ഈരാറ്റുപേട്ടയോട് ഇത്ര ഈർഷ്യയെന്തിന്?
text_fieldsകേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വാണിജ്യ ചരിത്രത്തിൽ മികവുറ്റ സംഭാവനകൾ നൽകിയ നാടുകളിലൊന്നാണ് കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള ഈരാറ്റുപേട്ട. ഏതാണ്ട് എല്ലാ കേരളീയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെന്നപോലെ ഇവിടെയും മനുഷ്യർ സമാധാനത്തോടെയും സൗഹാർദത്തോടെയും പരസ്പരം സഹകരിച്ച് ജീവിക്കുന്നു. ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇവിടത്തുകാർ ഒരൽപം മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങുന്നു. പരമ്പരാഗത കാർഷിക-വ്യാപാരവൃത്തികൾക്കു പുറമെ സംരംഭകത്വത്തിലും അക്കാദമിക രംഗത്തും മികവ് പുലർത്തുന്നു പേട്ടയിലെ പുതുതലമുറ.
ഹൈറേഞ്ചിന്റെ കവാടം എന്ന നിലയിലും സ്വദേശ-വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രങ്ങൾക്കു സമീപമുള്ള പ്രദേശമെന്ന നിലയിലും പ്രാധാന്യമുള്ള, നാൽപതിനായിരത്തോളം ആളുകൾ വസിക്കുന്ന, അനുദിനം വളർച്ചപ്രാപിക്കുന്ന ഇന്നാട്ടിൽ ഒരു മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുക എന്നത് ഏറെനാളായി ഉയരുന്ന ആവശ്യങ്ങളിലൊന്നാണ്. ഈരാറ്റുപേട്ട പൊലീസിന്റെ കൈവശമുള്ള 2.79 ഏക്കർ ഭൂമിയിൽനിന്ന് 1.4 ഏക്കർ റവന്യൂ ടവർ നിർമിക്കുന്നതിനായി നൽകണമെന്നഭ്യർഥിച്ച് റവന്യൂ വകുപ്പ് നൽകിയ അപേക്ഷ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. ഇതിന്മേൽ തീരുമാനം മുന്നോട്ടുനീങ്ങവെ ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ട് ഇപ്പോൾ വിവാദമായിരിക്കുകയാണ്.
കൈവശമുള്ള ഭൂമി വിട്ടുനൽകാതിരിക്കാനുള്ള കാരണമായി പൊലീസ് മേധാവി റിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നത് തീവ്രവാദ പ്രശ്നങ്ങളും മതപരമായ പ്രശ്നങ്ങളും നിലനില്ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നാണ്. മതപരമായി ഈ ദേശത്ത് എന്തു പ്രശ്നമാണുണ്ടായത് എന്ന് ഈ കത്തിൽ പൊലീസ് മേധാവി വിശദീകരിക്കുന്നില്ല, മേഖലയിലുണ്ടായ തീവ്രവാദപ്രവർത്തനമെന്താണ് എന്നും പറയുന്നില്ല. തീവ്രവാദവിരുദ്ധ പരിശീലനകേന്ദ്രം നിർമിക്കാൻ ഈ ഭൂമി ആവശ്യമുണ്ട് എന്നാണ് അദ്ദേഹം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ക്രിമിനൽ കേസുകൾ ഏറെ കുറവുള്ള ഈ മേഖലയെ സംശയത്തിന്റെ നിഴലിൽ നിർത്താനും ആരോപണമുനയിൽ നിർത്തി വേട്ടയാടാനും പോന്നതാണ് ഈ തീവ്രവാദ ചാപ്പ.
ജനസംഖ്യാകണക്കുവെച്ച് നോക്കിയാൽ കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. കേരള സംസ്ഥാനത്തെക്കുറിച്ചുതന്നെ നിരന്തരം വ്യാജകഥകൾ ചമയ്ക്കുന്ന സംഘ്പരിവാറിന്റെ വർഗീയ-വംശീയ മുൻവിധികൾ നിറഞ്ഞ ആഖ്യാനങ്ങൾ പലപ്പോഴും ഈ നാടിനെതിരെ ഉയർന്നുവരാറുണ്ട്. ആ വ്യാജവർത്തമാനങ്ങൾക്ക് ഔദ്യോഗിക ഭാഷ്യം ചമയ്ക്കുന്ന മട്ടിലാണ് പൊലീസ് മേധാവി നൽകിയിരിക്കുന്ന കത്തും.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ സമം പ്രശ്നബാധിത പ്രദേശങ്ങൾ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പടച്ചുവിട്ടാണ് ഒരു കാലത്ത് ഇന്ത്യയിലെ സാംസ്കാരിക മുന്നേറ്റത്തിന്റെ കേന്ദ്രങ്ങളായിരുന്ന അഅ്സംഗഢിനെയും അലീഗഢിനെയുമെല്ലാം സംഘ്പരിവാർ താറടിച്ചുപോരുന്നത്. മലപ്പുറത്തെയും ലക്ഷദ്വീപിനെയുമെല്ലാം അവർ ഇത്തരത്തിൽ ഉന്നമിടുന്നുണ്ട്. ഒരുപറ്റം മാധ്യമങ്ങളും സ്ഥാപിതതാൽപര്യക്കാരായ പൊലീസ് അധികാരികളുമാണ് ഇക്കാര്യത്തിൽ അവരുടെ സഖ്യകക്ഷികൾ. മതവും വിശ്വാസവും ആരാധനകളുമെല്ലാം ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി നിൽക്കുമ്പോഴും മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന മതിൽക്കെട്ടുകളായി മാറ്റാൻ മലയാളി മനസ്സ് അനുവദിക്കാത്തതുകൊണ്ടു മാത്രമാണ് ഉത്തരേന്ത്യൻ മോഡൽ പൈശാചികവത്കരണം ഇവിടെ വിലപ്പോകാത്തതും സംഘ്പരിവാർ അജണ്ടകൾ വിജയം കാണാത്തതും. എന്നാൽ, ഈ കർസേവയിൽ പൊലീസ് സേന ഇറങ്ങിക്കളിച്ചാൽ കാര്യങ്ങൾ കീഴ് മേൽ മറിയുമെന്നതിന് ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.
പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ മറവിൽ സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾ ഈരാറ്റുപേട്ടക്കെതിരെ അതിഹീന പരാമർശങ്ങളും ആരോപണങ്ങളുമായി നിറഞ്ഞാടുന്നുണ്ട്. തീവ്രവാദക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചവർക്ക് സ്വീകരണം നൽകിയ നാടാണിത് എന്നാണ് ബി.ജെ.പി നേതാക്കളിൽ ചിലർ ഉയർത്തുന്ന ആക്ഷേപം. കൂട്ടബലാത്സംഗ കൊലപാതകക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ച കൊടുംഭീകര കുറ്റവാളികൾക്ക് സ്വീകരണമൊരുക്കിയ ഒരു പാർട്ടിയുടെ നേതാക്കളാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. സംഘ്പരിവാർ-പൊലീസ്-മാധ്യമ കൂട്ടുകെട്ടിൽ വ്യാജമായി കെട്ടിച്ചമയ്ക്കപ്പെട്ട തീവ്രവാദക്കേസിൽ പ്രതിചേർക്കപ്പെടുകയും വർഷങ്ങൾ നിയമപോരാട്ടത്തിനായി ഹോമിക്കപ്പെട്ടതിനൊടുവിൽ രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റമുക്തരാക്കുകയും ചെയ്ത മനുഷ്യരെയാണ് ഈരാറ്റുപേട്ടയിലെ ജനങ്ങൾ സ്വീകരിച്ചത് എന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ മുൻവിധി നിറഞ്ഞ ദുരാരോപണ പരാമർശത്തിനെതിരെ ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ, നഗരസഭാധ്യക്ഷ സുഹറ അബ്ദുൽ ഖാദർ തുടങ്ങിയ ജനപ്രതിനിധികൾ മുന്നോട്ടുവന്നതും ജനാധിപത്യ-മതനിരപേക്ഷ പാർട്ടികളും സംഘടനകളും ഒറ്റക്കെട്ടായി ശബ്ദമുയർത്തിയതും നല്ല കാര്യമാണ്. ഇക്കാര്യത്തിൽ സുവ്യക്തമായ ഒരു നിലപാട് സ്വീകരിക്കാൻ ആഭ്യന്തര വകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി തയാറാകണം. കേരളത്തിലെ ഒരു പ്രദേശത്തെയും മുൻവിധിയും വ്യാജ ആരോപണങ്ങളും കൊണ്ട് വേട്ടയാടാൻ സമ്മതിക്കില്ലെന്ന് അർഥശങ്കക്കിടയില്ലാത്തവിധം സർക്കാർ പ്രഖ്യാപിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

