Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇടിമുറികളിൽ...

ഇടിമുറികളിൽ കുടുങ്ങരുത്പരിഹാര സെല്ലുകൾ

text_fields
bookmark_border
ഇടിമുറികളിൽ കുടുങ്ങരുത്പരിഹാര സെല്ലുകൾ
cancel

സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളടക്കം മുഴുവൻ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥി പരാതി പരിഹാര സെൽ രൂപവത്കരിക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടൊപ്പം, ‘വിദ്യാർഥികളുടെ അവകാശ രേഖ’ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ആർട്സ് ആൻഡ് സയൻസസ് കോളജുകളിലും എയ്ഡഡ് കോളജുകളിലും നിലവിലുള്ള ജീവനി കൗൺസലിങ് സംവിധാനം അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനി ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് സർക്കാറിന്റെ അടിയന്തര ഇടപെടൽ. നിലവിൽ അമൽജ്യോതി കോളജിലടക്കം പല സ്ഥാപനങ്ങളിലും ഇതുപോലുള്ള പരിഹാര സെല്ലുകളുണ്ടെങ്കിലും സമഗ്രവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങൾക്കുകീഴിലല്ല അവയൊന്നും പ്രവർത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ, വിദ്യാർഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ പരാതികൾ കൃത്യമായി അവതരിപ്പിക്കാൻപോലും കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിൽ, സർവകലാശാല നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി പുതിയൊരു ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്തുകൊണ്ടും സ്വീകാര്യമാണ്; പക്ഷേ, അതിനൊരു വിദ്യാർഥിനിയുടെ ജീവൻ ബലികൊടുക്കേണ്ടിവന്നുവെന്നു മാത്രം!

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധ ജൂൺ രണ്ടിനാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥിനി തലകറങ്ങി വീണുവെന്നാണ് അധികൃതർ ആശുപത്രിയിൽ ആദ്യം അറിയിച്ചത്. ഒരുപക്ഷേ, കാര്യങ്ങൾ കൃത്യമായി ഡോക്ടർമാരെ ധരിപ്പിച്ചിരുന്നുവെങ്കിൽ അതനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നുവെന്നും അതുവഴി അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞേനെയെന്നുമാണ് ശ്രദ്ധയുടെ രക്ഷിതാക്കളും സഹപാഠികളുമെല്ലാം പറഞ്ഞത്. എന്നല്ല, വകുപ്പ് മേധാവിയടക്കമുള്ള അധ്യാപകർ ശ്രദ്ധയെ അപഹസിക്കുംവിധം സംസാരിച്ചുവെന്നും തുടർന്ന്, താൻ ജീവിതം അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ അവർ സംസാരിച്ചതായും സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ കേവലമൊരു ആത്മഹത്യയായി കണക്കാക്കാനാവില്ല; മദ്രാസ് ഐ.ഐ.ടിയിൽ മരണത്തിന് കീഴടങ്ങിയ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റേതുപോലുള്ള ‘വ്യവസ്ഥാപിത കൊലപാതകം’ തന്നെയാണ് ഇതും. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാമ്പസിൽ വിദ്യാർഥികൾ തുടങ്ങിവെച്ച സമരം തൊട്ടടുത്ത ദിവസങ്ങളിൽ വിവിധ സംഘടനകൾകൂടി ഏറ്റെടുത്തതിന്റെ പശ്ചാത്തലം ഇതാണ്. കേരളത്തിലെ വിവിധ കോളജുകളിൽ പലതരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചുള്ള കഥകൾ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഈ ദിവസങ്ങളിൽ പുറത്തുവന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെടുന്നത് അതിനുശേഷമാണ്. അധികൃതരിൽനിന്ന് വിശദീകരണം തേടിയ സർക്കാർ ഒരുവശത്ത് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു; ഒപ്പം, ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരാതി പരിഹാര സെല്ലിന് രൂപം നൽകുകയും ചെയ്തു. കോളജിലാണെങ്കിൽ പ്രിൻസിപ്പൽ, സർവകലാശാലയിലെങ്കിൽ പഠന വകുപ്പ് മേധാവി എന്നിവരായിരിക്കും സെല്ലിന്റെ ചെയർപേഴ്‌സൻ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സർവകലാശാലാ പ്രതിനിധികൾക്കുമെല്ലാം പ്രാതിനിധ്യമുള്ളതാണ് സെല്ലിന്റെ ഘടന. കോളജുതല സമിതിയുടെ തീരുമാനങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ പരിഗണിക്കാൻ ഉന്നത സമിതിയുമുണ്ട്. ആ അർഥത്തിൽ പുതിയ നീക്കം സമഗ്രവും വ്യവസ്ഥാപിതവുമാണ്. എന്നാൽ, ഇതിന്റെ പ്രവർത്തനം സുതാര്യമാണെന്ന് ഉറപ്പാക്കുകകൂടി ചെയ്യാനുള്ള ബാധ്യത സർക്കാറിനുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിവിധങ്ങളായ ‘ഇടിമുറികളെ’ക്കുറിച്ചുള്ള കഥകൾ ഇതിനകംതന്നെ ഒരുപാട് പുറത്തുവന്നതാണ്. കാമ്പസുകളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കോളജ് അധികൃതർക്കും ‘ഇടിമുറികളു’ണ്ടെന്ന് വിവിധ അനുഭവങ്ങൾ വ്യക്തമാക്കുന്നു. ഓരോ ഇടിമുറികളും അധികാര കേന്ദ്രങ്ങൾ കൂടിയാണ്. ഈ അധികാര കേന്ദ്രങ്ങൾ തന്നെയാണ് നിർദിഷ്ട പരാതി പരിഹാര സെല്ലുകളുടെയും തലപ്പത്തുവരുക. സ്വാഭാവികമായും, സർക്കാറിന്റെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ പരാതി പരിഹാര സെല്ലുകൾ ‘വ്യവസ്ഥാപിത ഇടിമുറികളാ’യി പരിണമിക്കും. അതുകൊണ്ടുതന്നെ, നിയമ നിർമാണം നടത്തിയതുകൊണ്ടോ പരാതി പരിഹാര സെല്ലുകൾക്ക് രൂപം നൽകിയതുകൊണ്ടോ ഉത്തരവാദിത്തം അവസാനിച്ചുവെന്ന് സർക്കാറിന് കരുതാനാവില്ല. അമൽജ്യോതി കോളജിലെ സംഭവത്തിലടക്കം സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകകൂടി ചെയ്യാനുള്ള ബാധ്യത സർക്കാറിനുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് നമ്മുടേത് എന്ന കാര്യത്തിൽ സംശയമില്ലെങ്കിലും ഈ രംഗത്തെ ചില പുഴുക്കുത്തുകൾ നമുക്ക് പലകുറി തിരിച്ചടിയായിട്ടുണ്ട് എന്ന വസ്തുതയും നിഷേധിക്കാനാവില്ല. ആസൂത്രണങ്ങളിലെയും നിയമനിർമാണങ്ങളിലെയും ദീർഘവീക്ഷണമില്ലായ്മയാണ് ഇതിലൊന്ന്. ഏതുവിഷയമാണെങ്കിലും എത്രതന്നെ അപകടസാധ്യതയുണ്ടെങ്കിലും നടപടിയുണ്ടാകണമെങ്കിൽ എന്തെങ്കിലും അത്യാഹിതം സംഭവിക്കണമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. നിർദിഷ്ട വിദ്യാർഥി പരാതി പരിഹാര സെല്ലിന്റെ കാര്യവും മറ്റൊന്നല്ല. സ്വാശ്രയ കോളജുകളിലും മറ്റും നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളെക്കുറിച്ച് കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ഇതിനിടയിൽ ജിഷ്ണു പ്രണോയ് അടക്കമുള്ള വിദ്യാർഥികൾ ‘വ്യവസ്ഥാപിത കൊലപാതക’ത്തിന് ഇരയാവുകയും ചെയ്തു. അപ്പോളൊന്നും വിഷയത്തിൽ ക്രിയാത്മകമായി ഇടപെടാൻ അധികാരികൾ തയാറായില്ല. ഈ മനോഭാവം കൂടി മാറിയാലേ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം തുടർ വിപ്ലവം സാധ്യമാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on college issue
Next Story