടുള്ള പൊക്കിൾക്കൊടി ബന്ധം ഉപേക്ഷിക്കാതെ, ഇന്ത്യൻ പൗരരായി തുടരുന്നവരാണവർ. യഥാർഥത്തിൽ പ്രവാസി എന്ന പരിഗണനയോ പ്രത്യേക പദ്ധതിയിൽ പങ്കാളിത്തമോ നൽകുന്നെങ്കിൽ അതിന്​ ഏറ്റവും അർഹർ ഈ വിഭാഗമാണ്​. അവർക്ക് അത്​ ലഭിക്കാറില്ലെന്നത് മറ്റൊരു സത്യം.

ലോകത്ത് ഏറ്റവുമധികം പ്രവാസികളുള്ള നാടാണ്​ ഇന്ത്യ. വിദേശമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് അന്യരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യൻവംശജർ മൂന്നരക്കോടിയോളം വരും. അതിൽ 1.6 കോടിയോളം എൻ.ആർ.ഐ വിഭാഗം. മുപ്പതോളം വിദേശരാജ്യങ്ങളിൽ അവർ നേതൃസ്ഥാനത്തുതന്നെയുണ്ട്. ഇതിൽ ഇന്ത്യൻ പൗരത്വമുള്ളപ്പോൾതന്നെ വിദേശത്ത് താമസ വിസയുള്ള എൻ.ആർ.ഐ എന്ന വിഭാഗവും, പി.ഐ.ഒ (പേഴ്‌സൻ ഓഫ് ഇന്ത്യൻ ഒറിജിൻ) എന്ന ഇന്ത്യൻ വേരുകളുള്ള വിദേശപൗരരും വിദേശ പാസ്പോർട്ട് ഉള്ളപ്പോൾതന്നെ ഇന്ത്യയിൽ ഭാഗികമായ പൗരാവകാശങ്ങളുള്ള ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) എന്ന വിഭാഗവും പെടും. പി.ഐ.ഒ കാർഡ് 2015ൽ നിർത്തലാക്കി. അവർക്കും ഒ.സി.ഐ കാർഡ് ആണിപ്പോൾ.

വിദേശ പാസ്‌പോർട്ടുള്ള ഇന്ത്യൻവംശജർക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന ആശയം ഇടക്കൊക്കെ ഉയർന്നു വരാറുണ്ട്. എന്നാൽ, നിലവിൽ വിദേശ പാസ്‌പോർട്ട് സ്വീകരിച്ചവർ ഇന്ത്യൻസമൂഹത്തിൽ പൗരരായി കഴിയാൻ താൽപര്യമില്ല എന്നു തീരുമാനിച്ചവരാണ്. അവർക്ക് ലഭ്യമായ ഒ.സി.ഐ കാർഡ് വഴി സ്ഥിരമായി സ്വദേശത്ത് വരാനും നിയന്ത്രണങ്ങൾക്ക് വിധേയമായി സ്വത്ത് വാങ്ങാനും അനുമതിയുണ്ട്. പക്ഷേ, പൗരത്വവിവക്ഷയിൽ പെടുന്ന പൗരാവകാശങ്ങൾ അവർക്കു നൽകേണ്ടി വരുമെന്നും അതിൽ വോട്ടവകാശം ഉൾപ്പെടുമെന്നും രാഷ്ട്രീയ പ്രക്രിയയിൽ വിദേശി പൗരർ പങ്കെടുക്കുന്നത് ആശാസ്യമല്ലെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതനുസരിച്ച് ഒ.സി.ഐ എന്നതിലെ ‘സിറ്റിസൺ’ എന്ന പദം മാറ്റേണ്ടി വരും. അതെന്തായാലും അന്യരാജ്യ പൗരർക്ക് ഇന്ത്യയുമായി സാംസ്കാരിക വേരുകളുടെ ബന്ധവും പൈതൃകത്തിലുള്ള അഭിമാനവും കുടുംബബന്ധങ്ങളും ഉണ്ടാകാമെങ്കിലും അവർക്ക് രണ്ടാമതൊരു പൗരത്വം നൽകാൻ ഉചിതമല്ല അതൊന്നും. അതിനിടയിൽ ഇന്ത്യൻ പൗരന്മാരായ വിദേശവാസികളുടെ വിഷയം ഈ ‘പ്രവാസി ഭാരതീയ’ ബഹളത്തിൽ നിന്നു മാറി വേറെ തന്നെ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ് ഇത്തരം ആഘോഷപരിപാടികൾ കലാശിക്കുന്നത്​ എന്നു പറയാതെ വയ്യ. 1915ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയ സംഭവം അനുസ്മരിച്ച്​ 2003 മുതൽ ജനുവരി ഒമ്പതിനു ആചരിച്ചുവരുന്നതാണ്​ പ്രവാസി ഭാരതീയ ദിവസ്. അതിൽ രാഷ്ട്രപിതാവിനെക്കുറിച്ച അനുസ്മരണമില്ലാതെ പോകുന്നതുപോലെതന്നെ അപഹാസ്യമാണ്​ പ്രവാസിക​ളിലെ സിംഹഭാഗവും ചർച്ചകളിലും പ്രഖ്യാപനങ്ങളിലും എവിടെയും ഇല്ലാതെ പോകുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialpravasi bharatiya divas
News Summary - Madhyamam Editorial on expatriates issues
Next Story