Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Madhyamam editorial
cancel

അഭിമാന നിയമനിർമാണമായി നരേന്ദ്ര മോദി കാണുന്ന വൈദ്യുതി ഭേദഗതി ബിൽ കഴിഞ്ഞ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടു. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് ബിൽ പാസാക്കാതെ വിശദ പഠനത്തിന് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബി.ജെ.പി അധികാരത്തിൽ വന്നശേഷം സബ്ജക്ട് കമ്മിറ്റികൾ ഏതാണ്ട് തൊഴിൽരഹിതരായ മട്ടിലായിരുന്നു.

രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാൻ പോകുന്ന നിയമനിർമാണങ്ങൾപോലും ചർച്ചനടത്താതെ, ഭൂരിപക്ഷത്തിന്റെ ബലത്തിൽ പാസാക്കിയെടുക്കുകയായിരുന്നു അവരുടെ രീതി. ഒന്നാം മോദി സർക്കാറിന്റെ കാലത്ത്, രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതു കാരണം ഓർഡിനൻസുകൾ ഇറക്കിക്കൊണ്ടായിരുന്നു കളി. ഓർഡിനൻസ് ഇറക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ലോക്സഭയിൽ മണി ബിൽ പാസാക്കിയെടുത്ത് അജണ്ട നടപ്പാക്കി. ഇപ്പോൾ ഇരു സഭകളിലും ഭൂരിപക്ഷമായെന്നിരിക്കെ അത്തരം കളികളുടെ ആവശ്യമില്ല. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമം അപ്പടിയങ്ങ് അവതരിപ്പിക്കുക, പാസാക്കുക, പ്രസിഡന്റിന്റെ ഒപ്പ് വാങ്ങുക-ലളിതമായി ചെയ്തുപോകാനാകും. അതിനിടയിൽ പ്രതിപക്ഷ വിയോജിപ്പുകളെക്കുറിച്ചോ വിഷയവിദഗ്ധരുടെ അഭിപ്രായങ്ങളെക്കുറിച്ചോ അസ്വസ്ഥരാകേണ്ട കാര്യമില്ല. പാർലമെന്ററി സംവാദങ്ങളും സബ്ജക്ട് കമ്മിറ്റി പഠനങ്ങളും ഇല്ലാതായ അവസ്ഥയായിരുന്നു. അതിനാൽതന്നെ വൈദ്യുതി ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതിൽ അൽപം കൗതുകമുണ്ട്.

വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതാണ് പുതിയ ബില്ലിലെ ഏറ്റവും പ്രധാന വ്യവസ്ഥകൾ. 2003ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ പാസാക്കിയ വൈദ്യുതി ബില്ലിൽതന്നെ വൈദ്യുതി ഉൽപാദനരംഗത്ത് സ്വകാര്യ പങ്കാളിത്തം കൂടുതൽ ലളിതമാക്കിയിരുന്നു. വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ട ഭേദഗതി നിയമം. സ്വകാര്യ പങ്കാളിത്തം വർധിക്കുന്നതോടെ മത്സരം കൂടുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാവുകയും ചെയ്യും എന്നാണ് സർക്കാർ വാദം. മൊബൈൽ ഫോൺ, സിവിൽ ഏവിയേഷൻ മേഖലകളിൽ നടപ്പാക്കിയ സ്വകാര്യവത്കരണം ആ മേഖലയിൽ വരുത്തിയ മാറ്റങ്ങൾ അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. സേവന മേഖലകൾ ഒന്നുംതന്നെ സ്വകാര്യവത്കരിക്കരുതെന്നും അത് പൊതു ഉടമസ്ഥതയിൽ തുടരണമെന്നും വാദിക്കുന്നവർ നമ്മുടെ നാട്ടിലുണ്ട്. ഇടതുപക്ഷം ആ നിലപാടുകാരാണ്. എന്നാൽ, കോൺഗ്രസിന് തത്ത്വത്തിൽ അങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യയിൽ സ്വകാര്യവത്കരണ പ്രക്രിയ തുടങ്ങിയത് അവരുടെ ഭരണകാലത്താണ്. അതേസമയം, വൈദ്യുതി ഭേദഗതി നിയമത്തെ കോൺഗ്രസ് എതിർക്കുന്നുമുണ്ട്.

അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗിക വൈദ്യുതി ബോർഡുകൾക്കാണ് ഇന്ന് വൈദ്യുതി വിതരണ മേഖലയിലെ കുത്തക. അതായത്, ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകളില്ല. അതിനാൽതന്നെ ആ മേഖല മത്സരാധിഷ്ഠിതമോ വൈവിധ്യം നിറഞ്ഞതോ അല്ല. അത് അവസാനിപ്പിച്ച് പുതിയ കളിക്കാർ വന്ന് ഏറ്റവും മുന്തിയ സേവനം ജനങ്ങൾക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാവട്ടെ എന്നാണ് ഭരണകക്ഷിയുടെ വാദം.

ഈ ഘട്ടത്തിൽ, വൈദ്യുതി ഭേദഗതി ബില്ലിന്റെ പ്രശ്നങ്ങളെന്ത് എന്ന് ജനങ്ങളെ കൃത്യമായി ബോധവത്കരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. വൈദ്യുതി ഭേദഗതി നിയമത്തിന്റെ ഏറ്റവും അടിസ്ഥാന പ്രശ്നം അത് കൊണ്ടുവന്ന രീതിതന്നെയാണ്. നമ്മുടെ ഭരണഘടനപ്രകാരം സമാവർത്തിപ്പട്ടികയിൽ (Concurrent list) പെട്ട വിഷയമാണ് വൈദ്യുതി. അതായത്, സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെ ഉത്തരവാദിത്തവും അധികാരവുമുള്ള മേഖല. അവിടെ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളോട് കൂടിയാലോചിക്കുക, അവരുടെകൂടി സമ്മതം നേടിയെടുക്കുക എന്നത് പ്രധാനമാണ്. വൈദ്യുതി ബിൽ നിയമമായിക്കഴിഞ്ഞാൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോർഡുകൾ അപ്രസക്തമാവുകയാണ്. വൈദ്യുതി താരിഫ് നിശ്ചയിക്കുന്നതിന്റെ അധികാരം സ്വകാര്യ കമ്പനികളിൽ (മാത്രം) നിക്ഷിപ്തമാവും. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന രീതിയിൽ സമാവർത്തിപ്പട്ടികയിൽപെട്ട കാര്യങ്ങളിൽ ഏകപക്ഷീയമായി നിയമങ്ങൾ ഉണ്ടാക്കുന്നത് ഒട്ടുമേ ശരിയല്ല. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപ്രശ്നം ഇതാണ്. ഏറ്റവും ഉച്ചത്തിൽ ഉയർത്തപ്പെടേണ്ട പ്രശ്നവും ഇതുതന്നെ. കേരളം അത് ഉയർത്തി എന്നത് അഭിനന്ദനാർഹമാണ്.

വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കരുതെന്നത് കർഷകസമരകാലത്ത് അവരുടെ ആവശ്യമായിരുന്നു. കാർഷിക, ഗ്രാമീണ മേഖലക്ക് ലഭിക്കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും ഇല്ലാതാവുമെന്ന ഭയം അവർക്കുണ്ട്. ആ ഭയം ഇപ്പോഴും നിലനിൽക്കുന്നു. സ്വകാര്യ കമ്പനികൾ അവർക്ക് ലാഭം തരുന്ന നഗരങ്ങൾ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ ഗ്രാമങ്ങളെ ശ്രദ്ധിക്കാൻ ആരുമുണ്ടാവില്ല എന്ന ആശങ്കയുണ്ട്. നിലവിൽ വിവിധ സംസ്ഥാന വൈദ്യുതി ബോർഡുകൾ നികുതിപ്പണംകൊണ്ട് സ്ഥാപിച്ച വിതരണ ശൃംഖലകൾ അപ്പടി സ്വകാര്യ കമ്പനികൾക്ക് വിട്ടു നൽകുന്നതിനെതിരെയും വലിയ വിമർശനമുണ്ട്. നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ ഒന്നുരണ്ട് വ്യവസായികൾ മാത്രം സേവനമേഖല കുത്തകയാക്കിവെച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ എന്തു മത്സരക്ഷമതയാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ അധികം പ്രയാസപ്പെടേണ്ടിവരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialElectricity Amendment Bill
News Summary - Madhyamam editorial on Electricity Amendment Bill
Next Story