ഇ.ഡി വിധി: തിരിച്ചടിക്കിടയിലും തീരാത്ത സമസ്യകൾ
text_fieldsഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവിയുടെ കാലാവധി 2021 നവംബർ മുതൽ മൂന്നു പ്രാവശ്യം നീട്ടി നൽകിയ കേന്ദ്രസർക്കാർ ഉത്തരവുകൾ അസാധുവാക്കി ചൊവ്വാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച വിധി വാർത്തപ്രാധാന്യം നേടിയിരുന്നു. എന്നാൽ, അതിനേക്കാൾ ശ്രദ്ധേയമായത് സേവനകാലാവധി നീട്ടുന്നതിന് പശ്ചാത്തലമൊരുക്കാൻ 2021ൽ ഇറക്കിയ സ്റ്റാറ്റ്യൂട്ടറി ഭേദഗതികൾ സാധുവാണെന്നു കോടതി തീർപ്പാക്കിയതാണ്. ആദ്യത്തേത് ചട്ടങ്ങൾ പാലിക്കുന്നതിൽ കോടതിയുടെ കർശന നിലപാടായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ കൂടുതൽ മുഴച്ചുനിൽക്കുന്നത് നീതിയുടെ താൽപര്യങ്ങൾക്കും അന്വേഷണ ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനും ഉണ്ടാകുന്ന ക്ഷീണമാണ്. നിലവിലെ ഇ.ഡി മേധാവിയായ എസ്.കെ. മിശ്രയുടെ കാലാവധി നീട്ടിയത് തെറ്റാണെന്നും എന്നാൽ, നിർണായക അന്വേഷണങ്ങളുടെ തൽസ്ഥിതി കണക്കിലെടുത്ത് ജൂലൈ 31 വരെ അദ്ദേഹത്തിന് തുടരാമെന്നുമാണ് കോടതി പറഞ്ഞത്. 2018 നവംബറിൽ നിയമിതനായ ഇന്ത്യൻ റവന്യു സർവിസ് ഉദ്യോഗസ്ഥനായ മിശ്ര, രണ്ടു വർഷം പൂർത്തിയാക്കുന്ന 2020 ൽ പിരിയേണ്ടതായിരുന്നു. എന്നാൽ, കേന്ദ്രം ആ സേവനം ഒരു വർഷത്തേക്ക് നീട്ടി. ശേഷം വന്ന പൊതുതാൽപര്യ ഹരജികളുടെ തീർപ്പെന്ന നിലക്ക് 2021നപ്പുറം അദ്ദേഹം തുടരരുതെന്ന് കോടതി ഉത്തരവ് നൽകിയതാണ്. കേന്ദ്രം ചെയ്തതാകട്ടെ, 2018 ലെ നിയമന കാലാവധി മുൻകാല പ്രാബല്യത്തോടെ മൂന്നു വർഷത്തേക്കാക്കുകയാണ്. ശേഷം 2021ലും 2022ലും ഓരോ വർഷത്തേക്ക് നീട്ടി നൽകി. അതിനകം അദ്ദേഹം പെൻഷൻ പ്രായം കടക്കുകയും ചെയ്തു. ആദ്യ നിയമനത്തിൽ പെൻഷൻ പ്രായം കഴിഞ്ഞാലും രണ്ടു വർഷം പൂർത്തിയാക്കാൻ പറ്റുമെങ്കിലും കോടതി ഉത്തരവിൽ പറഞ്ഞത് നീട്ടിനൽകുമ്പോൾ അപൂർവവും അസാധാരണവുമായ സാഹചര്യങ്ങളിലേ അത് ചെയ്യാവൂ. അങ്ങനെ കേന്ദ്രത്തിനു വാത്സല്യമുണ്ടെന്നു നിരീക്ഷകർക്ക് തോന്നുന്ന ഒരുദ്യോഗസ്ഥൻ നവംബറിനുപകരം ജൂലൈ അവസാനം പിരിയുമെന്നു സാരം. കോടതിയുടെ ചില ശക്തമായ നിരീക്ഷണങ്ങൾ കൂടിയായപ്പോൾ കേന്ദ്രസർക്കാറിന് തിരിച്ചടിയായി ഈ വിധി.
ഇ.ഡി, സി.ബി.ഐ മേധാവികളുടെ കാലാവധി രണ്ടിൽനിന്നു മൂന്നു വർഷമായി വർധിപ്പിച്ച് പരമാവധി അഞ്ചു കൊല്ലം വരെയാക്കാൻ കേന്ദ്രം 2021 നവംബറിൽ ഓർഡിനൻസ് വഴി നിയമങ്ങൾ ഭേദഗതി ചെയ്യുകയായിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഓർഡിനൻസ് മാർഗം സ്വീകരിച്ചതിലെ അസാംഗത്യം പലരും ചൂണ്ടിക്കാട്ടി. ഇതിനെതിരെ സുപ്രീംകോടതിയിൽ വന്ന മൂന്നു ഹരജികളിലാണ് കോടതി നടപടികളുണ്ടായത്. ഈ നിയമം പിന്നീട് പാർലമെന്റ് പാസാക്കിയതിന്റെ സാധുത സുപ്രീംകോടതി തള്ളിയിട്ടില്ല. ആ അവകാശം അംഗീകരിച്ചുതന്നെ കോടതി ഉത്തരവ് അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് പരമോന്നത കോടതി റദ്ദ് ചെയ്തത്.
സി.ബി.ഐ ഡയറക്ടറുടെ കാലാവധി നീട്ടുന്നതിനൊപ്പം ഇ.ഡിയുടെ കാര്യത്തിൽ അതിന്റെ മാതൃനിയമമായ സെൻട്രൽ വിജിലൻസ് കമീഷൻ ആക്ടാണ് ഭേദഗതി ചെയ്തത്. അതനുസരിച്ച് ഓരോ വർഷത്തേക്കാണ് സേവനം നീട്ടാൻ പറ്റുക. ആക്ട് അനുസരിച്ച് ഇ.ഡി ഡയറക്ടറെ കേന്ദ്ര സർക്കാർ നിയമിക്കുന്നത് കേന്ദ്ര വിജിലൻസ് കമീഷണർ അധ്യക്ഷനും വിജിലൻസ് കമീഷണർ, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര പേഴ്സനൽ മന്ത്രാലയ സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയുടെ ശിപാർശയനുസരിച്ചാണ്. സേവനകാലം നീട്ടുന്നതിനും ഇതേ സമിതിയാണ് ശിപാർശ ചെയ്യേണ്ടത്. സമിതിയുടെ ഘടനയനുസരിച്ച് ഇതിൽ കേന്ദ്ര സർക്കാറിന്റെ ഇംഗിതം നടപ്പാക്കാൻ പ്രയാസമില്ല എന്നത് വ്യക്തമാണ്. എന്നാൽ, കാലാവധി നീട്ടുന്നത് ഒരു വർഷത്തേക്ക് മാത്രമായതിനാൽ ഓരോ വർഷം അവസാനിക്കുമ്പോഴും അത് നീട്ടിക്കിട്ടാൻ ഉദ്യോഗസ്ഥൻ കേന്ദ്രത്തെ തൃപ്തിപ്പെടുത്തേണ്ടി വരുന്ന സാഹചര്യം ആർക്കും കാണാനാവും. ഇടവിട്ടുള്ള ഈ നീട്ടൽ കാരണം പദവിയുടെ സ്വാതന്ത്ര്യത്തിനു കോട്ടം തട്ടുമെന്നതും വ്യക്തമാണ്. പൊതുതാല്പര്യഹരജിക്കാരും കോടതി നിയമിച്ച അമിക്കസ് ക്യൂറിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്രത്തിന്റെ ആജ്ഞാനുവർത്തികൾ തന്നെ തലപ്പത്ത് വരുക എന്നതിന്റെ അർഥം ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛകൾക്കനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്യാനും എതിരാളികൾക്ക് പിന്നാലെ പോവാനും അന്വേഷണ ഏജൻസികൾ നിർബന്ധിതരാകും എന്നാണ്. നിയമനങ്ങൾക്ക് മുമ്പ് സമിതികൾ പശ്ചാത്തലം പരിശോധിക്കും എന്നതുകൊണ്ടു മാത്രം ഇതില്ലാതാവുകയില്ല.
നീതിയുടെ താൽപര്യം സംരക്ഷിക്കാൻ വേറെയും വ്യവസ്ഥമാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ശിപാർശ ചെയ്യുന്ന സമിതികളിൽ പ്രതിപക്ഷത്തിന് പ്രാതിനിധ്യം നൽകുന്നത് ഒരതിരുവരെ പക്ഷപാതിത്വമില്ലാത്ത ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കാൻ സഹായിക്കും. ആ തത്ത്വമനുസരിച്ചാണ് സി.ബി.ഐ ഡയറക്ടറെ കേന്ദ്ര സർക്കാറിന് ശിപാർശ ചെയ്യുന്ന സമിതിയിൽ പ്രധാനമന്ത്രി അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളും എന്ന വകുപ്പ് വരുന്നത്. സെൻട്രൽ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിലും അധ്യക്ഷനായ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരാണ് രാഷ്ട്രപതിക്ക് ശിപാർശ നൽകുന്നത്. ഇ.ഡിയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് അത്തരം ഒരു പങ്കില്ല. പങ്ക് ഉള്ളിടത്തുതന്നെ ഉദ്യോഗസ്ഥരുടെ ഒരു പാനൽ സമർപ്പിക്കാമെന്നതിനാൽ അതിൽ സർക്കാർ പക്ഷത്തിനു താൽപര്യമുള്ളവരും ഉണ്ടാവാം. അവസാനം തീരുമാനവും അതനുസരിച്ചാവാം. ഇതിനു പകരം ശിപാർശകൾ ഐകകേണഠ്യനയാവണം എന്ന നിബന്ധനയുണ്ടായാൽ മാത്രമേ ഒരു പരിധി വരെ ഇതിനു തടയിടാനാവൂ. ഇല്ലെങ്കിൽ എക്സിക്യൂട്ടിവിന് താല്പര്യമുള്ളയാളെ തന്നെ തെരഞ്ഞെടുക്കും. അന്തിമമായി ജനതയുടെ ജാഗ്രതയും തെരഞ്ഞെടുപ്പുകളിലെ സമ്മതിദാനാധികാര പ്രയോഗവുംകൊണ്ട് മാത്രമേ വ്യവസ്ഥയിലെ ദൂഷ്യങ്ങളെ നിഷ്കാസനം ചെയ്യാനാവൂ എന്ന സത്യം നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

