ജനങ്ങളെ നിരാശപ്പെടുത്തരുത്
text_fieldsസി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ കൺവീനറുമായ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉന്നയിച്ച ഗുരുതരമായ അഴിമതിയാരോപണം പുറത്തുവരുകയും അത് നിഷേധിക്കപ്പെടാതെ അത്യുന്നത സമിതിയായ പോളിറ്റ് ബ്യൂറോയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയെ പിടിച്ചുകുലുക്കുന്നത്. പിണറായിസർക്കാറിന്റെ ഒന്നാമൂഴത്തിൽ വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജൻ അനധികൃതമായ സ്വത്ത് സമ്പാദിച്ചാണ് 30 കോടി രൂപ ചെലവിൽ കണ്ണൂർ വെള്ളക്കീഴിലുള്ള റിസോർട്ടും ആയുർവേദ വില്ലേജും സ്ഥാപിച്ചതെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ വെളിപ്പെടുത്തിയത്.
ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്സനും സ്ഥാപനസമുച്ചയത്തിന്റെ ഡയറക്ടർമാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ, പാർട്ടി നേതൃത്വം അത് നിഷേധിക്കാതിരിക്കെ പാർട്ടിയുടെയും സർക്കാറിന്റെയും സർവസ്വമായ പിണറായി അതേപ്പറ്റി ഒരക്ഷരം മിണ്ടാതിരുന്നത് ജനങ്ങളെ കൂടുതൽ സംശയാലുക്കളാക്കുന്നു എന്നതാണവസ്ഥ. സംഭവം ഒരേയവസരത്തിൽ സി.പി.എമ്മിലെ ആഭ്യന്തരച്ഛിദ്രതയിലേക്ക് വിരൽചൂണ്ടുന്നതും എൽ.ഡി.എഫ് സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നതുമാണെന്നതിൽ സംശയമില്ല.
അതിനിടെ താൻ ഇടതുമുന്നണി കൺവീനർസ്ഥാനം ഒഴിയാൻ ഒരുക്കമാണെന്ന് ഇ.പി. ജയരാജൻ നേതൃത്വത്തെ അറിയിച്ചു എന്നവിവരവും പുറത്തുവന്നു. കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂർ ജില്ലയിൽ നേതാക്കൾ തമ്മിലെ വഴക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടക്കിനിർത്താനും ഒതുക്കിത്തീർക്കാനും കഴിയാത്തവിധം രൂക്ഷമായിരിക്കുന്നു എന്ന അഭ്യൂഹം ശക്തിപ്പെടാനും ഇത് കാരണമായിരിക്കുന്നു. അഥവാ, നിലവിലെ സാഹചര്യത്തിൽ ആഭ്യന്തരഭിന്നതക്ക് ഒരു പരിധിവരെ തടയിടാൻ പിണറായി വിജയനും എം.വി. ഗോവിന്ദനും സാധിച്ചാൽതന്നെ അത് എത്രകാലത്തേക്ക്, പ്രതിച്ഛായ മോശപ്പെട്ട സർക്കാറിന് വീണ്ടെടുപ്പിനുള്ള വഴി അതെത്രത്തോളം തുറക്കും എന്നതൊക്കെ ചോദ്യചിഹ്നങ്ങളാണ്.
സംസ്ഥാനത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം തിരുത്തിക്കൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുമുന്നണി സർക്കാറിന് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ രണ്ടാമൂഴം തരപ്പെട്ടപ്പോൾ അത് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും അഭൂതപൂർവ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നതാണ്. ഒരേസമയം സുസ്ഥിരവും ജനക്ഷേമകരവുമായ വികസനപ്രക്രിയക്ക് ഇതവസരം നൽകുമെന്ന ആത്മവിശ്വാസം പാർട്ടിക്ക് മാത്രമല്ല, സാമാന്യമായി ജനങ്ങളിൽതന്നെ ഉണ്ടാക്കിയെടുക്കാൻ അത് വഴിയൊരുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഒന്നാമൂഴത്തിലെ മുഴുവൻ മന്ത്രിമാരെയും മാറ്റിനിർത്തി തികച്ചും പുതിയൊരു ടീമിനെയുമായി ഭരിക്കാനിറങ്ങിയ പിണറായിയുടെ പിന്നിട്ട ഒന്നരവർഷത്തെ പ്രദർശനം പ്രതീക്ഷകളെ അശുഭകരമാക്കുകയും ജനങ്ങളെ നിരാശരാക്കുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല.
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടുന്നതോടൊപ്പംതന്നെ ഭരണരംഗത്തെ ധൂർത്തും ദുർവ്യയവും നിയന്ത്രിക്കാനോ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ പാർട്ടി നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും പിൻവാതിലിലൂടെ കുത്തിത്തിരുകുന്നത് തടയാനോ സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും പ്രമാദമായ ദൗർബല്യം. അഴിമതിയും സ്വജനപക്ഷപാതവും ബൂർഷ്വാ പാർട്ടികളുടെ മാത്രം പ്രത്യേകതയല്ലെന്ന് ജനം വിശ്വസിക്കേണ്ടിവരുന്നു. വിഴിഞ്ഞം സമരം കോർപറേറ്റ് പണച്ചാക്കുകളോടുള്ള വിധേയത്വമാണ് അനാവരണം ചെയ്തതെങ്കിൽ കെ-റെയിൽ വിരുദ്ധ സമരം സർക്കാറിന്റെ സ്വപ്നപദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണ്. അതിനായി ഇതിനകം ചെലവിട്ട കോടികൾ അപ്പാടെ ധൂളിയാക്കപ്പെടുന്ന അവസ്ഥയുണ്ട്.
കൊട്ടും കുരവയുമായി തുടങ്ങിയ ജനക്ഷേമപദ്ധതികൾ ഫണ്ടിന്റെ അഭാവംമൂലം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാന ഗവർണറുമായുള്ള ശീതസമരം നേരിട്ടുള്ള യുദ്ധത്തോളം വളർന്നതിനാൽ സർവകലാശാലകളുടെ ഭരണം അനിശ്ചിതത്വത്തിൽ തുടരുന്നു. കോളജുകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ മതിയായ വിദ്യാർഥികളുടെ പ്രവേശനംപോലും ഉറപ്പാക്കാനാവാതെ വിദ്യാഭ്യാസരംഗം മുരടിപ്പിനെ നേരിടുകയാണ്. ഹിന്ദുത്വ പാർട്ടിയുടെ കേന്ദ്രസർക്കാർ ഒട്ടും അനുഭാവപൂർവമല്ല സംസ്ഥാനത്തോട് പെരുമാറുന്നത് എന്നത് സത്യമായിരിക്കെതന്നെ ജനങ്ങളുടെ സഹകരണത്തോടെ അതിനെ നേരിടാനുള്ള തന്ത്രം വിജയിക്കുന്നില്ല.
എതിർപക്ഷത്തെ യു.ഡി.എഫിലെ അനൈക്യത്തിലും പിടിപ്പുകേടിലുമാണ് സർക്കാർ ആശ്വാസം കണ്ടെത്തുന്നത് എന്ന് തോന്നിക്കുംവിധമാണ് കാര്യങ്ങളുടെ കിടപ്പ്. വലതുപക്ഷ- തീവ്ര വലതുപക്ഷ നിയന്ത്രണത്തിലാണ് രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 27ന്റെയും ഭരണമെന്നിരിക്കെ അവശേഷിക്കുന്ന ഒരേയൊരു സംസ്ഥാനത്തിലെ ഇടതുഭരണകൂടത്തിന് മെച്ചപ്പെട്ട പ്രതിച്ഛായ വീണ്ടെടുത്ത് രാജ്യത്താകെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുംവിധം മുന്നോട്ടുനീങ്ങാൻ കഴിയണമെന്നതാണ് സന്ദർഭത്തിന്റെ താൽപര്യം. അതിനുതകുംവിധമായിരിക്കട്ടെ തിരുത്തൽനടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

