Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതുർക്കിയയുടെ ഉർദുഗാൻ,...

തുർക്കിയയുടെ ഉർദുഗാൻ, ഉർദുഗാന്റെ തുർക്കിയ

text_fields
bookmark_border
തുർക്കിയയുടെ ഉർദുഗാൻ, ഉർദുഗാന്റെ തുർക്കിയ
cancel

സി.ഇ 1453ൽ ഉസ്മാനിയ (ഒട്ടോമൻ) സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്ൾ അഥവാ ഇന്നത്തെ ഇസ്തംബൂൾ നഗരം ജയിച്ചടക്കിയതിന്റെ 570ാം വാർഷികദിനത്തിൽത്തന്നെ അടുത്ത അഞ്ചു വർഷത്തേക്ക് വീണ്ടും റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ജനങ്ങൾ തെരഞ്ഞെടുത്ത റജബ് ത്വയ്യിബ് ഉർദുഗാൻ ‘ഇത് തന്റെ വിജയമല്ല, തുർക്കിയയുടെ വിജയ’മാണെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലം വ്യക്തമാണ്. രാജ്യത്തിന്റെ ഭരണഘടനപ്രകാരം, മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം നേടിയാൽ മാത്രമേ പ്രസിഡന്റ് സ്ഥാനാർഥി വിജയിയായി ഗണിക്കപ്പെടൂ. ആദ്യ റൗണ്ടിൽ ഉർദുഗാന് 49.5 ശതമാനം (24.6 മില്യൻ) വോട്ടേ ലഭിച്ചിരുന്നുള്ളൂ. രണ്ടാം റൗണ്ടിൽ പക്ഷേ, 52.18 ശതമാനം നേടി അദ്ദേഹം വിജയം ഉറപ്പിച്ചു. പ്രതിയോഗി സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി, ആധുനിക തുർക്കിയയുടെ പിതാവായി അറിയപ്പെടുന്ന മുസ്തഫ കമാൽ അത്താതുർക്കിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെമാൽ കാലിപ്ദാറോലുവിന് 47.82 ശതമാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. 20 വർഷം പ്രധാനമന്ത്രിയായും അധികാരങ്ങൾ കേന്ദ്രീകരിച്ച പ്രസിഡന്റായും രാജ്യത്തെ നയിച്ച ഉർദുഗാൻ ഇത്തവണ ഗോദയിൽ വീഴാനുള്ള സാധ്യത പരക്കെ പ്രവചിക്കപ്പെട്ടതായിരുന്നു.

തുർക്കിയ ലീറയുടെ കനത്ത വിലയിടിവ്, ഫെബ്രുവരിയിൽ കിഴക്കൻ തുർക്കിയയെ കശക്കിയെറിഞ്ഞ ഭൂകമ്പം നേരിട്ടതിലെ പിഴവ്,100 ബില്യൻ ഡോളറിന്റെ സാമ്പത്തിക നഷ്ടങ്ങൾ എന്നിവയെല്ലാം ജനരോഷം സൃഷ്ടിച്ചിരുന്നു. അതിനൊപ്പം ഏകാധിപത്യപരമെന്ന് വിശേഷിപ്പിക്കപ്പെട്ട നയങ്ങൾക്കെതിരെ വിരുദ്ധ നയനിലപാടുകൾ പിന്തുടരുന്ന പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കുക കൂടി ചെയ്തതോടെയാണ് ഉർദുഗാന് പരാജയസാധ്യത കൽപിക്കപ്പെട്ടത്. എന്നാൽ, 2018ലെ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളിൽ പ്രകടമായ താഴ്ചയൊന്നും സംഭവിക്കാതെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, 600 അംഗ പാർലമെന്റിൽ 213നെതിരെ 323 സീറ്റുകൾ നേടി അദ്ദേഹത്തിന്റെ മുന്നണി ഭൂരിപക്ഷം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടുമുമ്പ് വരെ തികഞ്ഞ രാഷ്ട്രീയാനിശ്ചിതത്വം വേട്ടയാടിയിരുന്ന തുർക്കിയയിൽ ഉർദുഗാൻ ഉറപ്പുവരുത്തിയ സ്ഥിരതയുടെയും വികസനത്തിന്റെയും സന്തുലിത വിദേശനയത്തിന്റെയും ഗുണഫലങ്ങളെ ജനം ക്രിയാത്മകമായി കണ്ടതിന്റെ ഫലമാണ് അദ്ദേഹവും പാർട്ടിയും കൈവരിച്ച വിജയം. 15 വർഷം ഉരുക്കുമുഷ്ടി ഉപയോഗിച്ച് തീവ്ര മതേതര സരണിയിലൂടെ രാജ്യത്തെ നയിച്ച കമാൽ അത്താതുർക്കിനുശേഷം പിൻഗാമികളിലാർക്കും ഭരണസ്ഥിരത കൊണ്ടുവരാൻ കഴിഞ്ഞില്ല. ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽവന്ന രാഷ്ട്രീയ നേതാക്കളെ പട്ടാളം പിടിച്ചുപുറത്താക്കിയ സംഭവങ്ങൾ നിരന്തരമുണ്ടായി. ഉർദുഗാന്റെ ഗുരുവര്യൻ എന്ന് പറയാവുന്ന നാഷനൽ സാൽവേഷൻ പാർട്ടി നായകൻ നജ്മുദ്ദീൻ അർബകാൻ പലതവണ ഇലക്ഷൻ വിജയിച്ച് അധികാരത്തിലേറിയെങ്കിലും മതേതരത്വ ലംഘനം ആരോപിച്ച് പുറത്താക്കുകയായിരുന്നു കമാലിസ്റ്റ് മിലിറ്ററി. എല്ലാം നോക്കിക്കണ്ട ശിഷ്യൻ ഉർദുഗാൻ പതിയെ തിന്നാൽ മുള്ളും തിന്നാം എന്ന പാഠമുൾക്കൊണ്ട് ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി രൂപവത്കരിച്ച് തന്ത്രപരമായി നീങ്ങിയതോടെ ജനപിന്തുണ നേടിയെടുക്കുന്നതിൽ വിജയിച്ചു. 1994ൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളിന്റെ മേയറായി സ്ഥാനമേറ്റ ഉർദുഗാൻ നഗരത്തിന്റെ തീരാ തലവേദനയായിരുന്ന വായു മലിനീകരണം, മാലിന്യക്കൂമ്പാരം, ശുദ്ധജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങളെ ഭംഗിയായി പരിഹരിക്കുന്നതിൽ വിജയിച്ചു. അപ്രകാരം നേടിയെടുത്ത വിശ്വാസ്യത രാഷ്ട്ര നായകപദവി ജനപിന്തുണയോടെ സ്വന്തമാക്കുന്നതിൽ അദ്ദേഹത്തെ തുണച്ചു.

പട്ടാളത്തിന്റെ ഇടപെടൽ അദ്ദേഹം തന്ത്രപരമായി അവസാനിപ്പിച്ചു. തനിക്കെതിരെ സൈന്യം നടത്തിയ അട്ടിമറിയെ ജനങ്ങളെ തെരുവിലിറക്കിക്കൊണ്ട് വിജയകരമായി അതിജീവിക്കുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം, ഒട്ടോമൻ ഖിലാഫത്തിന്റെ മധുരസ്മരണകളുണർത്തിയും തുർക്കിയ ദേശീയതയുടെ വികാരങ്ങൾ പകർന്നും മുസ്‍ലിം ലോകപ്രശ്നങ്ങളിൽ സക്രിയമായി ഇടപെട്ടും ഉർദുഗാൻ ജനങ്ങളെ കൈയിലെടുത്തു. നാറ്റോവിൽ അംഗമായിരിക്കെത്തന്നെ അമേരിക്കയുടെ എല്ലാ സമ്മർദങ്ങൾക്കും അദ്ദേഹം വഴങ്ങിയില്ല. ഇസ്രായേലുമായി തന്ത്രബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ഫലസ്തീനികൾക്കെതിരെ ജൂതരാഷ്ട്രം നടത്തുന്ന അക്രമങ്ങളെ തുറന്നപലപിച്ചു. ഹമാസ് അടക്കമുള്ള കൂട്ടായ്മകളെ പിന്തുണക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ ഇറാൻ-സൗദി അറേബ്യ-ഈജിപ്ത് പോലുള്ള രാജ്യങ്ങൾ തമ്മിലെ അസ്വാരസ്യങ്ങൾ ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളിലും ക്രിയാത്മക പങ്കാണ് തുർക്കിയ വഹിച്ചുകൊണ്ടിരിക്കുന്നത്. ‘നമ്മൾ മാത്രമല്ല വിജയികൾ. വിജയിച്ചത് തുർക്കിയയാണ്. വിജയി നമ്മുടെ ജനാധിപത്യമാണ്’ എന്നാണ് വിജയശ്രീലാളിതനായ ഉർദുഗാന്റെ പ്രഥമ പ്രതികരണം. നമ്മൾ തുർക്കിയയുടേതായ ഒരു നൂറ്റാണ്ട് നിർമിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വിജയത്തിൽ മതിമറന്നാഹ്ലാദിക്കാതെ നിലവി​ലെ ലോകസാഹചര്യങ്ങൾ യാഥാർഥ്യബോധത്തോടെ വിലയിരുത്തി ജനാധിപത്യത്തിലും മതനിരപേക്ഷതയിലുമൂന്നി ലോകരാജ്യങ്ങളുമായി പരമാവധി സൗഹൃദം പുലർത്തി മുന്നോട്ടുപോകാൻ ഈ 69കാരന് സാധിക്കുമെങ്കിൽ ലക്ഷ്യം നേടുക അസാധ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on erdogan
Next Story